Mathrubhumi : Posted on: 21 Mar 2010
വിശേഷാല്‍പ്രതി/ഇന്ദ്രന്‍
കേരളം എന്ന ബ്രാന്‍ഡ് പ്രചരിപ്പിച്ച് പരമാവധി സഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിച്ച് അവന്റെ കാശ് നമ്മുടെ പോക്കറ്റില്‍ ആക്കുകയാണ് ബ്രാന്‍ഡ് അംബാസഡര്‍മാരെക്കൊണ്ടുള്ള പ്രയോജനം. അതിനുള്ള വേറെ പണികള്‍ പലതും ടൂറിസംവകുപ്പ് മുറയ്ക്ക് നടത്തുന്നുണ്ട്. പരസ്യം കൊടുക്കലും ലോകടൂറിസം മേളകളില്‍ സ്റ്റാള്‍ തുറക്കലും വെബ് സൈറ്റ് നടത്തലുമെല്ലാം അതില്‍പ്പെട്ട കാര്യങ്ങളാണ്. ബ്രാന്‍ഡ് അംബാസഡര്‍ ചെയ്യേണ്ടത് മാര്‍ക്കറ്റിങ്പണി മാത്രമാണ്. വളരെ ലഘുവായ കച്ചവടം.
ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകേട്ടാല്‍ തോന്നുക ഇടതുപക്ഷപ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ നരേന്ദ്രമോഡിയെ നിയമിച്ചുകളഞ്ഞു എന്നാണ്. ഇത് കേരളം എന്ന ബ്രാന്‍ഡിന് ലോകത്തെങ്ങും കുപ്രസിദ്ധി ഉണ്ടാക്കുന്ന പലയിനം പ്രാന്തുകളില്‍ ഒന്നാണ്. ബ്രാന്‍ഡും പ്രാന്തും ഒന്നിച്ചുചേരുന്ന പ്രത്യേകമായ ആനന്ദാവസ്ഥയെ ആണ് ബ്രാന്ത് എന്നുവിളിക്കുക.
ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയ അമിതാഭ് ബച്ചനെ കേരളത്തിന്റെയും അംബാസഡര്‍ ആക്കുന്നതില്‍ താത്ത്വികപ്രശ്‌നങ്ങള്‍ ഉണ്ട് എന്നാണ് യുവ പൊളിറ്റ് ബ്യൂറോക്രാറ്റും താത്ത്വികനുമായ സീതാറാംയെച്ചൂരി പറഞ്ഞിരിക്കുന്നത്. ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കേരളത്തിന്റെ ബ്രാന്ത് അംബാസഡര്‍ ആകാന്‍ പാടില്ല. കാരണം, ഗുജറാത്ത് നമ്മുടെ ശത്രുരാജ്യമാണ്. പാകിസ്താന്റെ അംബാസഡര്‍ ഇന്ത്യയുടെ അംബാസഡര്‍ ആകാന്‍ പാടില്ലെന്നതുപോലെത്തന്നെ.
മറ്റുസംസ്ഥാനങ്ങള്‍ക്കൊന്നും ഈ വ്യവസ്ഥ ബാധകമല്ല. കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആകാന്‍ ബച്ചന്‍ സമ്മതിച്ചത് വി.എസ്. അച്യുതാനന്ദന്റെ യോഗ്യതയും പ്രത്യയശാസ്ത്രവും നോക്കിയിട്ടല്ല, ഇവിടെ ഭരിക്കുന്ന ഇടതുപക്ഷക്കാരോട് യോജിപ്പുണ്ടായിട്ടുമല്ല. അതുപോലെയല്ലല്ലോ ഗുജറാത്ത്. ഗുജറാത്ത് സംസ്ഥാനത്തിന്റെ അംബാസഡറാകുന്ന ആളെ അവിടത്തെ മുഖ്യമന്ത്രിയുടെ അംബാസഡറായിട്ട് കാണാനേ നമ്മുടെ പ്രത്യയശാസ്ത്രം അനുവദിക്കുന്നുള്ളൂ. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും ഇത് ബാധകമല്ല.
