സംസ്ഥാന വനിതാ കമ്മീഷന്‍

സംസ്ഥാന വനിതാ കമ്മീഷന്‍ പലപ്പോഴും നിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകാറുണ്ട്. ഭരണകക്ഷിക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നു, സ്ത്രീകളുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനും കാര്യമായൊന്നും ചെയ്യാന്‍ കഴിയുന്നില്ല; ഇടപെടല്‍ ശേഷിയില്ല തുടങ്ങിയവയാണ് പ്രധാന വിമര്‍ശനങ്ങള്‍.

സുഗതകുമാരി ടീച്ചര്‍വരെ പയറ്റിയ കളരിയാണത്. എന്നാല്‍ മുന്‍ഗാമികളെയെല്ലാം ബഹുദൂരം പിന്നിലാക്കി ഇപ്പോഴത്തെ വനിതാ കമ്മീഷന്‍ വളരെ മാതൃകാപരമായ ഒരു നിലപാടെടുത്തിരിക്കുന്നു. ജസ്റ്റിസ് ശ്രീദേവിയുടെ ചരിത്രപ്രസിദ്ധമായ പ്രഖ്യാപനത്തിലൂടെയാണ് നാമിതറിഞ്ഞത്.

സ്ത്രീകള്‍ക്കെതിരായ പീഡനങ്ങളും വിവേചനങ്ങളും വര്‍ധിച്ചുവരുന്ന ഒരു നാട്ടില്‍, സ്ത്രീപീഡനത്തിന് (അതെന്തല്ലായെന്ന്) വ്യക്തമായ നിര്‍വചനം നല്‍കിയിരിക്കുകയാണ് കമ്മീഷന്‍ എന്നതാണ് പ്രധാന കാര്യം.

ഇത് പ്രഖ്യാപിച്ചത് കിനാലൂരില്‍ സമരം ചെയ്ത സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേ പുരുഷപോലീസുകാരടക്കം ക്രൂരമായ മര്‍ദനമഴിച്ചുവിട്ടതിനെക്കുറിച്ച് ചോദ്യമുന്നയിച്ചപ്പോഴാണ്. ഈ പ്രഖ്യാപനം ഭാവിയിലെ എല്ലാ വനിതാ കമ്മീഷനുകള്‍ക്കും മാതൃകായാക്കാവുന്ന ഒന്നാണ്.

കിനാലൂരില്‍ തല്ലുകൊണ്ട സ്ത്രീകളാരും അന്നാട്ടുകാരല്ല, അവര്‍ക്കൊന്നും അന്നാട്ടില്‍ ഭൂമിയില്ല, ഇവരുടെ ഭൂമിയൊന്നും നഷ്ടപ്പെടുന്നില്ല, അവര്‍ പോലീസില്‍ നിന്ന് അടി ചോദിച്ചുവാങ്ങുകയായിരുന്നു എന്നെല്ലാമാണ് കമ്മീഷന്റെ കണ്ടെത്തലുകള്‍. എത്രകാര്യക്ഷമമായ പ്രവര്‍ത്തനം, വസ്തുനിഷ്ഠ വിശകലനം, അര്‍ഥവത്തായ നിരീക്ഷണം! മര്‍ദനം നടന്ന് 48 മണിക്കൂറിനകം ആ സമരത്തില്‍ പങ്കെടുത്തവരുടെ (സ്ത്രീകളുടെ മാത്രമെങ്കിലും) പേര്, വീട്ടുപേര്, വയസ്സ്, മേല്‍വിലാസം, ഭൂവുടമസ്ഥത തുടങ്ങിയ സമസ്തവിവരങ്ങളും ശേഖരിക്കാന്‍ കമ്മീഷന് കഴിഞ്ഞിരിക്കുന്നു. ഇത്രകാര്യക്ഷമതയുള്ള കമ്മീഷനായിരുന്നിട്ടും ആ കിളിരൂര്‍ കേസിലെ 'വി.ഐ.പി.'യെ ഒന്നു കണ്ടുപിടിക്കാത്തതെന്തെന്നാരും ചോദിക്കരുത് (പാര്‍ട്ടി സമ്മതിക്കേണ്ടേ).

മറ്റൊരു പ്രധാന സത്യവും അവര്‍ കണ്ടെത്തി. ഏതോ റോഡ് വീതി കൂട്ടാനാണത്രേ സ്ഥലമെടുക്കുന്നത്. 26 കി.മീ. പുതിയ റോഡുണ്ടാക്കാനാണ് സ്ഥലമേറ്റെടുക്കുന്നതെന്നാണ് സമരക്കാര്‍ 'തെറ്റിദ്ധരിച്ചത്', റോഡിനെത്ര വീതിയുണ്ടാകുമെന്നറിയില്ലെങ്കിലും മന്ത്രിയും കരുതിയത് പുതിയ റോഡെന്നാണ്. എന്നാല്‍ അവരേക്കാളെല്ലാം കാര്യവിവരം കമ്മീഷനുണ്ട്.

കമ്മീഷന്‍ നിലപാടിനെ വിമര്‍ശിച്ച പ്രതിപക്ഷനേതാവടക്കമുള്ളവര്‍ ചില സംശയങ്ങളുന്നയിച്ചേക്കാം. കമ്മീഷന്‍ അന്വേഷിച്ചുകണ്ടെത്തിയതു പോലെ ആ സ്ത്രീകള്‍ അന്നാട്ടുകാരല്ല (കേരളീയര്‍ പോലുമല്ലെന്ന്) എന്ന് കരുതുക (തങ്ങള്‍ക്കൊരു കാര്യവുമില്ലാത്ത പ്രശ്‌നത്തിന് മറ്റുള്ളവരുടെ സമ്മര്‍ദത്തിന് വഴങ്ങി പൊരിവെയിലിലിരുന്ന് അടിമേടിക്കാന്‍ സ്ത്രീകള്‍ തയ്യാറാകുമോ എന്ന ചോദ്യം തത്കാലം മറക്കാം).

ഭരണകൂടങ്ങളുടെ തെറ്റായ വികസന നയങ്ങള്‍ക്കെതിരെ, ജനദ്രോഹങ്ങള്‍ക്കെതിരെ (കുടിയൊഴിക്കല്‍, അഴിമതി), പാടം നികത്തലിനും മറ്റുമെതിരെയെല്ലാം സമരം നടത്താന്‍ ഏതു പൗരനും (പൗരിക്കും) അവകാശമില്ലേയെന്നതാവും ഇവരുടെ ഒരു ചോദ്യം.

ദക്ഷിണാഫ്രിക്കയില്‍ പോയി മഹാത്മാഗാന്ധിയും ബൊളീവിയയില്‍ പോയി ചെഗുവേരയും അടിയും മരണവും 'ചോദിച്ചു വാങ്ങുക'യായിരുന്നുവോ എന്നും ചോദിക്കാം. തനിക്കും കുടുംബത്തിനും ആവശ്യമില്ലാത്ത വിഷയങ്ങളില്‍ ഇടപെടുന്നത് ശരിയല്ലെന്നാണെങ്കില്‍ അയ്യങ്കാളിയും ശ്രീനാരായണഗുരുവും മുതല്‍ ഇ.എം.എസ്സും എ.കെ.ജി.യും വരെ പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങളില്‍ ഇടപെട്ടതെന്തിനെന്നും ചോദിക്കാം.

കാടും പുഴയും തന്റെ തറവാട്ടു സ്വത്തുക്കളായതുകൊണ്ടാണോ സുഗതകുമാരിയും മേധാപട്കറും വന്ദനാശിവയും അരുന്ധതിറോയിയും മറ്റും ഇങ്ങനെ പാഞ്ഞുനടക്കുന്നതെന്നും ചോദിക്കാം.

നെല്‍സന്‍ മണ്ഡേലയെ രക്ഷിക്കാനും സദ്ദാം ഹുസൈനെ തൂക്കിക്കൊല്ലാതിരിക്കാനും സഖാക്കള്‍ തെരുവിലിറങ്ങിയതെന്തുകൊണ്ടെന്നും ചോദിക്കാം. പുന്നപ്രയിലും വയലാറിലും ജാലിയന്‍ വാലാബാഗിലും മറ്റും മരണമടഞ്ഞവര്‍ മരണം 'ചോദിച്ചുവാങ്ങുകയായിരുന്നുവോ' എന്നും സംശയിക്കാം.

കൂത്തുപറമ്പില്‍ വെടിയേറ്റുമരിച്ചവരെല്ലാം സ്വാശ്രയകോളേജില്‍ പഠിക്കുന്നവരായിരുന്നോ എന്നും സംശയിക്കാം. ഇതെല്ലാം പഴഞ്ചന്മാരുടെ (പരിപ്പുവട കട്ടന്‍ചായക്കാരുടെ) സംശയങ്ങള്‍ മാത്രം. അന്നത്തെ മണ്ടത്തരമൊന്നും നമുക്കില്ല. ശീതീകരിച്ച മുറിയിലും കാറിലുമിരുന്നാണിപ്പോഴത്തെ സമരം.

സ്ത്രീകള്‍ക്ക് 50 ശതമാനവും 33 ശതമാനവും മറ്റും സംവരണം വരുന്നല്ലോ. ഇതിനായി കൂടുതല്‍ സ്ത്രീകള്‍ പൊതുരംഗത്തേക്കു വരേണ്ടതില്ലേ എന്നു ചോദിക്കാം. അതിനൊക്കെ പാര്‍ട്ടി ഒരുക്കിയ വഴിയിലൂടെ വളരണം എന്നാണുത്തരം. സ്വാശ്രയ സമരത്തില്‍പ്പെട്ട് കാലൊടിഞ്ഞ സിന്ധുജോയിക്ക് തോല്‍ക്കുന്ന സീറ്റുകള്‍ നല്‍കിയപ്പോള്‍ ഇത്തരം പുലിവാലിനൊന്നും പോയി തടികേടാക്കാത്തവര്‍ക്കല്ലേ ഉറച്ച രാജ്യസഭാ സീറ്റ് നല്‍കിയത്?ഇതാണ് പാര്‍ട്ടി നയം.

വല്ലവര്‍ക്കും വേണ്ടി തല്ലുകൊള്ളലല്ല, എല്ലാതട്ടിലുമുള്ള സ്ത്രീകളുടെ പട തന്നെ പാര്‍ട്ടി ഒരുക്കുന്നുണ്ട്. താഴെത്തട്ടിലെ കുടുംബശ്രീകളില്ലേ? നാട്ടുകാരുടെ മുഴുവന്‍ മാലിന്യം വാരാനും അച്ചാര്‍, പപ്പടം, അച്ചപ്പം മുതലായവ ഉണ്ടാക്കാനും ബ്ലേഡ് കമ്പനി നടത്താനും സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്ക് യോഗങ്ങളിലും പ്രകടനങ്ങളിലും പങ്കെടുക്കാനും കഴിയുംവിധം ഇവരെ നാം ശാക്തീകരിച്ചു കഴിഞ്ഞിരിക്കുന്നു. ഈ നാട് ഭരിക്കാന്‍ ഇവര്‍ മതി.

