''തീവ്രവാദസംഘടനകള്‍ കേരളത്തില്‍ പിടിമുറുക്കിയതായും സംസ്ഥാനത്ത് സേ്ഫാടനാത്മകമായ സാഹചര്യം നിലനില്‍ക്കുന്നതായും'' കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോ (ഐ.ബി.) രഹസ്യറിപ്പോര്‍ട്ടു തയ്യാറാക്കിയതായി മാതൃഭൂമി ദിനപത്രം രേഖപ്പെടുത്തിയിരിക്കുന്നു (27 സപ്തംബര്‍ 2009).
കേരളത്തിലെ മുസ്‌ലിങ്ങള്‍ക്കിടയിലെ തീവ്രവാദമാണ് തത്കാലം നമ്മള്‍ നേരിടുന്ന പ്രധാനപ്രശ്‌നം. ഇവിടത്തെ ഹിന്ദുക്കള്‍ക്കിടയിലും തീവ്രവാദമുണ്ട്. ആര്‍.എസ്.എസ്. മുതലായ സംഘടനകളുടെ ഹിംസ പലേടത്തായി, പലപ്പോഴായി വെളിപ്പെട്ടിട്ടുണ്ട്. ഈയിടെ കോഴിക്കോട്ടെ മാറാട് കടപ്പുറത്ത് ഉണ്ടായ കലാപങ്ങള്‍ (ഒന്നാം മാറാട്: 3, 4 ജനവരി 2002; രണ്ടാം മാറാട്: 4 മെയ് 2003) ഈ രണ്ടുവിഭാഗം തീവ്രവാദങ്ങളുടെയും സാന്നിധ്യത്തിന് തെളിവുതരുന്നു.
ഇപ്പോള്‍ ചോദിക്കാവുന്നത്: തീവ്രവാദം കേരളത്തിന് പുതിയ കാര്യമാണോ? 1970-കളില്‍ നക്‌സലിസവും 1948-ലെ കല്‍ക്കട്ടാതീസീസ് കാലത്ത് കമ്യൂണിസവും 1942-ലെ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് കോണ്‍ഗ്രസ്സും പിന്തുടര്‍ന്നത് തീവ്രവാദത്തിന്റെ പാത തന്നെയല്ലേ? ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മലബാര്‍മുഖം ഇത്തരം ആയുധപ്രയോഗത്തിന്റെ അരങ്ങായി 1921-22 കാലത്ത് മാറുകയുണ്ടായില്ലേ? 1830- 1920 കാലത്ത് മലബാറില്‍ പിറവിയെടുത്ത അമ്പതോളം ചെറിയ കര്‍ഷക കലാപങ്ങളിലും കാണുന്നത് ഈ ഹിംസാവാസന തന്നെയല്ലേ?
മേല്‍പ്പറഞ്ഞ ഉദാഹരണങ്ങളില്‍ കാണുംപോലെ ജന്മിത്തത്തെ പാഠം പഠിപ്പിക്കുക, അനീതിക്ക് നിവൃത്തിയുണ്ടാക്കുക, അക്രമത്തെ ചെറുക്കുക, രാഷ്ട്രീയസ്വാതന്ത്ര്യം ഉറപ്പാക്കുക മുതലായ 'ന്യായമായ' ആവശ്യങ്ങള്‍ക്കുവേണ്ടി ആയുധമെടുക്കുന്നതും ജനാധിപത്യത്തിന്റെ കാഴ്ചപ്പാടില്‍ ഹിംസ തന്നെ. എന്തിന്റെ പേരിലായാലും വ്യക്തികളോ സംഘടനകളോ വാളെടുക്കുന്നത് സമൂഹത്തിന്റെ സുസ്ഥിതിക്ക് എതിരാണ്. വ്യക്തികളുടെയോ സമുദായങ്ങളുടെയോ സങ്കടങ്ങള്‍ക്ക് നിവൃത്തിയുണ്ടാക്കേണ്ടത് ജനകീയസമരം, നിയമനിര്‍മാണം, ഭരണനിര്‍വഹണം, നീതിന്യായം മുതലായ വ്യവസ്ഥാപിതമാര്‍ഗങ്ങളിലൂടെയാണ്; ബലപ്രയോഗത്തിലൂടെയല്ല.
