1992ല്‍ ഹിന്ദുവര്‍ഗീയവാദികള്‍ അയോധ്യയിലെ ബാബറി പള്ളി പൊളിച്ചു. ആ അക്രമം കേരളത്തില്‍ ഹിന്ദു- മുസ്‌ലിം വിഭാഗീയതകള്‍ക്ക് ഒരുപോലെ മൂച്ചുകൂട്ടി. കേന്ദ്ര സര്‍ക്കാര്‍ തീവ്രനിലപാടുകളുള്ള ആര്‍.എസ്.എസ്., വിശ്വഹിന്ദുപരിഷത്ത് മുതലായ ഹിന്ദുസംഘടനകളെയും ജമാഅത്തെ ഇസ്‌ലാമി, ഐ.എസ്.എസ്. മുതലായ മുസ്‌ലിം സംഘടനകളെയും നിരോധിച്ചു.
ജമാഅത്തെ ഇസ്‌ലാമി നിരോധനം നീക്കിക്കിട്ടുന്നതിന് വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ മുന്നേറിയപ്പോള്‍ മഅദനി ഐ.എസ്.എസ്. വഴിയിലുപേക്ഷിച്ച് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) എന്നൊരു രാഷ്ട്രീയകക്ഷിയുമായി രംഗത്തെത്തി. പേരിന് ചില ദളിതരെയും മറ്റും കൂടെക്കൂട്ടിയിരുന്നെങ്കിലും തീവ്രവാദം തന്നെയായിരുന്നു അക്കാലത്തും പ്രസംഗങ്ങളുടെ പ്രമേയം. ഡിസംബര്‍ 6 -ന് 'ബാബറിദിനം' ആചരിക്കുന്നതും അതിന്റെ ഭാഗമായി ബന്ദോ, ഹര്‍ത്താലോ സംഘടിപ്പിക്കുന്നതും ആയിരുന്നു പ്രധാന പ്രവര്‍ത്തനം. ദിനാചരണവും ബന്ധപ്പെട്ട പ്രചാരണങ്ങളും നാട്ടില്‍ വിഭാഗീയതയും വൈകാരികസംഘര്‍ഷവും പടര്‍ത്തുന്ന തരമായിരുന്നു.
ഇക്കാലത്ത് മുസ്‌ലിം സമൂഹത്തില്‍ മറ്റൊരുതരം തീവ്രവാദം തലപൊക്കുന്നുണ്ട്. സമുദായത്തിനകത്തെ പള്ളിത്തര്‍ക്കങ്ങളിലും സംഘടനാപോരുകളിലും ചില്ലറ കാലത്തേക്കാണെങ്കിലും കടന്നുവന്ന ബലപ്രയോഗത്തില്‍ അതു കാണാം. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരുടെ അനുയായികള്‍ രൂപവത്കരിച്ച 'സുന്നി ടൈഗര്‍ ഫോഴ്‌സ്' എന്ന സംഘടന ഈ വികാരത്തിന്റെ പ്രതിരൂപം ആയിരുന്നു. കോഴിക്കോട്ടെ മുജാഹിദ് സെന്ററിന് ബോംബെറിഞ്ഞതും (1992), മതപരിഷ്‌ക്കരണവാദിയായ ചേകനൂര്‍ മൗലവിയെ ശ്വാസം മുട്ടിച്ചുകൊന്നതും(1993), പെരുന്നാള്‍ ഉറപ്പിക്കല്‍ തര്‍ക്കത്തിന്റെ പേരില്‍ സുന്നി-മുജാഹിദ് കൊലപാതകങ്ങള്‍ നടന്നതും (1997) ഇത്തരം അത്യാചാരങ്ങള്‍ക്ക് ഉദാഹരണം. ഇവിടെ ശ്രദ്ധേയമായ കാര്യം: ഈ ഭീകരവാദം സ്വന്തം സമുദായത്തിലെ അംഗങ്ങള്‍ക്കെതിരെ മാത്രമാണ്; അന്യസമുദായങ്ങള്‍ക്കെതിരെ ഒന്നുമില്ല.