പ്രത്യയശാസ്ത്ര മാര്‍ക്കറ്റിങ്ങും മുതലാളിത്ത മാര്‍ക്കറ്റിങ്ങും ഒരേ സമയം ചെയ്യേണ്ടിവരുമ്പോഴത്തെ പല പ്രശ്‌നങ്ങളില്‍ ഒന്നുമാത്രമാണിത്. മാര്‍ക്‌സ് ഏംഗല്‍സ് ലെനിനാദികളുടെ കിത്താബുകളിലൊന്നും ടൂറിസം മാര്‍ക്കറ്റിങ്ങിനെക്കുറിച്ച് പറയുന്നില്ല. സോവിയറ്റ് യൂണിയന്‍ സി.പി.ഐ.ക്കാരെ പറ്റംപറ്റമായി കൊണ്ടുപോയി പല കാഴ്ചകള്‍ കാട്ടിക്കൊടുത്തിരുന്നുവെങ്കിലും വിനോദസഞ്ചാരം പ്രോത്സാഹിപ്പിച്ചിരുന്നില്ല.
മറ്റു വിപ്ലവ സോഷ്യലിസ്റ്റ് രാജ്യങ്ങളിലൊന്നും ജീവനില്‍ കൊതിയുള്ള ആരും വിനോദത്തിനായി പോകാറില്ല. സി.ഐ.എ. ചാരനാണെന്ന് പറഞ്ഞ് ജയിലിലടയ്ക്കില്ലെന്ന്ഉറപ്പില്ലല്ലോ. കമ്യൂണിസത്തില്‍ വിനോദമില്ല, വിനോദത്തില്‍ കമ്യൂണിസവുമില്ല- പിന്നെയെന്ത് സോഷ്യലിസ്റ്റ് വിനോദസഞ്ചാരമാണ് സാധ്യമാകുക?
മുന്‍ കാലത്ത് ഇ.എം.എസ്സിനും ഇല്ലാത്തപ്രശ്‌നമാണ് ഇപ്പോള്‍ കോടിയേരി അഭിമുഖീകരിക്കുന്നത്. കമ്യൂണിസമാര്‍ക്കറ്റിങ്ങിനൊപ്പം ടൂറിസമാര്‍ക്കറ്റിങ്ങും നടത്തണം. ബന്ദര്‍ത്താലും നടത്തണം, സ്റ്റാര്‍ ഹോട്ടലും നടത്തണം. ആയുര്‍വേദ തേച്ചുകുളി റിസോര്‍ട്ടും ബിയര്‍ പാര്‍ലറും കടപ്പുറത്ത് തുണിയില്ലാതെ വെയിലത്ത് കിടക്കലും ഹൗസ് ബോട്ടിടപാടും എല്ലാം ഇതിനൊപ്പം വേണം. മൂന്നുപതിറ്റാണ്ട് ഭരിച്ച ജ്യോതിബസുവില്‍ നിന്നുപോലും ഇതിനൊത്ത പ്രത്യയശാസ്ത്രപാഠങ്ങള്‍ പഠിക്കാന്‍ കഴിയില്ല.
പ.ബംഗാളില്‍ വിനോദമില്ല, സഞ്ചാരവുമില്ല. ഇവിടെ വിനോദത്തിന് സഹായത്തിനുള്ള കെ.ടി.ഡി.സി.യുടെ ചെയര്‍മാനാകട്ടെ പാര്‍ട്ടി മെമ്പര്‍ഷിപ്പിനുപോലും ഇനിയും യോഗ്യത നേടിയില്ലാത്ത ചെറിയാന്‍ ഫിലിപ്പും. ഇതിനേക്കാള്‍ വലിയ താത്ത്വിക ദുരന്തങ്ങളുണ്ടാകാത്തതിന് നന്ദിപറയാന്‍ കാടാമ്പുഴയില്‍ പോയി ഒരു മുട്ടറുക്കലോ പൂമൂടലോ നടത്തിയാലും തെറ്റില്ല.
