Showing posts with label ഇടതുപക്ഷം. Show all posts
Showing posts with label ഇടതുപക്ഷം. Show all posts



ഹര്‍ത്താലിന്റെ ബാക്കിപത്രം

ഹര്‍ത്താലിന്റെ ബാക്കിപത്രം

Mathrubhumi 30 Apr 2010 വെള്ളിയാഴ്ച
നേതാക്കള്‍ ആഹ്വാനം ചെയ്യുന്നു, അനുയായികള്‍ നടപ്പാക്കുന്നു, ജനങ്ങള്‍ സ്തംഭിക്കുന്നു, ഹര്‍ത്താല്‍ വിജയിക്കുന്നു.
ഹര്‍ത്താല്‍ തോറ്റ ചരിത്രം ആരെങ്കിലും കേട്ടിട്ടുണ്ടോ എന്നറിയില്ല. സംശയമുള്ളവര്‍ ഗവേഷണം നടത്തട്ടെ.
എന്തായാലും ചൊവ്വാഴ്ചത്തെ ദേശീയ ഹര്‍ത്താല്‍ കേരളത്തില്‍ ചരിത്രം സൃഷ്ടിച്ച സന്തോഷത്തിലാണ് ഇടതുകക്ഷി നേതാക്കള്‍. സന്തോഷം സഹിക്കവയ്യാതെ ചില നേതാക്കള്‍, 'ജീവിതം സ്തംഭിച്ച' ജനങ്ങളെ നോക്കി പൊട്ടിച്ചിരിച്ചുവത്രേ. കേരളത്തിലെ ജനങ്ങളുടെ പ്രബുദ്ധതയും ഉന്നതനിലവാരവും കേന്ദ്രവിരുദ്ധ മനോഭാവവുമാണ് ഈ ഹര്‍ത്താലിലൂടെ ഒരിക്കല്‍ക്കൂടി വെട്ടിത്തിളങ്ങിയിരിക്കുന്നതെന്നാണ് ചിന്തകന്‍ കൂടിയായ ഒരു നേതാവ് പ്രതികരിച്ചത്.
ഹര്‍ത്താല്‍ എന്ന സമരമുറ കണ്ടുപിടിച്ച വിപ്ലവാശയന് എത്ര 'റെഡ്‌സല്യൂട്ട'ടിച്ചാലും അധികമാവില്ലെന്നായിരുന്നു മറ്റൊരു നേതാവിന്റെ അഭിപ്രായം.

ഹര്‍ത്താല്‍ദിനം, സംഘാടകരുടെ കറകളഞ്ഞ സമരവീര്യത്തിനു മാത്രമല്ല, സര്‍ഗവാസനാപ്രകടനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും സാക്ഷ്യം വഹിക്കാറുണ്ട്.

ഫോണിലൂടെയും നേരിട്ടുമുള്ള ഭീഷണി, അസഭ്യവര്‍ഷം, തടഞ്ഞുനിര്‍ത്തല്‍, മര്‍ദനം, ഓഫീസിനുള്ളില്‍ പൂട്ടിയിടല്‍, വാഹനങ്ങള്‍ തകര്‍ക്കല്‍ തുടങ്ങിയ പതിവുമുറകള്‍ക്കുപുറമെ 'ചെരിപ്പ് ഹാരാര്‍പ്പണം' എന്നൊരു പുതിയ ഇനം കൂടി ഇത്തവണ പ്രയോഗിക്കപ്പെട്ടു. ഇതിന്റെ ഉപജ്ഞാതാവിന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പാണെന്നു കേള്‍ക്കുന്നു.
ചരിത്രം സൃഷ്ടിക്കാന്‍ ഇത്തവണ ഉപയോഗിച്ച മറ്റൊരു മുറയാണ് തീവണ്ടിതടയല്‍. ഹര്‍ത്താല്‍ ബാധകമല്ലെന്ന മട്ടില്‍ ചിലര്‍ നടത്താറുള്ള തീവണ്ടിയാത്ര തടയണമെന്ന് നേരത്തേ തന്നെ രഹസ്യമായി തീരുമാനിച്ചിരുന്നു.

ഹര്‍ത്താലില്‍ ഒരു തീവണ്ടിയും കൂവുകയോ പായുകയോ ചെയ്യില്ലെന്നുറപ്പിക്കാന്‍ ഇടതുപക്ഷത്തിനല്ലാതെ മറ്റാര്‍ക്കു കഴിയും?
മരണവീട്ടില്‍ പോകുന്നതിനും വിവാഹത്തില്‍ പങ്കെടുക്കുന്നതിനും മറ്റുമായി തീവണ്ടിയാത്രയ്‌ക്കെത്തിയ ചില പാവങ്ങള്‍ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ ഹര്‍ത്താലനുകൂലികള്‍ കുപിതരായത്രെ.

അവരെങ്ങനെ കുപിതരാകാതിരിക്കും! ഈ ഹര്‍ത്താലിന്റെ മഹത്തായ ലക്ഷ്യങ്ങള്‍ക്കു മുമ്പില്‍ മരണവും വിവാഹവും ഇന്റര്‍വ്യൂവും പരീക്ഷയുമെല്ലാം ആഗോളകുത്തകകള്‍ നല്‍കുന്ന സംഭാവനകള്‍ക്കും കമ്മീഷനുകള്‍ക്കും മുന്നില്‍ സാധാരണ പാര്‍ട്ടിപ്രവര്‍ത്തകരുടെ പാട്ടപ്പിരിവെന്നപോലെ നിസ്സാരങ്ങളാണ്.

വിവാഹച്ചടങ്ങില്‍ ആരെങ്കിലും പങ്കെടുക്കാതിരുന്നാലോ മരണവീട്ടില്‍ എത്താതിരുന്നാലോ ഒന്നും നഷ്ടപ്പെടാനില്ല. പക്ഷേ, യാത്രക്കാരുമായി തീവണ്ടി ഓടിയാല്‍ ഇടതുപക്ഷങ്ങളുടെ പ്രതിച്ഛായ നഷ്ടപ്പെടും. ഇടതുപക്ഷമെന്നാല്‍ ജനങ്ങള്‍ എന്നതിന്റെ പര്യായപദമാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? ജനങ്ങളെന്നാല്‍ പാവപ്പെട്ടവരും സാധാരണക്കാരും തന്നെ. അതുകൊണ്ടാണ് അവരുടെ ജീവിതം സ്തംഭിക്കുന്നത്. വരേണ്യവര്‍ഗത്തിന്റെ ജീവിതം സ്തംഭിച്ചിട്ട് എന്തുകിട്ടാനാണ്?

ജീവിതം പെട്ടെന്ന് സ്തംഭിക്കുമ്പോള്‍ സാധാരണക്കാരും പാവപ്പെട്ടവരും ഹര്‍ത്താലിനിറങ്ങിയ കാരണങ്ങളെക്കുറിച്ച് ആലോചിക്കും. അപ്പോള്‍ അവര്‍ക്ക് കൂടുതല്‍ അവബോധമുണ്ടാകും. പിന്നെ അവരില്‍ കേന്ദ്രസര്‍ക്കാറിനോടുള്ള രോഷം ജ്വലിച്ചുയരും. തങ്ങളുടെ ഒരുദിവസത്തെ ജീവിതം സ്തംഭിച്ചുകൊണ്ടാണെങ്കിലും കേന്ദ്രസര്‍ക്കാറിനോട് പകരം ചോദിച്ചവരെച്ചൊല്ലി അഭിമാനിക്കും-ഇതാണ് ഈ ഹര്‍ത്താലിന്റെ കെമിസ്ട്രി എന്നാണ് ഈ രംഗത്തെ ഒരു വിശകലനവിദഗ്ധന്‍ പറഞ്ഞത്.

ഒരിടത്ത് വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞുകൊണ്ടിരുന്നവര്‍ തങ്ങളുടെ നേതാവിന്റെ ആഡംബരവാഹനം വരുന്നതുകണ്ടപ്പോള്‍, ഉപചാരപൂര്‍വം കടത്തിവിട്ടുവത്രേ. ഇത്തരം ആരോപണങ്ങള്‍ എല്ലാ ഹര്‍ത്താലിലുമുണ്ടാകുന്നതാണ്. ജനങ്ങളും നേതാക്കളും തമ്മിലുള്ള വ്യത്യാസം ഇപ്പോഴും മനസ്സിലാക്കിയിട്ടില്ലാത്ത വിഡ്ഢികളാണ് ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍. ഹര്‍ത്താലനുകൂലികളുടെ നേതാക്കള്‍ക്ക് സഞ്ചരിക്കാനും പരിപാടികളില്‍ പങ്കെടുക്കാനും സൗകര്യം ലഭിക്കുകയും ജനങ്ങള്‍ക്കത് ലഭിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് ഹര്‍ത്താല്‍ പരിപൂര്‍ണവിജയമാകുന്നത്. കേന്ദ്ര സര്‍ക്കാറിനോടുള്ള പ്രതിഷേധം പ്രകടിപ്പിക്കാന്‍ പാര്‍ലമെന്റ് ഉപരോധിക്കുകയല്ലേ ചെയ്യേണ്ടതെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. പേടിച്ചിട്ടൊന്നുമല്ല തത്കാലം വേണ്ടെന്നു വെച്ചിട്ടാണ്. ഹര്‍ത്താലുകള്‍ കൊണ്ട് രക്ഷയില്ലെങ്കില്‍ പാര്‍ലമെന്റല്ല വൈറ്റ് ഹൗസ് വരെ ഉപരോധിക്കാന്‍ മടിക്കില്ല.

ഹര്‍ത്താലിനും ബന്ദിനുമെതിരായ കോടതിവിധികള്‍ സര്‍ക്കാര്‍ പിന്തുണയോടെ കാറ്റില്‍ പറത്തുന്നതാണ് ചൊവ്വാഴ്ച കേരളത്തില്‍ കണ്ടതെന്നാണ് ചില സാധുക്കള്‍ വിലപിക്കുന്നത്.

ഭരണവും സമരവും ഒന്നിച്ചുകൊണ്ടുപോകുക എന്ന തത്ത്വത്തിലൂന്നി പ്രവര്‍ത്തിച്ചുപോന്ന സര്‍ക്കാറാണ് കേരളത്തിലേത്. എന്നാല്‍, രണ്ടും ഒരുമിച്ചു കൊണ്ടുപോകാന്‍ അത്ര എളുപ്പമല്ലെന്ന് പിന്നീട് ബോധ്യമായി. അതിനാല്‍ ഭരണകാര്യങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് സമരവുമായി മാത്രമാണ് ഇപ്പോള്‍ മുന്നോട്ടുപോയ്‌ക്കൊണ്ടിരിക്കുന്നത്. താത്ത്വികമായി ഭരണത്തെക്കാള്‍ മൂല്യമുള്ള ഇത്തരം ഇടതുപക്ഷ സമരങ്ങള്‍ക്ക് സര്‍ക്കാറിന്റെ ഉറച്ച പിന്തുണയുണ്ടാകും.

******
കേരളത്തില്‍ ഹര്‍ത്താലുകള്‍ ഏറ്റെടുത്തു നടത്തുന്ന ബിസിനസ്സ് ഗ്രൂപ്പുകള്‍ രൂപപ്പെട്ടിട്ടുണ്ടെന്നാണ് രഹസ്യവിവരം. രാഷ്ട്രീയ കക്ഷികള്‍ ആഗ്രഹിക്കുന്നവിധം റാലികളും സമ്മേളനങ്ങളും മറ്റും കരാറെടുത്തു നടത്തി തഴക്കമുള്ള ചിലരാണത്രെ ഈ നവസംരംഭത്തിന് പിന്നില്‍.
വാര്‍ഡ്, പഞ്ചായത്ത്, ബ്ലോക്ക്, ജില്ല, സംസ്ഥാന തലത്തില്‍ പകലോ രാത്രിയോ രാപ്പകലോ ഹര്‍ത്താല്‍ നടത്തിക്കൊടുക്കും.

ജനജീവിതം എത്രമാത്രം സ്തംഭിപ്പിക്കണം എന്നതിനനുസരിച്ച് നിരക്കില്‍ ഏറ്റക്കുറച്ചിലുണ്ടാകും. എത്രനേരം വേണമെങ്കിലും എവിടെയും ജനജീവിതം സ്തംഭിപ്പിക്കാന്‍ ശേഷിയുള്ള സ്വന്തം ക്വട്ടേഷന്‍ സംഘങ്ങളും ഈ സംരംഭകര്‍ക്കുണ്ട്. അടുത്ത ഹര്‍ത്താല്‍ മിതമായ നിരക്കില്‍ തങ്ങള്‍ ഏറ്റെടുത്തു നടത്താമെന്നും വിമാനസര്‍വീസും വേണമെങ്കില്‍ കപ്പല്‍ സര്‍വീസും (അന്തര്‍വാഹിനികളടക്കം) സ്തംഭിപ്പിച്ചുകൊടുക്കാമെന്നും അറിയിച്ചു ഒരു ബിസിനസ്സ് ഗ്രൂപ്പ് കേരളത്തിലെ ഒരു പ്രമുഖകക്ഷിയെ സമീപിച്ചതായി അറിയുന്നു.
ചില ചാനല്‍ചിന്തകരുടെ ഭാഷയില്‍ ഇതിന് രാഷ്ട്രീയത്തിന്റെ വാണിജ്യവത്കരണം എന്നു പറയാം.

പിന്‍കുറിപ്പ്:

അടുത്തുതന്നെ നടത്താന്‍ പോകുന്ന ഹര്‍ത്താലില്‍ കാല്‍നടപോലും സ്തംഭിപ്പിക്കാന്‍ ഒരു സംഘടന തീരുമാനിച്ചിട്ടുണ്ടത്രെ.
അടുത്ത ഊഴക്കാര്‍ 'മൃഗജീവിത'വും സ്തംഭിപ്പിക്കുമായിരിക്കും.





തരൂരും രാജിവാദവും...

Mathrubhumi :  Posted on: 25 Apr 2010
സി.ആര്‍. നീലകണ്ഠന്‍

ഐ.പി.എല്‍. ക്രിക്കറ്റ് വളരെപ്പെട്ടെന്ന് എല്ലാവര്‍ക്കും ഹറാമായി മാറി. ഇതുവരെ ഹരമായിരുന്ന ഈ കളി വെറും ചൂതാട്ടമാണ്, അഴിമതിയാണ്, കള്ളപ്പണം വെള്ളയാക്കലാണ്, വഞ്ചനയാണ്, നികുതിവെട്ടിപ്പാണ്, ഒത്തുകളിയാണ് എന്നാണിപ്പോള്‍ പറയുന്നത്. സമഗ്രമായ അന്വേഷണം മുതല്‍ നിരോധനംവരെ ആവശ്യപ്പെടുന്നവരുണ്ട്. തരൂരിന്റെ പിന്നാലെ സംഘാടകനായ ലളിത്‌മോഡിയും തെറിക്കുമെന്ന് കേള്‍ക്കുന്നു. എന്നാല്‍ ഈ കളി തുടങ്ങിയിട്ട് മൂന്നുവര്‍ഷമായി. ഇക്കാലമത്രയും ഇതിന്റെ നിരര്‍ഥകതയും ആഡംബരപ്രിയതയും മറ്റും ചോദ്യംചെയ്ത പലരുമുണ്ട്.

എന്നാല്‍ ഇപ്പോള്‍ കലികയറിയിരിക്കുന്ന നേതാക്കളെല്ലാം ഈ കളികണ്ട് ആസ്വദിക്കുകയായിരുന്നു. ഇത് നവമുതലാളിത്തത്തിന്റെ വിളയാട്ടമാണ്. ഓഹരിക്കമ്പോളവും റിയല്‍ എസ്റ്റേറ്റ്-ഐ.ടി.തട്ടിപ്പുകളും മറ്റും ഇതിന്റെ ഭാഗമാണ്.ഈ നവലിബറല്‍ നയങ്ങള്‍ക്ക് സി.പി.എം. അടക്കം ആരാണ് എതിരായിട്ടുള്ളത്? (വാചകമടിയിലല്ല). ഓഹരിക്കമ്പോള സൂചിക ഇന്ത്യയിലെ ഒരു ശതമാനം ജനങ്ങളെ മാത്രം ബാധിക്കുന്ന ഒന്നാണ്. പക്ഷേ, ആ ഒരു ശതമാനത്തില്‍ സി.പി.എം. എന്ന വിപ്ലവ കക്ഷിയും പെടും.

കാരണം അവര്‍ക്കും അതില്‍ മുതല്‍മുടക്കുണ്ട്. താഴേക്കുവന്നാല്‍ എല്ലാത്തരം ഊഹത്തട്ടിപ്പുകളുടെയും നടത്തിപ്പുകാരാണ് ഇന്ന് സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കള്‍.ഇവിടെ വിഷയം അതല്ല. ഇപ്പോള്‍ ഐ.പി.എല്‍. ഇത്ര വിവാദമാകാന്‍ കാരണം ശശി തരൂരിന്റെ രാജിയാണ്. കൊച്ചിക്ക് ഒരു ഐ.പി.എല്‍. ടീം വേണമെന്ന് ആഗ്രഹിച്ചതോ ശശി തരൂരിന്റെ തെറ്റ് ! കേരളത്തില്‍ ഈ ചര്‍ച്ച തുടങ്ങിയിട്ട് കാലമേറെയായി. ഒരു നേതാവും ഇതിനെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല. തന്നെയുമല്ല, ഐ.പി.എല്‍. ടീമുണ്ടായാല്‍ കേരളത്തിലെ കായികരംഗത്തിനു വലിയ നേട്ടമുണ്ടാകില്ലെങ്കിലും ഇവിടെ വന്‍നിക്ഷേപം വരുകവഴി വ്യവസായവും ടൂറിസവും വികസിക്കുമെന്നാണ് ഡി.വൈ.എഫ്.ഐ. നേതാവ് ശ്രീരാമകൃഷ്ണന്‍ ഒരു ചാനലില്‍ പറഞ്ഞത്.

ഇപ്പോള്‍ പ്രകാശ് കാരാട്ട് ഇതുകേരളത്തില്‍ വേണ്ടായെന്നു പറഞ്ഞതിനാല്‍ നിലപാടുമാറ്റാന്‍ ഇദ്ദേഹം നിര്‍ബന്ധിതനായേക്കും. എന്നാല്‍ ഇടതുപക്ഷം ഭരിക്കുന്ന കൊല്‍ക്കത്തയില്‍ മൂന്നുവര്‍ഷമായി ഷാരൂക്ഖാന്റെ നൈറ്റ് റൈഡേഴ്‌സ് ഉള്ള കാര്യം കാരാട്ടിനറിയില്ലായിരിക്കും. അതുവേണ്ടന്നദ്ദേഹം പറയാത്തത് അതുകൊണ്ടാകും.കൊച്ചി ഐ.പി.എല്‍. ലേലം വിളിച്ച കമ്പനി - റോന്ദേവു- അവരുടെ ഒരുഭാഗം ഓഹരി സുനന്ദപുഷ്‌കറിന് നല്‍കിയതാണ് വിവാദമായത്. ഉന്നതപദവിയില്‍ ഒരുകമ്പനിയില്‍ ജോലിക്കു കയറുന്നവര്‍ക്ക് ശമ്പളത്തിനു പകരം നല്കുന്ന ഓഹരി സ്വെറ്റ്ഇക്വിറ്റി, ആണിത്. ഇതില്‍നിയമപരമായി ഒരു തെറ്റുമില്ല. ഇതുലഭിച്ച സുനന്ദ ശശി തരൂരിന്റെ അടുത്ത സുഹൃത്താണെന്നതാണ് ഇദ്ദേഹം രാജിവെക്കണമെന്നാവശ്യപ്പെടാനുള്ള പ്രധാന കാരണം.