ബാബറിപള്ളിയുടെ തകര്‍ച്ച സൃഷ്ടിച്ച അന്തരീക്ഷത്തില്‍ നിന്ന് ഊര്‍ജം വലിച്ചെടുത്തുകൊണ്ടാണ് എന്‍.ഡി.എഫ്. പ്രവര്‍ത്തനമാരംഭിക്കുന്നത്. ആ പേരിന് രണ്ടുതരം വിപുലനമുണ്ട്- നാഷണല്‍ ഡവലപ്‌മെന്റ് ഫ്രണ്ട് ( ദേശീയ വികസനമുന്നണി) എന്നും നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ് (ദേശീയ പ്രതിരോധസേന) എന്നും! രാഷ്ട്രീയത്തില്‍ നിരന്തരം ഇടപെട്ടെങ്കിലും ഐ.എസ്.എസ്. പോലെ അതും രാഷ്ട്രീയപാര്‍ട്ടിയായില്ല. എന്‍.ഡി.എഫ്. സാംസ്‌കാരികസംഘടനയാണെന്നും ഏത് പാര്‍ട്ടിയില്‍ അംഗമായ ആര്‍ക്കും ഇതില്‍ അംഗമാകാമെന്നും ഉള്ള 'വിശാലമായ' സമീപനമാണ് അവര്‍ സ്വീകരിച്ചത്. ഇത്, ഏതു പാര്‍ട്ടിയിലും നുഴഞ്ഞുകയറാനുള്ള തന്ത്രം മാത്രമാണ് എന്ന് വൈകാതെ വ്യക്തമായി.
ഏതൊക്കെയോ കേന്ദ്രങ്ങളില്‍ നിന്ന് കാര്യമായി ഫണ്ടുകിട്ടുന്നുണ്ട് എന്ന് തോന്നിക്കുന്ന തരമായിരുന്നു എന്‍.ഡി.എഫിന്റെ പ്രവര്‍ത്തന ശൈലി- പത്രസ്ഥാപനം, പുസ്തകപ്രസാധനശാല, കേരളത്തിന്റെ മുക്കിലും മൂലയിലും ചുവരെഴുത്തുകള്‍, നിറപ്പകിട്ടുള്ള വാള്‍പോസ്റ്ററുകള്‍, സമ്മേളനങ്ങള്‍, പ്രവര്‍ത്തകര്‍ക്ക് വിലകൂടിയ വാഹനങ്ങള്‍, ആഗസ്ത് 15ന് നാട്ടുകാരെ അമ്പരപ്പിക്കുന്ന മട്ടില്‍ അനേകം യുവാക്കള്‍ പങ്കെടുക്കുന്ന മാര്‍ച്ച് ........
കേരളത്തിലെ മുന്‍ സിമി നേതാക്കളാണ് കോഴിക്കോട് കേന്ദ്രമാക്കി എന്‍.ഡി.എഫ്. സംഘടിപ്പിച്ചത്. സ്വാഭാവികമായും ഇസ്‌ലാമിക രാഷ്ട്രസ്ഥാപനത്തിനുവേണ്ടി പൊരുതുക എന്ന മൗദൂദിസ്റ്റ് കാഴ്ചപ്പാട് തന്നെയാണ് അവരുടെ പ്രചോദനം. താലിബാന്‍, അല്‍ഖ്വെയ്ദ, ലഷ്‌ക്കര്‍ ഇ-തൊയ്ബ, ജയ്‌ഷെ-മുഹമ്മദ് മുതലായ അഫ്ഗാനിസ്താനിലും പാകിസ്താനിലും കശ്മീരിലും പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘടനകളോട് താത്ത്വികമായി യോജിക്കുന്ന ഒരു തലം ഇവര്‍ക്കുണ്ട്. പ്രശ്‌നങ്ങളെല്ലാം അന്തര്‍ദേശീയമായ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുകയും അമേരിക്കന്‍ സാമ്രാജ്യത്വത്തെ കിരാതമായി ചിത്രീകരിക്കുകയും സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് ഭരണകൂടങ്ങളെ വിമര്‍ശിക്കുകയും ചെയ്യുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിം ചെറുപ്പക്കാര്‍ക്കിടയില്‍ 'പീഡിതബോധം' വളര്‍ത്തുവാന്‍ സഹായിച്ചിട്ടുണ്ട്.
ഇന്നത്തെ ലോകത്ത് എവിടെയും മുസ്‌ലിങ്ങള്‍ ഇരകളാണെന്നും ചെറുത്തുനില്‍പ്പിനുവേണ്ടി അവര്‍ നടത്തുന്ന പ്രത്യാക്രമണങ്ങള്‍ കുറ്റമായി എണ്ണിക്കൂടെന്നും ആണ് എന്‍.ഡി.എഫ്. അണികളെ പഠിപ്പിക്കുന്നത്: പ്രതിരോധത്തിന്റെ പ്രത്യയശാസ്ത്രം!
