സംസ്ഥാന വനിതാ കമ്മീഷന്‍

സംസ്ഥാന വനിതാ കമ്മീഷന്‍ പലപ്പോഴും നിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകാറുണ്ട്. ഭരണകക്ഷിക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നു, സ്ത്രീകളുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനും കാര്യമായൊന്നും ചെയ്യാന്‍ കഴിയുന്നില്ല; ഇടപെടല്‍ ശേഷിയില്ല തുടങ്ങിയവയാണ് പ്രധാന വിമര്‍ശനങ്ങള്‍.

സുഗതകുമാരി ടീച്ചര്‍വരെ പയറ്റിയ കളരിയാണത്. എന്നാല്‍ മുന്‍ഗാമികളെയെല്ലാം ബഹുദൂരം പിന്നിലാക്കി ഇപ്പോഴത്തെ വനിതാ കമ്മീഷന്‍ വളരെ മാതൃകാപരമായ ഒരു നിലപാടെടുത്തിരിക്കുന്നു. ജസ്റ്റിസ് ശ്രീദേവിയുടെ ചരിത്രപ്രസിദ്ധമായ പ്രഖ്യാപനത്തിലൂടെയാണ് നാമിതറിഞ്ഞത്.

സ്ത്രീകള്‍ക്കെതിരായ പീഡനങ്ങളും വിവേചനങ്ങളും വര്‍ധിച്ചുവരുന്ന ഒരു നാട്ടില്‍, സ്ത്രീപീഡനത്തിന് (അതെന്തല്ലായെന്ന്) വ്യക്തമായ നിര്‍വചനം നല്‍കിയിരിക്കുകയാണ് കമ്മീഷന്‍ എന്നതാണ് പ്രധാന കാര്യം.

ഇത് പ്രഖ്യാപിച്ചത് കിനാലൂരില്‍ സമരം ചെയ്ത സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേ പുരുഷപോലീസുകാരടക്കം ക്രൂരമായ മര്‍ദനമഴിച്ചുവിട്ടതിനെക്കുറിച്ച് ചോദ്യമുന്നയിച്ചപ്പോഴാണ്. ഈ പ്രഖ്യാപനം ഭാവിയിലെ എല്ലാ വനിതാ കമ്മീഷനുകള്‍ക്കും മാതൃകായാക്കാവുന്ന ഒന്നാണ്.

കിനാലൂരില്‍ തല്ലുകൊണ്ട സ്ത്രീകളാരും അന്നാട്ടുകാരല്ല, അവര്‍ക്കൊന്നും അന്നാട്ടില്‍ ഭൂമിയില്ല, ഇവരുടെ ഭൂമിയൊന്നും നഷ്ടപ്പെടുന്നില്ല, അവര്‍ പോലീസില്‍ നിന്ന് അടി ചോദിച്ചുവാങ്ങുകയായിരുന്നു എന്നെല്ലാമാണ് കമ്മീഷന്റെ കണ്ടെത്തലുകള്‍. എത്രകാര്യക്ഷമമായ പ്രവര്‍ത്തനം, വസ്തുനിഷ്ഠ വിശകലനം, അര്‍ഥവത്തായ നിരീക്ഷണം! മര്‍ദനം നടന്ന് 48 മണിക്കൂറിനകം ആ സമരത്തില്‍ പങ്കെടുത്തവരുടെ (സ്ത്രീകളുടെ മാത്രമെങ്കിലും) പേര്, വീട്ടുപേര്, വയസ്സ്, മേല്‍വിലാസം, ഭൂവുടമസ്ഥത തുടങ്ങിയ സമസ്തവിവരങ്ങളും ശേഖരിക്കാന്‍ കമ്മീഷന് കഴിഞ്ഞിരിക്കുന്നു. ഇത്രകാര്യക്ഷമതയുള്ള കമ്മീഷനായിരുന്നിട്ടും ആ കിളിരൂര്‍ കേസിലെ 'വി.ഐ.പി.'യെ ഒന്നു കണ്ടുപിടിക്കാത്തതെന്തെന്നാരും ചോദിക്കരുത് (പാര്‍ട്ടി സമ്മതിക്കേണ്ടേ).