മുകളില്‍ വിശദീകരിച്ചവയും ഇക്കാലത്ത് കണ്ടുവരുന്നവയും ആയ ഹിംസകള്‍ തമ്മിലുള്ള ശ്രദ്ധേയമായ വ്യത്യാസം ഇതാണ്: തന്റെ നേരെ അക്രമം കാണിക്കുകയോ, താന്‍ അനുഭവിക്കുന്ന അനീതിക്ക് ഉത്തരവാദിയായിരിക്കുകയോ ചെയ്യുന്ന ആളെയോ, ഒരുകൂട്ടം ആളുകളെയോ ശാരീരികമായി നശിപ്പിക്കുന്നതിലൂടെ സ്വന്തം ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുക എന്നതാണ് പഴയകാലത്തെ ആയുധപ്രയോഗങ്ങളുടെ 'ന്യായീകരണം'. കുറ്റവാളി എന്ന് ബോധ്യമുള്ളവരെ ശിക്ഷിക്കുന്ന രീതിയാണിത്. നീതിപീഠത്തിന്റെ വിചാരണയില്ലാതെ, രാഷ്ട്രത്തിന്റെ പങ്കാളിത്തമില്ലാതെ ശിക്ഷ നടപ്പാക്കി എന്ന അപാകം അതിനുണ്ട്. എങ്കില്‍ത്തന്നെയും അവിടെ സാധാരണ നിലയ്ക്ക് നിരപരാധികള്‍ ഇരകളായിത്തീര്‍ന്നിട്ടില്ല. മറിച്ച്, താനറിയുകയോ തന്നെ അറിയുകയോ ചെയ്യാത്ത ആളുകളാണ് ഇന്നത്തെ തീവ്രവാദിയുടെ ലക്ഷ്യം. തനിക്കെതിരെയോ, തന്റെ സമുദായത്തിനെതിരെയോ എന്തെങ്കിലും കുറ്റംചെയ്തു എന്ന് ആ ബലിയാടിനെപ്പറ്റി ഈ തീവ്രവാദിക്കുപോലും ആക്ഷേപമില്ല. ചിലപ്പോള്‍ ഒരു പ്രത്യേക മതസമൂഹത്തില്‍, ജാതിസമുദായത്തില്‍, ഭാഷാസാഹചര്യത്തില്‍, രാഷ്ട്രത്തില്‍ ജനിച്ചു എന്ന 'കുറ്റം' അയാള്‍ ചെയ്തിരിക്കാം!
സ്വന്തം ജനനത്തിന്റെ കാര്യത്തിലാവട്ടെ, ആര്‍ക്കും ഒരുത്തരവാദിത്വവും ഇല്ല. എന്തിന്റെ പേരിലാണ് താന്‍ ശിക്ഷിക്കപ്പെടുന്നത് എന്നുപോലും തിരിച്ചറിയാതെ മരിച്ചുപോകാന്‍ വിധിക്കപ്പെട്ട നിര്‍ഭാഗ്യവാന്മാരാണ് മിക്കപ്പോഴും തീവ്രവാദത്തിന്റെ ഇരകള്‍.
ആധുനിക ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തില്‍ പ്രധാനപ്പെട്ട വര്‍ഷമാണ് 1919. സര്‍ക്കാറിന് അമിതാധികാരം നല്‍കുന്ന റൗളറ്റ് ആക്ട് ഇന്ത്യയില്‍ വന്‍പ്രതിഷേധത്തിന് വിഷയമായവര്‍ഷം; പഞ്ചാബിലെ ജാലിയന്‍വാലാബാഗിലെ കൂട്ടക്കൊല നടന്നകൊല്ലം. ഒന്നാം ലോകയുദ്ധ (1914- 1918) ത്തെത്തുടര്‍ന്ന് തുര്‍ക്കി സുല്‍ത്താന്റെ ഖലീഫാപദവി ബ്രിട്ടനടക്കമുള്ള സഖ്യശക്തികള്‍ എടുത്തുകളഞ്ഞത് പുനഃസ്ഥാപിച്ച് കിട്ടുന്നതിനു മുസ്‌ലിങ്ങള്‍ ഖിലാഫത്ത് പ്രസ്ഥാനം ആരംഭിക്കുന്നതും ഈ വര്‍ഷത്തിലാണ്.
