ഹര്‍ത്താലിന്റെ ബാക്കിപത്രം

ഹര്‍ത്താലിന്റെ ബാക്കിപത്രം

Mathrubhumi 30 Apr 2010 വെള്ളിയാഴ്ച
നേതാക്കള്‍ ആഹ്വാനം ചെയ്യുന്നു, അനുയായികള്‍ നടപ്പാക്കുന്നു, ജനങ്ങള്‍ സ്തംഭിക്കുന്നു, ഹര്‍ത്താല്‍ വിജയിക്കുന്നു.
ഹര്‍ത്താല്‍ തോറ്റ ചരിത്രം ആരെങ്കിലും കേട്ടിട്ടുണ്ടോ എന്നറിയില്ല. സംശയമുള്ളവര്‍ ഗവേഷണം നടത്തട്ടെ.
എന്തായാലും ചൊവ്വാഴ്ചത്തെ ദേശീയ ഹര്‍ത്താല്‍ കേരളത്തില്‍ ചരിത്രം സൃഷ്ടിച്ച സന്തോഷത്തിലാണ് ഇടതുകക്ഷി നേതാക്കള്‍. സന്തോഷം സഹിക്കവയ്യാതെ ചില നേതാക്കള്‍, 'ജീവിതം സ്തംഭിച്ച' ജനങ്ങളെ നോക്കി പൊട്ടിച്ചിരിച്ചുവത്രേ. കേരളത്തിലെ ജനങ്ങളുടെ പ്രബുദ്ധതയും ഉന്നതനിലവാരവും കേന്ദ്രവിരുദ്ധ മനോഭാവവുമാണ് ഈ ഹര്‍ത്താലിലൂടെ ഒരിക്കല്‍ക്കൂടി വെട്ടിത്തിളങ്ങിയിരിക്കുന്നതെന്നാണ് ചിന്തകന്‍ കൂടിയായ ഒരു നേതാവ് പ്രതികരിച്ചത്.
ഹര്‍ത്താല്‍ എന്ന സമരമുറ കണ്ടുപിടിച്ച വിപ്ലവാശയന് എത്ര 'റെഡ്‌സല്യൂട്ട'ടിച്ചാലും അധികമാവില്ലെന്നായിരുന്നു മറ്റൊരു നേതാവിന്റെ അഭിപ്രായം.

ഹര്‍ത്താല്‍ദിനം, സംഘാടകരുടെ കറകളഞ്ഞ സമരവീര്യത്തിനു മാത്രമല്ല, സര്‍ഗവാസനാപ്രകടനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും സാക്ഷ്യം വഹിക്കാറുണ്ട്.

ഫോണിലൂടെയും നേരിട്ടുമുള്ള ഭീഷണി, അസഭ്യവര്‍ഷം, തടഞ്ഞുനിര്‍ത്തല്‍, മര്‍ദനം, ഓഫീസിനുള്ളില്‍ പൂട്ടിയിടല്‍, വാഹനങ്ങള്‍ തകര്‍ക്കല്‍ തുടങ്ങിയ പതിവുമുറകള്‍ക്കുപുറമെ 'ചെരിപ്പ് ഹാരാര്‍പ്പണം' എന്നൊരു പുതിയ ഇനം കൂടി ഇത്തവണ പ്രയോഗിക്കപ്പെട്ടു. ഇതിന്റെ ഉപജ്ഞാതാവിന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പാണെന്നു കേള്‍ക്കുന്നു.
ചരിത്രം സൃഷ്ടിക്കാന്‍ ഇത്തവണ ഉപയോഗിച്ച മറ്റൊരു മുറയാണ് തീവണ്ടിതടയല്‍. ഹര്‍ത്താല്‍ ബാധകമല്ലെന്ന മട്ടില്‍ ചിലര്‍ നടത്താറുള്ള തീവണ്ടിയാത്ര തടയണമെന്ന് നേരത്തേ തന്നെ രഹസ്യമായി തീരുമാനിച്ചിരുന്നു.

ഹര്‍ത്താലില്‍ ഒരു തീവണ്ടിയും കൂവുകയോ പായുകയോ ചെയ്യില്ലെന്നുറപ്പിക്കാന്‍ ഇടതുപക്ഷത്തിനല്ലാതെ മറ്റാര്‍ക്കു കഴിയും?
മരണവീട്ടില്‍ പോകുന്നതിനും വിവാഹത്തില്‍ പങ്കെടുക്കുന്നതിനും മറ്റുമായി തീവണ്ടിയാത്രയ്‌ക്കെത്തിയ ചില പാവങ്ങള്‍ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ ഹര്‍ത്താലനുകൂലികള്‍ കുപിതരായത്രെ.