ഇതിനപ്പുറം കടന്ന് സമരം ചെയ്യാനും പാര്‍ട്ടി നേതാക്കള്‍ക്ക് പത്തു പണം കിട്ടാന്‍ സഹായിക്കുന്ന വികസനപദ്ധതികള്‍ക്ക് തുരങ്കം വെക്കാനും ശ്രമിക്കുന്നതിനെയാണ് 'അടി ചോദിച്ചുവാങ്ങല്‍' എന്ന് വനിതാ കമ്മീഷന്‍ നിര്‍വചിക്കുന്നത്. പാര്‍ട്ടി നല്‍കിയ സ്ഥാനമാണിത്- അവരോട് നന്ദികേട് കാട്ടാമോ?

ഇനി വീട്ടിനകത്ത് ഭര്‍ത്താവോ മറ്റോ അല്പം മദ്യം കഴിച്ച് ഭാര്യയെ തൊഴിച്ചാല്‍, അത് ഗാര്‍ഹിക പീഡന നിയമമനുസരിച്ച് കുറ്റമല്ലേയെന്നും ചോദിച്ച് വനിതാ കമ്മീഷന്റെയടുത്ത് ചെന്നേക്കരുത്. മദ്യപിച്ച ഭര്‍ത്താവിന്റെ മുന്നില്‍ച്ചെന്ന് 'അടി ചോദിച്ചു വാങ്ങുകയല്ലേ' ഇവള്‍ ചെയ്തത്? ഒഴിഞ്ഞുമാറി നില്‍ക്കാമായിരുന്നില്ലേ?

പൊതുവഴിയിലോ വാഹനത്തിലോ വിദ്യാലയത്തിലോ ജോലി സ്ഥലത്തോവെച്ച് ആരെങ്കിലും പീഡിപ്പിച്ചാലോ? കുറ്റം സ്ത്രീകള്‍ക്കാണ്. അവര്‍ ആ സ്ഥലത്തു ചെന്നതുകൊണ്ടല്ലേ അതിക്രമമുണ്ടായത്. അതും 'ചോദിച്ചു വാങ്ങല്‍' തന്നെ. ചുരുക്കത്തില്‍ സ്ത്രീകള്‍ വീട്ടിനു പുറത്തിറങ്ങാതിരിക്കണം. വീട്ടില്‍ത്തന്നെ ഭര്‍ത്താവടക്കമുള്ളവര്‍ പീഡിപ്പിക്കാന്‍ സാധ്യതയില്ലാത്തിടത്തിരിക്കണം. അന്യരുടെ കാര്യങ്ങളില്‍ ഇടപെടാതിരിക്കാന്‍ ശ്രദ്ധിക്കണം. അങ്ങനെ ചെയ്തില്ലെങ്കില്‍ ന്യായമായും അടികിട്ടും.

അപ്പോള്‍ ചില കുബുദ്ധികള്‍ ചോദിച്ചേക്കാം. ഈ വനിതാ കമ്മീഷനെന്ന പേരില്‍ ഈ ജഡ്ജിയും മറ്റും സര്‍ക്കാര്‍ ശമ്പളം പറ്റി മറ്റുള്ളവരുടെ വിഷയങ്ങളില്‍ ഇടപെടുന്നതെന്തിന് എന്ന്.

അവിടെയാണ് കമ്മീഷന്‍ പ്രഖ്യാപനത്തിന്റെ ആത്യന്തിക പ്രമാണം -പാര്‍ട്ടി ഏല്പിച്ച പണി എന്തായാലും ചെയ്യാം എന്നതാണത്. പി.പി. രാമചന്ദ്രന്റെ 'ലളിതം' എന്ന കവിതയില്‍ പറയുംപോലെ 'ഇതിലുമേറെ ലളിതമായെങ്ങനെ....' ഒരു വനിതാ കമ്മീഷന്‍ അതിന്റെ നയപ്രഖ്യാപനം നടത്തും?

(കടപ്പാട്: സി.ആര്‍ . നീലകണ്ഠന്‍ , മാതൃഭൂമി)





ഹര്‍ത്താലിന്റെ ബാക്കിപത്രം

ഹര്‍ത്താലിന്റെ ബാക്കിപത്രം

Mathrubhumi 30 Apr 2010 വെള്ളിയാഴ്ച
നേതാക്കള്‍ ആഹ്വാനം ചെയ്യുന്നു, അനുയായികള്‍ നടപ്പാക്കുന്നു, ജനങ്ങള്‍ സ്തംഭിക്കുന്നു, ഹര്‍ത്താല്‍ വിജയിക്കുന്നു.
ഹര്‍ത്താല്‍ തോറ്റ ചരിത്രം ആരെങ്കിലും കേട്ടിട്ടുണ്ടോ എന്നറിയില്ല. സംശയമുള്ളവര്‍ ഗവേഷണം നടത്തട്ടെ.
എന്തായാലും ചൊവ്വാഴ്ചത്തെ ദേശീയ ഹര്‍ത്താല്‍ കേരളത്തില്‍ ചരിത്രം സൃഷ്ടിച്ച സന്തോഷത്തിലാണ് ഇടതുകക്ഷി നേതാക്കള്‍. സന്തോഷം സഹിക്കവയ്യാതെ ചില നേതാക്കള്‍, 'ജീവിതം സ്തംഭിച്ച' ജനങ്ങളെ നോക്കി പൊട്ടിച്ചിരിച്ചുവത്രേ. കേരളത്തിലെ ജനങ്ങളുടെ പ്രബുദ്ധതയും ഉന്നതനിലവാരവും കേന്ദ്രവിരുദ്ധ മനോഭാവവുമാണ് ഈ ഹര്‍ത്താലിലൂടെ ഒരിക്കല്‍ക്കൂടി വെട്ടിത്തിളങ്ങിയിരിക്കുന്നതെന്നാണ് ചിന്തകന്‍ കൂടിയായ ഒരു നേതാവ് പ്രതികരിച്ചത്.
ഹര്‍ത്താല്‍ എന്ന സമരമുറ കണ്ടുപിടിച്ച വിപ്ലവാശയന് എത്ര 'റെഡ്‌സല്യൂട്ട'ടിച്ചാലും അധികമാവില്ലെന്നായിരുന്നു മറ്റൊരു നേതാവിന്റെ അഭിപ്രായം.

ഹര്‍ത്താല്‍ദിനം, സംഘാടകരുടെ കറകളഞ്ഞ സമരവീര്യത്തിനു മാത്രമല്ല, സര്‍ഗവാസനാപ്രകടനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും സാക്ഷ്യം വഹിക്കാറുണ്ട്.

ഫോണിലൂടെയും നേരിട്ടുമുള്ള ഭീഷണി, അസഭ്യവര്‍ഷം, തടഞ്ഞുനിര്‍ത്തല്‍, മര്‍ദനം, ഓഫീസിനുള്ളില്‍ പൂട്ടിയിടല്‍, വാഹനങ്ങള്‍ തകര്‍ക്കല്‍ തുടങ്ങിയ പതിവുമുറകള്‍ക്കുപുറമെ 'ചെരിപ്പ് ഹാരാര്‍പ്പണം' എന്നൊരു പുതിയ ഇനം കൂടി ഇത്തവണ പ്രയോഗിക്കപ്പെട്ടു. ഇതിന്റെ ഉപജ്ഞാതാവിന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പാണെന്നു കേള്‍ക്കുന്നു.
ചരിത്രം സൃഷ്ടിക്കാന്‍ ഇത്തവണ ഉപയോഗിച്ച മറ്റൊരു മുറയാണ് തീവണ്ടിതടയല്‍. ഹര്‍ത്താല്‍ ബാധകമല്ലെന്ന മട്ടില്‍ ചിലര്‍ നടത്താറുള്ള തീവണ്ടിയാത്ര തടയണമെന്ന് നേരത്തേ തന്നെ രഹസ്യമായി തീരുമാനിച്ചിരുന്നു.

ഹര്‍ത്താലില്‍ ഒരു തീവണ്ടിയും കൂവുകയോ പായുകയോ ചെയ്യില്ലെന്നുറപ്പിക്കാന്‍ ഇടതുപക്ഷത്തിനല്ലാതെ മറ്റാര്‍ക്കു കഴിയും?
മരണവീട്ടില്‍ പോകുന്നതിനും വിവാഹത്തില്‍ പങ്കെടുക്കുന്നതിനും മറ്റുമായി തീവണ്ടിയാത്രയ്‌ക്കെത്തിയ ചില പാവങ്ങള്‍ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ ഹര്‍ത്താലനുകൂലികള്‍ കുപിതരായത്രെ.

അവരെങ്ങനെ കുപിതരാകാതിരിക്കും! ഈ ഹര്‍ത്താലിന്റെ മഹത്തായ ലക്ഷ്യങ്ങള്‍ക്കു മുമ്പില്‍ മരണവും വിവാഹവും ഇന്റര്‍വ്യൂവും പരീക്ഷയുമെല്ലാം ആഗോളകുത്തകകള്‍ നല്‍കുന്ന സംഭാവനകള്‍ക്കും കമ്മീഷനുകള്‍ക്കും മുന്നില്‍ സാധാരണ പാര്‍ട്ടിപ്രവര്‍ത്തകരുടെ പാട്ടപ്പിരിവെന്നപോലെ നിസ്സാരങ്ങളാണ്.

വിവാഹച്ചടങ്ങില്‍ ആരെങ്കിലും പങ്കെടുക്കാതിരുന്നാലോ മരണവീട്ടില്‍ എത്താതിരുന്നാലോ ഒന്നും നഷ്ടപ്പെടാനില്ല. പക്ഷേ, യാത്രക്കാരുമായി തീവണ്ടി ഓടിയാല്‍ ഇടതുപക്ഷങ്ങളുടെ പ്രതിച്ഛായ നഷ്ടപ്പെടും. ഇടതുപക്ഷമെന്നാല്‍ ജനങ്ങള്‍ എന്നതിന്റെ പര്യായപദമാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? ജനങ്ങളെന്നാല്‍ പാവപ്പെട്ടവരും സാധാരണക്കാരും തന്നെ. അതുകൊണ്ടാണ് അവരുടെ ജീവിതം സ്തംഭിക്കുന്നത്. വരേണ്യവര്‍ഗത്തിന്റെ ജീവിതം സ്തംഭിച്ചിട്ട് എന്തുകിട്ടാനാണ്?