ബ്രിട്ടീഷ് വിരോധം, ദേശീയപ്രസ്ഥാനം, കോണ്‍ഗ്രസ് പാര്‍ട്ടി മുതലായവയ്ക്ക് ആളെക്കൂട്ടുന്നതിനുവേണ്ടി ഗണേശോത്സവം മുതലായ മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന വിദ്യ കോണ്‍ഗ്രസ് നേരത്തേ ആരംഭിച്ചിരുന്നു. മുസ്‌ലിങ്ങളെ ദേശീയപ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നതിനും അവര്‍ക്കിടയിലെ ബ്രിട്ടീഷ്‌വിരോധം പൊലിപ്പിക്കുന്നതിനുമാണ് ഗാന്ധിയും മറ്റു കോണ്‍ഗ്രസ് നേതാക്കളും ഖിലാഫത്തിനു പിന്തുണ പ്രഖ്യാപിച്ചത്. മുഹമ്മദലി, ഷൗക്കത്തലി, അബുല്‍കലാം ആസാദ് തുടങ്ങിയ നേതാക്കള്‍ ഖിലാഫത്ത് അനുകൂലികളായിരുന്നു. അന്ന് കോണ്‍ഗ്രസ് നേതാവായിരുന്ന മുഹമ്മദലി ജിന്ന ആ പ്രസ്ഥാനത്തെ നിശിതമായി എതിര്‍ത്തു. ഖിലാഫത്തിന്റെ പുനഃസ്ഥാപനം ജനാധിപത്യവിരുദ്ധമാണെന്നും അത്തരം വൈകാരികതകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത് ജനങ്ങള്‍ക്കിടയില്‍ മതവിഭാഗീയത സൃഷ്ടിക്കുമെന്നും ജിന്ന താക്കീതു ചെയ്തു.
1921-22 കാലത്ത് മലബാറില്‍ ഖിലാഫത്തുകാരില്‍ ചിലര്‍ വാളെടുത്തു. ബ്രിട്ടീഷ്‌വിരുദ്ധമായി ആരംഭിക്കുകയും ജന്മിവിരുദ്ധമായി കത്തിപ്പടരുകയും ചെയ്ത ആ കലാപം ചില സ്ഥലങ്ങളില്‍ വര്‍ഗീയമായി രൂപാന്തരപ്പെട്ട് സങ്കീര്‍ണസ്വഭാവം കൈവരിച്ചു. 1923- ല്‍ റിപ്പബ്ലിക് ആയിത്തീര്‍ന്ന തുര്‍ക്കിയുടെ ആദ്യത്തെ പ്രസിഡന്റ് മുസ്തഫ കമാല്‍ പാഷ (1881- 1938) ഖിലാഫത്ത് റദ്ദാക്കി (1924). തുര്‍ക്കിയിലെ ജനങ്ങള്‍ക്ക് ഖിലാഫത്ത് ആവശ്യമുണ്ടായിരുന്നില്ല!
ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന മതപണ്ഡിതനാണ് അബുല്‍ അഅ്‌ലാ മൗദൂദി (1903-1979). അദ്ദേഹത്തെ രാഷ്ട്രീയചിന്തകനായി രൂപാന്തരപ്പെടുത്തുന്നത് ഈ പ്രസ്ഥാനമാണ്. ഖിലാഫത്തിന്റെ പുനഃസ്ഥാപനം എന്ന സ്വപ്നം എളുപ്പത്തില്‍ പൊലിഞ്ഞുപോയെങ്കിലും 'ഇസ്‌ലാമികരാഷ്ട്രസ്ഥാപനം' എന്ന പുതിയൊരു സ്വപ്നം മൗദൂദി വികസിപ്പിച്ചെടുത്തു. സങ്കല്‍പത്തിലുള്ള ആ ഭരണക്രമത്തെ അദ്ദേഹം 'ഹുകൂമത്തെ ഇലാഹി' (ദൈവികഭരണം) എന്നു വിളിച്ചു.