അവരെങ്ങനെ കുപിതരാകാതിരിക്കും! ഈ ഹര്‍ത്താലിന്റെ മഹത്തായ ലക്ഷ്യങ്ങള്‍ക്കു മുമ്പില്‍ മരണവും വിവാഹവും ഇന്റര്‍വ്യൂവും പരീക്ഷയുമെല്ലാം ആഗോളകുത്തകകള്‍ നല്‍കുന്ന സംഭാവനകള്‍ക്കും കമ്മീഷനുകള്‍ക്കും മുന്നില്‍ സാധാരണ പാര്‍ട്ടിപ്രവര്‍ത്തകരുടെ പാട്ടപ്പിരിവെന്നപോലെ നിസ്സാരങ്ങളാണ്.

വിവാഹച്ചടങ്ങില്‍ ആരെങ്കിലും പങ്കെടുക്കാതിരുന്നാലോ മരണവീട്ടില്‍ എത്താതിരുന്നാലോ ഒന്നും നഷ്ടപ്പെടാനില്ല. പക്ഷേ, യാത്രക്കാരുമായി തീവണ്ടി ഓടിയാല്‍ ഇടതുപക്ഷങ്ങളുടെ പ്രതിച്ഛായ നഷ്ടപ്പെടും. ഇടതുപക്ഷമെന്നാല്‍ ജനങ്ങള്‍ എന്നതിന്റെ പര്യായപദമാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? ജനങ്ങളെന്നാല്‍ പാവപ്പെട്ടവരും സാധാരണക്കാരും തന്നെ. അതുകൊണ്ടാണ് അവരുടെ ജീവിതം സ്തംഭിക്കുന്നത്. വരേണ്യവര്‍ഗത്തിന്റെ ജീവിതം സ്തംഭിച്ചിട്ട് എന്തുകിട്ടാനാണ്?

ജീവിതം പെട്ടെന്ന് സ്തംഭിക്കുമ്പോള്‍ സാധാരണക്കാരും പാവപ്പെട്ടവരും ഹര്‍ത്താലിനിറങ്ങിയ കാരണങ്ങളെക്കുറിച്ച് ആലോചിക്കും. അപ്പോള്‍ അവര്‍ക്ക് കൂടുതല്‍ അവബോധമുണ്ടാകും. പിന്നെ അവരില്‍ കേന്ദ്രസര്‍ക്കാറിനോടുള്ള രോഷം ജ്വലിച്ചുയരും. തങ്ങളുടെ ഒരുദിവസത്തെ ജീവിതം സ്തംഭിച്ചുകൊണ്ടാണെങ്കിലും കേന്ദ്രസര്‍ക്കാറിനോട് പകരം ചോദിച്ചവരെച്ചൊല്ലി അഭിമാനിക്കും-ഇതാണ് ഈ ഹര്‍ത്താലിന്റെ കെമിസ്ട്രി എന്നാണ് ഈ രംഗത്തെ ഒരു വിശകലനവിദഗ്ധന്‍ പറഞ്ഞത്.

ഒരിടത്ത് വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞുകൊണ്ടിരുന്നവര്‍ തങ്ങളുടെ നേതാവിന്റെ ആഡംബരവാഹനം വരുന്നതുകണ്ടപ്പോള്‍, ഉപചാരപൂര്‍വം കടത്തിവിട്ടുവത്രേ. ഇത്തരം ആരോപണങ്ങള്‍ എല്ലാ ഹര്‍ത്താലിലുമുണ്ടാകുന്നതാണ്. ജനങ്ങളും നേതാക്കളും തമ്മിലുള്ള വ്യത്യാസം ഇപ്പോഴും മനസ്സിലാക്കിയിട്ടില്ലാത്ത വിഡ്ഢികളാണ് ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍. ഹര്‍ത്താലനുകൂലികളുടെ നേതാക്കള്‍ക്ക് സഞ്ചരിക്കാനും പരിപാടികളില്‍ പങ്കെടുക്കാനും സൗകര്യം ലഭിക്കുകയും ജനങ്ങള്‍ക്കത് ലഭിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് ഹര്‍ത്താല്‍ പരിപൂര്‍ണവിജയമാകുന്നത്. കേന്ദ്ര സര്‍ക്കാറിനോടുള്ള പ്രതിഷേധം പ്രകടിപ്പിക്കാന്‍ പാര്‍ലമെന്റ് ഉപരോധിക്കുകയല്ലേ ചെയ്യേണ്ടതെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. പേടിച്ചിട്ടൊന്നുമല്ല തത്കാലം വേണ്ടെന്നു വെച്ചിട്ടാണ്. ഹര്‍ത്താലുകള്‍ കൊണ്ട് രക്ഷയില്ലെങ്കില്‍ പാര്‍ലമെന്റല്ല വൈറ്റ് ഹൗസ് വരെ ഉപരോധിക്കാന്‍ മടിക്കില്ല.