അനവധി അക്രമങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തകര്‍ക്ക് പങ്കുള്ളതായി പത്രവാര്‍ത്തകളും പോലീസ് റിപ്പോര്‍ട്ടുകളും കോടതിവിധികളും സാക്ഷ്യപ്പെടുത്തുന്നു. മാറാട് കലാപങ്ങളെപ്പറ്റി അന്വേഷിച്ച തോമസ് പി. ജോസഫ് കമ്മീഷ (2007) ന്റെ റിപ്പോര്‍ട്ടില്‍ ആ സംഭവങ്ങളില്‍ എന്‍.ഡി.എഫിനുള്ള പങ്ക് രേഖപ്പെടുത്തിയിട്ടുണ്ട്.
ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് (1997) രണ്ടുവഴിക്ക് തീവ്രവാദത്തിന് സഹായകമായി:
1. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്ന ജനാധിപത്യപരമായ നിലപാട് മുസ്‌ലിംലീഗ് സ്വീകരിക്കാഞ്ഞതുകൊണ്ട് അതിന്റെ യുവജനസംഘടനയിലും വിദ്യാര്‍ഥിസംഘടനയിലും പ്രവര്‍ത്തിക്കുന്ന പലരും മതസംഘടനകളിലോ തീവ്രവാദസംഘടനകളിലോ ചേരുന്നതാണ് മാനം എന്നൊരു തീര്‍പ്പിലെത്തി.
2. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുറ്റം ആരോപിക്കപ്പെട്ടവര്‍ മുസ്‌ലിങ്ങളായതുകൊണ്ടുമാത്രം പീഡിപ്പിക്കപ്പെടുകയാണ് എന്ന പ്രചാരവേല തഴച്ചു. ഇത് 'പീഡിതബോധ'ത്തിന്റെ തൂക്കം വര്‍ധിപ്പിച്ചു.
ബി.ജെ.പി.നേതാവ് എല്‍.കെ. അദ്വാനിയെ വകവരുത്താന്‍ രൂപംകൊണ്ടതായി പറയപ്പെടുന്ന കോയമ്പത്തൂര്‍ സ്‌ഫോടനത്തിലെ പ്രതി എന്ന നിലയില്‍ മഅദനിയെ അറസ്റ്റു ചെയ്തത് (1998) നമ്മുടെ നാട്ടിലെ തീവ്രവാദചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നാണ്. വിചാരണപോലുമില്ലാതെ ഒമ്പതര കൊല്ലം അദ്ദേഹം കോയമ്പത്തൂര്‍ ജയിലില്‍ പീഡനം ഏറ്റു. തീവ്രവാദം ഇല്ലാതാക്കുന്നതിനാണ് അദ്ദേഹത്തെ തടവിലിട്ടതെങ്കിലും ആ രീതിയില്‍ പുലര്‍ന്ന അനീതി ജയിലിനു പുറത്ത് തീവ്രവാദത്തെ കൂടിയ അളവില്‍ പുനരുത്പാദിപ്പിച്ചു. ഇവിടത്തെ നിയമനിര്‍മാണം, ഭരണനിര്‍വഹണം, നീതിന്യായം എന്നിവയൊന്നും മുസ്‌ലിങ്ങളോട് നീതി കാണിക്കുകയില്ല എന്ന ആക്ഷേപത്തിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമായിത്തീര്‍ന്നു, മഅദനി. അദ്ദേഹം ജയിലില്‍ക്കിടന്ന കാലമത്രയും ഈ പ്രചാരവേല കൊണ്ടുപിടിച്ചുനടന്നു. അത് എന്‍.ഡി.എഫിന് പുതിയ അനുയായികളെ ഉണ്ടാക്കിക്കൊടുത്തു; നേതാവില്ലാത്ത പി.ഡി.പി.യില്‍ നിന്ന് എത്രയോ അനുയായികള്‍ എന്‍.ഡി.എഫിലേക്ക് ചേക്കേറി.