ഇതില്‍ ശശി തരൂരിന്റെ പങ്ക് നിയമപരമായി തെളിയിക്കുക എളുപ്പമല്ല. തന്നെയുമല്ല ഇതൊരു സ്വകാര്യ കമ്പനിയുടെ ഓഹരികളാണ്. പൊതുപണം ഇതില്‍ വരുന്നതേയില്ല. കമ്പനി-ആദായനികുതി നിയമങ്ങള്‍ മാത്രമേ ഇതില്‍ പ്രാബല്യത്തില്‍ വരൂ. മൊത്തം ഐ.പി.എല്‍.തന്നെ ഒരു സ്വകാര്യ ഇടപാടാണ്.മന്ത്രിയെന്ന നിലയില്‍ ഐ.പി.എല്ലുമായി ബന്ധപ്പെട്ടതാണോ ശശി തരൂരിന്റെ കുറ്റം? ശരദ്പവാറടക്കം നിരവധി കേന്ദ്രമന്ത്രിമാരും നരേന്ദ്രമോഡിയടക്കം നിരവധി മുഖ്യമന്ത്രിമാരും അരുണ്‍ജെയ്റ്റ്‌ലിയടക്കം വിവിധ നേതാക്കളും ഇവരുടെയെല്ലാം കുടുംബങ്ങളും ഐ.പി.എല്ലില്‍ കാര്യമായി ഇടപെടുന്നുണ്ടല്ലോ!

അവരൊന്നും രാജിവെക്കണമെന്ന് പറയാതെ ശശി തരൂര്‍ രാജിവെക്കണമെന്ന് സി.പി.എം. നേതാക്കള്‍ (ബി.ജെ.പി.യും) ആവശ്യപ്പെട്ടതെന്തുകൊണ്ട്?ഇത്രയും പറയാന്‍ മറ്റൊരുകാരണം കൂടിയുണ്ട്. ഇപ്പോള്‍ പ്രത്യേക കോടതിയില്‍ വിചാരണയിലിരിക്കുന്ന എസ്.എന്‍.സി. ലാവലിന്‍ കേസിലെ പ്രതിയാണല്ലോ സി.പി.എം. സെക്രട്ടറി പിണറായി വിജയന്‍. ആ കേസില്‍ സി.ബി.ഐ. നല്കിയ ഒരുപ്രസ്താവനയിലെ ചില വരികള്‍ ഉദ്ധരിച്ചുകൊണ്ട് ''പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്നു തെളിഞ്ഞു'', ''ലാവലിന്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുവന്നു'', ''ലാവലിന്‍ കേസിന്റെ അടിത്തറ തകര്‍ന്നിരിക്കുന്നു'' എന്നൊക്കെ പ്രഖ്യാപിക്കാന്‍ സി.പി.എം. നേതാക്കളും അവരുടെ മാധ്യമങ്ങളും തിടുക്കം കൂട്ടിയതും നാംകണ്ടു. (പിന്നീട് സി.ബി.ഐ. തന്നെ ചില വിശദീകരണങ്ങളുമായി വന്നുവെന്നതു മറ്റൊരു കാര്യം)

ലാവലിന്‍ കേസിലെ സി.ബി.ഐ. അന്വേഷണം തീരുമാനിച്ചത് സര്‍ക്കാറല്ല, കേരള ഹൈക്കോടതിയാണ്. മറിച്ച് സര്‍ക്കാര്‍ പണവും അധികാരവും ഉപയോഗിച്ച് ഈ കേസ് അന്വേഷണം തടയാനും പിന്നീട് വിചാരണ തടയാനും ശ്രമിച്ചത് ഇടതുപക്ഷ സര്‍ക്കാറാണ്. അതാണ് രാഷ്ട്രീയപ്രേരിതം. എങ്കിലും പ്രകാശ് കാരാട്ട് ഇതു പറഞ്ഞുകൊണ്ടേയിരിക്കുന്നു - അതൊരു തമാശ.പിണറായി വിജയന്‍ കൈക്കൂലി വാങ്ങിയെന്നതല്ല സി.ബി.ഐ. യുടെ കേസ്. അക്കാര്യം അവര്‍ അന്വേഷിച്ചിട്ടില്ല. (പണം കൈപ്പറ്റിയെന്നതിന് തെളിവുമായി പലരും രംഗത്തുവന്നിട്ടുണ്ടെന്നത് തത്കാലം വിടാം).

വഞ്ചന, ഗൂഢാലോചന, ക്രമവിരുദ്ധ നടപടികള്‍ മുതലായവമൂലം സംസ്ഥാനത്തിന് അനേകകോടി രൂപ (പൊതുപണം) നഷ്ടപ്പെടുത്തിയെന്നതാണ് പിണറായി വിജയനെതിരായ കേസ്. എല്ലാ ചട്ടങ്ങളും പാലിച്ച് അന്വേഷണം നടത്തി കുറ്റപത്രം തയ്യാറാക്കി സി.ബി.ഐ. പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു.

അതുസ്വീകരിച്ച് വിചാരണ ആരംഭിച്ചിരിക്കുകയാണ്.ഒരാള്‍ നേരിട്ട് പണം കൈപ്പറ്റുന്നതുമാത്രമാണ് അഴിമതിയെങ്കില്‍ ഇന്ത്യയില്‍ ഒരു രാഷ്ട്രീയ-ഭരണ അഴിമതിയും നടക്കുന്നുണ്ടെന്നു പറയാനാവില്ല. സി.പി.എം. നേതാക്കള്‍തന്നെ ഉയര്‍ത്തിക്കൊണ്ടുവന്ന പാമോലിന്‍ കേസില്‍ കെ. കരുണാകരനോ ഗ്രാഫൈറ്റ് കേസില്‍ ആര്‍. ബാലകൃഷ്ണപിള്ളയോ കാലിത്തീറ്റ കേസില്‍ ലാലുപ്രസാദ് യാദവോ ബോഫോഴ്‌സ് കേസില്‍ രാജീവ്ഗാന്ധിയോ ശവപ്പെട്ടി കുംഭകോണ കേസില്‍ ജോര്‍ജ് ഫെര്‍ണാണ്ടസ്സോ നേരിട്ട് പണം വാങ്ങിയതായി യാതൊരു തെളിവുമില്ല.

മറിച്ച് രാജ്യത്തെ നിലവിലുള്ള ചട്ടങ്ങള്‍ മറികടന്ന് പ്രവര്‍ത്തിച്ചുവെന്നും അതുവഴി പൊതുപണം നഷ്ടപ്പെട്ടുവെന്നുമാണിവര്‍ ക്കെല്ലാമെതിരെയുള്ള കേസ്. ലാവലിന്‍ ഇടപാടില്‍ മന്ത്രിസഭയില്‍ നിന്നുപോലും ഒട്ടനവധി സത്യങ്ങള്‍ മറച്ചുപിടിച്ചുവെന്നതടക്കമുള്ള കുറ്റങ്ങളാണ് പിണറായി വിജയനുമേലുള്ളത്. ഇതിനുള്ള തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുമുണ്ട്.ഈ സാഹചര്യത്തിലാണ് ശശി തരൂരിന്റെ രാജി ആവശ്യപ്പെടുന്ന സി.പി.എമ്മിന്റെ നിലപാടിലെ വൈരുദ്ധ്യം പ്രകടമാകുന്നത്. സ്വന്തം സ്വഭാവ പെരുമാറ്റ രീതികള്‍ കൊണ്ട് ഒട്ടനവധി പേരെ വെറുപ്പിക്കാന്‍ ശശി തരൂരിന് കഴിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ രാജി മനസ്സുകൊണ്ടാഗ്രഹിക്കുന്ന പലരുമുണ്ടെന്നതും കേന്ദ്ര സര്‍ക്കാറിന് ഇന്നത്തെ അവസ്ഥയില്‍ തന്ത്രപരമായി ഇതാവശ്യമാണെന്നതും മൂലം രാജിവെക്കേണ്ടിവരികയും ചെയ്തു.

എന്നാല്‍ നിയമത്തിന്റെ ദൃഷ്ടിയിലും തെളിവുകളുടെ അടിസ്ഥാനത്തിലും നോക്കിയാല്‍ ശശി തരൂര്‍ കുറ്റക്കാരനാണെന്നു സ്ഥാപിക്കുക എളുപ്പമല്ല. ശശി തരൂരിന്റെ ഇടപെടല്‍ വഴി പൊതുസമ്പത്ത് നഷ്ടപ്പെട്ടിട്ടില്ല. ക്രമക്കേടു നടന്നതായി തെളിവില്ല.എന്നാല്‍ ലാവലിന്‍ ഇടപാടില്‍ പൊതുപണം നഷ്ടപ്പെട്ടെന്ന് സി.എ.ജി.യും ക്രമക്കേടുനടന്നുവെന്ന് സംസ്ഥാന വിജിലന്‍സും കണ്ടെത്തിയതാണ്. അന്നൊന്നും ഒരക്ഷരം മിണ്ടാതിരുന്ന സി.പി.എം. പിണറായി വിജയന്‍ പ്രതിയാകുമെന്നുവന്നപ്പോള്‍ ഈ കേസ് രാഷ്ട്രീയപ്രേരിതമാണെന്നു പറയുന്നു.

മുമ്പുപറഞ്ഞ ഒട്ടനവധി അഴിമതിക്കേസുകളില്‍ സി.എ.ജി. റിപ്പോര്‍ട്ടെന്ന വജ്രായുധം പ്രയോഗിച്ച് ശത്രുക്കളെ ആക്രമിച്ച സി.പി.എമ്മിനിപ്പോള്‍ സി.എ.ജി. എന്നാല്‍ 'കുറെ ഗുമസ്തന്മാരുടെ കണക്ക്' മാത്രമായി.ചുരുക്കത്തില്‍ പിണറായി വിജയനെ സംരക്ഷിച്ചു ശശി തരൂര്‍ രാജിവെക്കണമെന്നാവശ്യപ്പെടുന്ന സി.പി.എം. നിലപാട് വെറുമൊരു തമാശ മാത്രമായേ കാണാനാകൂ. അല്ലെങ്കില്‍ ''കാക്കയ്ക്കു തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്.....'' സിദ്ധാന്തവുമാകാം.





ഹുസൈന്‍ വിവാദത്തിനു പിന്നില്‍ ഇടതു - ഇസ്ളാമിസ്റ്റ് അച്ചുതണ്ഡ്

1
അഭിമുഖം

ബര്‍ഖാ ദത്ത്: താങ്കള്‍ എന്തിനാണ് ഭാരത പാസ്പോര്‍ട്ട് തിരിച്ചുനല്കി ഖത്തര്‍പൌരത്വം സ്വീകരിച്ചത്? കുറെ വര്‍ഷമായി താങ്കള്‍ പുറത്തായിരുന്നല്ലോ, എങ്ങിനെയത് പൌരത്വം ഉപേക്ഷിക്കുന്ന അവസ്ഥയിലെത്തി?

= എം.എഫ്.ഹുസൈന്‍: അതിനൊരു കാരണമുണ്ടെന്ന് ഞാന്‍ കരുതുന്നു. 2006 ല്‍ മൂന്ന് പ്രൊജക്ടുകളില്‍ പ്രവര്‍ത്തിക്കാന്‍ ഞാന്‍ തീരുമാനിച്ചു.
1.മോഹന്‍ജോദാരോ മുതല്‍ മന്‍മോഹന്‍സിംഗ്വരെയുള്ള ഭാരതീയനാഗരികതയുടെ ചരിത്രം.
2.ബാബിലോണ്‍ മുതലുള്ള മറ്റു നാഗരികതകള്‍.
3.എന്റെ ഹൃദയത്തോട് ഏറ്റവും അടുത്തുനില്ക്കുന്ന- എന്റെ സ്നേഹമായ - സിനിമ.

ഇന്ത്യന്‍ സിനിമയുടെ നൂറാം വര്‍ഷം. അടുത്ത വര്‍ഷം ഇന്ത്യന്‍ സിനിമയുടെ നൂറാംവര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇന്ത്യയിലാണ് എനിക്ക് ഈ പ്രൊജക്ടുകള്‍ ചെയ്യേണ്ടിയിരുന്നത്. നിങ്ങള്‍ക്ക് അറിയുന്നതുപോലെ അവിടെ വെച്ച് എനിക്ക് സുഖമായി ജോലിചെയ്യാന്‍ ചില തടസ്സങ്ങളുണ്ട്. ഒന്നാമതായി ഒരു സ്പോണ്‍സറെ കണ്ടെത്തുക എന്നതാണ്. ഇനിതായി ഞാന്‍ കാത്തിരുന്നു. 2004 ല്‍ ദുബായില്‍വന്നു ചില സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ ഞാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ നാഗരികതയുടെ ചരിത്രം സ്പോണ്‍സര്‍ ചെയ്യാന്‍ ഞാന്‍ ലണ്ടനില്‍ ഒരാളെ കണ്ടെത്തി. മറ്റുനാഗരികതകളുടെ ചരിത്രം തയ്യാറാക്കാന്‍ ഖത്തറിലെ ഷൈഖ മൊസാഹ എന്നെ ക്ഷണിച്ചു. ഇന്ത്യന്‍ സിനിമയെക്കുറിച്ചുള്ള പ്രൊജക്ട് അബുദാബിയും സ്പോണ്‍സര്‍ ചെയ്യും. അടുത്ത വര്‍ഷം നല്ല നിലയില്‍ അതു തുടങ്ങാനാകുമെന്ന് ഞാന്‍ കരുതുന്നു. ഇതൊക്കെ ചെയ്യാന്‍ എനിക്ക് പ്രവാസിഭാരതീയനായേ പറ്റൂ. അവിടുത്തെ നികുതിഘടന അങ്ങനെയാണ് (ഒരു കോര്‍പ്പറേറ്റുകാരനോട് ചോദിച്ചുനോക്കിയാല്‍ ഇക്കാര്യം നിങ്ങള്‍ക്കു മനസ്സിലാകും....)

ബര്‍ഖാദത്ത്: ഹുസൈന്‍ സാഹിബ്, ഭാരതത്തില്‍ ലഭ്യമല്ലാത്ത അവസരം ഖത്തറില്‍ സാധ്യമാക്കുന്നതിന് താങ്കള്‍ പ്രായോഗിക തീരുമാനമെടുത്തത് ഏതായാലും നന്നായി. ഭാരതം താങ്കളെ തള്ളിക്കളഞ്ഞു എന്ന് താങ്കള്‍ പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതാണോ ഖത്തര്‍ പൌരത്വം സ്വീകരിക്കാന്‍ താങ്കളെ സ്വാധീനിച്ചത്?

എം.എഫ്.ഹുസൈന്‍: ഭാരതം എന്നെ തിരസ്കരിച്ചുവെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അവരെന്തു പറഞ്ഞാലും എന്റെ കാഴ്ചപ്പാട് അതാണ്. ഇവിടെ അവസരങ്ങളുള്ളതുകൊണ്ട് ഞാനിവിടെ വന്നു എന്നാണ് ഞാന്‍ പറഞ്ഞത്. എന്താണ് പൌരത്വം? അതൊരു കഷണം കടലാസല്ലേ?....... തീര്‍ച്ചയായും ഭാരതത്തിലെ 99 ശതമാനം ജനങ്ങളും എന്നെ സ്നേഹിക്കുന്നു......
ബര്‍ഖ ദത്ത്: ഖത്തറില്‍ തികഞ്ഞ സ്വാതന്ത്യ്രം പ്രകടമാക്കാനും വരയ്ക്കാനും സാധിക്കുമോ?
എം.എഫ്.ഹുസൈന്‍: കഴിഞ്ഞ 2 വര്‍ഷമായി ഞാനിവിടെ പ്രവര്‍ത്തിക്കുന്നു. കുഴപ്പമൊന്നും തോന്നുന്നില്ല. നാളെ എന്തു സംഭവിക്കുമെന്ന് നൂറുശതമാനം ഉറപ്പില്ല. ഇതൊരു ചുതാട്ടമാണ്. സൃഷ്ടിപരമായ ചുതാട്ടം....... (മാര്‍ച്ച് 3 ന് എന്‍.ഡി.ടി.വിയില്‍ നടന്ന അഭിമുഖം)

പിറ്റേന്ന് 'ടൈംസ് നൌ' ടി.വി.യുമായുള്ള അഭിമുഖത്തിലും ഇതേരീതിയിലാണ് ഹുസൈന്‍ പ്രതികരിച്ചത്. ഭാരതത്തില്‍ പീഡനമേറ്റുവാങ്ങേണ്ടിവന്നില്ലേ എന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിനു അദ്ദേഹം ചോദ്യകര്‍ത്താവിനെ നിരാശപ്പെടുത്തുന്ന വിധമാണ് ഉത്തരം നല്കിയത്. മാധ്യമങ്ങള്‍ പലതും തന്റെ വായില്‍ തിരുകി വെക്കുകയാണ്, ഇരയാക്കപ്പെട്ടതായി തനിക്കുതോന്നിയിട്ടില്ല, തനിക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാം, പൌരത്വത്തിന്റെ കാര്യത്തിലാണെങ്കില്‍ താന്‍ ആഗോളപൌരനാണ് - ഈ തരത്തിലുള്ള വാക്കുകളാണ് ആ അഭിമുഖത്തില്‍ ഹുസൈനില്‍നിന്നും ചാനല്‍വഴി ലോകം കേട്ടത്. എന്നാല്‍ അന്നുതന്നെ സി.എന്‍.എന്‍.ഐ. ബി.എന്‍. അഭിമുഖത്തില്‍ ഹുസൈന്റെ സ്വരം വ്യത്യസ്മതമായിരുന്നു. തനിക്കെതിരെയുള്ള കേസ്സുകളെക്കുറിച്ചും ഭാരതത്തിലുള്ളപ്പോള്‍ തനിക്കുണ്ടായി എന്നു പറയുന്ന പീഡനത്തെക്കുറിച്ചും ഹുസൈന്‍ പരിഭവം പറഞ്ഞു.

