Showing posts with label തിരിച്ചറിവ്. Show all posts
Showing posts with label തിരിച്ചറിവ്. Show all posts



യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടരുത്‌ ...

മതസാഹോദര്യത്തിന്റെയും സമുദായ സഹജീവനത്തിന്റെയും അടിപ്പടവില്‍ പണിതുയര്‍ത്തിയ സമന്വയാത്മകമായ കേരളീയ സാംസ്‌കാരിക പരിസരത്തെ മുറിപ്പെടുത്തുന്ന ഒന്നും മുസ്‌ലിംലീഗ് ചെയ്തിട്ടില്ല. അത് ചെയ്യുന്നതില്‍ നിര്‍വൃതി കണ്ടെത്തുന്നവര്‍, തീവ്രവാദസംഘടനകളുടെ നേതാക്കളും ചാവേറുകളും തൊട്ട് സി.പി.എമ്മിന്റെ വാലില്‍ തൂങ്ങിനടക്കുന്ന 'ഇരവാദവാനരന്മാര്‍' (ഈ പ്രയോഗത്തിന് വി.എസ്സിനോട് കടപ്പെട്ടിരിക്കുന്നു) വരെയുള്ളവര്‍ കോഴിക്കോട്ടെ മുച്ചുന്തിപ്പള്ളിയില്‍ സമയംകിട്ടുമ്പോള്‍ ഒന്ന് കയറണം....

-കെ.എം. ഷാജി പ്രസിഡന്റ്, മുസ്‌ലിം യൂത്ത് ലീഗ്

കോഴിക്കോട് നഗരത്തില്‍ കുറ്റിച്ചിറയില്‍ മുച്ചുന്തിപ്പള്ളി എന്ന പേരില്‍ ഒരു മുസ്‌ലിം ആരാധനാലയമുണ്ട്. 13-ആം നൂറ്റാണ്ടില്‍ മുച്ചിയന്‍ എന്ന അറബ് കച്ചവടപ്രമാണി നിര്‍മിച്ച പള്ളിയാണത്. മുച്ചിയന്റെ പള്ളി കാലാന്തരത്തില്‍ മുച്ചുന്തിപ്പള്ളിയായി. പള്ളിക്കകത്ത് ഒരു ദ്വിഭാഷാ ശിലാലിഖിതമുണ്ട്. വട്ടെഴുത്തുലിപിയിലും അറബിലിപിയിലും എഴുതിയ ഒരു ശിലാലിഖിതം. അത് ആദ്യമായി വായിച്ചെടുത്തത് ചരിത്രകാരന്മാരായ ഡോ. എം.ജി.എസ്. നാരായണനും ഡോ.എം.ആര്‍. രാഘവവാരിയരും ചേര്‍ന്നാണ്. ആ ശിലാലിഖിതത്തില്‍ അന്നത്തെ സാമൂതിരിരാജാവ് മുച്ചുന്തിപ്പള്ളിയുടെ ദൈനംദിനച്ചെലവുകള്‍ക്ക്‌കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തും മലപ്പുറം ജില്ലയിലെ പുളിക്കലിലും ഭൂമി കൊടുത്തതിനെപ്പറ്റി പറയുന്നുണ്ട്. ഒരുമുസ്‌ലിം ദേവാലയത്തിന്റെ ദിനേനയുള്ള ചെലവുകള്‍ക്കായി ഹിന്ദുവായ ഒരുരാജാവ് സ്ഥലം പതിച്ചുനല്‍കിയ ഇത്തരം ചരിത്രരേഖകള്‍ ഇന്ത്യാ ചരിത്രത്തില്‍ അപൂര്‍വമത്രെ. ഹിന്ദു-മുസ്‌ലിം സാംസ്‌കാരിക സഹജീവനത്തിന്റെ ഉത്തമനിദര്‍ശനമായി മുച്ചുന്തിപ്പള്ളി ഇപ്പോഴും കുറ്റിച്ചിറയിലുണ്ട്.

ഇനി നമുക്ക് 13-ആം നൂറ്റാണ്ടില്‍ നിന്ന് 16-ആം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലേക്ക് വരാം. പൊന്നാനിയില്‍ വസിച്ചിരുന്ന മുസ്‌ലിം മതപണ്ഡിതനായിരുന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം 1583-ല്‍ എഴുതിയ 'തുഹ്ഫത്തുല്‍ മുജാഹിദ്ദീന്‍' എന്ന ഗ്രന്ഥത്തില്‍ മലബാറിലെ ജനങ്ങളുടെ സാമൂഹിക ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു അധ്യായമുണ്ട്. അതില്‍ ജാതിവ്യവസ്ഥയും പുലപ്പേടി, പറപ്പേടി തുടങ്ങിയ അനാചാരങ്ങളും മരുമക്കത്തായവും സംബന്ധവും ബഹുഭാര്യാത്വവും ബഹുഭര്‍ത്തൃത്വവുമെല്ലാം ചര്‍ച്ചചെയ്യുന്നുണ്ട്. കൂട്ടത്തില്‍ അക്കാലത്ത് നിലനിന്നിരുന്ന ഹിന്ദു-മുസ്‌ലിം സമുദായബന്ധം എങ്ങനെയായിരുന്നുവെന്നും ശൈഖ് സൈനുദ്ദീന്‍ വിവരിക്കുന്നുണ്ട്.

തന്റെ ദേശത്തെ മുസ്‌ലിം പള്ളികളിലെ ഖാദിമാര്‍ക്കും ബാങ്ക്‌വിളിക്കുന്നവര്‍ക്കും സമൂതിരിയാണ് ശമ്പളം നല്‍കിയിരുന്നത്. മാത്രമല്ല, കുഞ്ഞാലിമരയ്ക്കാര്‍മാരുടെ നാവികപ്പടയ്ക്ക് കരുത്തുപകരുക എന്ന ലക്ഷ്യത്തോടെ മുക്കുവ കുടുംബങ്ങളില്‍ നിന്ന് ഒരാള്‍ വീതം ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നതിനെയും സാമൂതിരിമാര്‍ പ്രോല്‍സാഹിപ്പിച്ചിരുന്നു എന്ന് സൈനുദ്ദീന്‍ എഴുതുന്നു.

കേരളചരിത്രത്തില്‍ നിന്ന് ഇന്നത്തെ തലമുറയ്ക്ക് അചിന്ത്യമായ രണ്ട് ഉദാഹരണങ്ങളെടുത്ത് പറഞ്ഞത് കൊളോണിയല്‍ പൂര്‍വകേരളത്തില്‍ ഹിന്ദു-മുസ്‌ലിം സമുദായബന്ധങ്ങള്‍ എവ്വിധമായിരുന്നുവെന്നും സമുദായങ്ങള്‍ തമ്മിലുള്ള വിസ്മയാവഹമായ സാഹോദര്യവും സഹജീവനവും എങ്ങനെ പുലര്‍ത്തുന്നു എന്നും വരച്ചുകാട്ടാനാണ്. ഇരുസമുദായങ്ങളിലെയും വര്‍ഗീയ-തീവ്രവാദശക്തികള്‍ സമുദായങ്ങള്‍ തമ്മില്‍ കടുത്ത സംശയരോഗവും ഭ്രാന്തമായ വിദ്വേഷവുമുണ്ടാക്കാന്‍ മല്‍സരിക്കുന്ന ഇക്കാലത്ത് ചരിത്രനിരപേക്ഷമായി കാര്യങ്ങളെ സമീപിക്കുന്നത് ശരിയല്ല. അത്തരം സമീപനം വര്‍ഗീയ-തീവ്രവാദ സംഘടനകള്‍ക്ക് ഊര്‍ജംപകരുക മാത്രമേ ചെയ്യൂ.