ജയില്‍മുക്തനായ മഅദനി മാനസാന്തരപ്പെട്ടാണ് മടങ്ങിയെത്തിയത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ (2009) ഇടതുമുന്നണിക്കൊപ്പം നിന്ന അദ്ദേഹം മതതീവ്രവാദത്തിനെതിരായും മതേതരജനാധിപത്യത്തിനനുകൂലമായും സംസാരിച്ചു. അത് പക്ഷേ, കേരളീയര്‍ പൂര്‍ണമായി വിശ്വസിക്കുകയുണ്ടായില്ല. വിശ്വസിക്കാന്‍ ബാദ്ധ്യതപ്പെട്ട അനുയായികളില്‍ പലരും എന്‍.ഡി.എഫില്‍ എത്തിക്കഴിഞ്ഞിരുന്നുതാനും. ലോകവ്യാപാരകേന്ദ്രത്തിന്റെ തകര്‍ച്ച (2001), ഗുജറാത്തിലെ മുസ്‌ലിംഹത്യ (2002), അമേരിക്കയുടെ ഇറാഖ് അധിനിവേശം (2003), സദ്ദാം വധം (2006) തുടങ്ങി അനേകം സംഭവങ്ങള്‍ ഇടക്കാലത്ത് തീവ്രവാദത്തിന്റെ എരിതീയില്‍ എണ്ണ പകരാന്‍ വന്നെത്തുകയും ചെയ്തിരുന്നു.
മുസ്‌ലിം ലീഗിന്റെ സാമുദായികരാഷ്ട്രീയവും(Communal Politics) ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്രീയവും (Relegional Politics) തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി നമ്മുടെ എത്ര നേതാക്കള്‍ ആലോചിച്ചിട്ടുണ്ട്? ആദ്യത്തേത് ജനാധിപത്യത്തെ അംഗീകരിക്കുമ്പോള്‍ രണ്ടാമത്തേത് അതിനെ നിരാകരിക്കുന്നു എന്ന് എത്രപേര്‍ ശ്രദ്ധിച്ചിട്ടുണ്ട്?
സീറ്റിനും അധികാരത്തിനും വേണ്ടി വിഭാഗീയരാഷ്ട്രീയത്തെ പിന്തുണയ്ക്കുമ്പോള്‍ അതിന് ആദര്‍ശത്തിന്റെ മേലങ്കി ചാര്‍ത്തിക്കൊടുക്കുന്ന വിദ്യയില്‍ സി.പി.എം. എന്നും മുന്നിലാണ്: 1990 കളുടെ തുടക്കത്തില്‍ മുകളില്‍ വിശദീകരിച്ചുപറഞ്ഞ സാഹചര്യം ഉപയോഗിച്ച് മതതീവ്രവാദം മുറ്റിത്തഴയ്ക്കുന്ന സന്ദര്‍ഭത്തിലാണ് ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ കുവൈത്തിനെ ആക്രമിക്കുന്നത്(1991). അതുവരെ സ്വന്തം കൈയാളായിരുന്ന സദ്ദാം ഹുസൈനുമായി അമേരിക്ക തീര്‍ത്തും പിണങ്ങാന്‍ ഏറെനാള്‍ വേണ്ടിവന്നില്ല.
പെട്ടെന്ന് സദ്ദാം കേരളത്തിലെ അമേരിക്കന്‍ സാമ്രാജ്യത്വവിരോധികളായ ഇസ്‌ലാമിസ്റ്റുകള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും ഒരുപോലെ പ്രതിരോധത്തിന്റെ പ്രതീകമായിത്തീര്‍ന്നു; ഒപ്പം തങ്ങളെ കൂട്ടി യോജിപ്പിക്കുന്ന കണ്ണിയും! റഷ്യയും ഇറാനും ഇറാഖ്പ്രശ്‌നത്തില്‍ എടുത്ത അമേരിക്കന്‍വിരുദ്ധ സംയുക്തനിലപാട് കേരളത്തില്‍ ജമാഅത്ത്- സി.പി.എം. സഹകരണം എളുപ്പമാക്കി. തുടര്‍ന്നുവന്ന ഗുജറാത്ത് കലാപം, ലോകവ്യാപാരകേന്ദ്രാക്രമണം, അഫ്ഗാന്‍ യുദ്ധം, ഇറാഖ് അധിനിവേശം, സദ്ദാം വധം മുതലായവയെല്ലാം ഈ സഹകരണത്തിന്റെ തുടര്‍ച്ചകളെ ന്യായീകരിച്ചു. അങ്ങനെ മാര്‍ക്‌സിസവും മൗദൂദിസവും കേരളത്തില്‍ കൈകോര്‍ത്തു!