95-ാം വയസ്സിലും തന്റെ കലയെ കച്ചവടമാക്കാന്‍ സ്പോണ്‍സറെ തേടിയിറങ്ങിയ ആ കലാകാരന്റെ കണക്കുകൂട്ടല്‍ കച്ചവടക്കണ്ണോടെയായിരുന്നു. പ്രവാസി ഭാരതീയനു ലഭിക്കുന്ന നികുതി ഇളവുകൂടി ലഭിക്കാനാണ് ഹുസൈന്റെ നീക്കം. അതദ്ദേഹം ബര്‍ഖാ ദത്തിനുമുമ്പില്‍ മറച്ചുവെച്ചിട്ടുമില്ല. കച്ചവടക്കാഴ്ചപ്പാടും സാമ്പത്തിക ചിന്തയുമായാണു ഹുസൈന്‍ ഖത്തറിലെത്തിയതു എന്ന വാദം തള്ളിക്കളയാനാവില്ല എന്നാണ് കോളമെഴുത്തുകാരനായ വീര്‍ സിംഗ്വി എഴുതിയത്. അപ്പോള്‍ എം.എഫ്.ഹുസൈനെ ഇവിടെ ജീവിക്കാന്‍ സമ്മതിക്കാതെ നാടുവിടുവിച്ചു എന്ന പ്രചരണമോ?

2
ഗീബല്‍സിയന്‍ പ്രചാരണം
ഹുസൈന്‍ ഖത്തര്‍ പൌരത്വം സ്വീകരിക്കുന്നു എന്ന വാര്‍ത്ത വന്നതോടെ 'മതേതര'ചിന്തകരും കലാകാരന്മാരും ഒരേസ്വരത്തില്‍ ഓരിയിടാന്‍ തുടങ്ങി. ഹുസൈന്‍ എന്ന മഹാനായ കലാകാരനെ ഭാരതം നാടുകടത്തി, നൂറുകണക്കിന് കേസും കൂട്ടങ്ങളും കൊണ്ടു പൊറുതിമുട്ടി ഇവിടെ കഴിയാന്‍ വയ്യെന്നായി, ജീവനുപോലും സുരക്ഷയില്ലാതായി, ഇത്രകാലം വിദേശത്തു കഴിഞ്ഞിട്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ പോലും അവഗണിച്ചു എന്നിങ്ങനെയായിരുന്നു അവരുടെ വാദഗതികള്‍. 900 കേസുകള്‍ ഹുസൈന്റെ പേരിലുണ്ട് എന്നതും വലിയ വാര്‍ത്തയായി. ശല്യം ചെയ്യുന്ന കേസുകളുടെ കാര്യത്തില്‍ സുപ്രീംകോടതി വിധിയുണ്ടെന്നും ഇപ്പോള്‍ ഹുസൈന്റെ പേരില്‍ മൂന്ന് കേസുകളെ ഉള്ളുവെന്നും അവ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ക്ക് കൈകാര്യം ചെയ്യാവുന്നതാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന്റെ വിശദീകരണം പുറത്തുവന്നു. ഹുസൈന് എല്ലാവിധ സുരക്ഷയും അദ്ദേഹം ഉറപ്പുനല്‍കി. ഇതൊന്നും ഹുസൈനുവേണ്ടി സംഘഗാനം മുഴക്കുന്നവര്‍ ചെവിക്കൊണ്ടില്ല. സര്‍ക്കാറിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ചു തിരിച്ചുവരാന്‍ അവര്‍ ഹുസൈനോട് ആവശ്യപ്പെട്ടതുമില്ല. ഹുസൈനുവേണ്ടി ഭാരതം ഇരട്ട പൌരത്വം അംഗീകരിക്കണമെന്നാണ് ചിത്രകാരി അഞ്ജലി ഇള മേനോന്‍ ആവശ്യപ്പെടുന്നത്. ഭാരതസര്‍ക്കാര്‍ ഹു സൈന് ഭാരതരത്നം നല്കണമെന്നാണ് ലളിതകലാ അക്കാദമി അദ്ധ്യക്ഷന്‍ അശോക് വാജ്പേയിയുടെ ആവശ്യം.

3
ഹുസൈന്റെ ഇരട്ടത്താപ്പ്
ശ്രീ ശ്രീ രവിശങ്കര്‍ ചോദിച്ചു, 'ഹിന്ദു ദൈവങ്ങളെ നഗ്നരാക്കി വരയ്ക്കുമ്പോള്‍ കാണിച്ച അതേ മനോഭാവം ഇസ്ളാമികനായകന്മാരെ വരയ്ക്കുമ്പോഴും ഹുസൈന്‍ കാണിക്കുമോ? അങ്ങിനെ വരച്ചാല്‍ ഖത്തര്‍പൌരത്വം നിലനിര്‍ത്താനാകുമെന്നുകരുതുണ്ടോ?' ഹുസൈനുവേണ്ടി വാദിക്കുന്ന ആരും ഈ ചോദ്യത്തിനു മറുപടി നല്കിയിട്ടില്ല.
ഹുസൈനുവേണ്ടി വാദിക്കുന്നവര്‍ ഇത്തരം പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയേണ്ടതുണ്ട്. അടിയന്തരാവസ്ഥയില്‍ ഇന്ദിരാഗാന്ധിയ്ക്കുവേണ്ടി വാദിച്ചയാളാണ് ഹുസൈന്‍. ഹുസൈന്റെ ബ്രഷില്‍ ഇന്ദിരാഗാന്ധി ദുര്‍ഗ്ഗയായിരുന്നു. ജയപ്രകാശ്നാരായണന്‍ അസുരശക്തിയും. അന്ന് കലാകാരന്മാരെയും എഴുത്തുകാരെയും ഇരുമ്പഴിക്കുള്ളിലിട്ടതിനെ അദ്ദേഹം ന്യായീകരിച്ചു. ഈ നിലപാടില്‍ കുറ്റബോധം തോന്നാത്ത ഹുസൈനുവേണ്ടിയാണോ ഇക്കൂട്ടര്‍ വാദിക്കുന്നത്?
തൊണ്ണൂറുകളില്‍ ദില്ലിയില്‍ രവിവര്‍മ്മചിത്രങ്ങളുടെ ഒരു പ്രദര്‍ശനം നടന്നു. കേന്ദ്രമന്ത്രി ഏ.കെ.ആന്റണിയായിരുന്നു ഉദ്ഘാടകന്‍. 'ഈ പ്രദര്‍ശനം ഹിന്ദു വര്‍ഗ്ഗീയതയ്ക്ക് ശക്തിപകരും' എന്നാണ് അന്ന് എം.എഫ്.ഹുസൈന്‍ പ്രതികരിച്ചത്. രണ്ടുദശാബ്ദങ്ങള്‍ക്കുശേഷം കേരളത്തിലെ ഇടതുസര്‍ക്കാറിലെ സംസ്കാരികവകുപ്പുമന്ത്രി എം.എ.ബേബി രാജാരവിവര്‍മ്മപുരസ്കാരം ഹുസൈനു നല്കുമെന്നു പ്രഖ്യാപിച്ചു. 'ഹിന്ദുവര്‍ഗ്ഗീയതയ്ക്ക് ശക്തിപകരുന്ന' ചിത്രകാരന്റെ പേരിലുള്ള പുരസ്കാരം തിരസ്ക്കരിക്കാന്‍ ഹുസൈന്‍ തയ്യാറായില്ല. പകരം മലയാളികള്‍ക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്കാനാണ് അദ്ദേഹം തയ്യാറായത്. ഹുസൈന്റെ പേരില്‍ ചില കേസ്സുകള്‍ ഉള്ളതിനാല്‍ പുരസ്കാരം സ്വീകരിക്കാന്‍ ഭാരതത്തിലേയ്ക്ക് വരാന്‍ സാധിക്കാത്ത വിഷമമേയുള്ളു അദ്ദേഹത്തിന്. അവിടെയും കണ്ണ് അവാര്‍ഡ് തുകയുടെ കനത്തിലായിരുന്നു. കേരള ഹൈക്കോടതി ഹുസൈന് പുരസ്കാരം നല്കുന്നത് തടഞ്ഞതോടെ പുരസ്കാരദാനം ക്ഷിപ്രസാധ്യമല്ലാതായി. അതു നീക്കിക്കിട്ടാനുള്ള പുതിയ തന്ത്രങ്ങളുടെ ഭാഗമല്ലേ ഇപ്പോഴത്തെ പ്രചാരണ കോലാഹലം?
വരയുടെ കാര്യത്തിലുമുണ്ട് ഹുസൈന് ഇരട്ടത്താപ്പ്. ഭാരതമാതാവിനെ നഗ്നയാക്കി വരച്ച ഹുസൈന്‍ സ്വന്തം മാതാവിനെ വസ്ത്രങ്ങളോടെയേ വരച്ചിട്ടുള്ളൂ. പാര്‍വ്വതിയുടെ നഗ്നചിത്രം വരച്ച കരങ്ങള്‍ക്ക് സ്വന്തം മകളെ അതേരീതിയില്‍ വരയ്ക്കാന്‍ തോന്നിയില്ല. ദ്രൌപദിയെ വിവസ്ത്രയാക്കി വരച്ചപ്പോള്‍ മദര്‍ തെരേസയെ വസ്ത്രങ്ങളാല്‍ ആവരണം ചെയ്തരീതിയിലാണ് വരച്ചത്. ഒരേ ചിത്രത്തില്‍ മുസ്ളിം രാജാവിനെയും ഹിന്ദുവിനെയും വരച്ചപ്പോള്‍ മുസ്ളിമിനെ വസ്ത്രധാരിയായും ഹിന്ദുവിനെ നഗ്നനായും വരച്ചതിനു പിന്നിലുള്ള കടുത്തവര്‍ഗ്ഗീയതയും മതവിദ്വേഷവും ചേര്‍ന്ന മനോവൈകല്യത്തിന് ചികിത്സ നല്കണമെന്നു പറയാനുള്ള ആര്‍ജവം ഇക്കൂട്ടര്‍ക്കുണ്ടോ?
ഹുസൈന്റെ 'മീനാക്ഷി' എന്ന സിനിമയില്‍ നൂറുന്‍ - അല - നൂര്‍' എന്ന പാട്ടില്‍ സ്ത്രീസൌന്ദര്യം വര്‍ണ്ണിക്കാന്‍ മുഹമ്മദ് നബിയുടെ മഹത്വം വര്‍ണ്ണിക്കുന്ന ഒരു വാക്കു ഉപയോഗിച്ചിരുന്നു. ആള്‍ ഇന്ത്യ ഉലമകൌണ്‍സില്‍ അതിനെതിരെ രംഗത്തുവരുകയും മുംബൈപോലീസില്‍ പരാതിനല്കുകയും ചെയ്തു. ഉടന്‍തന്നെ ഹുസൈന്‍ പരസ്യമായി മാപ്പപേക്ഷിക്കുകയും ഉലമകളുടെ കാലു പിടിക്കുകയും ചെയ്തു. ഹിന്ദു ദേവീദേവന്മാരുടെ നഗ്നചിത്രം വരച്ച് ഹിന്ദുവികാരങ്ങള്‍ വ്രണപ്പെടുത്തുന്ന ഏര്‍പ്പാട് 1970 മുതല്‍ ഹുസൈന്‍ തുടങ്ങിയതാണ്.ഖജുരാഹോ ഗുഹാചിത്രങ്ങളുടെ പേരില്‍ തന്റെ നീചപ്രവൃത്തിയെ ന്യായീകരിക്കുന്ന ഹുസൈനോട് എന്തുകൊണ്ടാണ് ഈ ഇരട്ടത്താപ്പ് നയം എന്ന് ഈ 'മതേതര' വാദികള്‍ ചോദിക്കാത്ത തെന്താണ്?
പത്തുവര്‍ഷംമുമ്പ് ഒരഭിമുഖത്തില്‍ തനിക്ക് വിരോധമുള്ളവരെ അവഹേളിക്കാനാണ് അവരെ നഗ്നരാക്കിവരയ്ക്കുന്നത് എന്ന് ഹുസൈന്‍ പറഞ്ഞിരുന്നു. ഹുസൈന്റെ തന്നെ ഈ വാക്കുകളുടെ പശ്ചാത്തലത്തില്‍ ഹിന്ദുഅവഹേളനം ഹുസൈന്‍ചിത്രങ്ങളുടെ പൊതുസ്വഭാവമാണ് എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഭാരത ഭരണഘടന ആര്‍ക്കും ആരുടെയും മതവികാരം വ്രണപ്പെടുത്താനുള്ള സ്വാതന്ത്യ്രം നല്കുന്നില്ല; അതു കലയുടെ പേരില്‍ ആയാല്‍ പോലും. അതുകൊണ്ട് ഹിന്ദുക്കളുടെ വികാരത്തെ മാനിക്കാനും അവരോട് ക്ഷമയാചിക്കാനും ഹുസൈനെ ഉപദേശിക്കാന്‍ എന്തുകൊണ്ട് ഇക്കൂട്ടര്‍ തയ്യാറാവുന്നില്ല. പകരം ഹിന്ദുക്കളുടെ നേരെ കുതിരകയറുക എന്ന അന്യായമല്ലേ അവര്‍ ചെയ്യുന്നത്?
സ്റ്റാര്‍ ന്യൂസ് പത്രാധിപര്‍ ഷാസിസമന്‍ എം.എഫ്.ഹുസൈന് എഴുതിയ തുറന്നകത്തില്‍ ചോദിക്കുന്നു; (ബര്‍ഖ ദത്തുമായുള്ള അഭിമുഖത്തിലെ) 'ഹിന്ദി ഹൈ ഹം വതന്‍ ഹൈ സാരാ ജഹാന്‍ ഹമാര' എന്ന താങ്കളുടെ വാക്കുകള്‍ ഖത്തര്‍ പാസ്പോര്‍ട്ടിനുള്ള ന്യായീകരണമാണോ? രണ്ട് ഇഖ്ബാല്‍മാരെ- വിഘടനവാദിയും ദേശീയവാദിയുമായ ഇഖ്ബാല്‍മാരെ - താങ്കള്‍ കൂട്ടിക്കലര്‍ത്തിയിരിക്കയാണ് എന്ന് താങ്കള്‍ അറിയുന്നുണ്ടോ? 'ഹിന്ദി ഹൈ ഹം വതന്‍ ഹൈ ഹിന്ദുസ്ഥാന്‍ ഹമാര' എന്ന് ദേശീയവാദിയായ ഇഖ്ബാല്‍ പറഞ്ഞപ്പോള്‍ 'മുസ്ളിം ഹൈന്‍ഹും വതന്‍ ഹൈ സാരെ ജഹാന്‍ഹമാര' എന്നു വിഘടനവാദിയായ ഇഖ്ബാല്‍ പറഞ്ഞു. ഒരു വരി ദേശീയവാദി ഇഖ്ബാലില്‍ നിന്നും ഒരു വരി വിഘടനവാദിയായ ഇക്ബാലില്‍ നിന്നും നമുക്ക് സ്വീകരിക്കാനാവില്ല. സൌകര്യം പോലെ ഉദ്ധരിക്കാനും പറ്റില്ല. അതുപോലെ സൌകര്യംപോലെ ജീവിക്കാനും പറ്റില്ല.' (ടെലഗ്രാഫ്, മാര്‍ച്ച് 10) ഹുസൈന്റെ കാപട്യത്തെയും വര്‍ഗ്ഗീയ സ്വഭാവത്തേയും തുറന്നുകാണിക്കുന്ന ഷാസി സമന്റെ നിലപാടെങ്കിലും സ്വീകരിക്കാന്‍ അദ്ദേഹത്തിനുവേണ്ടി വാദിക്കുന്നവര്‍ക്കു മനസ്സാക്ഷിക്കുത്തില്ലാതെ പോകുന്നതെന്തുകൊണ്ട്?
അവസാനമായി, ഒരു തികഞ്ഞ മതരാജ്യമായ ഖത്തറിന്റെ പൌരത്വമാണു ഹുസൈന്‍ സ്വീകരിച്ചത് എന്ന വസ്തുതയ്ക്കു മുമ്പി ല്‍ ഹുസൈന്‍പക്ഷക്കാര്‍ ഉത്തരം നല്കേണ്ടതുണ്ട്. ഹുസൈന്റെ, ബാബിലോണ്‍ മുതലുള്ള നാഗരികതയെക്കുറിച്ചുള്ള പദ്ധതിയ്ക്ക് ഖത്തര്‍ രാജാവിന്റെ ഭാര്യയാണ് സ്പോണ്‍സറായിട്ടുള്ളത്. ഈ ബന്ധമാണ് അപേക്ഷിക്കാതെ തന്നെ ഹുസൈന് ഖത്തര്‍ പൌരത്വം നല്കാന്‍ കാരണമായത്. ഇസ്ളാമിക ഭീകരരായ ഹമാസിനോടും ഹിസ്ബുള്ളയോടും നല്ല ബന്ധം പുലര്‍ത്തുന്ന ഖത്തര്‍ അതേ ഊഷ്മളബന്ധം ഇസ്രേയലുമായും അമേരിക്കയുമായും നിലനിര്‍ത്തുന്നു. നഗ്ന ചിത്രങ്ങള്‍ വരയ്ക്കാനും പ്രദര്‍ശിപ്പിക്കാനും ഹുസൈന് അവിടെ സ്വാതന്ത്യ്രം കിട്ടുമോ എന്ന ചോദ്യത്തിനും അവര്‍ ഉത്തരം നല്കേണ്ടതുണ്ട്.
4
ഇസ്ളാമിസ്റ്റ് - ഇടതുപക്ഷ
അച്ചുതണ്ട്
തനിക്ക് ഖത്തര്‍പൌരത്വം വാഗ്ദാനം ലഭിച്ചുവെന്ന് ഹുസൈന്‍ എഴുതിയ കത്ത് 'ഹിന്ദു' പത്രം ഒന്നാം പേജില്‍ വാര്‍ത്തയാക്കിയതോടെയാണ് ഹുസൈനെ സംബന്ധിച്ച പുതിയ വിവാദമുയര്‍ന്നത്. ഇടതുപക്ഷ ചിത്രകാരന്മാരും എഴുത്തുകാരും ഹുസൈനുവേണ്ടി ഒരേസ്വരത്തില്‍ പാടി.
ഏതാനും വര്‍ഷം മുമ്പ് കുട്ടികള്‍ക്ക് ധാര്‍മ്മികമൂല്യം പകരാനും നബിയുടെ മഹത്വം വെളിപ്പെടുത്താനും വേണ്ടി 'ഹിന്ദു'വിന്റെ 'യങ് വേള്‍ഡ്' പ്രസിദ്ധീകരിച്ച ഒരു ചിത്രകഥയില്‍ താടിയും തലപ്പാവുമുള്ള ഒരാളുടെ ചിത്രമുണ്ടായത് മുസ്ളിം പ്രതിഷേധം വിളിച്ചുവരുത്തി. അംബൂര്‍, വാണിയമ്പാടി, വെല്ലൂര്‍ എന്നിവിടങ്ങളില്‍ 'ഹിന്ദു'വിന്റെ പത്രക്കെട്ടുകള്‍ ചില മുസ്ളിങ്ങള്‍ തീയിട്ടു. പാര്‍ലമെന്റില്‍ സ്വകാര്യബില്ലിലൂടെ വിഷയം ഉന്നയിക്കുമെന്നു പ്രഖ്യാപനം വന്നു. ഒടുവില്‍ 'ഹിന്ദു' പത്രാധിപര്‍ നിരുപാധികം മാപ്പപേക്ഷിച്ചു തലയൂരി. അങ്ങനെ കൈ പൊള്ളിയ 'ഹിന്ദു'വിന്റെ പത്രാധിപര്‍ എന്‍.റാമാണ് ഹുസൈന്റെ ഖത്തര്‍പൌരത്വ സ്വീകരണത്തെ ദുര്‍വ്യാഖ്യാനം ചെയ്തു ഹിന്ദുക്കള്‍ക്കും ഭാരതത്തിനും അപമാനം സൃഷ്ടിക്കാന്‍ മുന്നിട്ടിറങ്ങിയത്. ഇസ്ളാമിക മതമൌലികവാദികളില്‍ നിന്നും, മതനിന്ദ ആരോപിച്ചുകൊണ്ട് പല അവസരങ്ങളിലായി ഉണ്ടായ കുഴപ്പങ്ങളും കലാപങ്ങളും നാശനഷ്ടങ്ങളും വെച്ചുനോക്കുമ്പോള്‍ ഹുസൈനുനേരെ ഹിന്ദുക്കളില്‍ നിന്നും ഉണ്ടായ എതിര്‍പ്പ് എത്രയോ നിസ്സാരമാണ്. 900 കേസുകള്‍ ഹുസൈന്റെ പേരില്‍ വിവിധ കോടതികളിലുണ്ടായി എന്നതാണ് ഒരാരോപണം. ജനാധിപത്യ വ്യവസ്ഥയില്‍ നമ്മുടെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൌരാവകാശസംരക്ഷണത്തിനായി ആര്‍ക്കും കോടതിയെ സമീപിക്കാമെന്നിരിക്കെ, ഹിന്ദുക്കള്‍, തങ്ങളുടെ മതവികാരം വ്രണപ്പെട്ട അവസരത്തില്‍ ഈ ജനാധിപത്യാവകാശം ഉപയോഗിക്കാന്‍ പോലും പാടില്ല എന്നു ശഠിക്കുന്നതല്ലേ ഫാസിസം? ഹിന്ദു, സ്വന്തം മതവികാരം വ്രണപ്പെടുത്തപ്പെടുമ്പോള്‍ പ്രതികരിക്കാതെ സ്ഥിരമായി അവഹേളിതനായി നില്ക്കണമെന്നു വാദിക്കുന്ന സാംസ്കാരിക ഫാസിസത്തെ കാട്ടാളത്തം എന്നല്ലേ വിശേഷിപ്പിക്കേണ്ടത്?
മാര്‍ച്ച് ആദ്യത്തില്‍ കര്‍ണ്ണാടകയിലെ ഷിമോഗയിലും ഹസനിനും രണ്ടു മരണത്തിനിടയാക്കിയ കലാപം ഇസ്ളാമിന്റെ മതവികാരംവ്രണപ്പെടലുമായി ബന്ധപ്പെട്ടതായിരുന്നു. 2007 ല്‍ 'ഔട്ടുലുക്ക്' വാരികയില്‍ വന്ന ബംഗ്ളാദേശി എഴുത്തുകാരി തസ്ളീമ നസ്രീന്റെ പര്‍ദ്ദസംബന്ധിച്ച ലേഖനം ആരെയും പ്രകോപിപ്പിച്ചില്ല. അതു 'ഇന്ത്യന്‍ എക്സ്പ്രസി'ന്റെ 'കന്നടപ്രഭ' യില്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചപ്പോഴാണ് ചിലരുടെ വികാരം വ്രണപ്പെട്ടത്. ഇതിനു പിന്നിലെ രാഷ്ട്രീയം ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ ഹുസൈനുവേണ്ടി വാദിച്ച ഒരു സാംസ്കാരികനായകനും കലാകാരനും എഴുത്തുകാരനുമൊന്നും തസ്ളീമയ്ക്കുവേണ്ടി വാദിക്കാനോ കലാപകാരികളെ വിമര്‍ശിക്കാ നോ തയ്യാറായില്ല. കച്ചവടക്കണ്ണോടെ മ തേതരഭാരതം വിട്ട് ഇസ്ളാമികരാജ്യമായ ഖത്തറില്‍ പോയ ഹുസൈനുവേണ്ടി വാ ദിക്കാനുള്ള ആവേശത്തിന്റെ പകുതി, മ തേതരവായുശ്വസിക്കാന്‍ ജീവനുംകൊ ണ്ട് ഭാരതത്തിലേയ്ക്ക് അഭയാര്‍ത്ഥിയാ യി ഇസ്ളാമിക ബംഗ്ളാദേശില്‍ നിന്നു വന്ന തസ്ളീമ എന്ന വനിതയ്ക്ക് വേണ്ടി വാദിക്കാന്‍ ഇക്കൂട്ടരില്‍ ആരെയും കണ്ടില്ല