തീവ്രവാദത്തെക്കുറിച്ച് പറയുമ്പോള്‍ കേരളത്തിലെ മുസ്‌ലിം സമുദായം അസന്ദിഗ്ധമായി അംഗീകരിക്കേണ്ട ചില പരമാര്‍ഥങ്ങളുണ്ട്. ഒന്നാമതായി, കേരളത്തിലെ മുസ്‌ലിം സമുദായത്തിലെ ഒരു സൂക്ഷ്മന്യൂനപക്ഷം തീവ്രവാദത്തിന്റെ രണോല്‍സുകരഥ്യകളിലേക്ക് ആനയിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. ഒരുചെറിയ വിഭാഗം മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദികളാക്കുന്നതില്‍ തീവ്രവാദാശയങ്ങളെ ഒളിഞ്ഞും തെളിഞ്ഞും ആശ്ലേഷിക്കുന്ന ചില മുസ്‌ലിം സംഘടനകള്‍ അനിഷേധ്യമായ പങ്കുവഹിച്ചിട്ടുണ്ട്. രണ്ടാമതായി, അതിശക്തമായ സാമ്പത്തിക സ്രോതസ്സിന്റെ പിന്‍ബലം ഇവര്‍ക്കുണ്ട് എന്നതാണ്. കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ സജീവസാന്നിധ്യമായ മുസ്‌ലിം ലീഗിന്റെ മുഖപത്രംപോലും പലഘട്ടങ്ങളില്‍ സാമ്പത്തികമായി നിസ്സഹായാവസ്ഥയിലായപ്പോള്‍ (ഇപ്പോഴും) തീവ്രവാദസംഘടനകളുടെ സാരഥ്യത്തിലുള്ള പത്രങ്ങള്‍ക്ക് പണത്തിന് ഇന്നേവരെ ഒരു മുട്ടുമുണ്ടായിട്ടില്ല. എവിടെ നിന്നാണ് ഈ ധനപ്രവാഹം? മുന്‍ ഇന്റലിജന്‍സ് ഐ.ജി.യായിരുന്ന ജേക്കബ് പുന്നൂസ് ഒരിക്കല്‍ പറഞ്ഞത് കേരളത്തില്‍ 50,000 കോടിയുടെ ഹവാലപണമുണ്ടെന്നാണ്. ഇതില്‍ 10 കോടി പോലും ഇന്നേവരെ പിടിച്ചെടുത്തതായി അറിയില്ല. തീവ്രവാദത്തിന്റെ വേരറുക്കാന്‍ തീവ്രവാദികളുടെ സാമ്പത്തിക ഉറവിടത്തിന്റെയും തായ്‌വേരറുക്കണം. ആ ദിശയില്‍ നമ്മുടെ പോലീസ് എന്താണ് ചെയ്തിട്ടുള്ളത്?

മൂന്നാമതായി, കേരളത്തിലെ മുസ്‌ലിങ്ങളെപ്പോലെ മതസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും ജീവിതസ്വാതന്ത്ര്യവും അനുഭവിക്കുന്ന മുസ്‌ലിങ്ങള്‍ ലോകത്തിലെ ഏത് രാജ്യത്തുണ്ട് എന്ന് മുസ്‌ലിങ്ങള്‍ ആത്മപരിശോധന നടത്തണം. മുസ്‌ലിങ്ങള്‍ ഇരകളാണ്, അരക്ഷിതരാണ് എന്ന് എന്‍.ഡി.എഫും പി.ഡി.പി.യും ജമാഅത്തെ ഇസ്‌ലാമിയും മാത്രമല്ല, സി.പി.എം. തലയിലേറ്റിനടക്കുന്ന ചില അന്തസ്സാരവിഹീനബുദ്ധിജീവികളും പറഞ്ഞുനടക്കുന്നുണ്ട്. കേരളത്തിലെ മുസ്‌ലിങ്ങള്‍ക്ക് ഇരയുടെ നിസ്സഹായാവസ്ഥയുമില്ല, വേട്ടക്കാരന്റെ നികൃഷ്ടമാനസികാവസ്ഥയുമില്ല. അവര്‍ ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തെ മുസ്‌ലിങ്ങളെക്കാളും സുരക്ഷിതവും സ്വതന്ത്രവും നിര്‍ഭയവുമായ ജീവിതമാണ് നയിക്കുന്നത്. ഈ സത്യത്തിന്റെ സ്ഫടികത്തിനു മുകളിലാണ് അരക്ഷിതവാദത്തിന്റെയും ഇരവാദത്തിന്റെയും കാളകൂടം ചിലര്‍ ചൊരിയുന്നത്.

നാലാമതായി, ഈയിടെ പിടിക്കപ്പെട്ട തീവ്രവാദികളെ വെള്ളപൂശാനെന്നോണം ഇതൊക്കെ സാമ്ര്യാജ്യത്വ-ഫാസിസ്റ്റ് ഒളിയജന്‍ഡയുടെ ഭാഗമാണ് എന്ന് നൂറാവര്‍ത്തി പറയുന്ന സംഘടനകള്‍ മുസ്‌ലിം സമൂഹത്തിലുണ്ട്. അവരില്‍ പ്രധാനികള്‍ ജമാഅത്തെ ഇസ്‌ലാമിയും എന്‍.ഡി.എഫും പി.ഡി.പി.യുമാണ്. എന്തു സംഭവിച്ചാലും സാമ്രാജ്യത്വം, ഫാസിസം, ഭരണകൂടഭീകരത എന്നൊക്കെപ്പറഞ്ഞ് ഉരുട്ടിക്കൊടുത്താല്‍ മുസ്‌ലിം സമുദായം അത് വെള്ളംചേര്‍ക്കാതെ വിഴുങ്ങും എന്ന മൂഢധാരണ ഇക്കൂട്ടര്‍ ആദ്യം കൈയൊഴിയണം. ഇവര്‍ മനസ്സിലാക്കേണ്ട ഒരുകാര്യം, മുസ്‌ലിം സമുദായം ഈ തീവ്രവാദികളുടെ ബാധ്യത ഏറ്റെടുത്തിട്ടില്ല എന്നതാണ്. മുസ്‌ലിം ലീഗും, നദ്‌വത്തുല്‍ മുജാഹിദ്ദീനും സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയും അതായത് മുസ്‌ലിം സമുദായത്തിലെ മഹാഭൂരിപക്ഷവും ഈ തീവ്രവാദികളെ അഗണ്യകോടിയില്‍ തള്ളിയിട്ടേയുള്ളൂ.

ജമാഅത്തെ ഇസ്‌ലാമിയെപ്പോലെ മതരാഷ്ട്രവാദം ഉയര്‍ത്തിപ്പിടിക്കുന്ന, എന്നാല്‍ 'മതേതരനടന'ത്തില്‍ സ്ഥിരമായി 'എ' ഗ്രേഡ് നേടുന്ന സംഘടനകള്‍ക്കാണ് തടിയന്റവിട നസീറിന്റെയും സര്‍ഫറാസ് നവാസിന്റെയും സൈനുദ്ദീന്‍ എന്ന സത്താര്‍ഭായിയുടെയും സൂഫിയ മഅദനിയുടെയും മറ്റും കാര്യത്തില്‍ വ്യാകുലതയും വേദനയും. അതെന്തുകൊണ്ടാണെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ ചിന്താധാരകളെയും അതിന്റെ ആത്യന്തികലക്ഷ്യത്തെയും (ഇന്ത്യയില്‍ ഇസ്‌ലാമികഭരണകൂടം സ്ഥാപിക്കുക) അടുത്തറിഞ്ഞവര്‍ക്ക് പ്രത്യേകം പറഞ്ഞുകൊടുക്കേണ്ടതില്ല.

കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഇത്രയേറെ വഷളാക്കിയതില്‍ മതേതര രാഷ്ട്രീയ കക്ഷിയാണെന്ന് ഊറ്റംകൊള്ളുന്ന സി.പി.എമ്മിന്റെ പങ്ക് ചെറുതല്ല. ബാബറിമസ്ജിദ് ഹിന്ദുത്വവിധ്വംസകശക്തികള്‍ തകര്‍ത്തകാലത്ത് മുസ്‌ലിംലീഗിന്റെ അഖിലേന്ത്യാ നേതാവായിരുന്ന സേട്ടുസാഹിബും വിരലിലെണ്ണാവുന്ന കുറച്ച് അണികളും മുസ്‌ലിംലീഗിന് 'തീവ്രത' പോരാ എന്നാരോപിച്ച് ഐ.എന്‍.എല്‍. എന്ന പാര്‍ട്ടിയുണ്ടാക്കി. ബാബറിമസ്ജിദ് ധ്വംസനവേളയില്‍ അതിവൈകാരികമായ വര്‍ഗീയരാഷ്ട്രീയത്തിലേക്ക് മുസ്‌ലിംലീഗ് കൂപ്പുകുത്തിയിരുന്നുവെങ്കില്‍ കേരളത്തിന്റെ അവസ്ഥയെന്താകുമായിരുന്നു? പകരം അങ്ങേയറ്റം പരിപക്വവും മതേതരവുമായ ഒരുരാഷ്ട്രീയ നിലപാടാണ് യശഃശരീരനായ ശിഹാബ്തങ്ങളുടെ നേതൃത്വത്തില്‍ മുസ്‌ലിംലീഗ് സ്വീകരിച്ചത്. പക്ഷേ, ലീഗിന്റെ 'തീവ്രതാരാഹിത്യ'ത്തില്‍ രോഷാകുലരായവര്‍ തട്ടിക്കൂട്ടിയ പാര്‍ട്ടിയെ സി.പി.എം. പുണരുന്നതാണ് പിന്നീട് കണ്ടത്. അതുകഴിഞ്ഞ് ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ത്തന്നെ തീവ്രവാദചിന്താസരണികളുടെ പ്രത്യയശാസ്ത്ര ആയുധപ്പുരയായ ജമാഅത്തെ ഇസ്‌ലാമിയെയും തങ്ങളുടെ കൂടാരത്തിലേക്ക് സി.പി.എം. ആനയിച്ചു. പിന്നെ പി.ഡി.പി.യുടെ ഊഴമായി. മഅദനിയുടെ ജീവചരിത്രം സി.പി.എം. രണ്ടായി പകുത്തു - ജയിലില്‍ പോകുന്നതിനു മുമ്പുള്ള മതതീവ്രവാദിയായ മഅദനി/ജയില്‍ മോചിതനായ മതേതരമഅദനി എന്ന രീതിയില്‍.

കുറ്റിപ്പുറത്ത് ഇവരെല്ലാം കൂടിയാണ് ലീഗ് സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ പടനീക്കം നടത്തിയത്. എന്നിട്ട് ഇപ്പോള്‍ എന്തായി? ഇ.ടി. ഇന്ത്യന്‍ പാര്‍ലമെന്റിലും മഅദനിയും കൂട്ടരും ഒന്നിനുപിറകെ ഒന്നായി പൊന്തിവരുന്ന തീവ്രവാദക്കേസുകളുടെ 'ബ്രേക്കിങ് ന്യൂസ്' കേട്ട് ഞെട്ടി ടി.വി.ക്കുമുമ്പിലും ഇരിക്കുന്നു. (ചിലര്‍ ജയിലിലും) സി.പി.എമ്മിന്റെ അപകടകരമായ ഈ അടവുനയം ആവിഷ്‌കരിച്ചവര്‍ ചിന്തിച്ചത് ഇപ്രകാരമായിരുന്നു; ലീഗിനെ ദുര്‍ബലമാക്കാനും ക്രമേണ തകര്‍ക്കാനുമുള്ള എളുപ്പവഴി മുസ്‌ലിം സമുദായത്തിലെ തീവ്രവാദ പ്രതിലോമ ശക്തികളെ കൂടെ നിര്‍ത്തുന്നതാണ്. ഇത്തരം വര്‍ഗീയ-തീവ്രവാദ സംഘടനകള്‍ കൂടെയുണ്ടെങ്കില്‍ മുസ്‌ലിങ്ങളുടെ വോട്ടുമുഴുവന്‍ തങ്ങളുടെ ബാലറ്റ് പെട്ടിയില്‍ വീഴും. കേരളത്തിലെ മുസ്‌ലിങ്ങളില്‍ ബഹുഭൂരിപക്ഷവും തീവ്രവാദ ചിന്താധാരകളുമായി അനുഭാവം പുലര്‍ത്തുന്നവരാണെന്ന തെറ്റായ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങേയറ്റം കമ്യൂണിസ്റ്റ് വിരുദ്ധവും മതേതരവിരുദ്ധവുമായ ഈ നയം അവര്‍ സ്വീകരിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം കേരളീയര്‍ക്ക് ഒരുകാര്യം മനസ്സിലായി. മുസ്‌ലിങ്ങളില്‍ ബഹുഭൂരിപക്ഷവും മതേതര ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്നവരും തീവ്രവാദ ചിന്താരൂപങ്ങളെ അവജ്ഞയോടെ വീക്ഷിക്കുന്നവരുമാണ്. മാത്രമല്ല, തീവ്രവാദി സംഘടനകളുമായി കൂട്ടുകൂടിയാല്‍ മതേതരമായി ചിന്തിക്കുന്ന ഹിന്ദുവോട്ടര്‍മാര്‍ മതേതര കക്ഷികളെ പാഠം പഠിപ്പിക്കുമെന്നും തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. ഏത് സ്‌കൂള്‍ വിദ്യാര്‍ഥിക്കും ഗ്രഹിക്കാവുന്ന ഈ പാഠം പക്ഷേ, ഗമണ്ടന്‍ ബുദ്ധിജീവികളാണെന്ന് നടിക്കുന്ന മാര്‍ക്‌സിസ്റ്റുകള്‍ ഇതുവരെ മനസ്സിലാക്കിയിട്ടില്ല.