ഹര്‍ത്താലിനും ബന്ദിനുമെതിരായ കോടതിവിധികള്‍ സര്‍ക്കാര്‍ പിന്തുണയോടെ കാറ്റില്‍ പറത്തുന്നതാണ് ചൊവ്വാഴ്ച കേരളത്തില്‍ കണ്ടതെന്നാണ് ചില സാധുക്കള്‍ വിലപിക്കുന്നത്.

ഭരണവും സമരവും ഒന്നിച്ചുകൊണ്ടുപോകുക എന്ന തത്ത്വത്തിലൂന്നി പ്രവര്‍ത്തിച്ചുപോന്ന സര്‍ക്കാറാണ് കേരളത്തിലേത്. എന്നാല്‍, രണ്ടും ഒരുമിച്ചു കൊണ്ടുപോകാന്‍ അത്ര എളുപ്പമല്ലെന്ന് പിന്നീട് ബോധ്യമായി. അതിനാല്‍ ഭരണകാര്യങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് സമരവുമായി മാത്രമാണ് ഇപ്പോള്‍ മുന്നോട്ടുപോയ്‌ക്കൊണ്ടിരിക്കുന്നത്. താത്ത്വികമായി ഭരണത്തെക്കാള്‍ മൂല്യമുള്ള ഇത്തരം ഇടതുപക്ഷ സമരങ്ങള്‍ക്ക് സര്‍ക്കാറിന്റെ ഉറച്ച പിന്തുണയുണ്ടാകും.

******
കേരളത്തില്‍ ഹര്‍ത്താലുകള്‍ ഏറ്റെടുത്തു നടത്തുന്ന ബിസിനസ്സ് ഗ്രൂപ്പുകള്‍ രൂപപ്പെട്ടിട്ടുണ്ടെന്നാണ് രഹസ്യവിവരം. രാഷ്ട്രീയ കക്ഷികള്‍ ആഗ്രഹിക്കുന്നവിധം റാലികളും സമ്മേളനങ്ങളും മറ്റും കരാറെടുത്തു നടത്തി തഴക്കമുള്ള ചിലരാണത്രെ ഈ നവസംരംഭത്തിന് പിന്നില്‍.
വാര്‍ഡ്, പഞ്ചായത്ത്, ബ്ലോക്ക്, ജില്ല, സംസ്ഥാന തലത്തില്‍ പകലോ രാത്രിയോ രാപ്പകലോ ഹര്‍ത്താല്‍ നടത്തിക്കൊടുക്കും.

ജനജീവിതം എത്രമാത്രം സ്തംഭിപ്പിക്കണം എന്നതിനനുസരിച്ച് നിരക്കില്‍ ഏറ്റക്കുറച്ചിലുണ്ടാകും. എത്രനേരം വേണമെങ്കിലും എവിടെയും ജനജീവിതം സ്തംഭിപ്പിക്കാന്‍ ശേഷിയുള്ള സ്വന്തം ക്വട്ടേഷന്‍ സംഘങ്ങളും ഈ സംരംഭകര്‍ക്കുണ്ട്. അടുത്ത ഹര്‍ത്താല്‍ മിതമായ നിരക്കില്‍ തങ്ങള്‍ ഏറ്റെടുത്തു നടത്താമെന്നും വിമാനസര്‍വീസും വേണമെങ്കില്‍ കപ്പല്‍ സര്‍വീസും (അന്തര്‍വാഹിനികളടക്കം) സ്തംഭിപ്പിച്ചുകൊടുക്കാമെന്നും അറിയിച്ചു ഒരു ബിസിനസ്സ് ഗ്രൂപ്പ് കേരളത്തിലെ ഒരു പ്രമുഖകക്ഷിയെ സമീപിച്ചതായി അറിയുന്നു.
ചില ചാനല്‍ചിന്തകരുടെ ഭാഷയില്‍ ഇതിന് രാഷ്ട്രീയത്തിന്റെ വാണിജ്യവത്കരണം എന്നു പറയാം.

പിന്‍കുറിപ്പ്:

അടുത്തുതന്നെ നടത്താന്‍ പോകുന്ന ഹര്‍ത്താലില്‍ കാല്‍നടപോലും സ്തംഭിപ്പിക്കാന്‍ ഒരു സംഘടന തീരുമാനിച്ചിട്ടുണ്ടത്രെ.
അടുത്ത ഊഴക്കാര്‍ 'മൃഗജീവിത'വും സ്തംഭിപ്പിക്കുമായിരിക്കും.

സ്നേഹപൂര്‍വ്വം
അഹങ്കാരി

ഹര്‍ത്താലിന്റെ ബാക്കിപത്രംSocialTwist Tell-a-Friend Print this post Share on TWITTER

0 comments:

Post a Comment