http://kesarionline.org/details-template.php?nid=4656





പറയാമോ ഒരു മറുപടി...

ഉമ്മന്‍ചാണ്ടി

സി.പി.എമ്മിന്റെ ബുദ്ധികേന്ദ്രങ്ങളും പാര്‍ട്ടി ഓഫീസുകളും ഇത്തവണ ശ്രദ്ധ
കേന്ദ്രീകരിച്ചത് വ്യാജവോട്ട് നിര്‍മാണത്തിലാണെന്നു വ്യക്തം. ഇക്കാര്യം യു.ഡി.എഫും
മീഡിയയും ചൂണ്ടിക്കാട്ടിയപ്പോള്‍ സി.പി.എം. ആദ്യം പൂര്‍ണ നിശ്ശബ്ദതയിലായിരുന്നു. സമ്മര്‍ദം സഹിക്കാനാവാതെ വന്നപ്പോള്‍, യു.ഡി.എഫും വ്യാജവോട്ട് ചേര്‍ത്തിട്ടുണ്ടെന്ന് വിളിച്ചുകൂവി

കാലത്തിനൊപ്പം

കേരളത്തിലെ മൂന്നു മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ദേശീയശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. ദേശീയമാധ്യമങ്ങളുടെ പ്രതിനിധികള്‍വരെ കണ്ണൂരില്‍ തമ്പടിച്ചുകഴിഞ്ഞു. ബിഹാറിലെയും യു.പി.യിലെയും പ. ബംഗാളിലെയും തിരഞ്ഞെടുപ്പ് അതിക്രമങ്ങള്‍ കണ്ടിട്ടുള്ള അവര്‍ ഇപ്പോള്‍ കണ്ണൂരില്‍ നടക്കുന്ന ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ട് അദ്ഭുതം കൂറുകയാണ്. ഭരണസംവിധാനങ്ങള്‍ ദുരുപയോഗിച്ച് ആസൂത്രിതവും വിദഗ്ധവുമായ രീതിയില്‍ യഥാര്‍ഥ വോട്ടര്‍പട്ടികയെ സി.പി.എം. ഇവിടെ ഗളഹസ്തം ചെയ്തിരിക്കുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കലാപങ്ങള്‍ നടക്കുന്ന ജില്ലയായി കണ്ണൂരിനെ മാറ്റിയവര്‍, അവിടെ ചോരയുടെയും കണ്ണീരിന്റെയും സ്‌ഫോടനങ്ങളുടെയും ചാലുകള്‍ വെട്ടിക്കീറിയവര്‍, ഈ നാടിനു മറ്റൊരു കളങ്കംകൂടി ചാര്‍ത്തിയിരിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന് ആറുമാസംപോലും പൂര്‍ത്തിയാകും മുമ്പേ കണ്ണൂര്‍ നിയമസഭാമണ്ഡലത്തില്‍ പുതുതായി 9,357 വോട്ടര്‍മാരെ ചേര്‍ക്കുകയും 6,386 വോട്ടര്‍മാരെ ഒഴിവാക്കുകയും ചെയ്തു. വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി മറ്റു മണ്ഡലങ്ങളിലുള്ള വോട്ടര്‍മാരെ കൂട്ടത്തോടെ കണ്ണൂരില്‍ എത്തിക്കുകയായിരുന്നെന്ന് വ്യക്തം. ഇതിന്റെ തെളിവുകളാണ് ഇപ്പോള്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നത്.

വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ പടച്ചുണ്ടാക്കാന്‍ കണ്ണൂരിലെ വില്ലേജ് ഓഫീസര്‍മാരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെയും കൂട്ടത്തോടെ സ്ഥലംമാറ്റി തങ്ങളുടെ പാര്‍ശ്വവര്‍ത്തികളെ നിയമിക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്തത്. അങ്ങനെ ആയിരക്കണക്കിനു വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഇതിനെല്ലാം ചുക്കാന്‍ പിടിച്ച ജില്ലാ കളക്ടറെ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ നീക്കം ചെയ്തു. വ്യാജവോട്ട് ഉണ്ടാക്കിയവര്‍ക്കെതിരെയും അവര്‍ക്ക് വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റ് നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുക്കണം എന്നാവശ്യപ്പെട്ട് യു.ഡി.എഫ്. തെളവുസഹിതം പരാതി നല്കിയിരിക്കുകയാണ്. മൂന്നിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും കണ്ണൂരില്‍ മാത്രം കേന്ദ്രസേനയിറങ്ങി.
സ്വന്തം പാര്‍ട്ടി ഓഫീസും പത്രഓഫീസും സി.പി.എം. വ്യാജ വോട്ടര്‍മാരെ ചേര്‍ക്കാന്‍ ദുരുപയോഗിച്ചു. ഉടമകളറിയാതെ സ്വന്തം വീടുകളിലും കെട്ടിടങ്ങളിലും പുതിയ താമസക്കാരെത്തി. ക്വാര്‍ട്ടേഴ്‌സുകള്‍, ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍, ഇടിഞ്ഞുപോയ കെട്ടിടങ്ങള്‍, മാസങ്ങളായി അടച്ചിട്ട സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സി.പി.എം. പുതിയ വോട്ടര്‍മാരെ കുടിയിരുത്തി. അന്വേഷണസംഘങ്ങള്‍ക്ക് ഈ വീടുകളിലൊന്നും പുതിയ വോട്ടര്‍മാരെ കണ്ടെത്താനായില്ല.

പാര്‍ട്ടി ഓഫീസുകള്‍

കണ്ണൂര്‍ നഗരത്തിലെ ഒറ്റമുറിയില്‍ പ്രവര്‍ത്തിക്കുന്ന ആയിക്കര സി.ഐ.ടി.യു. ഓഫീസ് വിലാസത്തില്‍ 24 വ്യാജവോട്ടുകളാണു ചേര്‍ത്തത്. 23 പുരുഷന്മാരും ഒരു സ്ത്രീയും. നംഷീല്‍ കോട്ടേജ്, ഫൗസിയ കോട്ടേജ്, മാലിനി വില്ല, ആമിന കോട്ടേജ്, മൊയ്തീന്‍ വീട്, ഖിലാസി ക്വാര്‍ട്ടേഴ്‌സ് എന്നിങ്ങനെ ആറുപേരുകളാണ് ഈ കെട്ടിടത്തിനു പുതുതായി ലഭിച്ചത്.

സി.പി.എം. നിയന്ത്രണത്തിലുള്ള എ.കെ.ജി. ആസ്​പത്രിയിലെ 16 നഴ്‌സിങ് വിദ്യാര്‍ഥിനികളും ഒരു പുരുഷനും താമസിക്കുന്നത് ഉടമ അറിയാതെ യശോറാം അപ്പാര്‍ട്ട്‌മെന്റ്‌സ് എന്ന കെട്ടിടത്തിലാണ്. ഈ കെട്ടിടത്തിന് എ.കെ.ജി. മെമ്മോറിയല്‍ ഹോസ്റ്റല്‍ എന്ന് പേരിട്ടു.
വടകരയിലെ മുന്‍ സി.പി.എം. എം.പി. എ.കെ. പ്രേമജത്തിന്റെ സഹോദരന്‍ എ.കെ. പ്രഭാകരനാണ് വീട്ടുടമ. ഇവിടെ സ്ത്രീകളാരും താമസമില്ലെന്നു തുറന്നു പറഞ്ഞ അദ്ദേഹം സി.പി.എമ്മിനെ വെട്ടിലാക്കി.

സി.പി.എം. എളയാവൂര്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി രാജന്റെ ദയരംകണ്ടി വീടിന് അതേ നമ്പറില്‍ രജിഷ നിവാസ് എന്ന പേരുകൂടി നല്കി അവിടെ പുതിയ ഏഴു വോട്ടര്‍മാരെക്കൂടി ചേര്‍ത്തിരിക്കുന്നു. ഈ വീട്ടിലോ മണ്ഡലത്തിലോ ഉള്ളവരല്ല ഇവര്‍. വോട്ടിനുവേണ്ടി സി.പി.എം. ഒണ്ടേന്‍പറമ്പ് ഓഫീസിന്റെ പേരുതന്നെ മാറ്റിയിരിക്കുന്നു. വാലക്കണ്ടി മൂപ്പന്റെവിട എന്നാണു പുതിയ പേര്! അബ്ദുള്ള, മഹമ്മദ് ജാഫര്‍, ഓമനക്കുട്ടന്‍, ബൈജു, പ്രേമന്‍ എന്നിവരാണ് ഈ വ്യാജ വീട്ടിലെ പുതിയ വോട്ടര്‍മാര്‍. പല നാടുകളില്‍നിന്നു വന്ന് ദേശാഭിമാനിയുടെ കണ്ണൂര്‍ യൂണിറ്റില്‍ ജോലിചെയ്യുന്ന രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേരെ ഇല്ലാത്ത ദേശാഭിമാനി ക്വാര്‍ട്ടേഴ്‌സിന്റെ പേരില്‍ വോട്ടര്‍മാരാക്കി.

ആഭ്യന്തര മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ചിറക്കല്‍ പഞ്ചായത്തിലുള്ള വീട്ടില്‍പ്പോലും വ്യാജ വോട്ടറെ ചേര്‍ത്തു. കല്യാശ്ശേരി മണ്ഡലത്തിലുള്ള മാടായി പഞ്ചായത്ത് മുന്‍ മെമ്പറും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ വിനോദിനെ ഈ വീട്ടു നമ്പറിലാണ് കണ്ണൂരിലെ വോട്ടറാക്കിയിരിക്കുന്നത്. സെക്രട്ടറിക്ക് ഇവിടെ എത്തിയപ്പോള്‍ കുഞ്ഞിരാമന്‍ എന്ന പേരില്‍ പുതിയ അച്ഛനെയും ലഭിച്ചു.
അഴീക്കോട് മണ്ഡലത്തിലെ അഴീക്കോട് പഞ്ചായത്ത് 15-ാം വാര്‍ഡ് സി.പി.എം.മെമ്പര്‍ പി.വി. വിജയന്‍, അഴീക്കോട് പഞ്ചായത്തിലെ 22-ാം വാര്‍ഡ് മെമ്പര്‍ കെ. രമേശന്‍, കല്യാശ്ശേരി മണ്ഡലത്തിലെ കല്യാശ്ശേരി പഞ്ചായത്ത് മെമ്പര്‍ കെ.വി. സാറു തുടങ്ങിയ ജനപ്രതിനിധികള്‍ കൂടുമാറി കണ്ണൂരിലെ വോട്ടര്‍മാരായി. നാട്ടുകാര്‍ക്ക് സുപരിചിതരായ മെമ്പര്‍മാര്‍ മണ്ഡലവും പഞ്ചായത്തും മാറിയത് നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു മെമ്പര്‍ ആ പഞ്ചായത്തില്‍സ്ഥിരതാമസക്കാരനായിരിക്കണം എന്ന പഞ്ചായത്തീരാജ് ആക്ട് 20 ബി, 35 എച്ച്. വകുപ്പുകള്‍ക്ക് കണ്ണൂരില്‍ പുല്ലുവില.

കണ്ണൂര്‍ മുനിസിപ്പല്‍ സി.പി.എം. കൗണ്‍സിലറും അവിടത്തെ വോട്ടറുമായ സലിം കണ്ണൂര്‍ മണ്ഡലത്തിലെ ചിറക്കല്‍ പഞ്ചായത്തിലെത്തി മറ്റൊരു വോട്ടുകൂടി നേടി. ഇദ്ദേഹത്തിന് ഇപ്പോള്‍ ഒരു മണ്ഡലത്തില്‍ രണ്ടു വോട്ടുണ്ട്. കണ്ണൂരില്‍നിന്ന് 80 കി.മീ. അകലെ കേളകം പഞ്ചായത്തിലെ മലമടക്കുകളില്‍നിന്ന് സി.പി.എം. പ്രവര്‍ത്തകരെ ജീപ്പില്‍ കുത്തിനിറച്ചുകൊണ്ടു വന്ന് ചിറക്കല്‍ പഞ്ചായത്തില്‍ 13 വ്യാജവോട്ടുണ്ടാക്കി. ധര്‍മടം മണ്ഡലത്തിലെ കരാറിനകം സഹ.ബാങ്കിലെ സി.പി.എം. ജീവനക്കാരെ കൂട്ടത്തോടെ കണ്ണൂരില്‍ കുടിയിരുത്തി.

വീടൊന്ന് പല പേര്

ഒറീസ്സയില്‍നിന്നുള്ള ഏതാനും തൊഴിലാളികള്‍ മാത്രം താമസിക്കുന്ന ചിറക്കല്‍ പഞ്ചായത്തിലെ 14/ 958 എ. നമ്പറിലുള്ള ക്വാര്‍ട്ടേഴ്‌സിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ അന്തംവിട്ടുപോകും. ആസിമ ക്വാര്‍ട്ടേഴ്‌സ്, നസീമ ക്വാര്‍ട്ടേഴ്‌സ്, ആമിന ക്വാര്‍ട്ടേഴ്‌സ്, ആയിഷ ക്വാര്‍ട്ടേഴ്‌സ് എന്നിങ്ങനെ പലതാണ് ഈ വീടിന്റെ പുതിയ പേരുകള്‍! വ്യത്യസ്ത മതത്തില്‍പ്പെട്ട 13 പേരെയാണ് ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. പുതിയ താമസക്കാരെ കണ്ട് ക്വാര്‍ട്ടേഴ്‌സിന്റെ ഉടമ പരിഭ്രാന്തിയിലാണ്.
പുഴാതി പഞ്ചായത്തിലെ റുക്‌സാനാസ്, കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലെ ഖദീജ മന്‍സില്‍ എന്നീ വീടുകളില്‍ അജ്ഞാതരായ ഹൈന്ദവ വോട്ടര്‍മാരെയാണു ചേര്‍ത്തിരിക്കുന്നത്. ഈ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പൊന്നങ്കൈ ലൈന്‍ കെട്ടിടത്തിലെ പുതിയ വോട്ടര്‍മാര്‍ അവിടത്തെ താമസക്കാരല്ലെന്ന്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്കിയ പഞ്ചായത്ത് സെക്രട്ടറിക്കു തന്നെ പിന്നീട് തിരുത്തേണ്ടി വന്നു. കക്കാട് അങ്ങാടിയിലെ രണ്ടു വോട്ടര്‍മാരുടെ കാര്യത്തിലും ഇങ്ങനെ തിരുത്തലുണ്ടായി. എന്നാല്‍, ഇവരെല്ലാം അന്തിമവോട്ടര്‍ പട്ടികയില്‍ ഇടംനേടി.

