Mathrubhumi : Posted on: 25 Apr 2010
സി.ആര്‍. നീലകണ്ഠന്‍
എന്നാല്‍ ഇപ്പോള്‍ കലികയറിയിരിക്കുന്ന നേതാക്കളെല്ലാം ഈ കളികണ്ട് ആസ്വദിക്കുകയായിരുന്നു. ഇത് നവമുതലാളിത്തത്തിന്റെ വിളയാട്ടമാണ്. ഓഹരിക്കമ്പോളവും റിയല്‍ എസ്റ്റേറ്റ്-ഐ.ടി.തട്ടിപ്പുകളും മറ്റും ഇതിന്റെ ഭാഗമാണ്.ഈ നവലിബറല്‍ നയങ്ങള്‍ക്ക് സി.പി.എം. അടക്കം ആരാണ് എതിരായിട്ടുള്ളത്? (വാചകമടിയിലല്ല). ഓഹരിക്കമ്പോള സൂചിക ഇന്ത്യയിലെ ഒരു ശതമാനം ജനങ്ങളെ മാത്രം ബാധിക്കുന്ന ഒന്നാണ്. പക്ഷേ, ആ ഒരു ശതമാനത്തില്‍ സി.പി.എം. എന്ന വിപ്ലവ കക്ഷിയും പെടും.
കാരണം അവര്‍ക്കും അതില്‍ മുതല്‍മുടക്കുണ്ട്. താഴേക്കുവന്നാല്‍ എല്ലാത്തരം ഊഹത്തട്ടിപ്പുകളുടെയും നടത്തിപ്പുകാരാണ് ഇന്ന് സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കള്‍.ഇവിടെ വിഷയം അതല്ല. ഇപ്പോള്‍ ഐ.പി.എല്‍. ഇത്ര വിവാദമാകാന്‍ കാരണം ശശി തരൂരിന്റെ രാജിയാണ്. കൊച്ചിക്ക് ഒരു ഐ.പി.എല്‍. ടീം വേണമെന്ന് ആഗ്രഹിച്ചതോ ശശി തരൂരിന്റെ തെറ്റ് ! കേരളത്തില്‍ ഈ ചര്‍ച്ച തുടങ്ങിയിട്ട് കാലമേറെയായി. ഒരു നേതാവും ഇതിനെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല. തന്നെയുമല്ല, ഐ.പി.എല്‍. ടീമുണ്ടായാല്‍ കേരളത്തിലെ കായികരംഗത്തിനു വലിയ നേട്ടമുണ്ടാകില്ലെങ്കിലും ഇവിടെ വന്‍നിക്ഷേപം വരുകവഴി വ്യവസായവും ടൂറിസവും വികസിക്കുമെന്നാണ് ഡി.വൈ.എഫ്.ഐ. നേതാവ് ശ്രീരാമകൃഷ്ണന്‍ ഒരു ചാനലില്‍ പറഞ്ഞത്.
ഇപ്പോള്‍ പ്രകാശ് കാരാട്ട് ഇതുകേരളത്തില്‍ വേണ്ടായെന്നു പറഞ്ഞതിനാല്‍ നിലപാടുമാറ്റാന്‍ ഇദ്ദേഹം നിര്‍ബന്ധിതനായേക്കും. എന്നാല്‍ ഇടതുപക്ഷം ഭരിക്കുന്ന കൊല്‍ക്കത്തയില്‍ മൂന്നുവര്‍ഷമായി ഷാരൂക്ഖാന്റെ നൈറ്റ് റൈഡേഴ്‌സ് ഉള്ള കാര്യം കാരാട്ടിനറിയില്ലായിരിക്കും. അതുവേണ്ടന്നദ്ദേഹം പറയാത്തത് അതുകൊണ്ടാകും.കൊച്ചി ഐ.പി.എല്‍. ലേലം വിളിച്ച കമ്പനി - റോന്ദേവു- അവരുടെ ഒരുഭാഗം ഓഹരി സുനന്ദപുഷ്‌കറിന് നല്‍കിയതാണ് വിവാദമായത്. ഉന്നതപദവിയില്‍ ഒരുകമ്പനിയില്‍ ജോലിക്കു കയറുന്നവര്‍ക്ക് ശമ്പളത്തിനു പകരം നല്കുന്ന ഓഹരി സ്വെറ്റ്ഇക്വിറ്റി, ആണിത്. ഇതില്‍നിയമപരമായി ഒരു തെറ്റുമില്ല. ഇതുലഭിച്ച സുനന്ദ ശശി തരൂരിന്റെ അടുത്ത സുഹൃത്താണെന്നതാണ് ഇദ്ദേഹം രാജിവെക്കണമെന്നാവശ്യപ്പെടാനുള്ള പ്രധാന കാരണം.