മുസ്‌ലിംലീഗിന് പരിമിതികളും പരാധീനതകളും ഇല്ലെന്നോ അതിന് തെറ്റുകുറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്നോ പറയുന്നില്ല. പക്ഷേ, ഒരു കാര്യം അനിഷേധ്യമാണ്. കേരളത്തിലെ മുസ്‌ലിങ്ങളെ മതേതരജനാധിപത്യ പ്രക്രിയയില്‍ ഭാഗഭാക്കാക്കുന്നതിലും രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ആത്മാഭിമാനത്തോടെ പങ്കാളികളാക്കുന്നതിലും മുസ്‌ലിംലീഗ് വഹിച്ച പങ്ക് ചെറുതല്ല. ഇത് നമ്മുടെ മണ്ണാണെന്നും ഈ മണ്ണില്‍ കാലുകുത്തിയാണ് നാം നില്‍ക്കുന്നതെന്നുമുള്ള രാഷ്ട്രബോധത്തിന്റെ ആന്തരികവത്കരണം മുസ്‌ലിം സമുദായത്തില്‍ പ്രസരിപ്പിക്കുന്നതിലും ലീഗ് വിജയിച്ചിട്ടുണ്ട്. മതസാഹോദര്യത്തിന്റെയും സമുദായ സഹജീവനത്തിന്റെയും അടിപ്പടവില്‍ പണിതുയര്‍ത്തിയ സമന്വയാത്മകമായ കേരളീയ സാംസ്‌കാരിക പരിസരത്തെ മുറിപ്പെടുത്തുന്ന ഒന്നും മുസ്‌ലിംലീഗ് ചെയ്തിട്ടില്ല. അത് ചെയ്യുന്നതില്‍ നിര്‍വൃതി കണ്ടെത്തുന്നവര്‍, തീവ്രവാദസംഘടനകളുടെ നേതാക്കളും ചാവേറുകളും തൊട്ട് സി.പി.എമ്മിന്റെ വാലില്‍ തൂങ്ങിനടക്കുന്ന 'ഇരവാദവാനരന്മാര്‍' (ഈ പ്രയോഗത്തിന് വി.എസ്സിനോട് കടപ്പെട്ടിരിക്കുന്നു) വരെയുള്ളവര്‍ കോഴിക്കോട്ടെ മുച്ചുന്തിപ്പള്ളിയില്‍ സമയംകിട്ടുമ്പോള്‍ ഒന്ന് കയറണം. 13-ാം നൂറ്റാണ്ടിലെ ആ ലിഖിതമൊന്ന് മനസ്സിരുത്തി വായിക്കണം. അപ്പോള്‍ മനസ്സിലാകും എന്തായിരുന്നു കേരളമെന്ന്, എങ്ങനെയിരിക്കണം കേരളമെന്ന്.

(മാതൃഭൂമി - 2 ഫിബ്രവരി 2010)





ഇരകളും വേട്ടക്കാരും

ഇരകളും വേട്ടക്കാരും
പി.കെ. അബ്ദുള്‍റഊഫ്‌

ഇരവാദത്തില്‍ നിന്നും ഭീകരവാദത്തിലേക്കുള്ള ദൂരം മുസ്‌ലിംജനത മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ്. ജനാധിപത്യത്തേക്കാള്‍, മതേതരത്വത്തേക്കാള്‍ മഹത്തായ ഒന്നുസൃഷ്ടിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല. ഒരര്‍ഥത്തില്‍ ഇന്നത്തെ ഇരവാദികളുടെ പിതാമഹനായി ജിന്നയെ വിലയിരുത്താം. എങ്കില്‍ മാത്രമേ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തെ നിങ്ങള്‍ക്ക് തിരിച്ചറിയാനാകൂ.

കേരളത്തിലെ മുസ്‌ലിം തീവ്രവാദം പുതിയ ആകാശവും ഭൂമിയും തേടിയുള്ള പ്രയാണംതുടരുമ്പോള്‍ ചില പച്ചയായ യാഥാര്‍ഥ്യങ്ങള്‍ പങ്കുവെക്കാതെ നിവൃത്തിയില്ല. ഇരകളും വേട്ടക്കാരും എന്നപ്രയോഗം തൊണ്ണൂറുകളുടെ അവസാനം രൂപംകൊണ്ട് ഇപ്പോള്‍ ഏതാണ്ട് ആഘോഷമായിത്തന്നെ കൊണ്ടാടുന്ന ഒരു പ്രത്യേക സംഗതിയാണ്. നമ്മുടെ സകല സാംസ്‌കാരിക നായകരും ബുദ്ധിജീവികളും അറിഞ്ഞോ അറിയാതെയോ വീണുപോയ ചതുപ്പുനിലം. നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ ആടിനെ പട്ടിയാക്കുന്ന രാസപ്രക്രിയയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത് എന്നസത്യം ഇനിയും മറച്ചുവെക്കേണ്ട കാര്യമില്ല.സത്യത്തില്‍ ഇവിടെ കൊട്ടിഗ്‌ഘോഷിക്കപ്പെടുന്ന ഇരവാദം മനുഷ്യാവകാശമെന്ന വ്യാജലേബലില്‍ രംഗത്തുവന്ന വര്‍ഗീയ, തീവ്രവാദ സ്വഭാവമുള്ള ഒരുവിഭാഗത്തിന്റെ സംഭാവനയായിരുന്നു. പക്ഷേ, ഇവര്‍ പ്രവര്‍ത്തിക്കുക പലപ്പോഴും ദളിത്, പരിസ്ഥിതി പ്രേമം പ്രസംഗിച്ചുകൊണ്ടാണ്. ഇവിടെ തുടങ്ങുന്നു ആടില്‍നിന്നും പട്ടിയിലേക്കുള്ള ദൂരം.കേരളത്തിലെ മുസ്‌ലിം സമുദായത്തെ ഇരവാദത്തിലേക്ക് വലിച്ചടുപ്പിക്കാന്‍ ഇടയാക്കിയ നിരവധി സംഭവങ്ങളുണ്ട്. ബാബറി മസ്ജിദിന്റെ തകര്‍ക്കലും മിഡില്‍ ഈസ്റ്റ് രാഷ്ട്രീയവും ഗുജറാത്ത് കലാപവുമെല്ലാം ഇരവാദക്കാര്‍ക്ക് ചാകര സൃഷ്ടിക്കാന്‍പോന്ന സംഭവങ്ങളായിരുന്നു.

എന്നാല്‍ ഈ പ്രശ്‌നത്തിന്റെ മറ്റൊരുതലം നാം കാണേണ്ടതുണ്ട്. അതിന് മലബാര്‍പ്രദേശത്തെ തിരഞ്ഞെടുപ്പ് വിശേഷങ്ങളിലേക്ക് പോകേണ്ടിവരും. ഇരവാദത്തിന്റെ തിയറി എങ്ങനെ പ്രാക്ടിക്കലാക്കാമെന്ന പരീക്ഷണശാലകളാണ് കഴിഞ്ഞ പതിറ്റാണ്ടിലേറെയായി ഈ പ്രദേശങ്ങള്‍. അതായത് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍പ്പോലും വെള്ളവും വൈദ്യുതിയുമൊന്നും ചര്‍ച്ചാവിഷയങ്ങളാകാതെ പകരം സദ്ദാംഹുസൈനും ആണവക്കരാറും അമേരിക്കയുമെല്ലാം കടന്നുവരുന്നു. ഇതൊരു ക്ലീന്‍ ഹൈജാക്കിങ്ങാണ്.ഈ പുതിയതരം ഇരവാദം മോശമല്ലെന്നുകണ്ട് കുറച്ചു വോട്ടുകള്‍ക്കുവേണ്ടി ഇടതുപക്ഷവും ഈ വിഷയത്തില്‍ ഒത്തുചേരുന്നു. ഇരവാദികള്‍ സന്തോഷത്തിന്റെ പരകോടിയില്‍.