പൊളിഞ്ഞ വീടുകള്‍

പള്ളിക്കുന്ന് പഞ്ചായത്തിലെ പഞ്ഞിക്കൈയില്‍ രണ്ടു വര്‍ഷം മുമ്പു പൊളിച്ചുകളഞ്ഞ കൃഷ്ണനിവാസ് എന്ന കെട്ടിടത്തില്‍ നാലു വോട്ടുകളും ചിറക്കല്‍ പഞ്ചായത്തില്‍ കാഞ്ഞിരത്തറയില്‍ രണ്ടു വര്‍ഷമായി കാടുപിടിച്ചു കിടക്കുന്ന ചേക്ക്‌ലൈന്‍ കടമുറിയില്‍ ആറു വോട്ടുകളും ചേര്‍ത്തിട്ടുണ്ട്. ഇവര്‍ ഇവിടത്തെ താമസക്കാരല്ലെന്നു ചൂണ്ടിക്കാട്ടി സ്ഥലമുടമ കണിയറയ്ക്കല്‍ സുലൈഖ കളക്ടര്‍ക്കു പരാതി നല്കിയിരിക്കുകയാണ്. വോട്ടര്‍പട്ടികയില്‍ ഉള്ളവര്‍ പിന്നീട് സ്ഥലത്തിന്മേല്‍ അവകാശം ഉന്നയിക്കുമോ എന്നാണ് ഉടമയുടെ ഭയം.

എളയാവൂര്‍ പഞ്ചായത്തിലെ മേലെ ചൊവ്വയില്‍ ആശീര്‍വാദ് ക്വാര്‍ട്ടേഴ്‌സ് എന്നൊരു വ്യാജവീട്ടുപേരുണ്ടാക്കി ഒന്‍പതു വോട്ടര്‍മാരെ ചേര്‍ത്തിരിക്കുന്നു. ഇതേ പഞ്ചായത്തിലെ 61-ാം നമ്പര്‍ ബൂത്തില്‍ വീടുപൊളിച്ചു വാഴവെച്ച സ്ഥലത്തും പഴയ വീട്ടുനമ്പറില്‍ രണ്ടു വോട്ടര്‍മാരുണ്ട്. ഇ.പി. ജയരാജന്റെ നേതൃത്വത്തിലുള്ള മൈത്രിസദനം എന്ന വൃദ്ധമന്ദിരത്തില്‍ 18 വോട്ടുകള്‍ പുതുതായി ചേര്‍ത്തിരിക്കുന്നു. വയോധികരായ ഇവര്‍ക്ക് ഓപ്പണ്‍ വോട്ട് ചെയ്യാനേ കഴിയൂ. ആള്‍പ്പാര്‍പ്പില്ലാത്ത ആര്‍.എസ്.പി. ഓഫീസില്‍ ഏഴു വോട്ടുകളാണു പുതുതായി ചേര്‍ത്തത്.
ജനാധിപത്യധ്വംസനത്തിന്റെ ഇത്തരം നൂറുകണക്കിനു സംഭവങ്ങളാണ് പുറത്തുവരുന്നത്. ദേശീയതലത്തില്‍പ്പോലും ഇവ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. എന്നാല്‍, കണ്ണൂരില്‍ ചേര്‍ത്ത മുഴുവന്‍ വോട്ടുകളും ഇപ്രകാരം ഉള്ളതാന്നെന്ന അഭിപ്രായം എനിക്കില്ല. പരമാവധി പേരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കണമെന്നും അവരെല്ലാം വോട്ടു ചെയ്യണമെന്നുമാണ് എന്റെ ആഗ്രഹം. ജനാധിപത്യപ്രക്രിയയില്‍ ഓരോ വോട്ടും അമൂല്യമാണ്. എന്നാല്‍, വ്യാജവോട്ടിനെ യു.ഡി.എഫ്. സര്‍വശക്തിയും ഉപയോഗിച്ച് എതിര്‍ക്കുകയും ചെയ്യും. കാരണം, അത് ജനാധിപത്യത്തിന്റെ വികൃതമുഖമാണ്.

വെല്ലുവിളി

എല്‍.ഡി.എഫുമായി ബന്ധപ്പെട്ട് ഏതെങ്കിലും വോട്ടര്‍ക്ക് മറ്റേതെങ്കിലും മണ്ഡലത്തില്‍ വോട്ടുണ്ടെന്ന് ആക്ഷേപിക്കപ്പെട്ടിട്ടില്ലെന്നും അങ്ങനെ വല്ല വിവരവും ഉണ്ടെങ്കില്‍ ജനസമക്ഷം പ്രസിദ്ധീകരിക്കുവാന്‍ തയ്യാറാകണം എന്നുമാണല്ലോ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശി എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. മേല്പറഞ്ഞവ കൂടാതെ ഒരൊറ്റ കാര്യം കൂടി.
താങ്കളുടെ ഡ്രൈവര്‍ വി.കെ. സജീവന്‍ ധര്‍മടം മണ്ഡലത്തിലെ 19-ാം നമ്പര്‍ ബൂത്തിലെ (ക്രമനമ്പര്‍ 119) വോട്ടറാണ്. ഇദ്ദേഹത്തെ ഇപ്പോള്‍ കണ്ണൂര്‍ മുനിസിപ്പാലിറ്റിയില്‍ സി.പി.എം. ഓഫീസിലെ വിലാസത്തില്‍ വോട്ടറാക്കിയില്ലേ?(ബൂത്ത് നമ്പര്‍ അഞ്ച്, ക്രമനമ്പര്‍ 1128). ഇദ്ദേഹത്തിന് ഇപ്പോള്‍ രണ്ടു വോട്ടില്ലേ?

സി.പി.എമ്മിന്റെ ബുദ്ധികേന്ദ്രങ്ങളും പാര്‍ട്ടി ഓഫീസുകളും ഇത്തവണ ശ്രദ്ധകേന്ദ്രീകരിച്ചത് വ്യാജവോട്ട് നിര്‍മാണത്തിലാണെന്നു വ്യക്തം. ഇക്കാര്യം യു.ഡി.എഫും മീഡിയയും ചൂണ്ടിക്കാട്ടിയപ്പോള്‍ സി.പി.എം. ആദ്യം പൂര്‍ണ നിശ്ശബ്ദതയിലായിരുന്നു. സമ്മര്‍ദം സഹിക്കാനാവാതെ വന്നപ്പോള്‍, യു.ഡി.എഫും വ്യാജവോട്ട് ചേര്‍ത്തിട്ടുണ്ടെന്ന് വിളിച്ചുകൂവി. ഒരു കാര്യം ഞാന്‍ അടിവരയിട്ടു പറയുന്നു. മറ്റൊരു സ്ഥലത്ത് വോട്ടുള്ളതു മറച്ചുവെച്ചും കണ്ണൂരില്‍ സ്ഥിരതാമസം ഇല്ലാതെയും ഏതെങ്കിലും യു.ഡി.എഫ്. പ്രവര്‍ത്തകന്‍ വോട്ടര്‍പട്ടികയില്‍ ചേര്‍ന്നിട്ടുണ്ടെങ്കില്‍ അതു മാറ്റണം. അവരുടെ പേരില്‍ നിയമനടപടി എടുക്കണം.
ഇതുപോലൊരു സമീപനം സ്വീകരിക്കാന്‍ സി.പി.എം. തയ്യാറാണോ? സത്യത്തോട് കരങ്ങള്‍ ചേര്‍ത്തുവെച്ച് ഒരു മറുപടി സി.പി.എമ്മില്‍നിന്നു കേരളം പ്രതീക്ഷിക്കുന്നു


4-Nov-2009 , മാതൃഭൂമി ദിനപത്രം.

(ലേഖനത്തിലുള്ളത് ലേഖകന്റെ അഭിപ്രായങ്ങളാണ് - ബ്ലോഗുടമയ്ക്ക് അതിന്മേല്‍ ഉത്തരവാദിത്വമില്ല)





തീവ്രവാദത്തിന്റെ നാള്‍വഴികള്‍- 3


1992ല്‍ ഹിന്ദുവര്‍ഗീയവാദികള്‍ അയോധ്യയിലെ ബാബറി പള്ളി പൊളിച്ചു. ആ അക്രമം കേരളത്തില്‍ ഹിന്ദു- മുസ്‌ലിം വിഭാഗീയതകള്‍ക്ക് ഒരുപോലെ മൂച്ചുകൂട്ടി. കേന്ദ്ര സര്‍ക്കാര്‍ തീവ്രനിലപാടുകളുള്ള ആര്‍.എസ്.എസ്., വിശ്വഹിന്ദുപരിഷത്ത് മുതലായ ഹിന്ദുസംഘടനകളെയും ജമാഅത്തെ ഇസ്‌ലാമി, ഐ.എസ്.എസ്. മുതലായ മുസ്‌ലിം സംഘടനകളെയും നിരോധിച്ചു.

ജമാഅത്തെ ഇസ്‌ലാമി നിരോധനം നീക്കിക്കിട്ടുന്നതിന് വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ മുന്നേറിയപ്പോള്‍ മഅദനി ഐ.എസ്.എസ്. വഴിയിലുപേക്ഷിച്ച് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) എന്നൊരു രാഷ്ട്രീയകക്ഷിയുമായി രംഗത്തെത്തി. പേരിന് ചില ദളിതരെയും മറ്റും കൂടെക്കൂട്ടിയിരുന്നെങ്കിലും തീവ്രവാദം തന്നെയായിരുന്നു അക്കാലത്തും പ്രസംഗങ്ങളുടെ പ്രമേയം. ഡിസംബര്‍ 6 -ന് 'ബാബറിദിനം' ആചരിക്കുന്നതും അതിന്റെ ഭാഗമായി ബന്ദോ, ഹര്‍ത്താലോ സംഘടിപ്പിക്കുന്നതും ആയിരുന്നു പ്രധാന പ്രവര്‍ത്തനം. ദിനാചരണവും ബന്ധപ്പെട്ട പ്രചാരണങ്ങളും നാട്ടില്‍ വിഭാഗീയതയും വൈകാരികസംഘര്‍ഷവും പടര്‍ത്തുന്ന തരമായിരുന്നു.

ഇക്കാലത്ത് മുസ്‌ലിം സമൂഹത്തില്‍ മറ്റൊരുതരം തീവ്രവാദം തലപൊക്കുന്നുണ്ട്. സമുദായത്തിനകത്തെ പള്ളിത്തര്‍ക്കങ്ങളിലും സംഘടനാപോരുകളിലും ചില്ലറ കാലത്തേക്കാണെങ്കിലും കടന്നുവന്ന ബലപ്രയോഗത്തില്‍ അതു കാണാം. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരുടെ അനുയായികള്‍ രൂപവത്കരിച്ച 'സുന്നി ടൈഗര്‍ ഫോഴ്‌സ്' എന്ന സംഘടന ഈ വികാരത്തിന്റെ പ്രതിരൂപം ആയിരുന്നു. കോഴിക്കോട്ടെ മുജാഹിദ് സെന്ററിന് ബോംബെറിഞ്ഞതും (1992), മതപരിഷ്‌ക്കരണവാദിയായ ചേകനൂര്‍ മൗലവിയെ ശ്വാസം മുട്ടിച്ചുകൊന്നതും(1993), പെരുന്നാള്‍ ഉറപ്പിക്കല്‍ തര്‍ക്കത്തിന്റെ പേരില്‍ സുന്നി-മുജാഹിദ് കൊലപാതകങ്ങള്‍ നടന്നതും (1997) ഇത്തരം അത്യാചാരങ്ങള്‍ക്ക് ഉദാഹരണം. ഇവിടെ ശ്രദ്ധേയമായ കാര്യം: ഈ ഭീകരവാദം സ്വന്തം സമുദായത്തിലെ അംഗങ്ങള്‍ക്കെതിരെ മാത്രമാണ്; അന്യസമുദായങ്ങള്‍ക്കെതിരെ ഒന്നുമില്ല.

ബാബറിപള്ളിയുടെ തകര്‍ച്ച സൃഷ്ടിച്ച അന്തരീക്ഷത്തില്‍ നിന്ന് ഊര്‍ജം വലിച്ചെടുത്തുകൊണ്ടാണ് എന്‍.ഡി.എഫ്. പ്രവര്‍ത്തനമാരംഭിക്കുന്നത്. ആ പേരിന് രണ്ടുതരം വിപുലനമുണ്ട്- നാഷണല്‍ ഡവലപ്‌മെന്റ് ഫ്രണ്ട് ( ദേശീയ വികസനമുന്നണി) എന്നും നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ് (ദേശീയ പ്രതിരോധസേന) എന്നും! രാഷ്ട്രീയത്തില്‍ നിരന്തരം ഇടപെട്ടെങ്കിലും ഐ.എസ്.എസ്. പോലെ അതും രാഷ്ട്രീയപാര്‍ട്ടിയായില്ല. എന്‍.ഡി.എഫ്. സാംസ്‌കാരികസംഘടനയാണെന്നും ഏത് പാര്‍ട്ടിയില്‍ അംഗമായ ആര്‍ക്കും ഇതില്‍ അംഗമാകാമെന്നും ഉള്ള 'വിശാലമായ' സമീപനമാണ് അവര്‍ സ്വീകരിച്ചത്. ഇത്, ഏതു പാര്‍ട്ടിയിലും നുഴഞ്ഞുകയറാനുള്ള തന്ത്രം മാത്രമാണ് എന്ന് വൈകാതെ വ്യക്തമായി.

ഏതൊക്കെയോ കേന്ദ്രങ്ങളില്‍ നിന്ന് കാര്യമായി ഫണ്ടുകിട്ടുന്നുണ്ട് എന്ന് തോന്നിക്കുന്ന തരമായിരുന്നു എന്‍.ഡി.എഫിന്റെ പ്രവര്‍ത്തന ശൈലി- പത്രസ്ഥാപനം, പുസ്തകപ്രസാധനശാല, കേരളത്തിന്റെ മുക്കിലും മൂലയിലും ചുവരെഴുത്തുകള്‍, നിറപ്പകിട്ടുള്ള വാള്‍പോസ്റ്ററുകള്‍, സമ്മേളനങ്ങള്‍, പ്രവര്‍ത്തകര്‍ക്ക് വിലകൂടിയ വാഹനങ്ങള്‍, ആഗസ്ത് 15ന് നാട്ടുകാരെ അമ്പരപ്പിക്കുന്ന മട്ടില്‍ അനേകം യുവാക്കള്‍ പങ്കെടുക്കുന്ന മാര്‍ച്ച് ........

കേരളത്തിലെ മുന്‍ സിമി നേതാക്കളാണ് കോഴിക്കോട് കേന്ദ്രമാക്കി എന്‍.ഡി.എഫ്. സംഘടിപ്പിച്ചത്. സ്വാഭാവികമായും ഇസ്‌ലാമിക രാഷ്ട്രസ്ഥാപനത്തിനുവേണ്ടി പൊരുതുക എന്ന മൗദൂദിസ്റ്റ് കാഴ്ചപ്പാട് തന്നെയാണ് അവരുടെ പ്രചോദനം. താലിബാന്‍, അല്‍ഖ്വെയ്ദ, ലഷ്‌ക്കര്‍ ഇ-തൊയ്ബ, ജയ്‌ഷെ-മുഹമ്മദ് മുതലായ അഫ്ഗാനിസ്താനിലും പാകിസ്താനിലും കശ്മീരിലും പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘടനകളോട് താത്ത്വികമായി യോജിക്കുന്ന ഒരു തലം ഇവര്‍ക്കുണ്ട്. പ്രശ്‌നങ്ങളെല്ലാം അന്തര്‍ദേശീയമായ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുകയും അമേരിക്കന്‍ സാമ്രാജ്യത്വത്തെ കിരാതമായി ചിത്രീകരിക്കുകയും സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് ഭരണകൂടങ്ങളെ വിമര്‍ശിക്കുകയും ചെയ്യുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിം ചെറുപ്പക്കാര്‍ക്കിടയില്‍ 'പീഡിതബോധം' വളര്‍ത്തുവാന്‍ സഹായിച്ചിട്ടുണ്ട്.

ഇന്നത്തെ ലോകത്ത് എവിടെയും മുസ്‌ലിങ്ങള്‍ ഇരകളാണെന്നും ചെറുത്തുനില്‍പ്പിനുവേണ്ടി അവര്‍ നടത്തുന്ന പ്രത്യാക്രമണങ്ങള്‍ കുറ്റമായി എണ്ണിക്കൂടെന്നും ആണ് എന്‍.ഡി.എഫ്. അണികളെ പഠിപ്പിക്കുന്നത്: പ്രതിരോധത്തിന്റെ പ്രത്യയശാസ്ത്രം!

അനവധി അക്രമങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തകര്‍ക്ക് പങ്കുള്ളതായി പത്രവാര്‍ത്തകളും പോലീസ് റിപ്പോര്‍ട്ടുകളും കോടതിവിധികളും സാക്ഷ്യപ്പെടുത്തുന്നു. മാറാട് കലാപങ്ങളെപ്പറ്റി അന്വേഷിച്ച തോമസ് പി. ജോസഫ് കമ്മീഷ (2007) ന്റെ റിപ്പോര്‍ട്ടില്‍ ആ സംഭവങ്ങളില്‍ എന്‍.ഡി.എഫിനുള്ള പങ്ക് രേഖപ്പെടുത്തിയിട്ടുണ്ട്.

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് (1997) രണ്ടുവഴിക്ക് തീവ്രവാദത്തിന് സഹായകമായി:

1. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്ന ജനാധിപത്യപരമായ നിലപാട് മുസ്‌ലിംലീഗ് സ്വീകരിക്കാഞ്ഞതുകൊണ്ട് അതിന്റെ യുവജനസംഘടനയിലും വിദ്യാര്‍ഥിസംഘടനയിലും പ്രവര്‍ത്തിക്കുന്ന പലരും മതസംഘടനകളിലോ തീവ്രവാദസംഘടനകളിലോ ചേരുന്നതാണ് മാനം എന്നൊരു തീര്‍പ്പിലെത്തി.

2. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുറ്റം ആരോപിക്കപ്പെട്ടവര്‍ മുസ്‌ലിങ്ങളായതുകൊണ്ടുമാത്രം പീഡിപ്പിക്കപ്പെടുകയാണ് എന്ന പ്രചാരവേല തഴച്ചു. ഇത് 'പീഡിതബോധ'ത്തിന്റെ തൂക്കം വര്‍ധിപ്പിച്ചു.