മറ്റൊരു പ്രധാന സത്യവും അവര്‍ കണ്ടെത്തി. ഏതോ റോഡ് വീതി കൂട്ടാനാണത്രേ സ്ഥലമെടുക്കുന്നത്. 26 കി.മീ. പുതിയ റോഡുണ്ടാക്കാനാണ് സ്ഥലമേറ്റെടുക്കുന്നതെന്നാണ് സമരക്കാര്‍ 'തെറ്റിദ്ധരിച്ചത്', റോഡിനെത്ര വീതിയുണ്ടാകുമെന്നറിയില്ലെങ്കിലും മന്ത്രിയും കരുതിയത് പുതിയ റോഡെന്നാണ്. എന്നാല്‍ അവരേക്കാളെല്ലാം കാര്യവിവരം കമ്മീഷനുണ്ട്.

കമ്മീഷന്‍ നിലപാടിനെ വിമര്‍ശിച്ച പ്രതിപക്ഷനേതാവടക്കമുള്ളവര്‍ ചില സംശയങ്ങളുന്നയിച്ചേക്കാം. കമ്മീഷന്‍ അന്വേഷിച്ചുകണ്ടെത്തിയതു പോലെ ആ സ്ത്രീകള്‍ അന്നാട്ടുകാരല്ല (കേരളീയര്‍ പോലുമല്ലെന്ന്) എന്ന് കരുതുക (തങ്ങള്‍ക്കൊരു കാര്യവുമില്ലാത്ത പ്രശ്‌നത്തിന് മറ്റുള്ളവരുടെ സമ്മര്‍ദത്തിന് വഴങ്ങി പൊരിവെയിലിലിരുന്ന് അടിമേടിക്കാന്‍ സ്ത്രീകള്‍ തയ്യാറാകുമോ എന്ന ചോദ്യം തത്കാലം മറക്കാം).

ഭരണകൂടങ്ങളുടെ തെറ്റായ വികസന നയങ്ങള്‍ക്കെതിരെ, ജനദ്രോഹങ്ങള്‍ക്കെതിരെ (കുടിയൊഴിക്കല്‍, അഴിമതി), പാടം നികത്തലിനും മറ്റുമെതിരെയെല്ലാം സമരം നടത്താന്‍ ഏതു പൗരനും (പൗരിക്കും) അവകാശമില്ലേയെന്നതാവും ഇവരുടെ ഒരു ചോദ്യം.

ദക്ഷിണാഫ്രിക്കയില്‍ പോയി മഹാത്മാഗാന്ധിയും ബൊളീവിയയില്‍ പോയി ചെഗുവേരയും അടിയും മരണവും 'ചോദിച്ചു വാങ്ങുക'യായിരുന്നുവോ എന്നും ചോദിക്കാം. തനിക്കും കുടുംബത്തിനും ആവശ്യമില്ലാത്ത വിഷയങ്ങളില്‍ ഇടപെടുന്നത് ശരിയല്ലെന്നാണെങ്കില്‍ അയ്യങ്കാളിയും ശ്രീനാരായണഗുരുവും മുതല്‍ ഇ.എം.എസ്സും എ.കെ.ജി.യും വരെ പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങളില്‍ ഇടപെട്ടതെന്തിനെന്നും ചോദിക്കാം.

കാടും പുഴയും തന്റെ തറവാട്ടു സ്വത്തുക്കളായതുകൊണ്ടാണോ സുഗതകുമാരിയും മേധാപട്കറും വന്ദനാശിവയും അരുന്ധതിറോയിയും മറ്റും ഇങ്ങനെ പാഞ്ഞുനടക്കുന്നതെന്നും ചോദിക്കാം.