ഖ്യാതി പ്രചരിപ്പിക്കാന്‍ കേരളത്തിന് പ്രത്യേകം അംബാസഡര്‍മാരൊന്നും ആവശ്യമില്ല എന്ന നിലയെത്തിയ വിവരം മന്ത്രി കോടിയേരി അറിഞ്ഞുകാണില്ല. ലോക മാധ്യമങ്ങളില്‍ മുമ്പെല്ലാം കോവളത്തെ കടലിലെ കുളിയെക്കുറിച്ചും ആലപ്പുഴ കായലിനെക്കുറിച്ചും മൂന്നാറിലെ തണുപ്പിനെക്കുറിച്ചുമെല്ലാമാണ് ഫീച്ചറുകള്‍ വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ വിഷയം മാറിയിട്ടുണ്ട്. സമീപനാളില്‍ ബി.ബി.സി.യില്‍ വന്ന ഫീച്ചര്‍ കേരളം മദ്യപാനത്തില്‍ ലോക റെക്കോഡ് സ്ഥാപിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ചാണ്. ബി.ബി.സി. സൈറ്റില്‍ ഫീച്ചറിനൊപ്പം കൊടുത്തിരിക്കുന്നത് നമ്മുടെ പ്രിയ നടന്‍ കള്ളച്ചിരിയോടെ വൈകിട്ടെന്താ പരിപാടി എന്ന് ചോദിക്കുന്ന ചിത്രമാണ്.
ഇതില്‍ സുകുമാര്‍ അഴീക്കോട് ക്ഷോഭിക്കാതിരിക്കാനാണ് പ്രിയ നടന്‍ ഖാദിയുടെയും അംബാസഡറാകാന്‍ സന്നദ്ധനായത്. മഹാത്മാഗാന്ധിയാണ് പണ്ടുമുതല്‍ക്കേ ഖാദിയുടെ ബ്രാന്‍ഡ് അംബാസഡര്‍. അദ്ദേഹം കാലഹരണപ്പെട്ട ബ്രാന്തന്‍ ആണെന്ന് ബോധ്യപ്പെട്ടതിനാലാണ് മോഹന്‍ലാലിനെ സമീപിക്കേണ്ടിവന്നത്. കുറച്ചുകൂടി കഴിഞ്ഞാല്‍ പുതിയ തലമുറയിലെ നടിമാരെ ആരെയെങ്കിലും അംബാസഡറാക്കാം.
കേരളത്തിന്റെ ഇത്തരം സവിശേഷതകള്‍ ഒന്നൊന്നായി ലോകമെങ്ങും എത്തിക്കാന്‍ കഴിയുക അംബാസഡര്‍മാരെക്കാള്‍ കറസ്‌പോണ്ടന്റുമാര്‍ക്കാണ്. ബ്രാന്‍ഡ് കറസ്‌പോണ്ടന്റുമാര്‍ എന്ന പദവിയും നല്‍കാവുന്നതാണ്. സാക്ഷരത, ഉയര്‍ന്ന സ്ത്രീവിദ്യാഭ്യാസം, കുറഞ്ഞ മരണനിരക്ക് തുടങ്ങിയവയെല്ലാം കാലഹരണപ്പെട്ട പഴഞ്ചന്‍ നേട്ടങ്ങളാണ്. പുതിയ മേഖലകളില്‍ നമ്മള്‍ എന്തെല്ലാം നേട്ടങ്ങളുണ്ടാക്കിക്കഴിഞ്ഞു. ഏറ്റവും ഉയര്‍ന്ന മദ്യപാനത്തോളം ആകര്‍ഷകമാണ് ഏറ്റവും കൂടിയ ആത്മഹത്യാനിരക്കെന്ന ഖ്യാതി. ആന്ധ്രയും മറ്റും കാര്‍ഷിക ആത്മഹത്യയെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ ഉയര്‍ത്തിയേക്കും. നമുക്ക് അങ്ങനെയുള്ള സെക്‌റ്റേറിയന്‍ നിലപാടല്ല ഉള്ളത്.