മറ്റൊരു ഇരവാദം നടന്നത് പി.ഡി.പി. നേതാവ് അബ്ദുല്‍നാസര്‍ മഅദനിയുടെ കാര്യത്തിലാണ്. അദ്ദേഹത്തിന്റെ പ്രസംഗവും പ്രവര്‍ത്തനശെലിയുമെല്ലാം 'വിസ്മരിപ്പിച്ച് ' ഇരവാദികള്‍ ഒരുപൗരന്റെ മൗലികമായ അവകാശം എന്നനിലയിലേക്ക് പ്രശ്‌നത്തെ എത്തിച്ച് കാര്യംനേടുന്നതും നാംകണ്ടു. അക്കാലത്ത് പള്ളികളില്‍ പ്രത്യേകപ്രാര്‍ഥനകള്‍ സംഘടിപ്പിക്കാനും അതിലൂടെ കഴിയുന്നത്ര മഹല്ലുകളെ ഹൈജാക്കുചെയ്യാനും ശ്രമമുണ്ടായി. ഇത്തരം ഘട്ടങ്ങളിലെല്ലാം മുസ്‌ലിം സമുദായവും പൊതു സമൂഹവുമെല്ലാം ഈ പുത്തന്‍കാഴ്ചകള്‍ കണ്ട് അന്തംവിടുകയോ നിഷ്‌ക്രിയരാവുകയോ ചെയ്തു.ഭൂരിപക്ഷ വര്‍ഗീയത പോലെത്തന്നെ ന്യൂനപക്ഷ വര്‍ഗീയതയും ആപത്താണ് എന്ന് മുറവിളികൂട്ടുന്ന ഇടതുപക്ഷം തന്നെയാണ് കേരളത്തിലെ ഇരവാദത്തിന്റെ പ്രധാന പ്രമോട്ടര്‍മാര്‍ എന്നവസ്തുത നാം കാണാതിരുന്നുകൂടാ. മലബാറിലെ മുസ്‌ലിംവോട്ടില്‍ കണ്ണുവെച്ച് ഇ.എം.എസ്. നമ്പൂതിരിപ്പാടിനെപ്പോലുള്ളവര്‍ മഅദനിയെപ്പോലൊരു രാഷ്ട്രീയക്കാരനെ അവതരിപ്പിച്ച രീതിയില്‍ നിന്നുതന്നെ തുടങ്ങുന്നു ഇരവാദത്തിന്റെ രാഷ്ട്രീയഅസ്തിത്വം. അടുത്തകാലത്ത് കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പുതിയ നിര്‍വചനം കൂട്ടിച്ചേര്‍ത്ത് പാര്‍ട്ടിയെ കുറച്ചുകൂടി 'ഉയരത്തിലെത്തിച്ചു'.

ഇവിടെ ജമാഅത്തെ ഇസ്‌ലാമി, പി.ഡി.പി., എന്‍.ഡി.എഫ്. തുടങ്ങിയവര്‍ സാമുദായികവിഷയങ്ങളില്‍ എടുക്കുന്ന നിലപാടുകള്‍ നാം പഠിക്കേണ്ട ഒന്നാണ്. ഇവയോടുള്ള ഇടതുസമീപനവും വിലയിരുത്തപ്പെടേണ്ടതാണ്. മുസ്‌ലിം ലീഗ് ഈ വിഷയങ്ങളില്‍ എന്നും വളരെ സേഫായ കളിയാണ് ഇഷ്ടപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യപ്രസ്ഥാനമായ കോണ്‍ഗ്രസ്സിന് ഈ വിഷയങ്ങളിലെല്ലാം നിലപാടുകള്‍ ഉണ്ടെങ്കിലും പരസ്യപ്പെടുത്താന്‍ ഇഷ്ടപ്പെടാറില്ല. കാരണം ജനങ്ങളിലേക്ക് ഇറങ്ങാനുള്ള മടിയും ബുദ്ധിമുട്ടാനുള്ള വൈമനസ്യവും തന്നെയാണ് പ്രധാനം. എങ്കിലും കോണ്‍ഗ്രസ്് പ്രസ്ഥാനം ഒരിക്കലും വിസ്മരിക്കാന്‍പാടില്ലാത്ത ഒരുവ്യക്തിയുണ്ട്, പ്രത്യേകിച്ചും ഈവിഷയത്തില്‍. വിഭജനത്തിനും വര്‍ഗീയതയ്ക്കുമെതിരെ നിലകൊണ്ട്, കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ ശരിയായപാത എന്തെന്ന് സ്വന്തം ജീവിതംകൊണ്ട് മലബാറിനെ പഠിപ്പിച്ച ഒരുമനുഷ്യനെ, പഴയ കെ.പി.സി.സി. പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ.

വര്‍ഗീയത എന്നപ്രശ്‌നത്തെ നേരിട്ട് സ്​പര്‍ശിക്കാതെ മുസ്‌ലിംസമൂഹം ഇനിയും മുന്നോട്ട് പോയിട്ട് കാര്യമില്ല. കേരളത്തിലെ മുസ്‌ലിംകളില്‍ ഒരുവിഭാഗം തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാണെന്നും തീവ്രവാദികളാണെന്നുമുള്ള യാഥാര്‍ഥ്യം ഇനിയെങ്കിലും ഉറക്കെപ്പറയാന്‍ സമുദായനേതൃത്വം തയ്യാറാകണം. ആദ്യം അകത്തെ മാലിന്യംനീക്കാം. അല്ലാതെ ആര്‍.എസ്.എസ്., സംഘ്പരിവാര്‍ എന്നൊക്കെപ്പറഞ്ഞ് വെറുതെ ഒച്ചവെച്ചതുകൊണ്ട് കാര്യമില്ല. കേരളത്തിലെ ഭൂരിപക്ഷമതവിഭാഗം സമാധാനവും സൗഹാര്‍ദവും പുലര്‍ന്നുകാണാന്‍ ഏതറ്റംവരെയും പോകുന്നവരാണ് എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. നമ്മുടെ ഇടതു- വലതു മുന്നണികളുടെ ന്യൂനപക്ഷ പ്രേമത്തിന്റെ വ്യാപ്തിയും എന്നിട്ടുപോലും ബി.ജെ.പി. കേരളത്തില്‍ പച്ചതൊടാതെ പോയതും ചേര്‍ത്തുവായിച്ചാല്‍ ഇതുമനസ്സിലാകും. ഗള്‍ഫും യൂറോപ്പും കൂട്ടിനില്ലാത്ത കേരളത്തിലെ ഹിന്ദുസമൂഹം പുലര്‍ത്തുന്ന ഈമര്യാദ നാംകണ്ടില്ലെന്നു നടിക്കരുത്.

ഇപ്പോള്‍ ഇരവാദികള്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുകയാണ്. കണ്ണുതുറന്നുപിടിച്ചെങ്കില്‍ മാത്രമേ ഇക്കൂട്ടരെ തിരിച്ചറിയാനാകൂ എന്നതാണ് ഏറ്റവും വലിയ ദുരന്തം. ചെങ്ങറയിലും മൂലമ്പള്ളിയിലും അതിരപ്പള്ളിയിലുമെല്ലാം ചെറുവേഷങ്ങളുമായി ഇവര്‍ എത്തിയിരുന്നു. കൂട്ടിനെന്നും ഒരുകൂട്ടം സാംസ്‌കാരിക നായകരെയും ബുദ്ധിജീവികളെയും കാണാം. നാവും പേനയും വാടകയ്ക്ക് കൊടുക്കുകയാണ് ഇവരുടെ പ്രധാനവിനോദം. സാധാരണക്കാരന്റെ സമരങ്ങളെ ഹൈജാക്കുചെയ്തുകൊണ്ട് സമൂഹമധ്യത്തില്‍ ഇടം 'പിടിച്ചുവാങ്ങുന്ന' ഈ വ്യാജന്മാരെ അമര്‍ച്ചചെയ്യേണ്ട ബാധ്യത നമ്മുടെ സാംസ്‌കാരിക മേലാളന്മാര്‍ എന്നാണാവോ തിരിച്ചറിയുക.ഇരവാദത്തില്‍ നിന്നും ഭീകരവാദത്തിലേക്കുള്ള ദൂരം മുസ്‌ലിംജനത മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ്. ജനാധിപത്യത്തേക്കാള്‍, മതേതരത്വത്തേക്കാള്‍ മഹത്തായ ഒന്നുസൃഷ്ടിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല. ഒരര്‍ഥത്തില്‍ ഇന്നത്തെ ഇരവാദികളുടെ പിതാമഹനായി ജിന്നയെ വിലയിരുത്താവുന്നതാണ്. എങ്കില്‍ മാത്രമേ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തെ നിങ്ങള്‍ക്ക് തിരിച്ചറിയാനാകൂ. തിരിച്ചറിയാത്തവര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. പക്ഷേ, അവരെ നാം തിരിച്ചറിയണം.
(ലേഖകന്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ്)

മാതൃഭൂമി - 14 ഡിസംബര്‍ 2009





പറയാമോ ഒരു മറുപടി...