ഇതില്‍ ശശി തരൂരിന്റെ പങ്ക് നിയമപരമായി തെളിയിക്കുക എളുപ്പമല്ല. തന്നെയുമല്ല ഇതൊരു സ്വകാര്യ കമ്പനിയുടെ ഓഹരികളാണ്. പൊതുപണം ഇതില്‍ വരുന്നതേയില്ല. കമ്പനി-ആദായനികുതി നിയമങ്ങള്‍ മാത്രമേ ഇതില്‍ പ്രാബല്യത്തില്‍ വരൂ. മൊത്തം ഐ.പി.എല്‍.തന്നെ ഒരു സ്വകാര്യ ഇടപാടാണ്.മന്ത്രിയെന്ന നിലയില്‍ ഐ.പി.എല്ലുമായി ബന്ധപ്പെട്ടതാണോ ശശി തരൂരിന്റെ കുറ്റം? ശരദ്പവാറടക്കം നിരവധി കേന്ദ്രമന്ത്രിമാരും നരേന്ദ്രമോഡിയടക്കം നിരവധി മുഖ്യമന്ത്രിമാരും അരുണ്‍ജെയ്റ്റ്‌ലിയടക്കം വിവിധ നേതാക്കളും ഇവരുടെയെല്ലാം കുടുംബങ്ങളും ഐ.പി.എല്ലില്‍ കാര്യമായി ഇടപെടുന്നുണ്ടല്ലോ!
അവരൊന്നും രാജിവെക്കണമെന്ന് പറയാതെ ശശി തരൂര്‍ രാജിവെക്കണമെന്ന് സി.പി.എം. നേതാക്കള്‍ (ബി.ജെ.പി.യും) ആവശ്യപ്പെട്ടതെന്തുകൊണ്ട്?ഇത്രയും പറയാന്‍ മറ്റൊരുകാരണം കൂടിയുണ്ട്. ഇപ്പോള്‍ പ്രത്യേക കോടതിയില്‍ വിചാരണയിലിരിക്കുന്ന എസ്.എന്‍.സി. ലാവലിന്‍ കേസിലെ പ്രതിയാണല്ലോ സി.പി.എം. സെക്രട്ടറി പിണറായി വിജയന്‍. ആ കേസില്‍ സി.ബി.ഐ. നല്കിയ ഒരുപ്രസ്താവനയിലെ ചില വരികള്‍ ഉദ്ധരിച്ചുകൊണ്ട് ''പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്നു തെളിഞ്ഞു'', ''ലാവലിന്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുവന്നു'', ''ലാവലിന്‍ കേസിന്റെ അടിത്തറ തകര്‍ന്നിരിക്കുന്നു'' എന്നൊക്കെ പ്രഖ്യാപിക്കാന്‍ സി.പി.എം. നേതാക്കളും അവരുടെ മാധ്യമങ്ങളും തിടുക്കം കൂട്ടിയതും നാംകണ്ടു. (പിന്നീട് സി.ബി.ഐ. തന്നെ ചില വിശദീകരണങ്ങളുമായി വന്നുവെന്നതു മറ്റൊരു കാര്യം)
ലാവലിന്‍ കേസിലെ സി.ബി.ഐ. അന്വേഷണം തീരുമാനിച്ചത് സര്‍ക്കാറല്ല, കേരള ഹൈക്കോടതിയാണ്. മറിച്ച് സര്‍ക്കാര്‍ പണവും അധികാരവും ഉപയോഗിച്ച് ഈ കേസ് അന്വേഷണം തടയാനും പിന്നീട് വിചാരണ തടയാനും ശ്രമിച്ചത് ഇടതുപക്ഷ സര്‍ക്കാറാണ്. അതാണ് രാഷ്ട്രീയപ്രേരിതം. എങ്കിലും പ്രകാശ് കാരാട്ട് ഇതു പറഞ്ഞുകൊണ്ടേയിരിക്കുന്നു - അതൊരു തമാശ.പിണറായി വിജയന്‍ കൈക്കൂലി വാങ്ങിയെന്നതല്ല സി.ബി.ഐ. യുടെ കേസ്. അക്കാര്യം അവര്‍ അന്വേഷിച്ചിട്ടില്ല. (പണം കൈപ്പറ്റിയെന്നതിന് തെളിവുമായി പലരും രംഗത്തുവന്നിട്ടുണ്ടെന്നത് തത്കാലം വിടാം).
വഞ്ചന, ഗൂഢാലോചന, ക്രമവിരുദ്ധ നടപടികള്‍ മുതലായവമൂലം സംസ്ഥാനത്തിന് അനേകകോടി രൂപ (പൊതുപണം) നഷ്ടപ്പെടുത്തിയെന്നതാണ് പിണറായി വിജയനെതിരായ കേസ്. എല്ലാ ചട്ടങ്ങളും പാലിച്ച് അന്വേഷണം നടത്തി കുറ്റപത്രം തയ്യാറാക്കി സി.ബി.ഐ. പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു.