ഇസ്‌ലാമികവിശ്വാസം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സംഘട്ടനത്തിന്റെ ചരിത്രമാണ് അദ്ദേഹത്തിന് മനുഷ്യചരിത്രം. ദൈവികജനാധിപത്യം (Theo democracy) സ്ഥാപിക്കുന്നതിനുള്ള 'ഇസ്‌ലാമികവിപ്ലവ'ത്തില്‍ പങ്കാളിയാവുകയാണ് ഓരോ വിശ്വാസിയുടെയും കടമ. ദേശീയതയുടെ അതിരുകളെ മാനിക്കാത്തതും മതേതരത്വം എന്ന ആശയം തീര്‍ത്തും തള്ളിക്കളയുന്നതുമായ ഒരു രാഷ്ട്രവ്യവസ്ഥയ്ക്കുവേണ്ടി പോരാടുവാനാണ് അദ്ദേഹം 1941-ല്‍ ജമാഅത്തെ ഇസ്‌ലാമി സ്ഥാപിച്ചത്.
ഇസ്‌ലാം വെറുമൊരു മതമല്ലെന്നും അതൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രം ആണെന്നും ആയിരുന്നു മൗദൂദിയുടെ തീര്‍പ്പ്. അതുകൊണ്ട്അദ്ദേഹം സാമുദായികരാഷ്ട്രീയ(community politics)ത്തെ തള്ളിപ്പറഞ്ഞു, പകരം മതരാഷ്ട്രീയം (religious politics)സ്വീകരിച്ചു. ഏഴാം നൂറ്റാണ്ടില്‍ പ്രവാചകന്‍ ജീവിച്ച അറേബ്യന്‍ ഗോത്രസമൂഹത്തില്‍ നിലനിന്ന മതനിയമങ്ങള്‍ രാഷ്ട്രനിയമങ്ങളാക്കിക്കൊണ്ട് ദൈവത്തിന്റെ പേരില്‍ പുരോഹിതന്‍ നാടുവാഴുന്ന അവസ്ഥയാണ് അദ്ദേഹം ഭാവന ചെയ്തത്: ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്കിടയിലെ ഇസ്‌ലാമിക തീവ്രവാദപ്രത്യയശാസ്ത്രം അങ്ങനെ ആവിഷ്‌കാരംകൊണ്ടു.
1948-ലാണ് ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇവിടെ അവര്‍ ആയുധപരിശീലനം നടത്തിയതിന് നാളിതുവരെ തെളിവൊന്നുമില്ല. എങ്കിലും മൗദൂദിസത്തിന്റെ അനുയായികളോ, അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവരോ, അതിന്റെ രൂപാന്തരങ്ങളോ ആണ് കേരളത്തിലെ തീവ്രവാദപ്രസ്ഥാനക്കാരധികവും.
ഒരുതരം പ്രത്യയശാസ്ത്രവും ഇല്ലാത്ത രാഷ്ട്രീയപാര്‍ട്ടിയാണ് ഓള്‍ ഇന്ത്യാ മുസ്‌ലിംലീഗ് (1906). അതിന്‍േറത് മതരാഷ്ട്രീയമല്ല, സമുദായിക രാഷ്ട്രീയമാണ്. മതനിയമങ്ങളുടെ പുനഃസ്ഥാപനത്തിനല്ല, സമുദായത്തിന്റെ ഭൗതികക്ഷേമത്തിനാണ് അതു നിലകൊള്ളുന്നത്. ജനാധിപത്യത്തിന്റെ ഭാഗമായി നിന്നുകൊണ്ട് ന്യൂനപക്ഷസമുദായത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യം. പക്ഷേ, പാകിസ്താന്‍ പ്രമേയം (ലാഹോര്‍: 1940) കൊണ്ടുവരുമ്പോള്‍ മതദേശീയത എന്ന അപകടകരമായ വര്‍ഗീയനിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതും ആ രാജ്യം നേടിയെടുക്കുന്നതിനു പ്രത്യക്ഷസമരം (ഡയറക്ട് ആക്ഷന്‍:1946) ആരംഭിക്കുന്നതും ആ വഴിക്ക് ചില സ്ഥലങ്ങളില്‍ വര്‍ഗീയലഹളകള്‍ക്ക് കാരണമായിത്തീരുന്നതും ഇതേ ലീഗ് തന്നെ.
