എം.എന്‍. കാരശ്ശേരി
കേരളത്തിലെ മുസ്‌ലിങ്ങള്‍ക്കിടയിലെ തീവ്രവാദത്തോടുള്ള ആഭിമുഖ്യത്തിന്റെ ചരിത്രത്തില്‍ രണ്ടു തരത്തില്‍ പ്രധാനപ്പെട്ട വര്‍ഷമാണ് 1979.
1. അമേരിക്ക അടക്കമുള്ള പാശ്ചാത്യശക്തികളുടെ പിന്തുണയുണ്ടായിരുന്ന ഇറാനിലെ ഷാ ചക്രവര്‍ത്തിയെ 'ഇസ്‌ലാമികവിപ്ലവം' നിശ്ശേഷം പരാജയപ്പെടുത്തിയ വര്‍ഷമാണത്. അങ്ങനെ ചരിത്രത്തിലാദ്യമായി ജനമുന്നേറ്റത്തിലൂടെ ഒരു 'ഇസ്‌ലാമിക് റിപ്പബ്ലിക്' നിലവില്‍ വന്നു.
'ഇസ്‌ലാമികവിപ്ലവം' എന്നത് സങ്കല്പമല്ലെന്നും അതിന് യാഥാര്‍ഥ്യമാവാന്‍ സാധിക്കുമെന്നും ഉള്ള അറിവ് ലോകത്തെങ്ങുമുള്ള ഇസ്‌ലാമിസ്റ്റുകളെ ആവേശം കൊള്ളിച്ചു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ വിപ്ലവകാരികളായ വിദ്യാര്‍ഥികള്‍ തടവിലാക്കിയ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥന്മാരെ മോചിപ്പിക്കുന്നതിന്ന് സര്‍വസന്നാഹങ്ങളോടും കൂടി അമേരിക്കയില്‍ നിന്നു പുറപ്പെട്ട യുദ്ധവിമാനം അജ്ഞാതമായ കാരണങ്ങളാല്‍ വഴിക്ക് മരുഭൂമിയില്‍ തകര്‍ന്നുവീണത് വിപ്ലവത്തിന് ദൈവികസഹായം ഉണ്ട് എന്നതിന്റെ പ്രത്യക്ഷമായ തെളിവായി കണക്കാക്കപ്പെട്ടു!
കമ്യൂണിസത്തിന്റെ ചരിത്രത്തില്‍ റഷ്യന്‍ വിപ്ലവ(1917)ത്തിനുള്ള സ്ഥാനമാണ് ഇസ്‌ലാമിസത്തിന്റെ ചരിത്രത്തില്‍ ഇറാന്‍ വിപ്ലവ(1979)ത്തിനുള്ളത്. ഇറാനിലെ പരമോന്നതനായ ആത്മീയനേതാവ് ആയത്തൊള്ള ഖൊമേനി അന്നു പറഞ്ഞു: ''ഞങ്ങള്‍ വിപ്ലവം കയറ്റി അയയ്ക്കും.''
ഷിയാമുസ്‌ലിങ്ങളാണ് ഇറാനില്‍ വിപ്ലവഭരണകൂടം സ്ഥാപിച്ചത്. ഷിയാക്കളോടുള്ള വിശ്വാസപരമായ എല്ലാ അഭിപ്രായഭേദങ്ങളും മറന്ന് ജമാഅത്തെ ഇസ്‌ലാമി ആ സര്‍ക്കാറിനെ കൊണ്ടാടി.വിപ്ലവത്തിന്റെ ദാര്‍ശനികനായ അലീ ശരീഅത്തിയുടെ പുസ്തകങ്ങള്‍ക്ക് മലയാള പരിഭാഷകളുണ്ടായി. വിപ്ലവനായകനായ ഖൊമേനിയുടെ ജീവചരിത്രവും അദ്ദേഹത്തിന്റെ മുഖ്യകൃതിയുടെ പരിഭാഷയും മലയാളത്തില്‍ ഇറങ്ങി.
ഇറാന്‍ വിപ്ലവം ഇന്ത്യയില്‍ ഏറ്റവുമധികം തീപിടിപ്പിച്ചത് ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി സംഘമായ സ്റ്റുഡന്റ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(സിമി)യെയാണ്. തത്ത്വത്തില്‍ വിപ്ലവത്തോട് യോജിച്ച ജമാഅത്തെ ഇസ്‌ലാമി അത് ഇന്ത്യയില്‍ പ്രായോഗികമല്ലെന്നും ഇനി ആണെങ്കില്‍ത്തന്നെ സമയമായിട്ടില്ലെന്നും ഉള്ള തീര്‍പ്പിലായിരുന്നു.