ഉമ്മന്‍ചാണ്ടി

സി.പി.എമ്മിന്റെ ബുദ്ധികേന്ദ്രങ്ങളും പാര്‍ട്ടി ഓഫീസുകളും ഇത്തവണ ശ്രദ്ധ
കേന്ദ്രീകരിച്ചത് വ്യാജവോട്ട് നിര്‍മാണത്തിലാണെന്നു വ്യക്തം. ഇക്കാര്യം യു.ഡി.എഫും
മീഡിയയും ചൂണ്ടിക്കാട്ടിയപ്പോള്‍ സി.പി.എം. ആദ്യം പൂര്‍ണ നിശ്ശബ്ദതയിലായിരുന്നു. സമ്മര്‍ദം സഹിക്കാനാവാതെ വന്നപ്പോള്‍, യു.ഡി.എഫും വ്യാജവോട്ട് ചേര്‍ത്തിട്ടുണ്ടെന്ന് വിളിച്ചുകൂവി

കാലത്തിനൊപ്പം

കേരളത്തിലെ മൂന്നു മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ദേശീയശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. ദേശീയമാധ്യമങ്ങളുടെ പ്രതിനിധികള്‍വരെ കണ്ണൂരില്‍ തമ്പടിച്ചുകഴിഞ്ഞു. ബിഹാറിലെയും യു.പി.യിലെയും പ. ബംഗാളിലെയും തിരഞ്ഞെടുപ്പ് അതിക്രമങ്ങള്‍ കണ്ടിട്ടുള്ള അവര്‍ ഇപ്പോള്‍ കണ്ണൂരില്‍ നടക്കുന്ന ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ട് അദ്ഭുതം കൂറുകയാണ്. ഭരണസംവിധാനങ്ങള്‍ ദുരുപയോഗിച്ച് ആസൂത്രിതവും വിദഗ്ധവുമായ രീതിയില്‍ യഥാര്‍ഥ വോട്ടര്‍പട്ടികയെ സി.പി.എം. ഇവിടെ ഗളഹസ്തം ചെയ്തിരിക്കുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കലാപങ്ങള്‍ നടക്കുന്ന ജില്ലയായി കണ്ണൂരിനെ മാറ്റിയവര്‍, അവിടെ ചോരയുടെയും കണ്ണീരിന്റെയും സ്‌ഫോടനങ്ങളുടെയും ചാലുകള്‍ വെട്ടിക്കീറിയവര്‍, ഈ നാടിനു മറ്റൊരു കളങ്കംകൂടി ചാര്‍ത്തിയിരിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന് ആറുമാസംപോലും പൂര്‍ത്തിയാകും മുമ്പേ കണ്ണൂര്‍ നിയമസഭാമണ്ഡലത്തില്‍ പുതുതായി 9,357 വോട്ടര്‍മാരെ ചേര്‍ക്കുകയും 6,386 വോട്ടര്‍മാരെ ഒഴിവാക്കുകയും ചെയ്തു. വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി മറ്റു മണ്ഡലങ്ങളിലുള്ള വോട്ടര്‍മാരെ കൂട്ടത്തോടെ കണ്ണൂരില്‍ എത്തിക്കുകയായിരുന്നെന്ന് വ്യക്തം. ഇതിന്റെ തെളിവുകളാണ് ഇപ്പോള്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നത്.

വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ പടച്ചുണ്ടാക്കാന്‍ കണ്ണൂരിലെ വില്ലേജ് ഓഫീസര്‍മാരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെയും കൂട്ടത്തോടെ സ്ഥലംമാറ്റി തങ്ങളുടെ പാര്‍ശ്വവര്‍ത്തികളെ നിയമിക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്തത്. അങ്ങനെ ആയിരക്കണക്കിനു വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഇതിനെല്ലാം ചുക്കാന്‍ പിടിച്ച ജില്ലാ കളക്ടറെ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ നീക്കം ചെയ്തു. വ്യാജവോട്ട് ഉണ്ടാക്കിയവര്‍ക്കെതിരെയും അവര്‍ക്ക് വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റ് നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുക്കണം എന്നാവശ്യപ്പെട്ട് യു.ഡി.എഫ്. തെളവുസഹിതം പരാതി നല്കിയിരിക്കുകയാണ്. മൂന്നിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും കണ്ണൂരില്‍ മാത്രം കേന്ദ്രസേനയിറങ്ങി.
സ്വന്തം പാര്‍ട്ടി ഓഫീസും പത്രഓഫീസും സി.പി.എം. വ്യാജ വോട്ടര്‍മാരെ ചേര്‍ക്കാന്‍ ദുരുപയോഗിച്ചു. ഉടമകളറിയാതെ സ്വന്തം വീടുകളിലും കെട്ടിടങ്ങളിലും പുതിയ താമസക്കാരെത്തി. ക്വാര്‍ട്ടേഴ്‌സുകള്‍, ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍, ഇടിഞ്ഞുപോയ കെട്ടിടങ്ങള്‍, മാസങ്ങളായി അടച്ചിട്ട സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സി.പി.എം. പുതിയ വോട്ടര്‍മാരെ കുടിയിരുത്തി. അന്വേഷണസംഘങ്ങള്‍ക്ക് ഈ വീടുകളിലൊന്നും പുതിയ വോട്ടര്‍മാരെ കണ്ടെത്താനായില്ല.

പാര്‍ട്ടി ഓഫീസുകള്‍

കണ്ണൂര്‍ നഗരത്തിലെ ഒറ്റമുറിയില്‍ പ്രവര്‍ത്തിക്കുന്ന ആയിക്കര സി.ഐ.ടി.യു. ഓഫീസ് വിലാസത്തില്‍ 24 വ്യാജവോട്ടുകളാണു ചേര്‍ത്തത്. 23 പുരുഷന്മാരും ഒരു സ്ത്രീയും. നംഷീല്‍ കോട്ടേജ്, ഫൗസിയ കോട്ടേജ്, മാലിനി വില്ല, ആമിന കോട്ടേജ്, മൊയ്തീന്‍ വീട്, ഖിലാസി ക്വാര്‍ട്ടേഴ്‌സ് എന്നിങ്ങനെ ആറുപേരുകളാണ് ഈ കെട്ടിടത്തിനു പുതുതായി ലഭിച്ചത്.

സി.പി.എം. നിയന്ത്രണത്തിലുള്ള എ.കെ.ജി. ആസ്​പത്രിയിലെ 16 നഴ്‌സിങ് വിദ്യാര്‍ഥിനികളും ഒരു പുരുഷനും താമസിക്കുന്നത് ഉടമ അറിയാതെ യശോറാം അപ്പാര്‍ട്ട്‌മെന്റ്‌സ് എന്ന കെട്ടിടത്തിലാണ്. ഈ കെട്ടിടത്തിന് എ.കെ.ജി. മെമ്മോറിയല്‍ ഹോസ്റ്റല്‍ എന്ന് പേരിട്ടു.
വടകരയിലെ മുന്‍ സി.പി.എം. എം.പി. എ.കെ. പ്രേമജത്തിന്റെ സഹോദരന്‍ എ.കെ. പ്രഭാകരനാണ് വീട്ടുടമ. ഇവിടെ സ്ത്രീകളാരും താമസമില്ലെന്നു തുറന്നു പറഞ്ഞ അദ്ദേഹം സി.പി.എമ്മിനെ വെട്ടിലാക്കി.