നെല്‍സന്‍ മണ്ഡേലയെ രക്ഷിക്കാനും സദ്ദാം ഹുസൈനെ തൂക്കിക്കൊല്ലാതിരിക്കാനും സഖാക്കള്‍ തെരുവിലിറങ്ങിയതെന്തുകൊണ്ടെന്നും ചോദിക്കാം. പുന്നപ്രയിലും വയലാറിലും ജാലിയന്‍ വാലാബാഗിലും മറ്റും മരണമടഞ്ഞവര്‍ മരണം 'ചോദിച്ചുവാങ്ങുകയായിരുന്നുവോ' എന്നും സംശയിക്കാം.

കൂത്തുപറമ്പില്‍ വെടിയേറ്റുമരിച്ചവരെല്ലാം സ്വാശ്രയകോളേജില്‍ പഠിക്കുന്നവരായിരുന്നോ എന്നും സംശയിക്കാം. ഇതെല്ലാം പഴഞ്ചന്മാരുടെ (പരിപ്പുവട കട്ടന്‍ചായക്കാരുടെ) സംശയങ്ങള്‍ മാത്രം. അന്നത്തെ മണ്ടത്തരമൊന്നും നമുക്കില്ല. ശീതീകരിച്ച മുറിയിലും കാറിലുമിരുന്നാണിപ്പോഴത്തെ സമരം.

സ്ത്രീകള്‍ക്ക് 50 ശതമാനവും 33 ശതമാനവും മറ്റും സംവരണം വരുന്നല്ലോ. ഇതിനായി കൂടുതല്‍ സ്ത്രീകള്‍ പൊതുരംഗത്തേക്കു വരേണ്ടതില്ലേ എന്നു ചോദിക്കാം. അതിനൊക്കെ പാര്‍ട്ടി ഒരുക്കിയ വഴിയിലൂടെ വളരണം എന്നാണുത്തരം. സ്വാശ്രയ സമരത്തില്‍പ്പെട്ട് കാലൊടിഞ്ഞ സിന്ധുജോയിക്ക് തോല്‍ക്കുന്ന സീറ്റുകള്‍ നല്‍കിയപ്പോള്‍ ഇത്തരം പുലിവാലിനൊന്നും പോയി തടികേടാക്കാത്തവര്‍ക്കല്ലേ ഉറച്ച രാജ്യസഭാ സീറ്റ് നല്‍കിയത്?ഇതാണ് പാര്‍ട്ടി നയം.

വല്ലവര്‍ക്കും വേണ്ടി തല്ലുകൊള്ളലല്ല, എല്ലാതട്ടിലുമുള്ള സ്ത്രീകളുടെ പട തന്നെ പാര്‍ട്ടി ഒരുക്കുന്നുണ്ട്. താഴെത്തട്ടിലെ കുടുംബശ്രീകളില്ലേ? നാട്ടുകാരുടെ മുഴുവന്‍ മാലിന്യം വാരാനും അച്ചാര്‍, പപ്പടം, അച്ചപ്പം മുതലായവ ഉണ്ടാക്കാനും ബ്ലേഡ് കമ്പനി നടത്താനും സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്ക് യോഗങ്ങളിലും പ്രകടനങ്ങളിലും പങ്കെടുക്കാനും കഴിയുംവിധം ഇവരെ നാം ശാക്തീകരിച്ചു കഴിഞ്ഞിരിക്കുന്നു. ഈ നാട് ഭരിക്കാന്‍ ഇവര്‍ മതി.

ഇതിനപ്പുറം കടന്ന് സമരം ചെയ്യാനും പാര്‍ട്ടി നേതാക്കള്‍ക്ക് പത്തു പണം കിട്ടാന്‍ സഹായിക്കുന്ന വികസനപദ്ധതികള്‍ക്ക് തുരങ്കം വെക്കാനും ശ്രമിക്കുന്നതിനെയാണ് 'അടി ചോദിച്ചുവാങ്ങല്‍' എന്ന് വനിതാ കമ്മീഷന്‍ നിര്‍വചിക്കുന്നത്. പാര്‍ട്ടി നല്‍കിയ സ്ഥാനമാണിത്- അവരോട് നന്ദികേട് കാട്ടാമോ?