വിഭജനത്തിനുശേഷം 1948-ല്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് രൂപം കൊണ്ടു. ജനാധിപത്യത്തിന്റെ ഭാഗമായി ന്യൂനപക്ഷാവകാശങ്ങള്‍ക്കുവേണ്ടി നില്‍ക്കാം എന്ന രാഷ്ട്രീയപാത തന്നെയാണ് അതിന്റെ മുന്നിലുണ്ടായിരുന്നത്.
ഒന്നാം ഇ.എം.എസ്. മന്ത്രിസഭ (1957) യ്‌ക്കെതിരെ നടന്ന വിമോചനസമര (1959) മാണ് പ്രാദേശികരാഷ്ട്രീയത്തില്‍ മുസ്‌ലിംലീഗിന്റെ പ്രസക്തി അടയാളപ്പെടുത്തിയത്. അന്ന് രൂപംകൊണ്ട കോണ്‍ഗ്രസ്-ലീഗ്-പി.എസ്.പി. (കോലീപി) സഖ്യം പാകിസ്താന്‍വാദം, വര്‍ഗീയലഹളകള്‍, രാഷ്ട്രവിഭജനം മുതലായവയുടെ പേരില്‍ ലീഗിനു കല്‍പ്പിച്ചുപോന്ന അയിത്തത്തില്‍ അയവുവരുത്തി. തുടര്‍ന്നുനടന്ന തിരഞ്ഞെടുപ്പില്‍ (1960) സഖ്യം ഭൂരിപക്ഷം നേടിയെങ്കിലും ലീഗിന് മന്ത്രിസ്ഥാനം കൊടുക്കാതെ അതിന്റെ നേതാവ് കെ.എം. സീതി സാഹിബിന് സ്പീക്കര്‍പദവി കൊടുത്ത് തൃപ്തിപ്പെടുത്തുകയാണുണ്ടായത്.
സീതിസാഹിബ് അന്തരിച്ചപ്പോള്‍ ലീഗ് പിന്‍ഗാമിയായിക്കണ്ടത് സി.എച്ച്. മുഹമ്മദ് കോയയെയാണ്. മുസ്‌ലിംലീഗുകാരനായിരിക്കെ സ്പീക്കറാക്കുകയില്ലെന്നും പാര്‍ട്ടി അംഗത്വം രാജിവെച്ചാല്‍ മാത്രമേ ആ സ്ഥാനം കൊടുക്കൂ എന്നുമുള്ള നിലപാടാണ് കോണ്‍ഗ്രസ് എടുത്തത്- സ്വന്തം പാര്‍ട്ടി നിര്‍ദേശം മാനിച്ച് സി.എച്ച്. അങ്ങനെ ചെയ്‌തെങ്കിലും ലീഗ് ഏറെ വൈകാതെ കോണ്‍ഗ്രസ്സുമായി വഴിപിരിഞ്ഞു. അധികാര രാഷ്ട്രീയത്തിലേക്ക് ലീഗ് കടന്നുചെല്ലുന്നത് 1967-ലാണ്: സി.പി.എമ്മിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട സപ്തമുന്നണി വന്‍വിജയം നേടിയ ഘട്ടത്തില്‍. അന്നു രൂപംകൊണ്ട രണ്ടാം ഇ.എം.എസ്. മന്ത്രിസഭയില്‍ ലീഗ് നേതാക്കള്‍ മുഹമ്മദ് കോയയും (വിദ്യാഭ്യാസം) അഹമ്മദ് കുരിക്കളും (പഞ്ചായത്ത്) അംഗങ്ങളായി.