''അമേരിക്കന്‍ സാമ്രാജ്യത്വത്തെ ഇന്ന് സഫലമായി ചെറുത്തുനില്‍ക്കുന്നത് ഇസ്‌ലാം ആണെന്നും അതിനോടൊപ്പം നില്‍ക്കുകയാണ് പുരോഗമനശക്തികളുടെ കര്‍ത്തവ്യം'' എന്നും വ്യാഖ്യാനം വന്നപ്പോള്‍ ഇസ്‌ലാമിസത്തിന്റെ കൂടെ നില്‍ക്കുന്നതാണ് പുരോഗമനം എന്നായിത്തീര്‍ന്നു! സാമ്രാജ്യത്വവിരുദ്ധമായ അന്തര്‍ദേശീയ രാഷ്ട്രീയത്തെപ്പറ്റിയായിരുന്നു പ്രസംഗമെങ്കിലും കേരളത്തിലെ മുസ്‌ലിംവോട്ടുകള്‍ ലീഗില്‍നിന്ന് അടര്‍ത്തി മാറ്റുക എന്നതായിരുന്നു ലക്ഷ്യം.
മതതീവ്രവാദം എന്നത് മതപ്രവര്‍ത്തനമോ രാഷ്ട്രീയപ്രവര്‍ത്തനമോ അല്ല; അക്രമപ്രവര്‍ത്തനമാണ്. അതിനുവേണ്ടി പണിയെടുക്കുന്നവര്‍ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ അനുയായികളല്ല; കുറ്റവാളികളാണ്. അവരെ കൈകാര്യം ചെയ്യേണ്ടത് പോലീസും കോടതിയുമാണ്. പോലീസ് ഇക്കാര്യത്തില്‍ നിസ്സഹായമാകുന്നത് ഭരണാധികാരികളുടെ അവിഹിതമായ ഇടപെടലുകള്‍ കൊണ്ടാണ്. കേരളത്തില്‍ രണ്ടുമുന്നണിയിലെ പാര്‍ട്ടികളും അപ്പോഴും ഇപ്പോഴുമായി മാറിമാറി ഹിന്ദു-മുസ്‌ലിം തീവ്രവാദങ്ങളെ സഹായിച്ചിട്ടുണ്ട്. വര്‍ഗീയത, മതമൗലികത, മതഭീകരത മുതലായ ജീര്‍ണതകളെ നേരിടുവാനുള്ള ഉത്തരവാദിത്വം രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കേണ്ടതാണ്. കാരണം ജനാധിപത്യത്തെ ദുര്‍ബലമാക്കാന്‍ ഇവയ്ക്കുള്ള കഴിവിന് അറ്റമില്ല.
സമുദായം ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആവട്ടെ, അതു കൊണ്ടുനടക്കുന്ന മതതീവ്രവാദം ഫാസിസത്തിന്റെ അനേകം രൂപങ്ങളിലൊന്നുമാത്രമാണ്. അതിന്റെ പ്രധാനപ്പെട്ട ശത്രു ജനാധിപത്യമാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ സൗകര്യം ഉപയോഗിച്ച് ജനാധിപത്യത്തിനകത്തു വളര്‍ന്ന് ജനാധിപത്യത്തെത്തന്നെ വിഴുങ്ങാന്‍ കഴിയുന്ന ജനവിരുദ്ധമായ അരാഷ്ട്രീയതയാണ് മതതീവ്രവാദം. തീര്‍ച്ചയായും തീവ്രവാദികളുന്നയിക്കുന്ന പ്രശ്‌നങ്ങള്‍ രാഷ്ട്രീയമായി ചര്‍ച്ച ചെയ്യുകയും ആവശ്യമായവയ്ക്ക് പരിഹാരം ഉണ്ടാക്കുകയും വേണം. ഒപ്പം അവരുടെ അക്രമ സിദ്ധാന്തത്തെ തടയേണ്ട ചുമതല ഓരോ രാഷ്ട്രീയകക്ഷിക്കുമുണ്ട്; അതിനെ കരുതിയിരിക്കേണ്ട ഉത്തരവാദിത്വം ഓരോ ജനാധിപത്യവിശ്വാസിക്കുമുണ്ട്.
(അവസാനിച്ചു)
മാതൃഭൂമി - 4 നവംബര്‍ 2009
» തീവ്രവാദത്തിന്റെ നാള്‍വഴികള്‍- ഭാഗം 3
സ്നേഹപൂര്‍വ്വം
അഹങ്കാരി
0 comments:
Post a Comment