ഇനി വീട്ടിനകത്ത് ഭര്‍ത്താവോ മറ്റോ അല്പം മദ്യം കഴിച്ച് ഭാര്യയെ തൊഴിച്ചാല്‍, അത് ഗാര്‍ഹിക പീഡന നിയമമനുസരിച്ച് കുറ്റമല്ലേയെന്നും ചോദിച്ച് വനിതാ കമ്മീഷന്റെയടുത്ത് ചെന്നേക്കരുത്. മദ്യപിച്ച ഭര്‍ത്താവിന്റെ മുന്നില്‍ച്ചെന്ന് 'അടി ചോദിച്ചു വാങ്ങുകയല്ലേ' ഇവള്‍ ചെയ്തത്? ഒഴിഞ്ഞുമാറി നില്‍ക്കാമായിരുന്നില്ലേ?

പൊതുവഴിയിലോ വാഹനത്തിലോ വിദ്യാലയത്തിലോ ജോലി സ്ഥലത്തോവെച്ച് ആരെങ്കിലും പീഡിപ്പിച്ചാലോ? കുറ്റം സ്ത്രീകള്‍ക്കാണ്. അവര്‍ ആ സ്ഥലത്തു ചെന്നതുകൊണ്ടല്ലേ അതിക്രമമുണ്ടായത്. അതും 'ചോദിച്ചു വാങ്ങല്‍' തന്നെ. ചുരുക്കത്തില്‍ സ്ത്രീകള്‍ വീട്ടിനു പുറത്തിറങ്ങാതിരിക്കണം. വീട്ടില്‍ത്തന്നെ ഭര്‍ത്താവടക്കമുള്ളവര്‍ പീഡിപ്പിക്കാന്‍ സാധ്യതയില്ലാത്തിടത്തിരിക്കണം. അന്യരുടെ കാര്യങ്ങളില്‍ ഇടപെടാതിരിക്കാന്‍ ശ്രദ്ധിക്കണം. അങ്ങനെ ചെയ്തില്ലെങ്കില്‍ ന്യായമായും അടികിട്ടും.

അപ്പോള്‍ ചില കുബുദ്ധികള്‍ ചോദിച്ചേക്കാം. ഈ വനിതാ കമ്മീഷനെന്ന പേരില്‍ ഈ ജഡ്ജിയും മറ്റും സര്‍ക്കാര്‍ ശമ്പളം പറ്റി മറ്റുള്ളവരുടെ വിഷയങ്ങളില്‍ ഇടപെടുന്നതെന്തിന് എന്ന്.

അവിടെയാണ് കമ്മീഷന്‍ പ്രഖ്യാപനത്തിന്റെ ആത്യന്തിക പ്രമാണം -പാര്‍ട്ടി ഏല്പിച്ച പണി എന്തായാലും ചെയ്യാം എന്നതാണത്. പി.പി. രാമചന്ദ്രന്റെ 'ലളിതം' എന്ന കവിതയില്‍ പറയുംപോലെ 'ഇതിലുമേറെ ലളിതമായെങ്ങനെ....' ഒരു വനിതാ കമ്മീഷന്‍ അതിന്റെ നയപ്രഖ്യാപനം നടത്തും?

(കടപ്പാട്: സി.ആര്‍ . നീലകണ്ഠന്‍ , മാതൃഭൂമി)

സ്നേഹപൂര്‍വ്വം
അഹങ്കാരി

സംസ്ഥാന വനിതാ കമ്മീഷന്‍SocialTwist Tell-a-Friend Print this post Share on TWITTER

2 comments:

  1. ...sijEEsh... said...
  2. കമ്മീഷന്‍ പ്രഖ്യാപനത്തിന്റെ ആത്യന്തിക പ്രമാണം -പാര്‍ട്ടി ഏല്പിച്ച പണി എന്തായാലും ചെയ്യാം എന്നതാണത്...
    Athra thanney... :)

  3. Radhakrishnan Kollemcode said...
  4. i cant read ur blog www.ahamkaram.blogspot.com
    what happend

Post a Comment