ഇത് കാപട്യമാണെന്ന് സിമിക്കാര്‍ വാദിച്ചു. മൗദൂദിസം സ്വന്തം സിദ്ധാന്തമാണ് എന്ന് പറയുമ്പോഴും അതിനോട് ആത്മാര്‍ഥതയില്ലാത്ത പിന്തിരിപ്പന്മാരും തിരുത്തല്‍വാദികളും ആയിട്ടാണ് ജമാഅത്തുകാരെ സിമി മനസ്സിലാക്കിയത്. അങ്ങനെ ഇസ്‌ലാമിക വിപ്ലവത്തിന്റെ തത്ത്വവും പ്രയോഗവും സംബന്ധിച്ച നിലപാടുകള്‍ ജമാഅത്ത്- സിമി സംഘര്‍ഷത്തിനും അവരുടെ വഴിപിരിയലിനും ഇടയാക്കി.
ജമാഅത്തിലെ 'നക്‌സല്‍ബാരികള്‍' എന്ന് അക്കാലത്ത് സിമിക്കാരെ പരിഹസിച്ചിരുന്നു. തൊഴിലാളിവര്‍ഗവിപ്ലവത്തിന്റെ തത്ത്വവും പ്രയോഗവും സംബന്ധിച്ച നിലപാടുകള്‍ സി.പി.എം.-നക്‌സല്‍ സംഘര്‍ഷത്തിന്നു വഴിവെച്ചതിന്ന് സമാനമാണിത്.
2. ഈ വര്‍ഷത്തില്‍ തന്നെയാണ് റഷ്യ അഫ്ഗാനിസ്താനിലേക്ക് കടന്നുകയറുന്നത് (ഡിസംബര്‍ 1979). അവിടെ കമ്യൂണിസ്റ്റ് അനുകൂല പാവഗവണ്‍മെന്റ് അധികാരത്തില്‍ വന്നു. അമേരിക്കയെയും അറബ് രാജ്യങ്ങളെയും അനറബിരാജ്യങ്ങളിലെ മുസ്‌ലിം സമൂഹങ്ങളെയും ഒരുപോലെ ക്ഷോഭിപ്പിച്ച സംഭവം.
സാമന്തരാജ്യം എന്നു വിളിക്കാവുന്ന തരത്തില്‍ വിധേയത്വം കാണിക്കുന്ന പാകിസ്താന്റെ തൊട്ടടുത്ത് ഒരു കമ്യൂണിസ്റ്റ് രാഷ്ട്രം നിലവില്‍വന്നു എന്നതായിരുന്നു അമേരിക്കയുടെ അങ്കലാപ്പ്. ജനാധിപത്യം, കമ്യൂണിസം, സോഷ്യലിസം മുതലായ ആശയങ്ങള്‍ സ്വന്തം അതിരുകള്‍ കടന്നുവരും എന്നതായിരുന്നു അറബ്‌രാജ്യങ്ങളിലെ രാജാക്കന്മാരുടെ പരിഭ്രാന്തി. കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ അഫ്ഗാനികളുടെ ആധ്യാത്മികജീവിതം താറുമാറായിപ്പോകും എന്നതായിരുന്നു വിവിധരാജ്യങ്ങളിലെ മുസ്‌ലിം സമൂഹങ്ങളുടെ ആധി.അഫ്ഗാനിസ്താനിലെ കമ്യൂണിസ്റ്റു പിന്തുണയുള്ള ഭരണത്തെ തുരത്താന്‍ അമേരിക്ക കണ്ടെത്തിയ എളുപ്പവഴിയാണ് അട്ടിമറിയും അക്രമവും കൊലയും നടത്തുന്ന മതഭീകരവാദം. പാകിസ്താനിലും അഫ്ഗാനിസ്താനിലുമുള്ള ഗോത്രാധിപന്മാരെയും മതപണ്ഡിതന്മാരെയും ചെറുകിടരാഷ്ട്രീയക്കാരെയും ഈ 'വിശുദ്ധയുദ്ധ' (ജിഹാദ്)ത്തിന്റെ പോരാളികളാക്കി മാറ്റാന്‍ അമേരിക്ക ആളും അര്‍ഥവും കൊടുത്തു.