ജീവിതം പെട്ടെന്ന് സ്തംഭിക്കുമ്പോള്‍ സാധാരണക്കാരും പാവപ്പെട്ടവരും ഹര്‍ത്താലിനിറങ്ങിയ കാരണങ്ങളെക്കുറിച്ച് ആലോചിക്കും. അപ്പോള്‍ അവര്‍ക്ക് കൂടുതല്‍ അവബോധമുണ്ടാകും. പിന്നെ അവരില്‍ കേന്ദ്രസര്‍ക്കാറിനോടുള്ള രോഷം ജ്വലിച്ചുയരും. തങ്ങളുടെ ഒരുദിവസത്തെ ജീവിതം സ്തംഭിച്ചുകൊണ്ടാണെങ്കിലും കേന്ദ്രസര്‍ക്കാറിനോട് പകരം ചോദിച്ചവരെച്ചൊല്ലി അഭിമാനിക്കും-ഇതാണ് ഈ ഹര്‍ത്താലിന്റെ കെമിസ്ട്രി എന്നാണ് ഈ രംഗത്തെ ഒരു വിശകലനവിദഗ്ധന്‍ പറഞ്ഞത്.

ഒരിടത്ത് വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞുകൊണ്ടിരുന്നവര്‍ തങ്ങളുടെ നേതാവിന്റെ ആഡംബരവാഹനം വരുന്നതുകണ്ടപ്പോള്‍, ഉപചാരപൂര്‍വം കടത്തിവിട്ടുവത്രേ. ഇത്തരം ആരോപണങ്ങള്‍ എല്ലാ ഹര്‍ത്താലിലുമുണ്ടാകുന്നതാണ്. ജനങ്ങളും നേതാക്കളും തമ്മിലുള്ള വ്യത്യാസം ഇപ്പോഴും മനസ്സിലാക്കിയിട്ടില്ലാത്ത വിഡ്ഢികളാണ് ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍. ഹര്‍ത്താലനുകൂലികളുടെ നേതാക്കള്‍ക്ക് സഞ്ചരിക്കാനും പരിപാടികളില്‍ പങ്കെടുക്കാനും സൗകര്യം ലഭിക്കുകയും ജനങ്ങള്‍ക്കത് ലഭിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് ഹര്‍ത്താല്‍ പരിപൂര്‍ണവിജയമാകുന്നത്. കേന്ദ്ര സര്‍ക്കാറിനോടുള്ള പ്രതിഷേധം പ്രകടിപ്പിക്കാന്‍ പാര്‍ലമെന്റ് ഉപരോധിക്കുകയല്ലേ ചെയ്യേണ്ടതെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. പേടിച്ചിട്ടൊന്നുമല്ല തത്കാലം വേണ്ടെന്നു വെച്ചിട്ടാണ്. ഹര്‍ത്താലുകള്‍ കൊണ്ട് രക്ഷയില്ലെങ്കില്‍ പാര്‍ലമെന്റല്ല വൈറ്റ് ഹൗസ് വരെ ഉപരോധിക്കാന്‍ മടിക്കില്ല.

ഹര്‍ത്താലിനും ബന്ദിനുമെതിരായ കോടതിവിധികള്‍ സര്‍ക്കാര്‍ പിന്തുണയോടെ കാറ്റില്‍ പറത്തുന്നതാണ് ചൊവ്വാഴ്ച കേരളത്തില്‍ കണ്ടതെന്നാണ് ചില സാധുക്കള്‍ വിലപിക്കുന്നത്.

ഭരണവും സമരവും ഒന്നിച്ചുകൊണ്ടുപോകുക എന്ന തത്ത്വത്തിലൂന്നി പ്രവര്‍ത്തിച്ചുപോന്ന സര്‍ക്കാറാണ് കേരളത്തിലേത്. എന്നാല്‍, രണ്ടും ഒരുമിച്ചു കൊണ്ടുപോകാന്‍ അത്ര എളുപ്പമല്ലെന്ന് പിന്നീട് ബോധ്യമായി. അതിനാല്‍ ഭരണകാര്യങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് സമരവുമായി മാത്രമാണ് ഇപ്പോള്‍ മുന്നോട്ടുപോയ്‌ക്കൊണ്ടിരിക്കുന്നത്. താത്ത്വികമായി ഭരണത്തെക്കാള്‍ മൂല്യമുള്ള ഇത്തരം ഇടതുപക്ഷ സമരങ്ങള്‍ക്ക് സര്‍ക്കാറിന്റെ ഉറച്ച പിന്തുണയുണ്ടാകും.

******
കേരളത്തില്‍ ഹര്‍ത്താലുകള്‍ ഏറ്റെടുത്തു നടത്തുന്ന ബിസിനസ്സ് ഗ്രൂപ്പുകള്‍ രൂപപ്പെട്ടിട്ടുണ്ടെന്നാണ് രഹസ്യവിവരം. രാഷ്ട്രീയ കക്ഷികള്‍ ആഗ്രഹിക്കുന്നവിധം റാലികളും സമ്മേളനങ്ങളും മറ്റും കരാറെടുത്തു നടത്തി തഴക്കമുള്ള ചിലരാണത്രെ ഈ നവസംരംഭത്തിന് പിന്നില്‍.
വാര്‍ഡ്, പഞ്ചായത്ത്, ബ്ലോക്ക്, ജില്ല, സംസ്ഥാന തലത്തില്‍ പകലോ രാത്രിയോ രാപ്പകലോ ഹര്‍ത്താല്‍ നടത്തിക്കൊടുക്കും.

ജനജീവിതം എത്രമാത്രം സ്തംഭിപ്പിക്കണം എന്നതിനനുസരിച്ച് നിരക്കില്‍ ഏറ്റക്കുറച്ചിലുണ്ടാകും. എത്രനേരം വേണമെങ്കിലും എവിടെയും ജനജീവിതം സ്തംഭിപ്പിക്കാന്‍ ശേഷിയുള്ള സ്വന്തം ക്വട്ടേഷന്‍ സംഘങ്ങളും ഈ സംരംഭകര്‍ക്കുണ്ട്. അടുത്ത ഹര്‍ത്താല്‍ മിതമായ നിരക്കില്‍ തങ്ങള്‍ ഏറ്റെടുത്തു നടത്താമെന്നും വിമാനസര്‍വീസും വേണമെങ്കില്‍ കപ്പല്‍ സര്‍വീസും (അന്തര്‍വാഹിനികളടക്കം) സ്തംഭിപ്പിച്ചുകൊടുക്കാമെന്നും അറിയിച്ചു ഒരു ബിസിനസ്സ് ഗ്രൂപ്പ് കേരളത്തിലെ ഒരു പ്രമുഖകക്ഷിയെ സമീപിച്ചതായി അറിയുന്നു.
ചില ചാനല്‍ചിന്തകരുടെ ഭാഷയില്‍ ഇതിന് രാഷ്ട്രീയത്തിന്റെ വാണിജ്യവത്കരണം എന്നു പറയാം.

പിന്‍കുറിപ്പ്:

അടുത്തുതന്നെ നടത്താന്‍ പോകുന്ന ഹര്‍ത്താലില്‍ കാല്‍നടപോലും സ്തംഭിപ്പിക്കാന്‍ ഒരു സംഘടന തീരുമാനിച്ചിട്ടുണ്ടത്രെ.
അടുത്ത ഊഴക്കാര്‍ 'മൃഗജീവിത'വും സ്തംഭിപ്പിക്കുമായിരിക്കും.





തരൂരും രാജിവാദവും...

Mathrubhumi :  Posted on: 25 Apr 2010
സി.ആര്‍. നീലകണ്ഠന്‍

ഐ.പി.എല്‍. ക്രിക്കറ്റ് വളരെപ്പെട്ടെന്ന് എല്ലാവര്‍ക്കും ഹറാമായി മാറി. ഇതുവരെ ഹരമായിരുന്ന ഈ കളി വെറും ചൂതാട്ടമാണ്, അഴിമതിയാണ്, കള്ളപ്പണം വെള്ളയാക്കലാണ്, വഞ്ചനയാണ്, നികുതിവെട്ടിപ്പാണ്, ഒത്തുകളിയാണ് എന്നാണിപ്പോള്‍ പറയുന്നത്. സമഗ്രമായ അന്വേഷണം മുതല്‍ നിരോധനംവരെ ആവശ്യപ്പെടുന്നവരുണ്ട്. തരൂരിന്റെ പിന്നാലെ സംഘാടകനായ ലളിത്‌മോഡിയും തെറിക്കുമെന്ന് കേള്‍ക്കുന്നു. എന്നാല്‍ ഈ കളി തുടങ്ങിയിട്ട് മൂന്നുവര്‍ഷമായി. ഇക്കാലമത്രയും ഇതിന്റെ നിരര്‍ഥകതയും ആഡംബരപ്രിയതയും മറ്റും ചോദ്യംചെയ്ത പലരുമുണ്ട്.

എന്നാല്‍ ഇപ്പോള്‍ കലികയറിയിരിക്കുന്ന നേതാക്കളെല്ലാം ഈ കളികണ്ട് ആസ്വദിക്കുകയായിരുന്നു. ഇത് നവമുതലാളിത്തത്തിന്റെ വിളയാട്ടമാണ്. ഓഹരിക്കമ്പോളവും റിയല്‍ എസ്റ്റേറ്റ്-ഐ.ടി.തട്ടിപ്പുകളും മറ്റും ഇതിന്റെ ഭാഗമാണ്.ഈ നവലിബറല്‍ നയങ്ങള്‍ക്ക് സി.പി.എം. അടക്കം ആരാണ് എതിരായിട്ടുള്ളത്? (വാചകമടിയിലല്ല). ഓഹരിക്കമ്പോള സൂചിക ഇന്ത്യയിലെ ഒരു ശതമാനം ജനങ്ങളെ മാത്രം ബാധിക്കുന്ന ഒന്നാണ്. പക്ഷേ, ആ ഒരു ശതമാനത്തില്‍ സി.പി.എം. എന്ന വിപ്ലവ കക്ഷിയും പെടും.

കാരണം അവര്‍ക്കും അതില്‍ മുതല്‍മുടക്കുണ്ട്. താഴേക്കുവന്നാല്‍ എല്ലാത്തരം ഊഹത്തട്ടിപ്പുകളുടെയും നടത്തിപ്പുകാരാണ് ഇന്ന് സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കള്‍.ഇവിടെ വിഷയം അതല്ല. ഇപ്പോള്‍ ഐ.പി.എല്‍. ഇത്ര വിവാദമാകാന്‍ കാരണം ശശി തരൂരിന്റെ രാജിയാണ്. കൊച്ചിക്ക് ഒരു ഐ.പി.എല്‍. ടീം വേണമെന്ന് ആഗ്രഹിച്ചതോ ശശി തരൂരിന്റെ തെറ്റ് ! കേരളത്തില്‍ ഈ ചര്‍ച്ച തുടങ്ങിയിട്ട് കാലമേറെയായി. ഒരു നേതാവും ഇതിനെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല. തന്നെയുമല്ല, ഐ.പി.എല്‍. ടീമുണ്ടായാല്‍ കേരളത്തിലെ കായികരംഗത്തിനു വലിയ നേട്ടമുണ്ടാകില്ലെങ്കിലും ഇവിടെ വന്‍നിക്ഷേപം വരുകവഴി വ്യവസായവും ടൂറിസവും വികസിക്കുമെന്നാണ് ഡി.വൈ.എഫ്.ഐ. നേതാവ് ശ്രീരാമകൃഷ്ണന്‍ ഒരു ചാനലില്‍ പറഞ്ഞത്.