കര്‍ഷകനെന്നോ വിദ്യാര്‍ഥിയെന്നോ ഉള്ള വകഭേദം നമുക്കില്ല. വര്‍ഷം രണ്ടുമൂവായിരം ആളുകള്‍ റോഡില്‍ വാഹനമിടിച്ച് മരിച്ചുവീഴുന്നത് നിസ്സംഗതയോടെ നോക്കിനില്‍ക്കുന്ന സംസ്ഥാനമെന്നത് ചില്ലറ കാര്യമാണോ?ആഴ്ചയില്‍ മൂന്നു വിവാദങ്ങള്‍ മാധ്യമങ്ങളില്‍ ആര്‍ത്തിരമ്പുന്നത് വിനോദനികുതി കൊടുക്കാതെ ആസ്വദിക്കാന്‍ കഴിയുന്ന പ്രദേശം വേറെയെവിടെയുണ്ട്. ഇരുചക്രവണ്ടിയില്‍ നിന്ന് വീണ് ചാവാതിരിക്കാന്‍ തലയില്‍ ഇരുമ്പുതൊപ്പി വെക്കണമെന്ന് പറഞ്ഞാല്‍, ചത്താലും വേണ്ടില്ല തൊപ്പി വെക്കില്ലെന്ന് പറയുന്നവര്‍ ലോകത്ത് മറ്റെവിടെയുണ്ട്?
നാട്ടില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ കീശയില്‍ മൊബൈല്‍ ഫോണുമായി പ്രകടനം നടത്തുന്നവര്‍ വേറെയെവിടെയുണ്ട്. വിലക്കയറ്റം ഇല്ലാതാക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഓഫീസിന് മുന്നിലെ റോഡ് അടച്ചുകെട്ടി പന്തലിട്ട് ഓട്ടന്‍തുള്ളലും മിമിക്രിയും നടത്തുന്നവര്‍ വേറെയെവിടെയുണ്ട് ? ഈ ഇനത്തില്‍ പെട്ട പ്രാന്തുകള്‍ നൂറെണ്ണം പെറുക്കിയെടുക്കാന്‍ ഒരു പ്രയാസവുമില്ല. ഇത് ലോകശ്രദ്ധയില്‍ പെടുത്താന്‍ കഴിഞ്ഞാല്‍ പിന്നെ ബ്രാന്‍ഡ് അംബാസഡറൊന്നും വേണ്ട. ലോകത്തിന്റെ നാനാഭാഗത്തുനിന്ന് ജനം കേരളം കാണാന്‍ ഇടിച്ചുവരും.
****
ആര്‍.എസ്.പി. എന്ന റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയെ സി.പി.എമ്മിന്റെ സ്വീകരണമുറിയിലെ ബോണ്‍സായി ആക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. എല്ലാവര്‍ക്കും പരിചിതമല്ല സാധനം. കേട്ടാല്‍ എന്തോ പലഹാരമോ മറ്റോ ആണെന്ന് തോന്നിപ്പോകും. മനുഷ്യന്റെ ക്രൂരതയുടെ ഒരു പ്രതീകമാണ് ബോണ്‍സായി എന്നു കരുതുന്നവരുണ്ട്. വന്‍ വൃക്ഷമായി പടര്‍ന്നുപന്തലിക്കേണ്ട ചെടിയെ ഒരു കൊച്ചുചട്ടിയില്‍ നടുകയും മുളച്ചുവരുന്ന വേരുകളും ശിഖരങ്ങളുമെല്ലാം ക്രമേണ മുറിച്ചുമാറ്റുകയുമാണ് ചെയ്യുക. വളര്‍ച്ച ശാസ്ത്രീയമായി മുരടിപ്പിക്കുന്ന വിദ്യയാണിത്. കാലമെത്ര കഴിഞ്ഞാലും വൃക്ഷം ചട്ടിയിലെ ചെടിയായി അതേപടി നില്‍ക്കുന്ന കാഴ്ച ആസ്വദിക്കുക. എന്തൊരു ക്രൂരത. ആര്‍.എസ്.പി. യോട് സി.പി.എം. കാട്ടുന്നതും ഇതത്രെ. ചന്ദ്രചൂഡന്‍ പറഞ്ഞാല്‍ വിശ്വസിക്കാതിരിക്കാന്‍ പറ്റില്ല.