ബി.ജെ.പി.നേതാവ് എല്‍.കെ. അദ്വാനിയെ വകവരുത്താന്‍ രൂപംകൊണ്ടതായി പറയപ്പെടുന്ന കോയമ്പത്തൂര്‍ സ്‌ഫോടനത്തിലെ പ്രതി എന്ന നിലയില്‍ മഅദനിയെ അറസ്റ്റു ചെയ്തത് (1998) നമ്മുടെ നാട്ടിലെ തീവ്രവാദചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നാണ്. വിചാരണപോലുമില്ലാതെ ഒമ്പതര കൊല്ലം അദ്ദേഹം കോയമ്പത്തൂര്‍ ജയിലില്‍ പീഡനം ഏറ്റു. തീവ്രവാദം ഇല്ലാതാക്കുന്നതിനാണ് അദ്ദേഹത്തെ തടവിലിട്ടതെങ്കിലും ആ രീതിയില്‍ പുലര്‍ന്ന അനീതി ജയിലിനു പുറത്ത് തീവ്രവാദത്തെ കൂടിയ അളവില്‍ പുനരുത്പാദിപ്പിച്ചു. ഇവിടത്തെ നിയമനിര്‍മാണം, ഭരണനിര്‍വഹണം, നീതിന്യായം എന്നിവയൊന്നും മുസ്‌ലിങ്ങളോട് നീതി കാണിക്കുകയില്ല എന്ന ആക്ഷേപത്തിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമായിത്തീര്‍ന്നു, മഅദനി. അദ്ദേഹം ജയിലില്‍ക്കിടന്ന കാലമത്രയും ഈ പ്രചാരവേല കൊണ്ടുപിടിച്ചുനടന്നു. അത് എന്‍.ഡി.എഫിന് പുതിയ അനുയായികളെ ഉണ്ടാക്കിക്കൊടുത്തു; നേതാവില്ലാത്ത പി.ഡി.പി.യില്‍ നിന്ന് എത്രയോ അനുയായികള്‍ എന്‍.ഡി.എഫിലേക്ക് ചേക്കേറി.

ജയില്‍മുക്തനായ മഅദനി മാനസാന്തരപ്പെട്ടാണ് മടങ്ങിയെത്തിയത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ (2009) ഇടതുമുന്നണിക്കൊപ്പം നിന്ന അദ്ദേഹം മതതീവ്രവാദത്തിനെതിരായും മതേതരജനാധിപത്യത്തിനനുകൂലമായും സംസാരിച്ചു. അത് പക്ഷേ, കേരളീയര്‍ പൂര്‍ണമായി വിശ്വസിക്കുകയുണ്ടായില്ല. വിശ്വസിക്കാന്‍ ബാദ്ധ്യതപ്പെട്ട അനുയായികളില്‍ പലരും എന്‍.ഡി.എഫില്‍ എത്തിക്കഴിഞ്ഞിരുന്നുതാനും. ലോകവ്യാപാരകേന്ദ്രത്തിന്റെ തകര്‍ച്ച (2001), ഗുജറാത്തിലെ മുസ്‌ലിംഹത്യ (2002), അമേരിക്കയുടെ ഇറാഖ് അധിനിവേശം (2003), സദ്ദാം വധം (2006) തുടങ്ങി അനേകം സംഭവങ്ങള്‍ ഇടക്കാലത്ത് തീവ്രവാദത്തിന്റെ എരിതീയില്‍ എണ്ണ പകരാന്‍ വന്നെത്തുകയും ചെയ്തിരുന്നു.

മുസ്‌ലിം ലീഗിന്റെ സാമുദായികരാഷ്ട്രീയവും(Communal Politics) ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്രീയവും (Relegional Politics) തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി നമ്മുടെ എത്ര നേതാക്കള്‍ ആലോചിച്ചിട്ടുണ്ട്? ആദ്യത്തേത് ജനാധിപത്യത്തെ അംഗീകരിക്കുമ്പോള്‍ രണ്ടാമത്തേത് അതിനെ നിരാകരിക്കുന്നു എന്ന് എത്രപേര്‍ ശ്രദ്ധിച്ചിട്ടുണ്ട്?

സീറ്റിനും അധികാരത്തിനും വേണ്ടി വിഭാഗീയരാഷ്ട്രീയത്തെ പിന്തുണയ്ക്കുമ്പോള്‍ അതിന് ആദര്‍ശത്തിന്റെ മേലങ്കി ചാര്‍ത്തിക്കൊടുക്കുന്ന വിദ്യയില്‍ സി.പി.എം. എന്നും മുന്നിലാണ്: 1990 കളുടെ തുടക്കത്തില്‍ മുകളില്‍ വിശദീകരിച്ചുപറഞ്ഞ സാഹചര്യം ഉപയോഗിച്ച് മതതീവ്രവാദം മുറ്റിത്തഴയ്ക്കുന്ന സന്ദര്‍ഭത്തിലാണ് ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ കുവൈത്തിനെ ആക്രമിക്കുന്നത്(1991). അതുവരെ സ്വന്തം കൈയാളായിരുന്ന സദ്ദാം ഹുസൈനുമായി അമേരിക്ക തീര്‍ത്തും പിണങ്ങാന്‍ ഏറെനാള്‍ വേണ്ടിവന്നില്ല.

പെട്ടെന്ന് സദ്ദാം കേരളത്തിലെ അമേരിക്കന്‍ സാമ്രാജ്യത്വവിരോധികളായ ഇസ്‌ലാമിസ്റ്റുകള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും ഒരുപോലെ പ്രതിരോധത്തിന്റെ പ്രതീകമായിത്തീര്‍ന്നു; ഒപ്പം തങ്ങളെ കൂട്ടി യോജിപ്പിക്കുന്ന കണ്ണിയും! റഷ്യയും ഇറാനും ഇറാഖ്പ്രശ്‌നത്തില്‍ എടുത്ത അമേരിക്കന്‍വിരുദ്ധ സംയുക്തനിലപാട് കേരളത്തില്‍ ജമാഅത്ത്- സി.പി.എം. സഹകരണം എളുപ്പമാക്കി. തുടര്‍ന്നുവന്ന ഗുജറാത്ത് കലാപം, ലോകവ്യാപാരകേന്ദ്രാക്രമണം, അഫ്ഗാന്‍ യുദ്ധം, ഇറാഖ് അധിനിവേശം, സദ്ദാം വധം മുതലായവയെല്ലാം ഈ സഹകരണത്തിന്റെ തുടര്‍ച്ചകളെ ന്യായീകരിച്ചു. അങ്ങനെ മാര്‍ക്‌സിസവും മൗദൂദിസവും കേരളത്തില്‍ കൈകോര്‍ത്തു!

''അമേരിക്കന്‍ സാമ്രാജ്യത്വത്തെ ഇന്ന് സഫലമായി ചെറുത്തുനില്‍ക്കുന്നത് ഇസ്‌ലാം ആണെന്നും അതിനോടൊപ്പം നില്‍ക്കുകയാണ് പുരോഗമനശക്തികളുടെ കര്‍ത്തവ്യം'' എന്നും വ്യാഖ്യാനം വന്നപ്പോള്‍ ഇസ്‌ലാമിസത്തിന്റെ കൂടെ നില്‍ക്കുന്നതാണ് പുരോഗമനം എന്നായിത്തീര്‍ന്നു! സാമ്രാജ്യത്വവിരുദ്ധമായ അന്തര്‍ദേശീയ രാഷ്ട്രീയത്തെപ്പറ്റിയായിരുന്നു പ്രസംഗമെങ്കിലും കേരളത്തിലെ മുസ്‌ലിംവോട്ടുകള്‍ ലീഗില്‍നിന്ന് അടര്‍ത്തി മാറ്റുക എന്നതായിരുന്നു ലക്ഷ്യം.

മതതീവ്രവാദം എന്നത് മതപ്രവര്‍ത്തനമോ രാഷ്ട്രീയപ്രവര്‍ത്തനമോ അല്ല; അക്രമപ്രവര്‍ത്തനമാണ്. അതിനുവേണ്ടി പണിയെടുക്കുന്നവര്‍ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ അനുയായികളല്ല; കുറ്റവാളികളാണ്. അവരെ കൈകാര്യം ചെയ്യേണ്ടത് പോലീസും കോടതിയുമാണ്. പോലീസ് ഇക്കാര്യത്തില്‍ നിസ്സഹായമാകുന്നത് ഭരണാധികാരികളുടെ അവിഹിതമായ ഇടപെടലുകള്‍ കൊണ്ടാണ്. കേരളത്തില്‍ രണ്ടുമുന്നണിയിലെ പാര്‍ട്ടികളും അപ്പോഴും ഇപ്പോഴുമായി മാറിമാറി ഹിന്ദു-മുസ്‌ലിം തീവ്രവാദങ്ങളെ സഹായിച്ചിട്ടുണ്ട്. വര്‍ഗീയത, മതമൗലികത, മതഭീകരത മുതലായ ജീര്‍ണതകളെ നേരിടുവാനുള്ള ഉത്തരവാദിത്വം രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കേണ്ടതാണ്. കാരണം ജനാധിപത്യത്തെ ദുര്‍ബലമാക്കാന്‍ ഇവയ്ക്കുള്ള കഴിവിന് അറ്റമില്ല.

സമുദായം ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആവട്ടെ, അതു കൊണ്ടുനടക്കുന്ന മതതീവ്രവാദം ഫാസിസത്തിന്റെ അനേകം രൂപങ്ങളിലൊന്നുമാത്രമാണ്. അതിന്റെ പ്രധാനപ്പെട്ട ശത്രു ജനാധിപത്യമാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ സൗകര്യം ഉപയോഗിച്ച് ജനാധിപത്യത്തിനകത്തു വളര്‍ന്ന് ജനാധിപത്യത്തെത്തന്നെ വിഴുങ്ങാന്‍ കഴിയുന്ന ജനവിരുദ്ധമായ അരാഷ്ട്രീയതയാണ് മതതീവ്രവാദം. തീര്‍ച്ചയായും തീവ്രവാദികളുന്നയിക്കുന്ന പ്രശ്‌നങ്ങള്‍ രാഷ്ട്രീയമായി ചര്‍ച്ച ചെയ്യുകയും ആവശ്യമായവയ്ക്ക് പരിഹാരം ഉണ്ടാക്കുകയും വേണം. ഒപ്പം അവരുടെ അക്രമ സിദ്ധാന്തത്തെ തടയേണ്ട ചുമതല ഓരോ രാഷ്ട്രീയകക്ഷിക്കുമുണ്ട്; അതിനെ കരുതിയിരിക്കേണ്ട ഉത്തരവാദിത്വം ഓരോ ജനാധിപത്യവിശ്വാസിക്കുമുണ്ട്.
(അവസാനിച്ചു)

മാതൃഭൂമി - 4 നവംബര്‍ 2009



» തീവ്രവാദത്തിന്റെ നാള്‍വഴികള്‍- ഭാഗം 1
» തീവ്രവാദത്തിന്റെ നാള്‍വഴികള്‍- ഭാഗം 3





തീവ്രവാദത്തിന്റെ നാള്‍വഴികള്‍ - 2


എം.എന്‍. കാരശ്ശേരി
കേരളത്തിലെ മുസ്‌ലിങ്ങള്‍ക്കിടയിലെ തീവ്രവാദത്തോടുള്ള ആഭിമുഖ്യത്തിന്റെ ചരിത്രത്തില്‍ രണ്ടു തരത്തില്‍ പ്രധാനപ്പെട്ട വര്‍ഷമാണ് 1979.

1. അമേരിക്ക അടക്കമുള്ള പാശ്ചാത്യശക്തികളുടെ പിന്തുണയുണ്ടായിരുന്ന ഇറാനിലെ ഷാ ചക്രവര്‍ത്തിയെ 'ഇസ്‌ലാമികവിപ്ലവം' നിശ്ശേഷം പരാജയപ്പെടുത്തിയ വര്‍ഷമാണത്. അങ്ങനെ ചരിത്രത്തിലാദ്യമായി ജനമുന്നേറ്റത്തിലൂടെ ഒരു 'ഇസ്‌ലാമിക് റിപ്പബ്ലിക്' നിലവില്‍ വന്നു.
'ഇസ്‌ലാമികവിപ്ലവം' എന്നത് സങ്കല്പമല്ലെന്നും അതിന് യാഥാര്‍ഥ്യമാവാന്‍ സാധിക്കുമെന്നും ഉള്ള അറിവ് ലോകത്തെങ്ങുമുള്ള ഇസ്‌ലാമിസ്റ്റുകളെ ആവേശം കൊള്ളിച്ചു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ വിപ്ലവകാരികളായ വിദ്യാര്‍ഥികള്‍ തടവിലാക്കിയ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥന്മാരെ മോചിപ്പിക്കുന്നതിന്ന് സര്‍വസന്നാഹങ്ങളോടും കൂടി അമേരിക്കയില്‍ നിന്നു പുറപ്പെട്ട യുദ്ധവിമാനം അജ്ഞാതമായ കാരണങ്ങളാല്‍ വഴിക്ക് മരുഭൂമിയില്‍ തകര്‍ന്നുവീണത് വിപ്ലവത്തിന് ദൈവികസഹായം ഉണ്ട് എന്നതിന്റെ പ്രത്യക്ഷമായ തെളിവായി കണക്കാക്കപ്പെട്ടു!

കമ്യൂണിസത്തിന്റെ ചരിത്രത്തില്‍ റഷ്യന്‍ വിപ്ലവ(1917)ത്തിനുള്ള സ്ഥാനമാണ് ഇസ്‌ലാമിസത്തിന്റെ ചരിത്രത്തില്‍ ഇറാന്‍ വിപ്ലവ(1979)ത്തിനുള്ളത്. ഇറാനിലെ പരമോന്നതനായ ആത്മീയനേതാവ് ആയത്തൊള്ള ഖൊമേനി അന്നു പറഞ്ഞു: ''ഞങ്ങള്‍ വിപ്ലവം കയറ്റി അയയ്ക്കും.''

ഷിയാമുസ്‌ലിങ്ങളാണ് ഇറാനില്‍ വിപ്ലവഭരണകൂടം സ്ഥാപിച്ചത്. ഷിയാക്കളോടുള്ള വിശ്വാസപരമായ എല്ലാ അഭിപ്രായഭേദങ്ങളും മറന്ന് ജമാഅത്തെ ഇസ്‌ലാമി ആ സര്‍ക്കാറിനെ കൊണ്ടാടി.വിപ്ലവത്തിന്റെ ദാര്‍ശനികനായ അലീ ശരീഅത്തിയുടെ പുസ്തകങ്ങള്‍ക്ക് മലയാള പരിഭാഷകളുണ്ടായി. വിപ്ലവനായകനായ ഖൊമേനിയുടെ ജീവചരിത്രവും അദ്ദേഹത്തിന്റെ മുഖ്യകൃതിയുടെ പരിഭാഷയും മലയാളത്തില്‍ ഇറങ്ങി.

ഇറാന്‍ വിപ്ലവം ഇന്ത്യയില്‍ ഏറ്റവുമധികം തീപിടിപ്പിച്ചത് ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി സംഘമായ സ്റ്റുഡന്റ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(സിമി)യെയാണ്. തത്ത്വത്തില്‍ വിപ്ലവത്തോട് യോജിച്ച ജമാഅത്തെ ഇസ്‌ലാമി അത് ഇന്ത്യയില്‍ പ്രായോഗികമല്ലെന്നും ഇനി ആണെങ്കില്‍ത്തന്നെ സമയമായിട്ടില്ലെന്നും ഉള്ള തീര്‍പ്പിലായിരുന്നു.

ഇത് കാപട്യമാണെന്ന് സിമിക്കാര്‍ വാദിച്ചു. മൗദൂദിസം സ്വന്തം സിദ്ധാന്തമാണ് എന്ന് പറയുമ്പോഴും അതിനോട് ആത്മാര്‍ഥതയില്ലാത്ത പിന്തിരിപ്പന്മാരും തിരുത്തല്‍വാദികളും ആയിട്ടാണ് ജമാഅത്തുകാരെ സിമി മനസ്സിലാക്കിയത്. അങ്ങനെ ഇസ്‌ലാമിക വിപ്ലവത്തിന്റെ തത്ത്വവും പ്രയോഗവും സംബന്ധിച്ച നിലപാടുകള്‍ ജമാഅത്ത്- സിമി സംഘര്‍ഷത്തിനും അവരുടെ വഴിപിരിയലിനും ഇടയാക്കി.

ജമാഅത്തിലെ 'നക്‌സല്‍ബാരികള്‍' എന്ന് അക്കാലത്ത് സിമിക്കാരെ പരിഹസിച്ചിരുന്നു. തൊഴിലാളിവര്‍ഗവിപ്ലവത്തിന്റെ തത്ത്വവും പ്രയോഗവും സംബന്ധിച്ച നിലപാടുകള്‍ സി.പി.എം.-നക്‌സല്‍ സംഘര്‍ഷത്തിന്നു വഴിവെച്ചതിന്ന് സമാനമാണിത്.

2. ഈ വര്‍ഷത്തില്‍ തന്നെയാണ് റഷ്യ അഫ്ഗാനിസ്താനിലേക്ക് കടന്നുകയറുന്നത് (ഡിസംബര്‍ 1979). അവിടെ കമ്യൂണിസ്റ്റ് അനുകൂല പാവഗവണ്‍മെന്റ് അധികാരത്തില്‍ വന്നു. അമേരിക്കയെയും അറബ് രാജ്യങ്ങളെയും അനറബിരാജ്യങ്ങളിലെ മുസ്‌ലിം സമൂഹങ്ങളെയും ഒരുപോലെ ക്ഷോഭിപ്പിച്ച സംഭവം.
സാമന്തരാജ്യം എന്നു വിളിക്കാവുന്ന തരത്തില്‍ വിധേയത്വം കാണിക്കുന്ന പാകിസ്താന്റെ തൊട്ടടുത്ത് ഒരു കമ്യൂണിസ്റ്റ് രാഷ്ട്രം നിലവില്‍വന്നു എന്നതായിരുന്നു അമേരിക്കയുടെ അങ്കലാപ്പ്. ജനാധിപത്യം, കമ്യൂണിസം, സോഷ്യലിസം മുതലായ ആശയങ്ങള്‍ സ്വന്തം അതിരുകള്‍ കടന്നുവരും എന്നതായിരുന്നു അറബ്‌രാജ്യങ്ങളിലെ രാജാക്കന്മാരുടെ പരിഭ്രാന്തി. കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ അഫ്ഗാനികളുടെ ആധ്യാത്മികജീവിതം താറുമാറായിപ്പോകും എന്നതായിരുന്നു വിവിധരാജ്യങ്ങളിലെ മുസ്‌ലിം സമൂഹങ്ങളുടെ ആധി.അഫ്ഗാനിസ്താനിലെ കമ്യൂണിസ്റ്റു പിന്തുണയുള്ള ഭരണത്തെ തുരത്താന്‍ അമേരിക്ക കണ്ടെത്തിയ എളുപ്പവഴിയാണ് അട്ടിമറിയും അക്രമവും കൊലയും നടത്തുന്ന മതഭീകരവാദം. പാകിസ്താനിലും അഫ്ഗാനിസ്താനിലുമുള്ള ഗോത്രാധിപന്മാരെയും മതപണ്ഡിതന്മാരെയും ചെറുകിടരാഷ്ട്രീയക്കാരെയും ഈ 'വിശുദ്ധയുദ്ധ' (ജിഹാദ്)ത്തിന്റെ പോരാളികളാക്കി മാറ്റാന്‍ അമേരിക്ക ആളും അര്‍ഥവും കൊടുത്തു.