മതപാഠശാലകള്‍ വിദ്യാര്‍ഥികളെ ജിഹാദിന്റെ തത്ത്വവും പ്രയോഗവും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് 'താലിബാന്‍' (വിദ്യാര്‍ഥികള്‍) എന്നൊരു തീവ്രവാദസംഘം രൂപം കൊള്ളുന്നത്. ഈ 'വിശുദ്ധയുദ്ധ'ത്തില്‍ താത്പര്യമുള്ള വിവിധ അറബ്‌രാജ്യങ്ങളിലെ യുവാക്കള്‍ക്ക് സഹായസഹകരണങ്ങള്‍ നല്‍കുന്നതിലും പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും സമാനചിന്താഗതിക്കാരുമായി അവരെ കൂട്ടിയിണക്കുന്നതിലും അമേരിക്ക ശ്രദ്ധിച്ചു.
ആ വഴിക്കാണ് സൗദി അറേബ്യക്കാരനായ ഉസാമ ബിന്‍ ലാദന്‍ എന്നൊരു തീവ്രവാദി നേതാവും അദ്ദേഹത്തിന്റെ മുന്‍കൈയില്‍ 'അല്‍ഖ്വെയ്ദ' (അടിത്തറ) എന്നൊരു ജിഹാദിപ്രസ്ഥാനവും വെളിപ്പെടുന്നത്.
ഇറാനിലെ ഇസ്‌ലാമിസത്തിന്റെ മുഖ്യശത്രുവായ അമേരിക്കയാണ് അഫ്ഗാനിസ്താനിലെ ഇസ്‌ലാമിസത്തിന്റെ മുഖ്യമിത്രം ആയി പ്രവര്‍ത്തിക്കുന്നത്- രണ്ടും ഒരേ കൊല്ലം തന്നെ! കാര്യം: സാമ്രാജ്യത്വത്തിന് നിലപാടുകളില്ല, താത്പര്യങ്ങളേയുള്ളൂ...
അഫ്ഗാനിസ്താനിലെ ജിഹാദികളുടെ കമ്യൂണിസ്റ്റുവിരുദ്ധ പോരാട്ടം കേരളത്തിലെ ഇസ്‌ലാമിസ്റ്റുകളെ, വിശേഷിച്ച് സിമിക്കാരെ, പ്രചോദനം കൊള്ളിക്കുകയുണ്ടായി. നാനാവിധമായ വാള്‍പോസ്റ്ററുകളിലൂടെയും പ്രബന്ധങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും ഈ അനുഭാവം ആവിഷ്‌കാരം കൊണ്ടു. ആ പിന്തുണ അമേരിക്കന്‍ മുതലാളിത്തത്തിന് അനുകൂലവും കമ്യൂണിസ്റ്റ് ഭരണത്തിന് പ്രതികൂലവും ആയിരുന്നു. ഇറാന്‍ വിപ്ലവത്തിന്റെ പേരില്‍ അമേരിക്കയെ നഖശിഖാന്തം എതിര്‍ത്ത കൂട്ടരാണിത്- രണ്ടും ഒരേ കാലത്ത്!
സിമിയുടെ നിലപാടുകള്‍ എത്രമാത്രം പ്രകോപനപരമായിരുന്നു എന്നതിന്ന് തെളിവാണ് അക്കാലത്ത് കേരളത്തിന്റെ നാനാഭാഗത്തും പ്രത്യക്ഷപ്പെട്ട അവരുടെ ചുവരെഴുത്ത്: 'ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ'. ഹിന്ദുവര്‍ഗീയവാദികള്‍ മിക്ക സ്ഥലത്തും മറുപടിയും എഴുതിവെച്ചു: 'ഇസ്‌ലാമിന്റെ അന്ത്യം ഇന്ത്യയില്‍ത്തന്നെ'. മുഖാമുഖം നില്‍ക്കുന്ന ഈ രണ്ടു ചുവരെഴുത്തുകള്‍ ഇരുഭാഗത്തും എത്രമാത്രം തീയുണ്ടാക്കും എന്ന് ആര്‍ക്കും ആലോചിച്ചാലറിയാം.