ഇപ്പോള്‍ പ്രകാശ് കാരാട്ട് ഇതുകേരളത്തില്‍ വേണ്ടായെന്നു പറഞ്ഞതിനാല്‍ നിലപാടുമാറ്റാന്‍ ഇദ്ദേഹം നിര്‍ബന്ധിതനായേക്കും. എന്നാല്‍ ഇടതുപക്ഷം ഭരിക്കുന്ന കൊല്‍ക്കത്തയില്‍ മൂന്നുവര്‍ഷമായി ഷാരൂക്ഖാന്റെ നൈറ്റ് റൈഡേഴ്‌സ് ഉള്ള കാര്യം കാരാട്ടിനറിയില്ലായിരിക്കും. അതുവേണ്ടന്നദ്ദേഹം പറയാത്തത് അതുകൊണ്ടാകും.കൊച്ചി ഐ.പി.എല്‍. ലേലം വിളിച്ച കമ്പനി - റോന്ദേവു- അവരുടെ ഒരുഭാഗം ഓഹരി സുനന്ദപുഷ്‌കറിന് നല്‍കിയതാണ് വിവാദമായത്. ഉന്നതപദവിയില്‍ ഒരുകമ്പനിയില്‍ ജോലിക്കു കയറുന്നവര്‍ക്ക് ശമ്പളത്തിനു പകരം നല്കുന്ന ഓഹരി സ്വെറ്റ്ഇക്വിറ്റി, ആണിത്. ഇതില്‍നിയമപരമായി ഒരു തെറ്റുമില്ല. ഇതുലഭിച്ച സുനന്ദ ശശി തരൂരിന്റെ അടുത്ത സുഹൃത്താണെന്നതാണ് ഇദ്ദേഹം രാജിവെക്കണമെന്നാവശ്യപ്പെടാനുള്ള പ്രധാന കാരണം.

ഇതില്‍ ശശി തരൂരിന്റെ പങ്ക് നിയമപരമായി തെളിയിക്കുക എളുപ്പമല്ല. തന്നെയുമല്ല ഇതൊരു സ്വകാര്യ കമ്പനിയുടെ ഓഹരികളാണ്. പൊതുപണം ഇതില്‍ വരുന്നതേയില്ല. കമ്പനി-ആദായനികുതി നിയമങ്ങള്‍ മാത്രമേ ഇതില്‍ പ്രാബല്യത്തില്‍ വരൂ. മൊത്തം ഐ.പി.എല്‍.തന്നെ ഒരു സ്വകാര്യ ഇടപാടാണ്.മന്ത്രിയെന്ന നിലയില്‍ ഐ.പി.എല്ലുമായി ബന്ധപ്പെട്ടതാണോ ശശി തരൂരിന്റെ കുറ്റം? ശരദ്പവാറടക്കം നിരവധി കേന്ദ്രമന്ത്രിമാരും നരേന്ദ്രമോഡിയടക്കം നിരവധി മുഖ്യമന്ത്രിമാരും അരുണ്‍ജെയ്റ്റ്‌ലിയടക്കം വിവിധ നേതാക്കളും ഇവരുടെയെല്ലാം കുടുംബങ്ങളും ഐ.പി.എല്ലില്‍ കാര്യമായി ഇടപെടുന്നുണ്ടല്ലോ!

അവരൊന്നും രാജിവെക്കണമെന്ന് പറയാതെ ശശി തരൂര്‍ രാജിവെക്കണമെന്ന് സി.പി.എം. നേതാക്കള്‍ (ബി.ജെ.പി.യും) ആവശ്യപ്പെട്ടതെന്തുകൊണ്ട്?ഇത്രയും പറയാന്‍ മറ്റൊരുകാരണം കൂടിയുണ്ട്. ഇപ്പോള്‍ പ്രത്യേക കോടതിയില്‍ വിചാരണയിലിരിക്കുന്ന എസ്.എന്‍.സി. ലാവലിന്‍ കേസിലെ പ്രതിയാണല്ലോ സി.പി.എം. സെക്രട്ടറി പിണറായി വിജയന്‍. ആ കേസില്‍ സി.ബി.ഐ. നല്കിയ ഒരുപ്രസ്താവനയിലെ ചില വരികള്‍ ഉദ്ധരിച്ചുകൊണ്ട് ''പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്നു തെളിഞ്ഞു'', ''ലാവലിന്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുവന്നു'', ''ലാവലിന്‍ കേസിന്റെ അടിത്തറ തകര്‍ന്നിരിക്കുന്നു'' എന്നൊക്കെ പ്രഖ്യാപിക്കാന്‍ സി.പി.എം. നേതാക്കളും അവരുടെ മാധ്യമങ്ങളും തിടുക്കം കൂട്ടിയതും നാംകണ്ടു. (പിന്നീട് സി.ബി.ഐ. തന്നെ ചില വിശദീകരണങ്ങളുമായി വന്നുവെന്നതു മറ്റൊരു കാര്യം)

ലാവലിന്‍ കേസിലെ സി.ബി.ഐ. അന്വേഷണം തീരുമാനിച്ചത് സര്‍ക്കാറല്ല, കേരള ഹൈക്കോടതിയാണ്. മറിച്ച് സര്‍ക്കാര്‍ പണവും അധികാരവും ഉപയോഗിച്ച് ഈ കേസ് അന്വേഷണം തടയാനും പിന്നീട് വിചാരണ തടയാനും ശ്രമിച്ചത് ഇടതുപക്ഷ സര്‍ക്കാറാണ്. അതാണ് രാഷ്ട്രീയപ്രേരിതം. എങ്കിലും പ്രകാശ് കാരാട്ട് ഇതു പറഞ്ഞുകൊണ്ടേയിരിക്കുന്നു - അതൊരു തമാശ.പിണറായി വിജയന്‍ കൈക്കൂലി വാങ്ങിയെന്നതല്ല സി.ബി.ഐ. യുടെ കേസ്. അക്കാര്യം അവര്‍ അന്വേഷിച്ചിട്ടില്ല. (പണം കൈപ്പറ്റിയെന്നതിന് തെളിവുമായി പലരും രംഗത്തുവന്നിട്ടുണ്ടെന്നത് തത്കാലം വിടാം).

വഞ്ചന, ഗൂഢാലോചന, ക്രമവിരുദ്ധ നടപടികള്‍ മുതലായവമൂലം സംസ്ഥാനത്തിന് അനേകകോടി രൂപ (പൊതുപണം) നഷ്ടപ്പെടുത്തിയെന്നതാണ് പിണറായി വിജയനെതിരായ കേസ്. എല്ലാ ചട്ടങ്ങളും പാലിച്ച് അന്വേഷണം നടത്തി കുറ്റപത്രം തയ്യാറാക്കി സി.ബി.ഐ. പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു.

അതുസ്വീകരിച്ച് വിചാരണ ആരംഭിച്ചിരിക്കുകയാണ്.ഒരാള്‍ നേരിട്ട് പണം കൈപ്പറ്റുന്നതുമാത്രമാണ് അഴിമതിയെങ്കില്‍ ഇന്ത്യയില്‍ ഒരു രാഷ്ട്രീയ-ഭരണ അഴിമതിയും നടക്കുന്നുണ്ടെന്നു പറയാനാവില്ല. സി.പി.എം. നേതാക്കള്‍തന്നെ ഉയര്‍ത്തിക്കൊണ്ടുവന്ന പാമോലിന്‍ കേസില്‍ കെ. കരുണാകരനോ ഗ്രാഫൈറ്റ് കേസില്‍ ആര്‍. ബാലകൃഷ്ണപിള്ളയോ കാലിത്തീറ്റ കേസില്‍ ലാലുപ്രസാദ് യാദവോ ബോഫോഴ്‌സ് കേസില്‍ രാജീവ്ഗാന്ധിയോ ശവപ്പെട്ടി കുംഭകോണ കേസില്‍ ജോര്‍ജ് ഫെര്‍ണാണ്ടസ്സോ നേരിട്ട് പണം വാങ്ങിയതായി യാതൊരു തെളിവുമില്ല.

മറിച്ച് രാജ്യത്തെ നിലവിലുള്ള ചട്ടങ്ങള്‍ മറികടന്ന് പ്രവര്‍ത്തിച്ചുവെന്നും അതുവഴി പൊതുപണം നഷ്ടപ്പെട്ടുവെന്നുമാണിവര്‍ ക്കെല്ലാമെതിരെയുള്ള കേസ്. ലാവലിന്‍ ഇടപാടില്‍ മന്ത്രിസഭയില്‍ നിന്നുപോലും ഒട്ടനവധി സത്യങ്ങള്‍ മറച്ചുപിടിച്ചുവെന്നതടക്കമുള്ള കുറ്റങ്ങളാണ് പിണറായി വിജയനുമേലുള്ളത്. ഇതിനുള്ള തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുമുണ്ട്.ഈ സാഹചര്യത്തിലാണ് ശശി തരൂരിന്റെ രാജി ആവശ്യപ്പെടുന്ന സി.പി.എമ്മിന്റെ നിലപാടിലെ വൈരുദ്ധ്യം പ്രകടമാകുന്നത്. സ്വന്തം സ്വഭാവ പെരുമാറ്റ രീതികള്‍ കൊണ്ട് ഒട്ടനവധി പേരെ വെറുപ്പിക്കാന്‍ ശശി തരൂരിന് കഴിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ രാജി മനസ്സുകൊണ്ടാഗ്രഹിക്കുന്ന പലരുമുണ്ടെന്നതും കേന്ദ്ര സര്‍ക്കാറിന് ഇന്നത്തെ അവസ്ഥയില്‍ തന്ത്രപരമായി ഇതാവശ്യമാണെന്നതും മൂലം രാജിവെക്കേണ്ടിവരികയും ചെയ്തു.