ലീഗിന് കേരളത്തില്‍ മന്ത്രിസ്ഥാനം കിട്ടിയത് ഹിന്ദുവര്‍ഗീയകക്ഷിയായ ജനസംഘ (ബി.ജെ.പി.യുടെ ആദിരൂപം) ത്തെ ഇളക്കിമറിച്ചു. ആ മന്ത്രിസഭയുടെ പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഒന്നായ മലപ്പുറം ജില്ലാരൂപവത്കരണം (1969) ഈ കയ്പ് വെളിപ്പെടാന്‍ അവസരമൊരുക്കി. പാകിസ്താന്‍വാദത്തെ അനുകൂലിച്ചിരുന്ന കേരളത്തിലെ ലീഗുകാരില്‍ ചിലര്‍ മലബാറില്‍ ഒരു 'മാപ്പിളസ്താന്‍' വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആ ഓര്‍മ പൊക്കിക്കൊണ്ടുവന്ന് കേരളത്തിനകത്ത് ഒരു 'കൊച്ചുപാകിസ്താന്‍' രൂപവത്കരിക്കുകയാണെന്നും ജില്ലയില്‍ അമുസ്‌ലിങ്ങള്‍ക്ക് ജീവിക്കുവാനോ, വസ്തുവകകള്‍ കൈവശം വെക്കുവാനോ അവകാശമുണ്ടാവുകയില്ലെന്നുമുള്ള തരത്തില്‍ ഊതിവീര്‍പ്പിച്ച പ്രചാരണമാണ് ജനസംഘം അഖിലേന്ത്യാതലത്തില്‍ അഴിച്ചുവിട്ടത്.
ജില്ലാ രൂപവത്കരണത്തിനെതിരെ മലബാറില്‍ നടന്ന സമരങ്ങളിലെ പങ്കാളികള്‍ അധികവും ഉത്തരേന്ത്യക്കാരായിരുന്നു. കോഴിക്കോട്ടുനടന്ന വന്‍പ്രകടനത്തില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളില്‍ ഭൂരിഭാഗവും ഹിന്ദിയിലായതുതന്നെ തെളിവ്. അന്ന് അത്രയധികം ജനസംഘക്കാര്‍ കേരളത്തില്‍ ഇല്ല എന്നര്‍ഥം.
ആധുനികകേരളത്തിന്റെ വര്‍ഗീയവത്കരണം ആരംഭിക്കുന്നത് സാമുദായിക ശക്തികളെ കൂട്ടിപ്പിടിച്ചു നടത്തിയ വിമോചനസമര (1959) ത്തോടു കൂടിയാണ്; ആ മണ്ഡലത്തിലേക്ക് ഹിന്ദുത്വരാഷ്ട്രീയത്തിന് പ്രവേശനം കൊടുക്കുന്നത് മലപ്പുറം ജില്ലാ വിരുദ്ധസമരവും (1969). ജില്ലാരൂപവത്കരണം വികസനത്തിന്റെ പ്രശ്‌നമായിരുന്നു. അത് 'സാമുദായികം' ആക്കിത്തീര്‍ത്തതില്‍ മുസ്‌ലിം ലീഗിനും ജനസംഘത്തിനും ഒരുപോലെ ഉത്തരവാദിത്വമുണ്ട്. ആ വൈകാരികതയിലൂടെ വോട്ടുബാങ്ക് ശക്തിപ്പെടുത്താം എന്ന് ലീഗും ഈ തഞ്ചത്തില്‍ ചുവടുറപ്പിക്കാം എന്ന് ജനസംഘവും കണ്ടറിഞ്ഞു. അതങ്ങനെ കത്തിപ്പടരുന്നതിന്റെ ആപത്ത് തിരിച്ചറിയുന്നതില്‍ പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസ്സും മുഖ്യഭരണകക്ഷിയായ സി.പി.എമ്മും പരാജയപ്പെട്ടു.
മാതൃഭൂമി - 2 നവംബര്‍ 2009
സ്നേഹപൂര്‍വ്വം
അഹങ്കാരി
0 comments:
Post a Comment