ഇസ്രായേലിന്റെ പിറവി(1948)തൊട്ട് ആരംഭിച്ച പലസ്തീന്‍പ്രശ്‌നം കത്തിക്കാളുമ്പോഴൊക്കെ കേരളത്തില്‍ വലുതോ ചെറുതോ ആയ പ്രതിഫലനങ്ങളുണ്ടാകുന്നുണ്ട്. ഇസ്രായേലുമായി സൗഹൃദത്തിന് തയ്യാറാവുകയും അതിന്റെ തലസ്ഥാനനഗരിയില്‍ സല്‍ക്കാരത്തിനു ചെല്ലുകയും ചെയ്തതിലൂടെ ഇസ്‌ലാമിസ്റ്റുകളുടെ കണ്ണില്‍ 'വര്‍ഗവഞ്ചകന്‍' ആയിത്തീര്‍ന്ന ഈജിപ്തിന്റെ പ്രസിഡന്റ് അന്‍വര്‍ സാദത്തിനെ അവര്‍ വെടിവെച്ചുകൊന്നത്(1981) ലോകത്തെങ്ങുമുള്ള മതതീവ്രവാദികള്‍ക്ക് വലിയ ആവേശം കൊടുത്തു.
1985-86 കാലത്തെ കേരളത്തിലെ ശരീഅത്ത് വിവാദം (സുലൈഖാബീവി സംഭവം, ഷബാനുവിധി, മുസ്‌ലിം വനിതാബില്ല്...) സമുദായപരിഷ്‌കരണം, മതേതരഭരണകൂടം , സ്ത്രീസ്വാതന്ത്ര്യം മുതലായ പല പുരോഗമനാശയങ്ങളും മുന്നോട്ടുവെക്കുകയുണ്ടായി.
അക്കൂട്ടത്തില്‍ ഒരു വിഭാഗത്തിനിടയിലേക്ക് യാഥാസ്ഥിതികതയുടെയും മതമൗലികവാദത്തിന്റെയും തീവ്രനിലപാടുകള്‍ക്ക് പ്രവേശനം കിട്ടാന്‍ അത് ഇടയാക്കുകയും ചെയ്തു.
മുസ്‌ലിം സമുദായം ആക്രമിക്കപ്പെടുന്നു എന്നൊരു ധാരണ സൃഷ്ടിക്കാന്‍ ശരീഅത്ത് (മതനിയമങ്ങള്‍) പരിഷ്‌കരണവിരുദ്ധര്‍ക്ക് സാധിച്ചു. ആ പേരില്‍ പത്തുകൊല്ലത്തെ പിണക്കത്തിനു ശേഷം ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗും ഓള്‍ ഇന്ത്യാ മുസ്‌ലിം ലീഗും ഇക്കാലത്ത് (1985) പരസ്പരം ലയിച്ചത് ഈ മനോഭാവത്തിന്റെ സൂചകം ആകുന്നു.
മുസ്‌ലിം പൗരോഹിത്യത്തെ പ്രീണിപ്പിക്കുന്നതിന് കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി രാജീവ്ഗാന്ധി മുന്നിട്ടിറങ്ങുന്ന കാഴ്ചയാണ് പിന്നെക്കാണുന്നത്. ഷബാനുവിധി(1985)യിലൂടെ വിവാഹമുക്തയ്ക്ക് ചെലവിനു കൊടുക്കാന്‍ മുസ്‌ലിം പുരുഷന്മാര്‍ക്ക് വന്നുചേര്‍ന്ന ബാധ്യതയില്‍ നിന്ന് അവരെ 'രക്ഷി'ക്കുന്നതിന് ആ ഗവണ്‍മെന്റ് 'മുസ്‌ലിം വനിതാ നിയമം' (1986) കൊണ്ടുവന്നു.
ഷബാനുവിധിയോട് കേന്ദ്രഗവണ്‍മെന്റ് കാണിച്ച എതിര്‍പ്പും പുതിയ നിയമവും ഇന്ത്യന്‍ മനസ്സിനെ വര്‍ഗീയവത്കരിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇത് ഹിന്ദുവര്‍ഗീയതയെ പ്രകോപിപ്പിച്ചു. ഇസ്‌ലാമിന്റെ സ്ത്രീവിരുദ്ധത, ഗവണ്‍മെന്റിന്റെ ന്യൂനപക്ഷപ്രീണനം മുതലായവയ്ക്കുള്ള ഒരേയൊരു പരിഹാരം പൊതുസിവില്‍കോഡാണ് എന്ന വാദവുമായി ബി.ജെ.പി. ഇന്ത്യയുടെ നാനാഭാഗത്തും പ്രസംഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിച്ചു.