എന്നാല്‍ നിയമത്തിന്റെ ദൃഷ്ടിയിലും തെളിവുകളുടെ അടിസ്ഥാനത്തിലും നോക്കിയാല്‍ ശശി തരൂര്‍ കുറ്റക്കാരനാണെന്നു സ്ഥാപിക്കുക എളുപ്പമല്ല. ശശി തരൂരിന്റെ ഇടപെടല്‍ വഴി പൊതുസമ്പത്ത് നഷ്ടപ്പെട്ടിട്ടില്ല. ക്രമക്കേടു നടന്നതായി തെളിവില്ല.എന്നാല്‍ ലാവലിന്‍ ഇടപാടില്‍ പൊതുപണം നഷ്ടപ്പെട്ടെന്ന് സി.എ.ജി.യും ക്രമക്കേടുനടന്നുവെന്ന് സംസ്ഥാന വിജിലന്‍സും കണ്ടെത്തിയതാണ്. അന്നൊന്നും ഒരക്ഷരം മിണ്ടാതിരുന്ന സി.പി.എം. പിണറായി വിജയന്‍ പ്രതിയാകുമെന്നുവന്നപ്പോള്‍ ഈ കേസ് രാഷ്ട്രീയപ്രേരിതമാണെന്നു പറയുന്നു.

മുമ്പുപറഞ്ഞ ഒട്ടനവധി അഴിമതിക്കേസുകളില്‍ സി.എ.ജി. റിപ്പോര്‍ട്ടെന്ന വജ്രായുധം പ്രയോഗിച്ച് ശത്രുക്കളെ ആക്രമിച്ച സി.പി.എമ്മിനിപ്പോള്‍ സി.എ.ജി. എന്നാല്‍ 'കുറെ ഗുമസ്തന്മാരുടെ കണക്ക്' മാത്രമായി.ചുരുക്കത്തില്‍ പിണറായി വിജയനെ സംരക്ഷിച്ചു ശശി തരൂര്‍ രാജിവെക്കണമെന്നാവശ്യപ്പെടുന്ന സി.പി.എം. നിലപാട് വെറുമൊരു തമാശ മാത്രമായേ കാണാനാകൂ. അല്ലെങ്കില്‍ ''കാക്കയ്ക്കു തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്.....'' സിദ്ധാന്തവുമാകാം.





ഹുസൈന്‍ വിവാദത്തിനു പിന്നില്‍ ഇടതു - ഇസ്ളാമിസ്റ്റ് അച്ചുതണ്ഡ്

1
അഭിമുഖം

ബര്‍ഖാ ദത്ത്: താങ്കള്‍ എന്തിനാണ് ഭാരത പാസ്പോര്‍ട്ട് തിരിച്ചുനല്കി ഖത്തര്‍പൌരത്വം സ്വീകരിച്ചത്? കുറെ വര്‍ഷമായി താങ്കള്‍ പുറത്തായിരുന്നല്ലോ, എങ്ങിനെയത് പൌരത്വം ഉപേക്ഷിക്കുന്ന അവസ്ഥയിലെത്തി?

= എം.എഫ്.ഹുസൈന്‍: അതിനൊരു കാരണമുണ്ടെന്ന് ഞാന്‍ കരുതുന്നു. 2006 ല്‍ മൂന്ന് പ്രൊജക്ടുകളില്‍ പ്രവര്‍ത്തിക്കാന്‍ ഞാന്‍ തീരുമാനിച്ചു.
1.മോഹന്‍ജോദാരോ മുതല്‍ മന്‍മോഹന്‍സിംഗ്വരെയുള്ള ഭാരതീയനാഗരികതയുടെ ചരിത്രം.
2.ബാബിലോണ്‍ മുതലുള്ള മറ്റു നാഗരികതകള്‍.
3.എന്റെ ഹൃദയത്തോട് ഏറ്റവും അടുത്തുനില്ക്കുന്ന- എന്റെ സ്നേഹമായ - സിനിമ.

ഇന്ത്യന്‍ സിനിമയുടെ നൂറാം വര്‍ഷം. അടുത്ത വര്‍ഷം ഇന്ത്യന്‍ സിനിമയുടെ നൂറാംവര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇന്ത്യയിലാണ് എനിക്ക് ഈ പ്രൊജക്ടുകള്‍ ചെയ്യേണ്ടിയിരുന്നത്. നിങ്ങള്‍ക്ക് അറിയുന്നതുപോലെ അവിടെ വെച്ച് എനിക്ക് സുഖമായി ജോലിചെയ്യാന്‍ ചില തടസ്സങ്ങളുണ്ട്. ഒന്നാമതായി ഒരു സ്പോണ്‍സറെ കണ്ടെത്തുക എന്നതാണ്. ഇനിതായി ഞാന്‍ കാത്തിരുന്നു. 2004 ല്‍ ദുബായില്‍വന്നു ചില സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ ഞാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ നാഗരികതയുടെ ചരിത്രം സ്പോണ്‍സര്‍ ചെയ്യാന്‍ ഞാന്‍ ലണ്ടനില്‍ ഒരാളെ കണ്ടെത്തി. മറ്റുനാഗരികതകളുടെ ചരിത്രം തയ്യാറാക്കാന്‍ ഖത്തറിലെ ഷൈഖ മൊസാഹ എന്നെ ക്ഷണിച്ചു. ഇന്ത്യന്‍ സിനിമയെക്കുറിച്ചുള്ള പ്രൊജക്ട് അബുദാബിയും സ്പോണ്‍സര്‍ ചെയ്യും. അടുത്ത വര്‍ഷം നല്ല നിലയില്‍ അതു തുടങ്ങാനാകുമെന്ന് ഞാന്‍ കരുതുന്നു. ഇതൊക്കെ ചെയ്യാന്‍ എനിക്ക് പ്രവാസിഭാരതീയനായേ പറ്റൂ. അവിടുത്തെ നികുതിഘടന അങ്ങനെയാണ് (ഒരു കോര്‍പ്പറേറ്റുകാരനോട് ചോദിച്ചുനോക്കിയാല്‍ ഇക്കാര്യം നിങ്ങള്‍ക്കു മനസ്സിലാകും....)

ബര്‍ഖാദത്ത്: ഹുസൈന്‍ സാഹിബ്, ഭാരതത്തില്‍ ലഭ്യമല്ലാത്ത അവസരം ഖത്തറില്‍ സാധ്യമാക്കുന്നതിന് താങ്കള്‍ പ്രായോഗിക തീരുമാനമെടുത്തത് ഏതായാലും നന്നായി. ഭാരതം താങ്കളെ തള്ളിക്കളഞ്ഞു എന്ന് താങ്കള്‍ പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതാണോ ഖത്തര്‍ പൌരത്വം സ്വീകരിക്കാന്‍ താങ്കളെ സ്വാധീനിച്ചത്?

എം.എഫ്.ഹുസൈന്‍: ഭാരതം എന്നെ തിരസ്കരിച്ചുവെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അവരെന്തു പറഞ്ഞാലും എന്റെ കാഴ്ചപ്പാട് അതാണ്. ഇവിടെ അവസരങ്ങളുള്ളതുകൊണ്ട് ഞാനിവിടെ വന്നു എന്നാണ് ഞാന്‍ പറഞ്ഞത്. എന്താണ് പൌരത്വം? അതൊരു കഷണം കടലാസല്ലേ?....... തീര്‍ച്ചയായും ഭാരതത്തിലെ 99 ശതമാനം ജനങ്ങളും എന്നെ സ്നേഹിക്കുന്നു......
ബര്‍ഖ ദത്ത്: ഖത്തറില്‍ തികഞ്ഞ സ്വാതന്ത്യ്രം പ്രകടമാക്കാനും വരയ്ക്കാനും സാധിക്കുമോ?
എം.എഫ്.ഹുസൈന്‍: കഴിഞ്ഞ 2 വര്‍ഷമായി ഞാനിവിടെ പ്രവര്‍ത്തിക്കുന്നു. കുഴപ്പമൊന്നും തോന്നുന്നില്ല. നാളെ എന്തു സംഭവിക്കുമെന്ന് നൂറുശതമാനം ഉറപ്പില്ല. ഇതൊരു ചുതാട്ടമാണ്. സൃഷ്ടിപരമായ ചുതാട്ടം....... (മാര്‍ച്ച് 3 ന് എന്‍.ഡി.ടി.വിയില്‍ നടന്ന അഭിമുഖം)

പിറ്റേന്ന് 'ടൈംസ് നൌ' ടി.വി.യുമായുള്ള അഭിമുഖത്തിലും ഇതേരീതിയിലാണ് ഹുസൈന്‍ പ്രതികരിച്ചത്. ഭാരതത്തില്‍ പീഡനമേറ്റുവാങ്ങേണ്ടിവന്നില്ലേ എന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിനു അദ്ദേഹം ചോദ്യകര്‍ത്താവിനെ നിരാശപ്പെടുത്തുന്ന വിധമാണ് ഉത്തരം നല്കിയത്. മാധ്യമങ്ങള്‍ പലതും തന്റെ വായില്‍ തിരുകി വെക്കുകയാണ്, ഇരയാക്കപ്പെട്ടതായി തനിക്കുതോന്നിയിട്ടില്ല, തനിക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാം, പൌരത്വത്തിന്റെ കാര്യത്തിലാണെങ്കില്‍ താന്‍ ആഗോളപൌരനാണ് - ഈ തരത്തിലുള്ള വാക്കുകളാണ് ആ അഭിമുഖത്തില്‍ ഹുസൈനില്‍നിന്നും ചാനല്‍വഴി ലോകം കേട്ടത്. എന്നാല്‍ അന്നുതന്നെ സി.എന്‍.എന്‍.ഐ. ബി.എന്‍. അഭിമുഖത്തില്‍ ഹുസൈന്റെ സ്വരം വ്യത്യസ്മതമായിരുന്നു. തനിക്കെതിരെയുള്ള കേസ്സുകളെക്കുറിച്ചും ഭാരതത്തിലുള്ളപ്പോള്‍ തനിക്കുണ്ടായി എന്നു പറയുന്ന പീഡനത്തെക്കുറിച്ചും ഹുസൈന്‍ പരിഭവം പറഞ്ഞു.

95-ാം വയസ്സിലും തന്റെ കലയെ കച്ചവടമാക്കാന്‍ സ്പോണ്‍സറെ തേടിയിറങ്ങിയ ആ കലാകാരന്റെ കണക്കുകൂട്ടല്‍ കച്ചവടക്കണ്ണോടെയായിരുന്നു. പ്രവാസി ഭാരതീയനു ലഭിക്കുന്ന നികുതി ഇളവുകൂടി ലഭിക്കാനാണ് ഹുസൈന്റെ നീക്കം. അതദ്ദേഹം ബര്‍ഖാ ദത്തിനുമുമ്പില്‍ മറച്ചുവെച്ചിട്ടുമില്ല. കച്ചവടക്കാഴ്ചപ്പാടും സാമ്പത്തിക ചിന്തയുമായാണു ഹുസൈന്‍ ഖത്തറിലെത്തിയതു എന്ന വാദം തള്ളിക്കളയാനാവില്ല എന്നാണ് കോളമെഴുത്തുകാരനായ വീര്‍ സിംഗ്വി എഴുതിയത്. അപ്പോള്‍ എം.എഫ്.ഹുസൈനെ ഇവിടെ ജീവിക്കാന്‍ സമ്മതിക്കാതെ നാടുവിടുവിച്ചു എന്ന പ്രചരണമോ?