സി.പി.എം. എളയാവൂര്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി രാജന്റെ ദയരംകണ്ടി വീടിന് അതേ നമ്പറില്‍ രജിഷ നിവാസ് എന്ന പേരുകൂടി നല്കി അവിടെ പുതിയ ഏഴു വോട്ടര്‍മാരെക്കൂടി ചേര്‍ത്തിരിക്കുന്നു. ഈ വീട്ടിലോ മണ്ഡലത്തിലോ ഉള്ളവരല്ല ഇവര്‍. വോട്ടിനുവേണ്ടി സി.പി.എം. ഒണ്ടേന്‍പറമ്പ് ഓഫീസിന്റെ പേരുതന്നെ മാറ്റിയിരിക്കുന്നു. വാലക്കണ്ടി മൂപ്പന്റെവിട എന്നാണു പുതിയ പേര്! അബ്ദുള്ള, മഹമ്മദ് ജാഫര്‍, ഓമനക്കുട്ടന്‍, ബൈജു, പ്രേമന്‍ എന്നിവരാണ് ഈ വ്യാജ വീട്ടിലെ പുതിയ വോട്ടര്‍മാര്‍. പല നാടുകളില്‍നിന്നു വന്ന് ദേശാഭിമാനിയുടെ കണ്ണൂര്‍ യൂണിറ്റില്‍ ജോലിചെയ്യുന്ന രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേരെ ഇല്ലാത്ത ദേശാഭിമാനി ക്വാര്‍ട്ടേഴ്‌സിന്റെ പേരില്‍ വോട്ടര്‍മാരാക്കി.

ആഭ്യന്തര മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ചിറക്കല്‍ പഞ്ചായത്തിലുള്ള വീട്ടില്‍പ്പോലും വ്യാജ വോട്ടറെ ചേര്‍ത്തു. കല്യാശ്ശേരി മണ്ഡലത്തിലുള്ള മാടായി പഞ്ചായത്ത് മുന്‍ മെമ്പറും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ വിനോദിനെ ഈ വീട്ടു നമ്പറിലാണ് കണ്ണൂരിലെ വോട്ടറാക്കിയിരിക്കുന്നത്. സെക്രട്ടറിക്ക് ഇവിടെ എത്തിയപ്പോള്‍ കുഞ്ഞിരാമന്‍ എന്ന പേരില്‍ പുതിയ അച്ഛനെയും ലഭിച്ചു.
അഴീക്കോട് മണ്ഡലത്തിലെ അഴീക്കോട് പഞ്ചായത്ത് 15-ാം വാര്‍ഡ് സി.പി.എം.മെമ്പര്‍ പി.വി. വിജയന്‍, അഴീക്കോട് പഞ്ചായത്തിലെ 22-ാം വാര്‍ഡ് മെമ്പര്‍ കെ. രമേശന്‍, കല്യാശ്ശേരി മണ്ഡലത്തിലെ കല്യാശ്ശേരി പഞ്ചായത്ത് മെമ്പര്‍ കെ.വി. സാറു തുടങ്ങിയ ജനപ്രതിനിധികള്‍ കൂടുമാറി കണ്ണൂരിലെ വോട്ടര്‍മാരായി. നാട്ടുകാര്‍ക്ക് സുപരിചിതരായ മെമ്പര്‍മാര്‍ മണ്ഡലവും പഞ്ചായത്തും മാറിയത് നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു മെമ്പര്‍ ആ പഞ്ചായത്തില്‍സ്ഥിരതാമസക്കാരനായിരിക്കണം എന്ന പഞ്ചായത്തീരാജ് ആക്ട് 20 ബി, 35 എച്ച്. വകുപ്പുകള്‍ക്ക് കണ്ണൂരില്‍ പുല്ലുവില.

കണ്ണൂര്‍ മുനിസിപ്പല്‍ സി.പി.എം. കൗണ്‍സിലറും അവിടത്തെ വോട്ടറുമായ സലിം കണ്ണൂര്‍ മണ്ഡലത്തിലെ ചിറക്കല്‍ പഞ്ചായത്തിലെത്തി മറ്റൊരു വോട്ടുകൂടി നേടി. ഇദ്ദേഹത്തിന് ഇപ്പോള്‍ ഒരു മണ്ഡലത്തില്‍ രണ്ടു വോട്ടുണ്ട്. കണ്ണൂരില്‍നിന്ന് 80 കി.മീ. അകലെ കേളകം പഞ്ചായത്തിലെ മലമടക്കുകളില്‍നിന്ന് സി.പി.എം. പ്രവര്‍ത്തകരെ ജീപ്പില്‍ കുത്തിനിറച്ചുകൊണ്ടു വന്ന് ചിറക്കല്‍ പഞ്ചായത്തില്‍ 13 വ്യാജവോട്ടുണ്ടാക്കി. ധര്‍മടം മണ്ഡലത്തിലെ കരാറിനകം സഹ.ബാങ്കിലെ സി.പി.എം. ജീവനക്കാരെ കൂട്ടത്തോടെ കണ്ണൂരില്‍ കുടിയിരുത്തി.

വീടൊന്ന് പല പേര്

ഒറീസ്സയില്‍നിന്നുള്ള ഏതാനും തൊഴിലാളികള്‍ മാത്രം താമസിക്കുന്ന ചിറക്കല്‍ പഞ്ചായത്തിലെ 14/ 958 എ. നമ്പറിലുള്ള ക്വാര്‍ട്ടേഴ്‌സിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ അന്തംവിട്ടുപോകും. ആസിമ ക്വാര്‍ട്ടേഴ്‌സ്, നസീമ ക്വാര്‍ട്ടേഴ്‌സ്, ആമിന ക്വാര്‍ട്ടേഴ്‌സ്, ആയിഷ ക്വാര്‍ട്ടേഴ്‌സ് എന്നിങ്ങനെ പലതാണ് ഈ വീടിന്റെ പുതിയ പേരുകള്‍! വ്യത്യസ്ത മതത്തില്‍പ്പെട്ട 13 പേരെയാണ് ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. പുതിയ താമസക്കാരെ കണ്ട് ക്വാര്‍ട്ടേഴ്‌സിന്റെ ഉടമ പരിഭ്രാന്തിയിലാണ്.
പുഴാതി പഞ്ചായത്തിലെ റുക്‌സാനാസ്, കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലെ ഖദീജ മന്‍സില്‍ എന്നീ വീടുകളില്‍ അജ്ഞാതരായ ഹൈന്ദവ വോട്ടര്‍മാരെയാണു ചേര്‍ത്തിരിക്കുന്നത്. ഈ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പൊന്നങ്കൈ ലൈന്‍ കെട്ടിടത്തിലെ പുതിയ വോട്ടര്‍മാര്‍ അവിടത്തെ താമസക്കാരല്ലെന്ന്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്കിയ പഞ്ചായത്ത് സെക്രട്ടറിക്കു തന്നെ പിന്നീട് തിരുത്തേണ്ടി വന്നു. കക്കാട് അങ്ങാടിയിലെ രണ്ടു വോട്ടര്‍മാരുടെ കാര്യത്തിലും ഇങ്ങനെ തിരുത്തലുണ്ടായി. എന്നാല്‍, ഇവരെല്ലാം അന്തിമവോട്ടര്‍ പട്ടികയില്‍ ഇടംനേടി.