മതപാഠശാലകള്‍ വിദ്യാര്‍ഥികളെ ജിഹാദിന്റെ തത്ത്വവും പ്രയോഗവും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് 'താലിബാന്‍' (വിദ്യാര്‍ഥികള്‍) എന്നൊരു തീവ്രവാദസംഘം രൂപം കൊള്ളുന്നത്. ഈ 'വിശുദ്ധയുദ്ധ'ത്തില്‍ താത്പര്യമുള്ള വിവിധ അറബ്‌രാജ്യങ്ങളിലെ യുവാക്കള്‍ക്ക് സഹായസഹകരണങ്ങള്‍ നല്‍കുന്നതിലും പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും സമാനചിന്താഗതിക്കാരുമായി അവരെ കൂട്ടിയിണക്കുന്നതിലും അമേരിക്ക ശ്രദ്ധിച്ചു.

ആ വഴിക്കാണ് സൗദി അറേബ്യക്കാരനായ ഉസാമ ബിന്‍ ലാദന്‍ എന്നൊരു തീവ്രവാദി നേതാവും അദ്ദേഹത്തിന്റെ മുന്‍കൈയില്‍ 'അല്‍ഖ്വെയ്ദ' (അടിത്തറ) എന്നൊരു ജിഹാദിപ്രസ്ഥാനവും വെളിപ്പെടുന്നത്.

ഇറാനിലെ ഇസ്‌ലാമിസത്തിന്റെ മുഖ്യശത്രുവായ അമേരിക്കയാണ് അഫ്ഗാനിസ്താനിലെ ഇസ്‌ലാമിസത്തിന്റെ മുഖ്യമിത്രം ആയി പ്രവര്‍ത്തിക്കുന്നത്- രണ്ടും ഒരേ കൊല്ലം തന്നെ! കാര്യം: സാമ്രാജ്യത്വത്തിന് നിലപാടുകളില്ല, താത്പര്യങ്ങളേയുള്ളൂ...

അഫ്ഗാനിസ്താനിലെ ജിഹാദികളുടെ കമ്യൂണിസ്റ്റുവിരുദ്ധ പോരാട്ടം കേരളത്തിലെ ഇസ്‌ലാമിസ്റ്റുകളെ, വിശേഷിച്ച് സിമിക്കാരെ, പ്രചോദനം കൊള്ളിക്കുകയുണ്ടായി. നാനാവിധമായ വാള്‍പോസ്റ്ററുകളിലൂടെയും പ്രബന്ധങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും ഈ അനുഭാവം ആവിഷ്‌കാരം കൊണ്ടു. ആ പിന്തുണ അമേരിക്കന്‍ മുതലാളിത്തത്തിന് അനുകൂലവും കമ്യൂണിസ്റ്റ് ഭരണത്തിന് പ്രതികൂലവും ആയിരുന്നു. ഇറാന്‍ വിപ്ലവത്തിന്റെ പേരില്‍ അമേരിക്കയെ നഖശിഖാന്തം എതിര്‍ത്ത കൂട്ടരാണിത്- രണ്ടും ഒരേ കാലത്ത്!

സിമിയുടെ നിലപാടുകള്‍ എത്രമാത്രം പ്രകോപനപരമായിരുന്നു എന്നതിന്ന് തെളിവാണ് അക്കാലത്ത് കേരളത്തിന്റെ നാനാഭാഗത്തും പ്രത്യക്ഷപ്പെട്ട അവരുടെ ചുവരെഴുത്ത്: 'ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ'. ഹിന്ദുവര്‍ഗീയവാദികള്‍ മിക്ക സ്ഥലത്തും മറുപടിയും എഴുതിവെച്ചു: 'ഇസ്‌ലാമിന്റെ അന്ത്യം ഇന്ത്യയില്‍ത്തന്നെ'. മുഖാമുഖം നില്‍ക്കുന്ന ഈ രണ്ടു ചുവരെഴുത്തുകള്‍ ഇരുഭാഗത്തും എത്രമാത്രം തീയുണ്ടാക്കും എന്ന് ആര്‍ക്കും ആലോചിച്ചാലറിയാം.
ഇസ്രായേലിന്റെ പിറവി(1948)തൊട്ട് ആരംഭിച്ച പലസ്തീന്‍പ്രശ്‌നം കത്തിക്കാളുമ്പോഴൊക്കെ കേരളത്തില്‍ വലുതോ ചെറുതോ ആയ പ്രതിഫലനങ്ങളുണ്ടാകുന്നുണ്ട്. ഇസ്രായേലുമായി സൗഹൃദത്തിന് തയ്യാറാവുകയും അതിന്റെ തലസ്ഥാനനഗരിയില്‍ സല്‍ക്കാരത്തിനു ചെല്ലുകയും ചെയ്തതിലൂടെ ഇസ്‌ലാമിസ്റ്റുകളുടെ കണ്ണില്‍ 'വര്‍ഗവഞ്ചകന്‍' ആയിത്തീര്‍ന്ന ഈജിപ്തിന്റെ പ്രസിഡന്റ് അന്‍വര്‍ സാദത്തിനെ അവര്‍ വെടിവെച്ചുകൊന്നത്(1981) ലോകത്തെങ്ങുമുള്ള മതതീവ്രവാദികള്‍ക്ക് വലിയ ആവേശം കൊടുത്തു.

1985-86 കാലത്തെ കേരളത്തിലെ ശരീഅത്ത് വിവാദം (സുലൈഖാബീവി സംഭവം, ഷബാനുവിധി, മുസ്‌ലിം വനിതാബില്ല്...) സമുദായപരിഷ്‌കരണം, മതേതരഭരണകൂടം , സ്ത്രീസ്വാതന്ത്ര്യം മുതലായ പല പുരോഗമനാശയങ്ങളും മുന്നോട്ടുവെക്കുകയുണ്ടായി.
അക്കൂട്ടത്തില്‍ ഒരു വിഭാഗത്തിനിടയിലേക്ക് യാഥാസ്ഥിതികതയുടെയും മതമൗലികവാദത്തിന്റെയും തീവ്രനിലപാടുകള്‍ക്ക് പ്രവേശനം കിട്ടാന്‍ അത് ഇടയാക്കുകയും ചെയ്തു.
മുസ്‌ലിം സമുദായം ആക്രമിക്കപ്പെടുന്നു എന്നൊരു ധാരണ സൃഷ്ടിക്കാന്‍ ശരീഅത്ത് (മതനിയമങ്ങള്‍) പരിഷ്‌കരണവിരുദ്ധര്‍ക്ക് സാധിച്ചു. ആ പേരില്‍ പത്തുകൊല്ലത്തെ പിണക്കത്തിനു ശേഷം ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗും ഓള്‍ ഇന്ത്യാ മുസ്‌ലിം ലീഗും ഇക്കാലത്ത് (1985) പരസ്​പരം ലയിച്ചത് ഈ മനോഭാവത്തിന്റെ സൂചകം ആകുന്നു.

മുസ്‌ലിം പൗരോഹിത്യത്തെ പ്രീണിപ്പിക്കുന്നതിന് കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി രാജീവ്ഗാന്ധി മുന്നിട്ടിറങ്ങുന്ന കാഴ്ചയാണ് പിന്നെക്കാണുന്നത്. ഷബാനുവിധി(1985)യിലൂടെ വിവാഹമുക്തയ്ക്ക് ചെലവിനു കൊടുക്കാന്‍ മുസ്‌ലിം പുരുഷന്മാര്‍ക്ക് വന്നുചേര്‍ന്ന ബാധ്യതയില്‍ നിന്ന് അവരെ 'രക്ഷി'ക്കുന്നതിന് ആ ഗവണ്‍മെന്റ് 'മുസ്‌ലിം വനിതാ നിയമം' (1986) കൊണ്ടുവന്നു.
ഷബാനുവിധിയോട് കേന്ദ്രഗവണ്‍മെന്റ് കാണിച്ച എതിര്‍പ്പും പുതിയ നിയമവും ഇന്ത്യന്‍ മനസ്സിനെ വര്‍ഗീയവത്കരിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇത് ഹിന്ദുവര്‍ഗീയതയെ പ്രകോപിപ്പിച്ചു. ഇസ്‌ലാമിന്റെ സ്ത്രീവിരുദ്ധത, ഗവണ്‍മെന്റിന്റെ ന്യൂനപക്ഷപ്രീണനം മുതലായവയ്ക്കുള്ള ഒരേയൊരു പരിഹാരം പൊതുസിവില്‍കോഡാണ് എന്ന വാദവുമായി ബി.ജെ.പി. ഇന്ത്യയുടെ നാനാഭാഗത്തും പ്രസംഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിച്ചു.

രാമജന്മഭൂമിപ്രസ്ഥാനം ഇതോടെ ഉഷാറായി.ഹിന്ദുവര്‍ഗീയതയെ ആശ്വസിപ്പിക്കുന്നതിന് ബാബറിപള്ളിയുടെ ഒരു ഭാഗം കേന്ദ്രഗവണ്‍മെന്റ് ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തു. തര്‍ക്കമുണ്ടായപ്പോള്‍ രണ്ടുകൂട്ടരും പ്രവേശിക്കേണ്ട എന്നുപറഞ്ഞ് ആദ്യത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു പൂട്ടിയിട്ട(1949) കെട്ടിടത്തിന്റെ ഭാഗമാണിത്. ഇതോടുകൂടി വേവും ചൂടും വര്‍ധിച്ചു. രഥയാത്രകളുടെയും പ്രകോപനസമൃദ്ധമായ പ്രസ്താവനകളുടെയും വൈകാരികതകൊണ്ട് അന്തരീക്ഷം വിഷലിപ്തമായി. മുസ്‌ലിങ്ങള്‍ക്കിടയിലെ തീവ്രവാദം പൂര്‍വാധികം ഊര്‍ജസ്വലമായി.

ഈ സാമൂഹികപരിസരം ഉപയോഗപ്പെടുത്തിയാണ് കരുനാഗപ്പള്ളി സ്വദേശിയും മതപാഠശാലാധിപനും തീപ്പൊരി പ്രസംഗകനും ആയ അബ്ദുന്നാസര്‍ മഅദനി 1990-കളോടെ 'ഇസ്‌ലാമികസേവാസംഘം' (ഐ.എസ്.എസ്.) എന്ന സംഘടനയുമായി കടന്നുവരുന്നത്.
ആര്‍.എസ്.എസ്സില്‍ നിന്ന് മുസ്‌ലിങ്ങളെ രക്ഷിക്കുക എന്നൊരു സൂചന ആ പേരില്‍ത്തന്നെ ഉണ്ടായിരുന്നു. കേരളരാഷ്ട്രീയത്തിലേക്കു മതതീവ്രവാദം പരസ്യമായി കടന്നുവരുന്നത് മഅദനിയിലൂടെയാണ്: ഐ.എസ്.എസ്. രാഷ്ട്രീയകക്ഷിയായിരുന്നില്ല, ആര്‍.എസ്.എസ്. പോലെ സന്നദ്ധസംഘമായിരുന്നു.

പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയപരിഹാരം ഇല്ലെന്നും ബലപ്രയോഗം മാത്രമാണ് വഴി എന്നും ആയിരുന്നു സിദ്ധാന്തം. ആര്‍ക്കെങ്കിലും അനുകൂലമായോ പ്രതികൂലമായോ വോട്ടുചെയ്യണം എന്നല്ല, മുസ്‌ലിങ്ങള്‍ ആര്‍ക്കും വോട്ടുചെയ്യരുത് എന്നാണ് മഅദനി അന്ന് ആഹ്വാനം ചെയ്തത്. ആ തീപ്പിടിച്ച പ്രസംഗങ്ങളിലും കാസറ്റുകളിലും ആവര്‍ത്തിക്കപ്പെട്ടു: ''മുസ്‌ലിമിന്റെ മതവും മുസ്‌ലിമിന്റെ രാഷ്ട്രീയവും വേറെവേറെയല്ല.'' 1991-92 കാലത്ത് മഅദനി കത്തിക്കയറി. ആ മുന്നേറ്റത്തെ തടയാന്‍ ഹിന്ദുവര്‍ഗീയവാദികള്‍ നടത്തിയ ബോംബേറില്‍ ഒരുകാല്‍ നഷ്ടപ്പെട്ട(1992)ത് മഅദനിക്കു ജീവിക്കുന്ന രക്തസാക്ഷിയുടെ പരിവേഷം ചാര്‍ത്തിക്കൊടുത്തു.

മുസ്‌ലിം ലീഗിന് വെല്ലുവിളിയായി വളരും എന്ന പ്രതീക്ഷയില്‍ ചില നേതാക്കളും ചില കക്ഷികളും മഅദനിക്ക് രഹസ്യപിന്തുണ കൊടുത്തിരുന്നു. ലീഗ്‌രാഷ്ട്രീയത്തോട് തോന്നിയ മടുപ്പും രാമജന്മഭൂമിപ്രസ്ഥാനം സൃഷ്ടിച്ച അരക്ഷിതാവസ്ഥയും മൂലം ഒരു വിഭാഗം മുസ്‌ലിം ചെറുപ്പക്കാര്‍ മഅദനിയില്‍ ആകൃഷ്ടരായി.
(തുടരും)
മാതൃഭൂമി - 3 നവംബര്‍ 2009





തീവ്രവാദത്തിന്റെ നാള്‍വഴികള്‍-1


''തീവ്രവാദസംഘടനകള്‍ കേരളത്തില്‍ പിടിമുറുക്കിയതായും സംസ്ഥാനത്ത് സേ്ഫാടനാത്മകമായ സാഹചര്യം നിലനില്‍ക്കുന്നതായും'' കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോ (ഐ.ബി.) രഹസ്യറിപ്പോര്‍ട്ടു തയ്യാറാക്കിയതായി മാതൃഭൂമി ദിനപത്രം രേഖപ്പെടുത്തിയിരിക്കുന്നു (27 സപ്തംബര്‍ 2009).

കേരളത്തിലെ മുസ്‌ലിങ്ങള്‍ക്കിടയിലെ തീവ്രവാദമാണ് തത്കാലം നമ്മള്‍ നേരിടുന്ന പ്രധാനപ്രശ്‌നം. ഇവിടത്തെ ഹിന്ദുക്കള്‍ക്കിടയിലും തീവ്രവാദമുണ്ട്. ആര്‍.എസ്.എസ്. മുതലായ സംഘടനകളുടെ ഹിംസ പലേടത്തായി, പലപ്പോഴായി വെളിപ്പെട്ടിട്ടുണ്ട്. ഈയിടെ കോഴിക്കോട്ടെ മാറാട് കടപ്പുറത്ത് ഉണ്ടായ കലാപങ്ങള്‍ (ഒന്നാം മാറാട്: 3, 4 ജനവരി 2002; രണ്ടാം മാറാട്: 4 മെയ് 2003) ഈ രണ്ടുവിഭാഗം തീവ്രവാദങ്ങളുടെയും സാന്നിധ്യത്തിന് തെളിവുതരുന്നു.

ഇപ്പോള്‍ ചോദിക്കാവുന്നത്: തീവ്രവാദം കേരളത്തിന് പുതിയ കാര്യമാണോ? 1970-കളില്‍ നക്‌സലിസവും 1948-ലെ കല്‍ക്കട്ടാതീസീസ് കാലത്ത് കമ്യൂണിസവും 1942-ലെ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് കോണ്‍ഗ്രസ്സും പിന്തുടര്‍ന്നത് തീവ്രവാദത്തിന്റെ പാത തന്നെയല്ലേ? ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മലബാര്‍മുഖം ഇത്തരം ആയുധപ്രയോഗത്തിന്റെ അരങ്ങായി 1921-22 കാലത്ത് മാറുകയുണ്ടായില്ലേ? 1830- 1920 കാലത്ത് മലബാറില്‍ പിറവിയെടുത്ത അമ്പതോളം ചെറിയ കര്‍ഷക കലാപങ്ങളിലും കാണുന്നത് ഈ ഹിംസാവാസന തന്നെയല്ലേ?

മേല്‍പ്പറഞ്ഞ ഉദാഹരണങ്ങളില്‍ കാണുംപോലെ ജന്മിത്തത്തെ പാഠം പഠിപ്പിക്കുക, അനീതിക്ക് നിവൃത്തിയുണ്ടാക്കുക, അക്രമത്തെ ചെറുക്കുക, രാഷ്ട്രീയസ്വാതന്ത്ര്യം ഉറപ്പാക്കുക മുതലായ 'ന്യായമായ' ആവശ്യങ്ങള്‍ക്കുവേണ്ടി ആയുധമെടുക്കുന്നതും ജനാധിപത്യത്തിന്റെ കാഴ്ചപ്പാടില്‍ ഹിംസ തന്നെ. എന്തിന്റെ പേരിലായാലും വ്യക്തികളോ സംഘടനകളോ വാളെടുക്കുന്നത് സമൂഹത്തിന്റെ സുസ്ഥിതിക്ക് എതിരാണ്. വ്യക്തികളുടെയോ സമുദായങ്ങളുടെയോ സങ്കടങ്ങള്‍ക്ക് നിവൃത്തിയുണ്ടാക്കേണ്ടത് ജനകീയസമരം, നിയമനിര്‍മാണം, ഭരണനിര്‍വഹണം, നീതിന്യായം മുതലായ വ്യവസ്ഥാപിതമാര്‍ഗങ്ങളിലൂടെയാണ്; ബലപ്രയോഗത്തിലൂടെയല്ല.

മുകളില്‍ വിശദീകരിച്ചവയും ഇക്കാലത്ത് കണ്ടുവരുന്നവയും ആയ ഹിംസകള്‍ തമ്മിലുള്ള ശ്രദ്ധേയമായ വ്യത്യാസം ഇതാണ്: തന്റെ നേരെ അക്രമം കാണിക്കുകയോ, താന്‍ അനുഭവിക്കുന്ന അനീതിക്ക് ഉത്തരവാദിയായിരിക്കുകയോ ചെയ്യുന്ന ആളെയോ, ഒരുകൂട്ടം ആളുകളെയോ ശാരീരികമായി നശിപ്പിക്കുന്നതിലൂടെ സ്വന്തം ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുക എന്നതാണ് പഴയകാലത്തെ ആയുധപ്രയോഗങ്ങളുടെ 'ന്യായീകരണം'. കുറ്റവാളി എന്ന് ബോധ്യമുള്ളവരെ ശിക്ഷിക്കുന്ന രീതിയാണിത്. നീതിപീഠത്തിന്റെ വിചാരണയില്ലാതെ, രാഷ്ട്രത്തിന്റെ പങ്കാളിത്തമില്ലാതെ ശിക്ഷ നടപ്പാക്കി എന്ന അപാകം അതിനുണ്ട്. എങ്കില്‍ത്തന്നെയും അവിടെ സാധാരണ നിലയ്ക്ക് നിരപരാധികള്‍ ഇരകളായിത്തീര്‍ന്നിട്ടില്ല. മറിച്ച്, താനറിയുകയോ തന്നെ അറിയുകയോ ചെയ്യാത്ത ആളുകളാണ് ഇന്നത്തെ തീവ്രവാദിയുടെ ലക്ഷ്യം. തനിക്കെതിരെയോ, തന്റെ സമുദായത്തിനെതിരെയോ എന്തെങ്കിലും കുറ്റംചെയ്തു എന്ന് ആ ബലിയാടിനെപ്പറ്റി ഈ തീവ്രവാദിക്കുപോലും ആക്ഷേപമില്ല. ചിലപ്പോള്‍ ഒരു പ്രത്യേക മതസമൂഹത്തില്‍, ജാതിസമുദായത്തില്‍, ഭാഷാസാഹചര്യത്തില്‍, രാഷ്ട്രത്തില്‍ ജനിച്ചു എന്ന 'കുറ്റം' അയാള്‍ ചെയ്തിരിക്കാം!