2
ഗീബല്‍സിയന്‍ പ്രചാരണം
ഹുസൈന്‍ ഖത്തര്‍ പൌരത്വം സ്വീകരിക്കുന്നു എന്ന വാര്‍ത്ത വന്നതോടെ 'മതേതര'ചിന്തകരും കലാകാരന്മാരും ഒരേസ്വരത്തില്‍ ഓരിയിടാന്‍ തുടങ്ങി. ഹുസൈന്‍ എന്ന മഹാനായ കലാകാരനെ ഭാരതം നാടുകടത്തി, നൂറുകണക്കിന് കേസും കൂട്ടങ്ങളും കൊണ്ടു പൊറുതിമുട്ടി ഇവിടെ കഴിയാന്‍ വയ്യെന്നായി, ജീവനുപോലും സുരക്ഷയില്ലാതായി, ഇത്രകാലം വിദേശത്തു കഴിഞ്ഞിട്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ പോലും അവഗണിച്ചു എന്നിങ്ങനെയായിരുന്നു അവരുടെ വാദഗതികള്‍. 900 കേസുകള്‍ ഹുസൈന്റെ പേരിലുണ്ട് എന്നതും വലിയ വാര്‍ത്തയായി. ശല്യം ചെയ്യുന്ന കേസുകളുടെ കാര്യത്തില്‍ സുപ്രീംകോടതി വിധിയുണ്ടെന്നും ഇപ്പോള്‍ ഹുസൈന്റെ പേരില്‍ മൂന്ന് കേസുകളെ ഉള്ളുവെന്നും അവ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ക്ക് കൈകാര്യം ചെയ്യാവുന്നതാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന്റെ വിശദീകരണം പുറത്തുവന്നു. ഹുസൈന് എല്ലാവിധ സുരക്ഷയും അദ്ദേഹം ഉറപ്പുനല്‍കി. ഇതൊന്നും ഹുസൈനുവേണ്ടി സംഘഗാനം മുഴക്കുന്നവര്‍ ചെവിക്കൊണ്ടില്ല. സര്‍ക്കാറിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ചു തിരിച്ചുവരാന്‍ അവര്‍ ഹുസൈനോട് ആവശ്യപ്പെട്ടതുമില്ല. ഹുസൈനുവേണ്ടി ഭാരതം ഇരട്ട പൌരത്വം അംഗീകരിക്കണമെന്നാണ് ചിത്രകാരി അഞ്ജലി ഇള മേനോന്‍ ആവശ്യപ്പെടുന്നത്. ഭാരതസര്‍ക്കാര്‍ ഹു സൈന് ഭാരതരത്നം നല്കണമെന്നാണ് ലളിതകലാ അക്കാദമി അദ്ധ്യക്ഷന്‍ അശോക് വാജ്പേയിയുടെ ആവശ്യം.