ലോക വിപ്ലവ പാര്‍ട്ടിയായി വളരേണ്ട ഒരു പാര്‍ട്ടിയെന്തേ ഇങ്ങനെ ഉപ്പ് സൂക്ഷിച്ച മണ്‍കലം പോലെ ദ്രവിച്ചുദ്രവിച്ച് ഇല്ലാതാകുന്നത് എന്ന് അന്തം വിട്ടവര്‍ക്കെല്ലാം ഇപ്പോഴാണ് സംഗതി പിടികിട്ടിയത്. ആര്‍.എസ്.പി. വളര്‍ന്ന് ആല്‍മരമായാല്‍ സി.പി.എം. എന്ന കുറ്റിച്ചെടിയെ അതില്ലാതാക്കിക്കളയുമെന്ന ഭീതി ന്യായംതന്നെ. അതാണ് സി.പി.എമ്മിന്റെ ബോണ്‍സായി ലൈനിന് കാരണം.
പാര്‍ട്ടിയുടെ സപ്തതി ആഘോഷത്തിന്റെ ഭാഗമായുള്ള കുടുംബസംഗമത്തിലാണല്ലോ ചന്ദ്രചൂഡന്‍ സങ്കടം പ്രകടിപ്പിച്ചത്. എഴുപത് ചെറിയ പ്രായമല്ല. ജീവിത സായാഹ്നം എന്നൊക്കെ പറയാവുന്ന കാലം. തടിയും കൊമ്പുമെല്ലാം ഉണങ്ങി ദ്രവിച്ചുവീഴുന്നതിനേക്കാള്‍ ഭേദമാണല്ലോ സ്വീകരണമുറിയിലെ തണലില്‍ വെള്ളം നനഞ്ഞും പരിലാളനങ്ങള്‍ ഏറ്റുവാങ്ങിയും കഴിഞ്ഞുകൂടുന്നത്. ആലാവാനോ പറ്റിയില്ല, പിന്നെ നല്ലത് ബോണ്‍സായി ആകുകയാണ്. ആരും വെട്ടി വില്‍ക്കുകയില്ലെന്ന് സമാധാനിക്കാം.
****
മാത്യു ടി. തോമസ് മന്ത്രിയായിരുന്ന കാലത്തെപ്പോലെയല്ല ഇപ്പോള്‍ ഗതാഗതവകുപ്പില്‍ കാര്യങ്ങള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി വി.എസ്. പറഞ്ഞത്രെ. നമ്മളാരും അത് കേട്ടിട്ടില്ല. മന്ത്രിസഭായോഗത്തില്‍ പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി നിഷേധിച്ചിട്ടില്ല. ഏത് വകുപ്പില്‍ എന്ത് നടക്കുന്നു എന്ന് മുഖ്യമന്ത്രി അറിയുന്നുണ്ട് എന്നതുതന്നെ ആശ്വാസകരമാണ്. ഇതിലൊന്നും മുഖ്യമന്ത്രിക്ക് ഒരു പങ്കുമില്ല. കാര്യങ്ങള്‍ അറിഞ്ഞുവെക്കുകയാണ് പ്രധാനം.
ഉദ്യോഗസ്ഥന്മാര്‍ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നില്ല, കൈക്കൂലി വാങ്ങുന്നു, ജനങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ല, സമയത്തിന് ജോലിക്ക് വരുന്നില്ല, സമയത്തിനു മുമ്പ് പോകുന്നു തുടങ്ങിയ എല്ലാ സംഗതികളും മുഖ്യമന്ത്രി മനസ്സിലാക്കിയിട്ടുണ്ട്. മന്ത്രിസഭായോഗത്തിലല്ല, ചിലപ്പോള്‍ പൊതുയോഗത്തില്‍ത്തന്നെ മുഖ്യമന്ത്രിയിതെല്ലാം തുറന്നടിക്കുന്നുമുണ്ട്. വേറെയൊന്നും ചെയ്യുകയില്ല, ആരും പേടിക്കുകയേ വേണ്ട.
സ്നേഹപൂര്‍വ്വം
അഹങ്കാരി
0 comments:
Post a Comment