സ്വന്തം ജനനത്തിന്റെ കാര്യത്തിലാവട്ടെ, ആര്‍ക്കും ഒരുത്തരവാദിത്വവും ഇല്ല. എന്തിന്റെ പേരിലാണ് താന്‍ ശിക്ഷിക്കപ്പെടുന്നത് എന്നുപോലും തിരിച്ചറിയാതെ മരിച്ചുപോകാന്‍ വിധിക്കപ്പെട്ട നിര്‍ഭാഗ്യവാന്മാരാണ് മിക്കപ്പോഴും തീവ്രവാദത്തിന്റെ ഇരകള്‍.

ആധുനിക ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തില്‍ പ്രധാനപ്പെട്ട വര്‍ഷമാണ് 1919. സര്‍ക്കാറിന് അമിതാധികാരം നല്‍കുന്ന റൗളറ്റ് ആക്ട് ഇന്ത്യയില്‍ വന്‍പ്രതിഷേധത്തിന് വിഷയമായവര്‍ഷം; പഞ്ചാബിലെ ജാലിയന്‍വാലാബാഗിലെ കൂട്ടക്കൊല നടന്നകൊല്ലം. ഒന്നാം ലോകയുദ്ധ (1914- 1918) ത്തെത്തുടര്‍ന്ന് തുര്‍ക്കി സുല്‍ത്താന്റെ ഖലീഫാപദവി ബ്രിട്ടനടക്കമുള്ള സഖ്യശക്തികള്‍ എടുത്തുകളഞ്ഞത് പുനഃസ്ഥാപിച്ച് കിട്ടുന്നതിനു മുസ്‌ലിങ്ങള്‍ ഖിലാഫത്ത് പ്രസ്ഥാനം ആരംഭിക്കുന്നതും ഈ വര്‍ഷത്തിലാണ്.

ബ്രിട്ടീഷ് വിരോധം, ദേശീയപ്രസ്ഥാനം, കോണ്‍ഗ്രസ് പാര്‍ട്ടി മുതലായവയ്ക്ക് ആളെക്കൂട്ടുന്നതിനുവേണ്ടി ഗണേശോത്സവം മുതലായ മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന വിദ്യ കോണ്‍ഗ്രസ് നേരത്തേ ആരംഭിച്ചിരുന്നു. മുസ്‌ലിങ്ങളെ ദേശീയപ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നതിനും അവര്‍ക്കിടയിലെ ബ്രിട്ടീഷ്‌വിരോധം പൊലിപ്പിക്കുന്നതിനുമാണ് ഗാന്ധിയും മറ്റു കോണ്‍ഗ്രസ് നേതാക്കളും ഖിലാഫത്തിനു പിന്തുണ പ്രഖ്യാപിച്ചത്. മുഹമ്മദലി, ഷൗക്കത്തലി, അബുല്‍കലാം ആസാദ് തുടങ്ങിയ നേതാക്കള്‍ ഖിലാഫത്ത് അനുകൂലികളായിരുന്നു. അന്ന് കോണ്‍ഗ്രസ് നേതാവായിരുന്ന മുഹമ്മദലി ജിന്ന ആ പ്രസ്ഥാനത്തെ നിശിതമായി എതിര്‍ത്തു. ഖിലാഫത്തിന്റെ പുനഃസ്ഥാപനം ജനാധിപത്യവിരുദ്ധമാണെന്നും അത്തരം വൈകാരികതകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത് ജനങ്ങള്‍ക്കിടയില്‍ മതവിഭാഗീയത സൃഷ്ടിക്കുമെന്നും ജിന്ന താക്കീതു ചെയ്തു.

1921-22 കാലത്ത് മലബാറില്‍ ഖിലാഫത്തുകാരില്‍ ചിലര്‍ വാളെടുത്തു. ബ്രിട്ടീഷ്‌വിരുദ്ധമായി ആരംഭിക്കുകയും ജന്മിവിരുദ്ധമായി കത്തിപ്പടരുകയും ചെയ്ത ആ കലാപം ചില സ്ഥലങ്ങളില്‍ വര്‍ഗീയമായി രൂപാന്തരപ്പെട്ട് സങ്കീര്‍ണസ്വഭാവം കൈവരിച്ചു. 1923- ല്‍ റിപ്പബ്ലിക് ആയിത്തീര്‍ന്ന തുര്‍ക്കിയുടെ ആദ്യത്തെ പ്രസിഡന്റ് മുസ്തഫ കമാല്‍ പാഷ (1881- 1938) ഖിലാഫത്ത് റദ്ദാക്കി (1924). തുര്‍ക്കിയിലെ ജനങ്ങള്‍ക്ക് ഖിലാഫത്ത് ആവശ്യമുണ്ടായിരുന്നില്ല!

ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന മതപണ്ഡിതനാണ് അബുല്‍ അഅ്‌ലാ മൗദൂദി (1903-1979). അദ്ദേഹത്തെ രാഷ്ട്രീയചിന്തകനായി രൂപാന്തരപ്പെടുത്തുന്നത് ഈ പ്രസ്ഥാനമാണ്. ഖിലാഫത്തിന്റെ പുനഃസ്ഥാപനം എന്ന സ്വപ്നം എളുപ്പത്തില്‍ പൊലിഞ്ഞുപോയെങ്കിലും 'ഇസ്‌ലാമികരാഷ്ട്രസ്ഥാപനം' എന്ന പുതിയൊരു സ്വപ്നം മൗദൂദി വികസിപ്പിച്ചെടുത്തു. സങ്കല്‍പത്തിലുള്ള ആ ഭരണക്രമത്തെ അദ്ദേഹം 'ഹുകൂമത്തെ ഇലാഹി' (ദൈവികഭരണം) എന്നു വിളിച്ചു.

ഇസ്‌ലാമികവിശ്വാസം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സംഘട്ടനത്തിന്റെ ചരിത്രമാണ് അദ്ദേഹത്തിന് മനുഷ്യചരിത്രം. ദൈവികജനാധിപത്യം (Theo democracy) സ്ഥാപിക്കുന്നതിനുള്ള 'ഇസ്‌ലാമികവിപ്ലവ'ത്തില്‍ പങ്കാളിയാവുകയാണ് ഓരോ വിശ്വാസിയുടെയും കടമ. ദേശീയതയുടെ അതിരുകളെ മാനിക്കാത്തതും മതേതരത്വം എന്ന ആശയം തീര്‍ത്തും തള്ളിക്കളയുന്നതുമായ ഒരു രാഷ്ട്രവ്യവസ്ഥയ്ക്കുവേണ്ടി പോരാടുവാനാണ് അദ്ദേഹം 1941-ല്‍ ജമാഅത്തെ ഇസ്‌ലാമി സ്ഥാപിച്ചത്.

ഇസ്‌ലാം വെറുമൊരു മതമല്ലെന്നും അതൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രം ആണെന്നും ആയിരുന്നു മൗദൂദിയുടെ തീര്‍പ്പ്. അതുകൊണ്ട്അദ്ദേഹം സാമുദായികരാഷ്ട്രീയ(community politics)ത്തെ തള്ളിപ്പറഞ്ഞു, പകരം മതരാഷ്ട്രീയം (religious politics)സ്വീകരിച്ചു. ഏഴാം നൂറ്റാണ്ടില്‍ പ്രവാചകന്‍ ജീവിച്ച അറേബ്യന്‍ ഗോത്രസമൂഹത്തില്‍ നിലനിന്ന മതനിയമങ്ങള്‍ രാഷ്ട്രനിയമങ്ങളാക്കിക്കൊണ്ട് ദൈവത്തിന്റെ പേരില്‍ പുരോഹിതന്‍ നാടുവാഴുന്ന അവസ്ഥയാണ് അദ്ദേഹം ഭാവന ചെയ്തത്: ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്കിടയിലെ ഇസ്‌ലാമിക തീവ്രവാദപ്രത്യയശാസ്ത്രം അങ്ങനെ ആവിഷ്‌കാരംകൊണ്ടു.

1948-ലാണ് ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇവിടെ അവര്‍ ആയുധപരിശീലനം നടത്തിയതിന് നാളിതുവരെ തെളിവൊന്നുമില്ല. എങ്കിലും മൗദൂദിസത്തിന്റെ അനുയായികളോ, അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവരോ, അതിന്റെ രൂപാന്തരങ്ങളോ ആണ് കേരളത്തിലെ തീവ്രവാദപ്രസ്ഥാനക്കാരധികവും.

ഒരുതരം പ്രത്യയശാസ്ത്രവും ഇല്ലാത്ത രാഷ്ട്രീയപാര്‍ട്ടിയാണ് ഓള്‍ ഇന്ത്യാ മുസ്‌ലിംലീഗ് (1906). അതിന്‍േറത് മതരാഷ്ട്രീയമല്ല, സമുദായിക രാഷ്ട്രീയമാണ്. മതനിയമങ്ങളുടെ പുനഃസ്ഥാപനത്തിനല്ല, സമുദായത്തിന്റെ ഭൗതികക്ഷേമത്തിനാണ് അതു നിലകൊള്ളുന്നത്. ജനാധിപത്യത്തിന്റെ ഭാഗമായി നിന്നുകൊണ്ട് ന്യൂനപക്ഷസമുദായത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യം. പക്ഷേ, പാകിസ്താന്‍ പ്രമേയം (ലാഹോര്‍: 1940) കൊണ്ടുവരുമ്പോള്‍ മതദേശീയത എന്ന അപകടകരമായ വര്‍ഗീയനിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതും ആ രാജ്യം നേടിയെടുക്കുന്നതിനു പ്രത്യക്ഷസമരം (ഡയറക്ട് ആക്ഷന്‍:1946) ആരംഭിക്കുന്നതും ആ വഴിക്ക് ചില സ്ഥലങ്ങളില്‍ വര്‍ഗീയലഹളകള്‍ക്ക് കാരണമായിത്തീരുന്നതും ഇതേ ലീഗ് തന്നെ.

വിഭജനത്തിനുശേഷം 1948-ല്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് രൂപം കൊണ്ടു. ജനാധിപത്യത്തിന്റെ ഭാഗമായി ന്യൂനപക്ഷാവകാശങ്ങള്‍ക്കുവേണ്ടി നില്‍ക്കാം എന്ന രാഷ്ട്രീയപാത തന്നെയാണ് അതിന്റെ മുന്നിലുണ്ടായിരുന്നത്.

ഒന്നാം ഇ.എം.എസ്. മന്ത്രിസഭ (1957) യ്‌ക്കെതിരെ നടന്ന വിമോചനസമര (1959) മാണ് പ്രാദേശികരാഷ്ട്രീയത്തില്‍ മുസ്‌ലിംലീഗിന്റെ പ്രസക്തി അടയാളപ്പെടുത്തിയത്. അന്ന് രൂപംകൊണ്ട കോണ്‍ഗ്രസ്-ലീഗ്-പി.എസ്.പി. (കോലീപി) സഖ്യം പാകിസ്താന്‍വാദം, വര്‍ഗീയലഹളകള്‍, രാഷ്ട്രവിഭജനം മുതലായവയുടെ പേരില്‍ ലീഗിനു കല്‍പ്പിച്ചുപോന്ന അയിത്തത്തില്‍ അയവുവരുത്തി. തുടര്‍ന്നുനടന്ന തിരഞ്ഞെടുപ്പില്‍ (1960) സഖ്യം ഭൂരിപക്ഷം നേടിയെങ്കിലും ലീഗിന് മന്ത്രിസ്ഥാനം കൊടുക്കാതെ അതിന്റെ നേതാവ് കെ.എം. സീതി സാഹിബിന് സ്​പീക്കര്‍പദവി കൊടുത്ത് തൃപ്തിപ്പെടുത്തുകയാണുണ്ടായത്.

സീതിസാഹിബ് അന്തരിച്ചപ്പോള്‍ ലീഗ് പിന്‍ഗാമിയായിക്കണ്ടത് സി.എച്ച്. മുഹമ്മദ് കോയയെയാണ്. മുസ്‌ലിംലീഗുകാരനായിരിക്കെ സ്പീക്കറാക്കുകയില്ലെന്നും പാര്‍ട്ടി അംഗത്വം രാജിവെച്ചാല്‍ മാത്രമേ ആ സ്ഥാനം കൊടുക്കൂ എന്നുമുള്ള നിലപാടാണ് കോണ്‍ഗ്രസ് എടുത്തത്- സ്വന്തം പാര്‍ട്ടി നിര്‍ദേശം മാനിച്ച് സി.എച്ച്. അങ്ങനെ ചെയ്‌തെങ്കിലും ലീഗ് ഏറെ വൈകാതെ കോണ്‍ഗ്രസ്സുമായി വഴിപിരിഞ്ഞു. അധികാര രാഷ്ട്രീയത്തിലേക്ക് ലീഗ് കടന്നുചെല്ലുന്നത് 1967-ലാണ്: സി.പി.എമ്മിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട സപ്തമുന്നണി വന്‍വിജയം നേടിയ ഘട്ടത്തില്‍. അന്നു രൂപംകൊണ്ട രണ്ടാം ഇ.എം.എസ്. മന്ത്രിസഭയില്‍ ലീഗ് നേതാക്കള്‍ മുഹമ്മദ് കോയയും (വിദ്യാഭ്യാസം) അഹമ്മദ് കുരിക്കളും (പഞ്ചായത്ത്) അംഗങ്ങളായി.

ലീഗിന് കേരളത്തില്‍ മന്ത്രിസ്ഥാനം കിട്ടിയത് ഹിന്ദുവര്‍ഗീയകക്ഷിയായ ജനസംഘ (ബി.ജെ.പി.യുടെ ആദിരൂപം) ത്തെ ഇളക്കിമറിച്ചു. ആ മന്ത്രിസഭയുടെ പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഒന്നായ മലപ്പുറം ജില്ലാരൂപവത്കരണം (1969) ഈ കയ്പ് വെളിപ്പെടാന്‍ അവസരമൊരുക്കി. പാകിസ്താന്‍വാദത്തെ അനുകൂലിച്ചിരുന്ന കേരളത്തിലെ ലീഗുകാരില്‍ ചിലര്‍ മലബാറില്‍ ഒരു 'മാപ്പിളസ്താന്‍' വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആ ഓര്‍മ പൊക്കിക്കൊണ്ടുവന്ന് കേരളത്തിനകത്ത് ഒരു 'കൊച്ചുപാകിസ്താന്‍' രൂപവത്കരിക്കുകയാണെന്നും ജില്ലയില്‍ അമുസ്‌ലിങ്ങള്‍ക്ക് ജീവിക്കുവാനോ, വസ്തുവകകള്‍ കൈവശം വെക്കുവാനോ അവകാശമുണ്ടാവുകയില്ലെന്നുമുള്ള തരത്തില്‍ ഊതിവീര്‍പ്പിച്ച പ്രചാരണമാണ് ജനസംഘം അഖിലേന്ത്യാതലത്തില്‍ അഴിച്ചുവിട്ടത്.

ജില്ലാ രൂപവത്കരണത്തിനെതിരെ മലബാറില്‍ നടന്ന സമരങ്ങളിലെ പങ്കാളികള്‍ അധികവും ഉത്തരേന്ത്യക്കാരായിരുന്നു. കോഴിക്കോട്ടുനടന്ന വന്‍പ്രകടനത്തില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളില്‍ ഭൂരിഭാഗവും ഹിന്ദിയിലായതുതന്നെ തെളിവ്. അന്ന് അത്രയധികം ജനസംഘക്കാര്‍ കേരളത്തില്‍ ഇല്ല എന്നര്‍ഥം.

ആധുനികകേരളത്തിന്റെ വര്‍ഗീയവത്കരണം ആരംഭിക്കുന്നത് സാമുദായിക ശക്തികളെ കൂട്ടിപ്പിടിച്ചു നടത്തിയ വിമോചനസമര (1959) ത്തോടു കൂടിയാണ്; ആ മണ്ഡലത്തിലേക്ക് ഹിന്ദുത്വരാഷ്ട്രീയത്തിന് പ്രവേശനം കൊടുക്കുന്നത് മലപ്പുറം ജില്ലാ വിരുദ്ധസമരവും (1969). ജില്ലാരൂപവത്കരണം വികസനത്തിന്റെ പ്രശ്‌നമായിരുന്നു. അത് 'സാമുദായികം' ആക്കിത്തീര്‍ത്തതില്‍ മുസ്‌ലിം ലീഗിനും ജനസംഘത്തിനും ഒരുപോലെ ഉത്തരവാദിത്വമുണ്ട്. ആ വൈകാരികതയിലൂടെ വോട്ടുബാങ്ക് ശക്തിപ്പെടുത്താം എന്ന് ലീഗും ഈ തഞ്ചത്തില്‍ ചുവടുറപ്പിക്കാം എന്ന് ജനസംഘവും കണ്ടറിഞ്ഞു. അതങ്ങനെ കത്തിപ്പടരുന്നതിന്റെ ആപത്ത് തിരിച്ചറിയുന്നതില്‍ പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസ്സും മുഖ്യഭരണകക്ഷിയായ സി.പി.എമ്മും പരാജയപ്പെട്ടു.

മാതൃഭൂമി - 2 നവംബര്‍ 2009



» തീവ്രവാദത്തിന്റെ നാള്‍വഴികള്‍- ഭാഗം 2
» തീവ്രവാദത്തിന്റെ നാള്‍വഴികള്‍- ഭാഗം 3





രാഷ്ട്രീയമായി നേരിടുമ്പോള്‍

രാഷ്ട്രീയമായി നേരിടുമ്പോള്‍

അടിയന്തരാവസ്ഥയിലേക്കു നയിച്ച അമിതാധികാര പ്രവണതകളുടെയും വ്യക്തിവാഴ്‌ചയുടെയും ഗ്രഹണബാധയാണ്‌ കേരളസമൂഹത്തിനു മുകളില്‍ ഇപ്പോള്‍. ''ഇന്ദിരയാണ്‌ ഇന്ത്യ'' എന്ന പഴയ മുദ്രാവാക്യം പുതിയ രൂപത്തില്‍ സി.പി.എം. പുറത്തെടുക്കുന്നു. അധികാരത്തിന്റെ പിന്‍ബലത്തിലുള്ള 'ജനപിന്തുണ'യുടെ സാഗര ഗര്‍ജനത്തിന്‌ ഒരുക്കം കൂട്ടുന്നു. സി.പി.എമ്മിന്റെ ഭാവപ്പകര്‍ച്ച കേരളസമൂഹത്തിന്‌ മുകളില്‍ ഭീകരതയുടെ കാര്‍മേഘ പടലങ്ങള്‍ക്ക്‌ ഇടമൊരുക്കുന്നു ഇടതുപക്ഷം.............

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