പൊളിഞ്ഞ വീടുകള്‍

പള്ളിക്കുന്ന് പഞ്ചായത്തിലെ പഞ്ഞിക്കൈയില്‍ രണ്ടു വര്‍ഷം മുമ്പു പൊളിച്ചുകളഞ്ഞ കൃഷ്ണനിവാസ് എന്ന കെട്ടിടത്തില്‍ നാലു വോട്ടുകളും ചിറക്കല്‍ പഞ്ചായത്തില്‍ കാഞ്ഞിരത്തറയില്‍ രണ്ടു വര്‍ഷമായി കാടുപിടിച്ചു കിടക്കുന്ന ചേക്ക്‌ലൈന്‍ കടമുറിയില്‍ ആറു വോട്ടുകളും ചേര്‍ത്തിട്ടുണ്ട്. ഇവര്‍ ഇവിടത്തെ താമസക്കാരല്ലെന്നു ചൂണ്ടിക്കാട്ടി സ്ഥലമുടമ കണിയറയ്ക്കല്‍ സുലൈഖ കളക്ടര്‍ക്കു പരാതി നല്കിയിരിക്കുകയാണ്. വോട്ടര്‍പട്ടികയില്‍ ഉള്ളവര്‍ പിന്നീട് സ്ഥലത്തിന്മേല്‍ അവകാശം ഉന്നയിക്കുമോ എന്നാണ് ഉടമയുടെ ഭയം.

എളയാവൂര്‍ പഞ്ചായത്തിലെ മേലെ ചൊവ്വയില്‍ ആശീര്‍വാദ് ക്വാര്‍ട്ടേഴ്‌സ് എന്നൊരു വ്യാജവീട്ടുപേരുണ്ടാക്കി ഒന്‍പതു വോട്ടര്‍മാരെ ചേര്‍ത്തിരിക്കുന്നു. ഇതേ പഞ്ചായത്തിലെ 61-ാം നമ്പര്‍ ബൂത്തില്‍ വീടുപൊളിച്ചു വാഴവെച്ച സ്ഥലത്തും പഴയ വീട്ടുനമ്പറില്‍ രണ്ടു വോട്ടര്‍മാരുണ്ട്. ഇ.പി. ജയരാജന്റെ നേതൃത്വത്തിലുള്ള മൈത്രിസദനം എന്ന വൃദ്ധമന്ദിരത്തില്‍ 18 വോട്ടുകള്‍ പുതുതായി ചേര്‍ത്തിരിക്കുന്നു. വയോധികരായ ഇവര്‍ക്ക് ഓപ്പണ്‍ വോട്ട് ചെയ്യാനേ കഴിയൂ. ആള്‍പ്പാര്‍പ്പില്ലാത്ത ആര്‍.എസ്.പി. ഓഫീസില്‍ ഏഴു വോട്ടുകളാണു പുതുതായി ചേര്‍ത്തത്.
ജനാധിപത്യധ്വംസനത്തിന്റെ ഇത്തരം നൂറുകണക്കിനു സംഭവങ്ങളാണ് പുറത്തുവരുന്നത്. ദേശീയതലത്തില്‍പ്പോലും ഇവ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. എന്നാല്‍, കണ്ണൂരില്‍ ചേര്‍ത്ത മുഴുവന്‍ വോട്ടുകളും ഇപ്രകാരം ഉള്ളതാന്നെന്ന അഭിപ്രായം എനിക്കില്ല. പരമാവധി പേരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കണമെന്നും അവരെല്ലാം വോട്ടു ചെയ്യണമെന്നുമാണ് എന്റെ ആഗ്രഹം. ജനാധിപത്യപ്രക്രിയയില്‍ ഓരോ വോട്ടും അമൂല്യമാണ്. എന്നാല്‍, വ്യാജവോട്ടിനെ യു.ഡി.എഫ്. സര്‍വശക്തിയും ഉപയോഗിച്ച് എതിര്‍ക്കുകയും ചെയ്യും. കാരണം, അത് ജനാധിപത്യത്തിന്റെ വികൃതമുഖമാണ്.

വെല്ലുവിളി

എല്‍.ഡി.എഫുമായി ബന്ധപ്പെട്ട് ഏതെങ്കിലും വോട്ടര്‍ക്ക് മറ്റേതെങ്കിലും മണ്ഡലത്തില്‍ വോട്ടുണ്ടെന്ന് ആക്ഷേപിക്കപ്പെട്ടിട്ടില്ലെന്നും അങ്ങനെ വല്ല വിവരവും ഉണ്ടെങ്കില്‍ ജനസമക്ഷം പ്രസിദ്ധീകരിക്കുവാന്‍ തയ്യാറാകണം എന്നുമാണല്ലോ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശി എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. മേല്പറഞ്ഞവ കൂടാതെ ഒരൊറ്റ കാര്യം കൂടി.
താങ്കളുടെ ഡ്രൈവര്‍ വി.കെ. സജീവന്‍ ധര്‍മടം മണ്ഡലത്തിലെ 19-ാം നമ്പര്‍ ബൂത്തിലെ (ക്രമനമ്പര്‍ 119) വോട്ടറാണ്. ഇദ്ദേഹത്തെ ഇപ്പോള്‍ കണ്ണൂര്‍ മുനിസിപ്പാലിറ്റിയില്‍ സി.പി.എം. ഓഫീസിലെ വിലാസത്തില്‍ വോട്ടറാക്കിയില്ലേ?(ബൂത്ത് നമ്പര്‍ അഞ്ച്, ക്രമനമ്പര്‍ 1128). ഇദ്ദേഹത്തിന് ഇപ്പോള്‍ രണ്ടു വോട്ടില്ലേ?

സി.പി.എമ്മിന്റെ ബുദ്ധികേന്ദ്രങ്ങളും പാര്‍ട്ടി ഓഫീസുകളും ഇത്തവണ ശ്രദ്ധകേന്ദ്രീകരിച്ചത് വ്യാജവോട്ട് നിര്‍മാണത്തിലാണെന്നു വ്യക്തം. ഇക്കാര്യം യു.ഡി.എഫും മീഡിയയും ചൂണ്ടിക്കാട്ടിയപ്പോള്‍ സി.പി.എം. ആദ്യം പൂര്‍ണ നിശ്ശബ്ദതയിലായിരുന്നു. സമ്മര്‍ദം സഹിക്കാനാവാതെ വന്നപ്പോള്‍, യു.ഡി.എഫും വ്യാജവോട്ട് ചേര്‍ത്തിട്ടുണ്ടെന്ന് വിളിച്ചുകൂവി. ഒരു കാര്യം ഞാന്‍ അടിവരയിട്ടു പറയുന്നു. മറ്റൊരു സ്ഥലത്ത് വോട്ടുള്ളതു മറച്ചുവെച്ചും കണ്ണൂരില്‍ സ്ഥിരതാമസം ഇല്ലാതെയും ഏതെങ്കിലും യു.ഡി.എഫ്. പ്രവര്‍ത്തകന്‍ വോട്ടര്‍പട്ടികയില്‍ ചേര്‍ന്നിട്ടുണ്ടെങ്കില്‍ അതു മാറ്റണം. അവരുടെ പേരില്‍ നിയമനടപടി എടുക്കണം.
ഇതുപോലൊരു സമീപനം സ്വീകരിക്കാന്‍ സി.പി.എം. തയ്യാറാണോ? സത്യത്തോട് കരങ്ങള്‍ ചേര്‍ത്തുവെച്ച് ഒരു മറുപടി സി.പി.എമ്മില്‍നിന്നു കേരളം പ്രതീക്ഷിക്കുന്നു


4-Nov-2009 , മാതൃഭൂമി ദിനപത്രം.

(ലേഖനത്തിലുള്ളത് ലേഖകന്റെ അഭിപ്രായങ്ങളാണ് - ബ്ലോഗുടമയ്ക്ക് അതിന്മേല്‍ ഉത്തരവാദിത്വമില്ല)