3
ഹുസൈന്റെ ഇരട്ടത്താപ്പ്
ശ്രീ ശ്രീ രവിശങ്കര്‍ ചോദിച്ചു, 'ഹിന്ദു ദൈവങ്ങളെ നഗ്നരാക്കി വരയ്ക്കുമ്പോള്‍ കാണിച്ച അതേ മനോഭാവം ഇസ്ളാമികനായകന്മാരെ വരയ്ക്കുമ്പോഴും ഹുസൈന്‍ കാണിക്കുമോ? അങ്ങിനെ വരച്ചാല്‍ ഖത്തര്‍പൌരത്വം നിലനിര്‍ത്താനാകുമെന്നുകരുതുണ്ടോ?' ഹുസൈനുവേണ്ടി വാദിക്കുന്ന ആരും ഈ ചോദ്യത്തിനു മറുപടി നല്കിയിട്ടില്ല.
ഹുസൈനുവേണ്ടി വാദിക്കുന്നവര്‍ ഇത്തരം പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയേണ്ടതുണ്ട്. അടിയന്തരാവസ്ഥയില്‍ ഇന്ദിരാഗാന്ധിയ്ക്കുവേണ്ടി വാദിച്ചയാളാണ് ഹുസൈന്‍. ഹുസൈന്റെ ബ്രഷില്‍ ഇന്ദിരാഗാന്ധി ദുര്‍ഗ്ഗയായിരുന്നു. ജയപ്രകാശ്നാരായണന്‍ അസുരശക്തിയും. അന്ന് കലാകാരന്മാരെയും എഴുത്തുകാരെയും ഇരുമ്പഴിക്കുള്ളിലിട്ടതിനെ അദ്ദേഹം ന്യായീകരിച്ചു. ഈ നിലപാടില്‍ കുറ്റബോധം തോന്നാത്ത ഹുസൈനുവേണ്ടിയാണോ ഇക്കൂട്ടര്‍ വാദിക്കുന്നത്?
തൊണ്ണൂറുകളില്‍ ദില്ലിയില്‍ രവിവര്‍മ്മചിത്രങ്ങളുടെ ഒരു പ്രദര്‍ശനം നടന്നു. കേന്ദ്രമന്ത്രി ഏ.കെ.ആന്റണിയായിരുന്നു ഉദ്ഘാടകന്‍. 'ഈ പ്രദര്‍ശനം ഹിന്ദു വര്‍ഗ്ഗീയതയ്ക്ക് ശക്തിപകരും' എന്നാണ് അന്ന് എം.എഫ്.ഹുസൈന്‍ പ്രതികരിച്ചത്. രണ്ടുദശാബ്ദങ്ങള്‍ക്കുശേഷം കേരളത്തിലെ ഇടതുസര്‍ക്കാറിലെ സംസ്കാരികവകുപ്പുമന്ത്രി എം.എ.ബേബി രാജാരവിവര്‍മ്മപുരസ്കാരം ഹുസൈനു നല്കുമെന്നു പ്രഖ്യാപിച്ചു. 'ഹിന്ദുവര്‍ഗ്ഗീയതയ്ക്ക് ശക്തിപകരുന്ന' ചിത്രകാരന്റെ പേരിലുള്ള പുരസ്കാരം തിരസ്ക്കരിക്കാന്‍ ഹുസൈന്‍ തയ്യാറായില്ല. പകരം മലയാളികള്‍ക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്കാനാണ് അദ്ദേഹം തയ്യാറായത്. ഹുസൈന്റെ പേരില്‍ ചില കേസ്സുകള്‍ ഉള്ളതിനാല്‍ പുരസ്കാരം സ്വീകരിക്കാന്‍ ഭാരതത്തിലേയ്ക്ക് വരാന്‍ സാധിക്കാത്ത വിഷമമേയുള്ളു അദ്ദേഹത്തിന്. അവിടെയും കണ്ണ് അവാര്‍ഡ് തുകയുടെ കനത്തിലായിരുന്നു. കേരള ഹൈക്കോടതി ഹുസൈന് പുരസ്കാരം നല്കുന്നത് തടഞ്ഞതോടെ പുരസ്കാരദാനം ക്ഷിപ്രസാധ്യമല്ലാതായി. അതു നീക്കിക്കിട്ടാനുള്ള പുതിയ തന്ത്രങ്ങളുടെ ഭാഗമല്ലേ ഇപ്പോഴത്തെ പ്രചാരണ കോലാഹലം?
വരയുടെ കാര്യത്തിലുമുണ്ട് ഹുസൈന് ഇരട്ടത്താപ്പ്. ഭാരതമാതാവിനെ നഗ്നയാക്കി വരച്ച ഹുസൈന്‍ സ്വന്തം മാതാവിനെ വസ്ത്രങ്ങളോടെയേ വരച്ചിട്ടുള്ളൂ. പാര്‍വ്വതിയുടെ നഗ്നചിത്രം വരച്ച കരങ്ങള്‍ക്ക് സ്വന്തം മകളെ അതേരീതിയില്‍ വരയ്ക്കാന്‍ തോന്നിയില്ല. ദ്രൌപദിയെ വിവസ്ത്രയാക്കി വരച്ചപ്പോള്‍ മദര്‍ തെരേസയെ വസ്ത്രങ്ങളാല്‍ ആവരണം ചെയ്തരീതിയിലാണ് വരച്ചത്. ഒരേ ചിത്രത്തില്‍ മുസ്ളിം രാജാവിനെയും ഹിന്ദുവിനെയും വരച്ചപ്പോള്‍ മുസ്ളിമിനെ വസ്ത്രധാരിയായും ഹിന്ദുവിനെ നഗ്നനായും വരച്ചതിനു പിന്നിലുള്ള കടുത്തവര്‍ഗ്ഗീയതയും മതവിദ്വേഷവും ചേര്‍ന്ന മനോവൈകല്യത്തിന് ചികിത്സ നല്കണമെന്നു പറയാനുള്ള ആര്‍ജവം ഇക്കൂട്ടര്‍ക്കുണ്ടോ?
ഹുസൈന്റെ 'മീനാക്ഷി' എന്ന സിനിമയില്‍ നൂറുന്‍ - അല - നൂര്‍' എന്ന പാട്ടില്‍ സ്ത്രീസൌന്ദര്യം വര്‍ണ്ണിക്കാന്‍ മുഹമ്മദ് നബിയുടെ മഹത്വം വര്‍ണ്ണിക്കുന്ന ഒരു വാക്കു ഉപയോഗിച്ചിരുന്നു. ആള്‍ ഇന്ത്യ ഉലമകൌണ്‍സില്‍ അതിനെതിരെ രംഗത്തുവരുകയും മുംബൈപോലീസില്‍ പരാതിനല്കുകയും ചെയ്തു. ഉടന്‍തന്നെ ഹുസൈന്‍ പരസ്യമായി മാപ്പപേക്ഷിക്കുകയും ഉലമകളുടെ കാലു പിടിക്കുകയും ചെയ്തു. ഹിന്ദു ദേവീദേവന്മാരുടെ നഗ്നചിത്രം വരച്ച് ഹിന്ദുവികാരങ്ങള്‍ വ്രണപ്പെടുത്തുന്ന ഏര്‍പ്പാട് 1970 മുതല്‍ ഹുസൈന്‍ തുടങ്ങിയതാണ്.ഖജുരാഹോ ഗുഹാചിത്രങ്ങളുടെ പേരില്‍ തന്റെ നീചപ്രവൃത്തിയെ ന്യായീകരിക്കുന്ന ഹുസൈനോട് എന്തുകൊണ്ടാണ് ഈ ഇരട്ടത്താപ്പ് നയം എന്ന് ഈ 'മതേതര' വാദികള്‍ ചോദിക്കാത്ത തെന്താണ്?
പത്തുവര്‍ഷംമുമ്പ് ഒരഭിമുഖത്തില്‍ തനിക്ക് വിരോധമുള്ളവരെ അവഹേളിക്കാനാണ് അവരെ നഗ്നരാക്കിവരയ്ക്കുന്നത് എന്ന് ഹുസൈന്‍ പറഞ്ഞിരുന്നു. ഹുസൈന്റെ തന്നെ ഈ വാക്കുകളുടെ പശ്ചാത്തലത്തില്‍ ഹിന്ദുഅവഹേളനം ഹുസൈന്‍ചിത്രങ്ങളുടെ പൊതുസ്വഭാവമാണ് എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഭാരത ഭരണഘടന ആര്‍ക്കും ആരുടെയും മതവികാരം വ്രണപ്പെടുത്താനുള്ള സ്വാതന്ത്യ്രം നല്കുന്നില്ല; അതു കലയുടെ പേരില്‍ ആയാല്‍ പോലും. അതുകൊണ്ട് ഹിന്ദുക്കളുടെ വികാരത്തെ മാനിക്കാനും അവരോട് ക്ഷമയാചിക്കാനും ഹുസൈനെ ഉപദേശിക്കാന്‍ എന്തുകൊണ്ട് ഇക്കൂട്ടര്‍ തയ്യാറാവുന്നില്ല. പകരം ഹിന്ദുക്കളുടെ നേരെ കുതിരകയറുക എന്ന അന്യായമല്ലേ അവര്‍ ചെയ്യുന്നത്?
സ്റ്റാര്‍ ന്യൂസ് പത്രാധിപര്‍ ഷാസിസമന്‍ എം.എഫ്.ഹുസൈന് എഴുതിയ തുറന്നകത്തില്‍ ചോദിക്കുന്നു; (ബര്‍ഖ ദത്തുമായുള്ള അഭിമുഖത്തിലെ) 'ഹിന്ദി ഹൈ ഹം വതന്‍ ഹൈ സാരാ ജഹാന്‍ ഹമാര' എന്ന താങ്കളുടെ വാക്കുകള്‍ ഖത്തര്‍ പാസ്പോര്‍ട്ടിനുള്ള ന്യായീകരണമാണോ? രണ്ട് ഇഖ്ബാല്‍മാരെ- വിഘടനവാദിയും ദേശീയവാദിയുമായ ഇഖ്ബാല്‍മാരെ - താങ്കള്‍ കൂട്ടിക്കലര്‍ത്തിയിരിക്കയാണ് എന്ന് താങ്കള്‍ അറിയുന്നുണ്ടോ? 'ഹിന്ദി ഹൈ ഹം വതന്‍ ഹൈ ഹിന്ദുസ്ഥാന്‍ ഹമാര' എന്ന് ദേശീയവാദിയായ ഇഖ്ബാല്‍ പറഞ്ഞപ്പോള്‍ 'മുസ്ളിം ഹൈന്‍ഹും വതന്‍ ഹൈ സാരെ ജഹാന്‍ഹമാര' എന്നു വിഘടനവാദിയായ ഇഖ്ബാല്‍ പറഞ്ഞു. ഒരു വരി ദേശീയവാദി ഇഖ്ബാലില്‍ നിന്നും ഒരു വരി വിഘടനവാദിയായ ഇക്ബാലില്‍ നിന്നും നമുക്ക് സ്വീകരിക്കാനാവില്ല. സൌകര്യം പോലെ ഉദ്ധരിക്കാനും പറ്റില്ല. അതുപോലെ സൌകര്യംപോലെ ജീവിക്കാനും പറ്റില്ല.' (ടെലഗ്രാഫ്, മാര്‍ച്ച് 10) ഹുസൈന്റെ കാപട്യത്തെയും വര്‍ഗ്ഗീയ സ്വഭാവത്തേയും തുറന്നുകാണിക്കുന്ന ഷാസി സമന്റെ നിലപാടെങ്കിലും സ്വീകരിക്കാന്‍ അദ്ദേഹത്തിനുവേണ്ടി വാദിക്കുന്നവര്‍ക്കു മനസ്സാക്ഷിക്കുത്തില്ലാതെ പോകുന്നതെന്തുകൊണ്ട്?
അവസാനമായി, ഒരു തികഞ്ഞ മതരാജ്യമായ ഖത്തറിന്റെ പൌരത്വമാണു ഹുസൈന്‍ സ്വീകരിച്ചത് എന്ന വസ്തുതയ്ക്കു മുമ്പി ല്‍ ഹുസൈന്‍പക്ഷക്കാര്‍ ഉത്തരം നല്കേണ്ടതുണ്ട്. ഹുസൈന്റെ, ബാബിലോണ്‍ മുതലുള്ള നാഗരികതയെക്കുറിച്ചുള്ള പദ്ധതിയ്ക്ക് ഖത്തര്‍ രാജാവിന്റെ ഭാര്യയാണ് സ്പോണ്‍സറായിട്ടുള്ളത്. ഈ ബന്ധമാണ് അപേക്ഷിക്കാതെ തന്നെ ഹുസൈന് ഖത്തര്‍ പൌരത്വം നല്കാന്‍ കാരണമായത്. ഇസ്ളാമിക ഭീകരരായ ഹമാസിനോടും ഹിസ്ബുള്ളയോടും നല്ല ബന്ധം പുലര്‍ത്തുന്ന ഖത്തര്‍ അതേ ഊഷ്മളബന്ധം ഇസ്രേയലുമായും അമേരിക്കയുമായും നിലനിര്‍ത്തുന്നു. നഗ്ന ചിത്രങ്ങള്‍ വരയ്ക്കാനും പ്രദര്‍ശിപ്പിക്കാനും ഹുസൈന് അവിടെ സ്വാതന്ത്യ്രം കിട്ടുമോ എന്ന ചോദ്യത്തിനും അവര്‍ ഉത്തരം നല്കേണ്ടതുണ്ട്.
4
ഇസ്ളാമിസ്റ്റ് - ഇടതുപക്ഷ
അച്ചുതണ്ട്
തനിക്ക് ഖത്തര്‍പൌരത്വം വാഗ്ദാനം ലഭിച്ചുവെന്ന് ഹുസൈന്‍ എഴുതിയ കത്ത് 'ഹിന്ദു' പത്രം ഒന്നാം പേജില്‍ വാര്‍ത്തയാക്കിയതോടെയാണ് ഹുസൈനെ സംബന്ധിച്ച പുതിയ വിവാദമുയര്‍ന്നത്. ഇടതുപക്ഷ ചിത്രകാരന്മാരും എഴുത്തുകാരും ഹുസൈനുവേണ്ടി ഒരേസ്വരത്തില്‍ പാടി.
ഏതാനും വര്‍ഷം മുമ്പ് കുട്ടികള്‍ക്ക് ധാര്‍മ്മികമൂല്യം പകരാനും നബിയുടെ മഹത്വം വെളിപ്പെടുത്താനും വേണ്ടി 'ഹിന്ദു'വിന്റെ 'യങ് വേള്‍ഡ്' പ്രസിദ്ധീകരിച്ച ഒരു ചിത്രകഥയില്‍ താടിയും തലപ്പാവുമുള്ള ഒരാളുടെ ചിത്രമുണ്ടായത് മുസ്ളിം പ്രതിഷേധം വിളിച്ചുവരുത്തി. അംബൂര്‍, വാണിയമ്പാടി, വെല്ലൂര്‍ എന്നിവിടങ്ങളില്‍ 'ഹിന്ദു'വിന്റെ പത്രക്കെട്ടുകള്‍ ചില മുസ്ളിങ്ങള്‍ തീയിട്ടു. പാര്‍ലമെന്റില്‍ സ്വകാര്യബില്ലിലൂടെ വിഷയം ഉന്നയിക്കുമെന്നു പ്രഖ്യാപനം വന്നു. ഒടുവില്‍ 'ഹിന്ദു' പത്രാധിപര്‍ നിരുപാധികം മാപ്പപേക്ഷിച്ചു തലയൂരി. അങ്ങനെ കൈ പൊള്ളിയ 'ഹിന്ദു'വിന്റെ പത്രാധിപര്‍ എന്‍.റാമാണ് ഹുസൈന്റെ ഖത്തര്‍പൌരത്വ സ്വീകരണത്തെ ദുര്‍വ്യാഖ്യാനം ചെയ്തു ഹിന്ദുക്കള്‍ക്കും ഭാരതത്തിനും അപമാനം സൃഷ്ടിക്കാന്‍ മുന്നിട്ടിറങ്ങിയത്. ഇസ്ളാമിക മതമൌലികവാദികളില്‍ നിന്നും, മതനിന്ദ ആരോപിച്ചുകൊണ്ട് പല അവസരങ്ങളിലായി ഉണ്ടായ കുഴപ്പങ്ങളും കലാപങ്ങളും നാശനഷ്ടങ്ങളും വെച്ചുനോക്കുമ്പോള്‍ ഹുസൈനുനേരെ ഹിന്ദുക്കളില്‍ നിന്നും ഉണ്ടായ എതിര്‍പ്പ് എത്രയോ നിസ്സാരമാണ്. 900 കേസുകള്‍ ഹുസൈന്റെ പേരില്‍ വിവിധ കോടതികളിലുണ്ടായി എന്നതാണ് ഒരാരോപണം. ജനാധിപത്യ വ്യവസ്ഥയില്‍ നമ്മുടെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൌരാവകാശസംരക്ഷണത്തിനായി ആര്‍ക്കും കോടതിയെ സമീപിക്കാമെന്നിരിക്കെ, ഹിന്ദുക്കള്‍, തങ്ങളുടെ മതവികാരം വ്രണപ്പെട്ട അവസരത്തില്‍ ഈ ജനാധിപത്യാവകാശം ഉപയോഗിക്കാന്‍ പോലും പാടില്ല എന്നു ശഠിക്കുന്നതല്ലേ ഫാസിസം? ഹിന്ദു, സ്വന്തം മതവികാരം വ്രണപ്പെടുത്തപ്പെടുമ്പോള്‍ പ്രതികരിക്കാതെ സ്ഥിരമായി അവഹേളിതനായി നില്ക്കണമെന്നു വാദിക്കുന്ന സാംസ്കാരിക ഫാസിസത്തെ കാട്ടാളത്തം എന്നല്ലേ വിശേഷിപ്പിക്കേണ്ടത്?
മാര്‍ച്ച് ആദ്യത്തില്‍ കര്‍ണ്ണാടകയിലെ ഷിമോഗയിലും ഹസനിനും രണ്ടു മരണത്തിനിടയാക്കിയ കലാപം ഇസ്ളാമിന്റെ മതവികാരംവ്രണപ്പെടലുമായി ബന്ധപ്പെട്ടതായിരുന്നു. 2007 ല്‍ 'ഔട്ടുലുക്ക്' വാരികയില്‍ വന്ന ബംഗ്ളാദേശി എഴുത്തുകാരി തസ്ളീമ നസ്രീന്റെ പര്‍ദ്ദസംബന്ധിച്ച ലേഖനം ആരെയും പ്രകോപിപ്പിച്ചില്ല. അതു 'ഇന്ത്യന്‍ എക്സ്പ്രസി'ന്റെ 'കന്നടപ്രഭ' യില്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചപ്പോഴാണ് ചിലരുടെ വികാരം വ്രണപ്പെട്ടത്. ഇതിനു പിന്നിലെ രാഷ്ട്രീയം ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ ഹുസൈനുവേണ്ടി വാദിച്ച ഒരു സാംസ്കാരികനായകനും കലാകാരനും എഴുത്തുകാരനുമൊന്നും തസ്ളീമയ്ക്കുവേണ്ടി വാദിക്കാനോ കലാപകാരികളെ വിമര്‍ശിക്കാ നോ തയ്യാറായില്ല. കച്ചവടക്കണ്ണോടെ മ തേതരഭാരതം വിട്ട് ഇസ്ളാമികരാജ്യമായ ഖത്തറില്‍ പോയ ഹുസൈനുവേണ്ടി വാ ദിക്കാനുള്ള ആവേശത്തിന്റെ പകുതി, മ തേതരവായുശ്വസിക്കാന്‍ ജീവനുംകൊ ണ്ട് ഭാരതത്തിലേയ്ക്ക് അഭയാര്‍ത്ഥിയാ യി ഇസ്ളാമിക ബംഗ്ളാദേശില്‍ നിന്നു വന്ന തസ്ളീമ എന്ന വനിതയ്ക്ക് വേണ്ടി വാദിക്കാന്‍ ഇക്കൂട്ടരില്‍ ആരെയും കണ്ടില്ല