അതുസ്വീകരിച്ച് വിചാരണ ആരംഭിച്ചിരിക്കുകയാണ്.ഒരാള്‍ നേരിട്ട് പണം കൈപ്പറ്റുന്നതുമാത്രമാണ് അഴിമതിയെങ്കില്‍ ഇന്ത്യയില്‍ ഒരു രാഷ്ട്രീയ-ഭരണ അഴിമതിയും നടക്കുന്നുണ്ടെന്നു പറയാനാവില്ല. സി.പി.എം. നേതാക്കള്‍തന്നെ ഉയര്‍ത്തിക്കൊണ്ടുവന്ന പാമോലിന്‍ കേസില്‍ കെ. കരുണാകരനോ ഗ്രാഫൈറ്റ് കേസില്‍ ആര്‍. ബാലകൃഷ്ണപിള്ളയോ കാലിത്തീറ്റ കേസില്‍ ലാലുപ്രസാദ് യാദവോ ബോഫോഴ്‌സ് കേസില്‍ രാജീവ്ഗാന്ധിയോ ശവപ്പെട്ടി കുംഭകോണ കേസില്‍ ജോര്‍ജ് ഫെര്‍ണാണ്ടസ്സോ നേരിട്ട് പണം വാങ്ങിയതായി യാതൊരു തെളിവുമില്ല.
മറിച്ച് രാജ്യത്തെ നിലവിലുള്ള ചട്ടങ്ങള്‍ മറികടന്ന് പ്രവര്‍ത്തിച്ചുവെന്നും അതുവഴി പൊതുപണം നഷ്ടപ്പെട്ടുവെന്നുമാണിവര്‍ ക്കെല്ലാമെതിരെയുള്ള കേസ്. ലാവലിന്‍ ഇടപാടില്‍ മന്ത്രിസഭയില്‍ നിന്നുപോലും ഒട്ടനവധി സത്യങ്ങള്‍ മറച്ചുപിടിച്ചുവെന്നതടക്കമുള്ള കുറ്റങ്ങളാണ് പിണറായി വിജയനുമേലുള്ളത്. ഇതിനുള്ള തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുമുണ്ട്.ഈ സാഹചര്യത്തിലാണ് ശശി തരൂരിന്റെ രാജി ആവശ്യപ്പെടുന്ന സി.പി.എമ്മിന്റെ നിലപാടിലെ വൈരുദ്ധ്യം പ്രകടമാകുന്നത്. സ്വന്തം സ്വഭാവ പെരുമാറ്റ രീതികള്‍ കൊണ്ട് ഒട്ടനവധി പേരെ വെറുപ്പിക്കാന്‍ ശശി തരൂരിന് കഴിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ രാജി മനസ്സുകൊണ്ടാഗ്രഹിക്കുന്ന പലരുമുണ്ടെന്നതും കേന്ദ്ര സര്‍ക്കാറിന് ഇന്നത്തെ അവസ്ഥയില്‍ തന്ത്രപരമായി ഇതാവശ്യമാണെന്നതും മൂലം രാജിവെക്കേണ്ടിവരികയും ചെയ്തു.
എന്നാല്‍ നിയമത്തിന്റെ ദൃഷ്ടിയിലും തെളിവുകളുടെ അടിസ്ഥാനത്തിലും നോക്കിയാല്‍ ശശി തരൂര്‍ കുറ്റക്കാരനാണെന്നു സ്ഥാപിക്കുക എളുപ്പമല്ല. ശശി തരൂരിന്റെ ഇടപെടല്‍ വഴി പൊതുസമ്പത്ത് നഷ്ടപ്പെട്ടിട്ടില്ല. ക്രമക്കേടു നടന്നതായി തെളിവില്ല.എന്നാല്‍ ലാവലിന്‍ ഇടപാടില്‍ പൊതുപണം നഷ്ടപ്പെട്ടെന്ന് സി.എ.ജി.യും ക്രമക്കേടുനടന്നുവെന്ന് സംസ്ഥാന വിജിലന്‍സും കണ്ടെത്തിയതാണ്. അന്നൊന്നും ഒരക്ഷരം മിണ്ടാതിരുന്ന സി.പി.എം. പിണറായി വിജയന്‍ പ്രതിയാകുമെന്നുവന്നപ്പോള്‍ ഈ കേസ് രാഷ്ട്രീയപ്രേരിതമാണെന്നു പറയുന്നു.
മുമ്പുപറഞ്ഞ ഒട്ടനവധി അഴിമതിക്കേസുകളില്‍ സി.എ.ജി. റിപ്പോര്‍ട്ടെന്ന വജ്രായുധം പ്രയോഗിച്ച് ശത്രുക്കളെ ആക്രമിച്ച സി.പി.എമ്മിനിപ്പോള്‍ സി.എ.ജി. എന്നാല്‍ 'കുറെ ഗുമസ്തന്മാരുടെ കണക്ക്' മാത്രമായി.ചുരുക്കത്തില്‍ പിണറായി വിജയനെ സംരക്ഷിച്ചു ശശി തരൂര്‍ രാജിവെക്കണമെന്നാവശ്യപ്പെടുന്ന സി.പി.എം. നിലപാട് വെറുമൊരു തമാശ മാത്രമായേ കാണാനാകൂ. അല്ലെങ്കില്‍ ''കാക്കയ്ക്കു തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്.....'' സിദ്ധാന്തവുമാകാം.
സ്നേഹപൂര്‍വ്വം
അഹങ്കാരി
0 comments:
Post a Comment