രാമജന്മഭൂമിപ്രസ്ഥാനം ഇതോടെ ഉഷാറായി.ഹിന്ദുവര്‍ഗീയതയെ ആശ്വസിപ്പിക്കുന്നതിന് ബാബറിപള്ളിയുടെ ഒരു ഭാഗം കേന്ദ്രഗവണ്‍മെന്റ് ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തു. തര്‍ക്കമുണ്ടായപ്പോള്‍ രണ്ടുകൂട്ടരും പ്രവേശിക്കേണ്ട എന്നുപറഞ്ഞ് ആദ്യത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു പൂട്ടിയിട്ട(1949) കെട്ടിടത്തിന്റെ ഭാഗമാണിത്. ഇതോടുകൂടി വേവും ചൂടും വര്‍ധിച്ചു. രഥയാത്രകളുടെയും പ്രകോപനസമൃദ്ധമായ പ്രസ്താവനകളുടെയും വൈകാരികതകൊണ്ട് അന്തരീക്ഷം വിഷലിപ്തമായി. മുസ്‌ലിങ്ങള്‍ക്കിടയിലെ തീവ്രവാദം പൂര്‍വാധികം ഊര്‍ജസ്വലമായി.
ഈ സാമൂഹികപരിസരം ഉപയോഗപ്പെടുത്തിയാണ് കരുനാഗപ്പള്ളി സ്വദേശിയും മതപാഠശാലാധിപനും തീപ്പൊരി പ്രസംഗകനും ആയ അബ്ദുന്നാസര്‍ മഅദനി 1990-കളോടെ 'ഇസ്‌ലാമികസേവാസംഘം' (ഐ.എസ്.എസ്.) എന്ന സംഘടനയുമായി കടന്നുവരുന്നത്.
ആര്‍.എസ്.എസ്സില്‍ നിന്ന് മുസ്‌ലിങ്ങളെ രക്ഷിക്കുക എന്നൊരു സൂചന ആ പേരില്‍ത്തന്നെ ഉണ്ടായിരുന്നു. കേരളരാഷ്ട്രീയത്തിലേക്കു മതതീവ്രവാദം പരസ്യമായി കടന്നുവരുന്നത് മഅദനിയിലൂടെയാണ്: ഐ.എസ്.എസ്. രാഷ്ട്രീയകക്ഷിയായിരുന്നില്ല, ആര്‍.എസ്.എസ്. പോലെ സന്നദ്ധസംഘമായിരുന്നു.
പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയപരിഹാരം ഇല്ലെന്നും ബലപ്രയോഗം മാത്രമാണ് വഴി എന്നും ആയിരുന്നു സിദ്ധാന്തം. ആര്‍ക്കെങ്കിലും അനുകൂലമായോ പ്രതികൂലമായോ വോട്ടുചെയ്യണം എന്നല്ല, മുസ്‌ലിങ്ങള്‍ ആര്‍ക്കും വോട്ടുചെയ്യരുത് എന്നാണ് മഅദനി അന്ന് ആഹ്വാനം ചെയ്തത്. ആ തീപ്പിടിച്ച പ്രസംഗങ്ങളിലും കാസറ്റുകളിലും ആവര്‍ത്തിക്കപ്പെട്ടു: ''മുസ്‌ലിമിന്റെ മതവും മുസ്‌ലിമിന്റെ രാഷ്ട്രീയവും വേറെവേറെയല്ല.'' 1991-92 കാലത്ത് മഅദനി കത്തിക്കയറി. ആ മുന്നേറ്റത്തെ തടയാന്‍ ഹിന്ദുവര്‍ഗീയവാദികള്‍ നടത്തിയ ബോംബേറില്‍ ഒരുകാല്‍ നഷ്ടപ്പെട്ട(1992)ത് മഅദനിക്കു ജീവിക്കുന്ന രക്തസാക്ഷിയുടെ പരിവേഷം ചാര്‍ത്തിക്കൊടുത്തു.
മുസ്‌ലിം ലീഗിന് വെല്ലുവിളിയായി വളരും എന്ന പ്രതീക്ഷയില്‍ ചില നേതാക്കളും ചില കക്ഷികളും മഅദനിക്ക് രഹസ്യപിന്തുണ കൊടുത്തിരുന്നു. ലീഗ്‌രാഷ്ട്രീയത്തോട് തോന്നിയ മടുപ്പും രാമജന്മഭൂമിപ്രസ്ഥാനം സൃഷ്ടിച്ച അരക്ഷിതാവസ്ഥയും മൂലം ഒരു വിഭാഗം മുസ്‌ലിം ചെറുപ്പക്കാര്‍ മഅദനിയില്‍ ആകൃഷ്ടരായി.
(തുടരും)
മാതൃഭൂമി - 3 നവംബര്‍ 2009
സ്നേഹപൂര്‍വ്വം
അഹങ്കാരി
0 comments:
Post a Comment