http://kesarionline.org/details-template.php?nid=4656





'ബ്രാന്ത്' അംബാസഡര്‍മാര്‍

Mathrubhumi : Posted on: 21 Mar 2010
വിശേഷാല്‍പ്രതി/ഇന്ദ്രന്‍


കേരളം എന്ന ബ്രാന്‍ഡ് പ്രചരിപ്പിച്ച് പരമാവധി സഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിച്ച് അവന്റെ കാശ് നമ്മുടെ പോക്കറ്റില്‍ ആക്കുകയാണ് ബ്രാന്‍ഡ് അംബാസഡര്‍മാരെക്കൊണ്ടുള്ള പ്രയോജനം. അതിനുള്ള വേറെ പണികള്‍ പലതും ടൂറിസംവകുപ്പ് മുറയ്ക്ക് നടത്തുന്നുണ്ട്. പരസ്യം കൊടുക്കലും ലോകടൂറിസം മേളകളില്‍ സ്റ്റാള്‍ തുറക്കലും വെബ് സൈറ്റ് നടത്തലുമെല്ലാം അതില്‍പ്പെട്ട കാര്യങ്ങളാണ്. ബ്രാന്‍ഡ് അംബാസഡര്‍ ചെയ്യേണ്ടത് മാര്‍ക്കറ്റിങ്പണി മാത്രമാണ്. വളരെ ലഘുവായ കച്ചവടം.

ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകേട്ടാല്‍ തോന്നുക ഇടതുപക്ഷപ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ നരേന്ദ്രമോഡിയെ നിയമിച്ചുകളഞ്ഞു എന്നാണ്. ഇത് കേരളം എന്ന ബ്രാന്‍ഡിന് ലോകത്തെങ്ങും കുപ്രസിദ്ധി ഉണ്ടാക്കുന്ന പലയിനം പ്രാന്തുകളില്‍ ഒന്നാണ്. ബ്രാന്‍ഡും പ്രാന്തും ഒന്നിച്ചുചേരുന്ന പ്രത്യേകമായ ആനന്ദാവസ്ഥയെ ആണ് ബ്രാന്ത് എന്നുവിളിക്കുക.

ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയ അമിതാഭ് ബച്ചനെ കേരളത്തിന്റെയും അംബാസഡര്‍ ആക്കുന്നതില്‍ താത്ത്വികപ്രശ്‌നങ്ങള്‍ ഉണ്ട് എന്നാണ് യുവ പൊളിറ്റ് ബ്യൂറോക്രാറ്റും താത്ത്വികനുമായ സീതാറാംയെച്ചൂരി പറഞ്ഞിരിക്കുന്നത്. ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കേരളത്തിന്റെ ബ്രാന്ത് അംബാസഡര്‍ ആകാന്‍ പാടില്ല. കാരണം, ഗുജറാത്ത് നമ്മുടെ ശത്രുരാജ്യമാണ്. പാകിസ്താന്റെ അംബാസഡര്‍ ഇന്ത്യയുടെ അംബാസഡര്‍ ആകാന്‍ പാടില്ലെന്നതുപോലെത്തന്നെ.

മറ്റുസംസ്ഥാനങ്ങള്‍ക്കൊന്നും ഈ വ്യവസ്ഥ ബാധകമല്ല. കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആകാന്‍ ബച്ചന്‍ സമ്മതിച്ചത് വി.എസ്. അച്യുതാനന്ദന്റെ യോഗ്യതയും പ്രത്യയശാസ്ത്രവും നോക്കിയിട്ടല്ല, ഇവിടെ ഭരിക്കുന്ന ഇടതുപക്ഷക്കാരോട് യോജിപ്പുണ്ടായിട്ടുമല്ല. അതുപോലെയല്ലല്ലോ ഗുജറാത്ത്. ഗുജറാത്ത് സംസ്ഥാനത്തിന്റെ അംബാസഡറാകുന്ന ആളെ അവിടത്തെ മുഖ്യമന്ത്രിയുടെ അംബാസഡറായിട്ട് കാണാനേ നമ്മുടെ പ്രത്യയശാസ്ത്രം അനുവദിക്കുന്നുള്ളൂ. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും ഇത് ബാധകമല്ല.

പ്രത്യയശാസ്ത്ര മാര്‍ക്കറ്റിങ്ങും മുതലാളിത്ത മാര്‍ക്കറ്റിങ്ങും ഒരേ സമയം ചെയ്യേണ്ടിവരുമ്പോഴത്തെ പല പ്രശ്‌നങ്ങളില്‍ ഒന്നുമാത്രമാണിത്. മാര്‍ക്‌സ് ഏംഗല്‍സ് ലെനിനാദികളുടെ കിത്താബുകളിലൊന്നും ടൂറിസം മാര്‍ക്കറ്റിങ്ങിനെക്കുറിച്ച് പറയുന്നില്ല. സോവിയറ്റ് യൂണിയന്‍ സി.പി.ഐ.ക്കാരെ പറ്റംപറ്റമായി കൊണ്ടുപോയി പല കാഴ്ചകള്‍ കാട്ടിക്കൊടുത്തിരുന്നുവെങ്കിലും വിനോദസഞ്ചാരം പ്രോത്സാഹിപ്പിച്ചിരുന്നില്ല.

മറ്റു വിപ്ലവ സോഷ്യലിസ്റ്റ് രാജ്യങ്ങളിലൊന്നും ജീവനില്‍ കൊതിയുള്ള ആരും വിനോദത്തിനായി പോകാറില്ല. സി.ഐ.എ. ചാരനാണെന്ന് പറഞ്ഞ് ജയിലിലടയ്ക്കില്ലെന്ന്ഉറപ്പില്ലല്ലോ. കമ്യൂണിസത്തില്‍ വിനോദമില്ല, വിനോദത്തില്‍ കമ്യൂണിസവുമില്ല- പിന്നെയെന്ത് സോഷ്യലിസ്റ്റ് വിനോദസഞ്ചാരമാണ് സാധ്യമാകുക?

മുന്‍ കാലത്ത് ഇ.എം.എസ്സിനും ഇല്ലാത്തപ്രശ്‌നമാണ് ഇപ്പോള്‍ കോടിയേരി അഭിമുഖീകരിക്കുന്നത്. കമ്യൂണിസമാര്‍ക്കറ്റിങ്ങിനൊപ്പം ടൂറിസമാര്‍ക്കറ്റിങ്ങും നടത്തണം. ബന്ദര്‍ത്താലും നടത്തണം, സ്റ്റാര്‍ ഹോട്ടലും നടത്തണം. ആയുര്‍വേദ തേച്ചുകുളി റിസോര്‍ട്ടും ബിയര്‍ പാര്‍ലറും കടപ്പുറത്ത് തുണിയില്ലാതെ വെയിലത്ത് കിടക്കലും ഹൗസ് ബോട്ടിടപാടും എല്ലാം ഇതിനൊപ്പം വേണം. മൂന്നുപതിറ്റാണ്ട് ഭരിച്ച ജ്യോതിബസുവില്‍ നിന്നുപോലും ഇതിനൊത്ത പ്രത്യയശാസ്ത്രപാഠങ്ങള്‍ പഠിക്കാന്‍ കഴിയില്ല.

പ.ബംഗാളില്‍ വിനോദമില്ല, സഞ്ചാരവുമില്ല. ഇവിടെ വിനോദത്തിന് സഹായത്തിനുള്ള കെ.ടി.ഡി.സി.യുടെ ചെയര്‍മാനാകട്ടെ പാര്‍ട്ടി മെമ്പര്‍ഷിപ്പിനുപോലും ഇനിയും യോഗ്യത നേടിയില്ലാത്ത ചെറിയാന്‍ ഫിലിപ്പും. ഇതിനേക്കാള്‍ വലിയ താത്ത്വിക ദുരന്തങ്ങളുണ്ടാകാത്തതിന് നന്ദിപറയാന്‍ കാടാമ്പുഴയില്‍ പോയി ഒരു മുട്ടറുക്കലോ പൂമൂടലോ നടത്തിയാലും തെറ്റില്ല.

ഖ്യാതി പ്രചരിപ്പിക്കാന്‍ കേരളത്തിന് പ്രത്യേകം അംബാസഡര്‍മാരൊന്നും ആവശ്യമില്ല എന്ന നിലയെത്തിയ വിവരം മന്ത്രി കോടിയേരി അറിഞ്ഞുകാണില്ല. ലോക മാധ്യമങ്ങളില്‍ മുമ്പെല്ലാം കോവളത്തെ കടലിലെ കുളിയെക്കുറിച്ചും ആലപ്പുഴ കായലിനെക്കുറിച്ചും മൂന്നാറിലെ തണുപ്പിനെക്കുറിച്ചുമെല്ലാമാണ് ഫീച്ചറുകള്‍ വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ വിഷയം മാറിയിട്ടുണ്ട്. സമീപനാളില്‍ ബി.ബി.സി.യില്‍ വന്ന ഫീച്ചര്‍ കേരളം മദ്യപാനത്തില്‍ ലോക റെക്കോഡ് സ്ഥാപിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ചാണ്. ബി.ബി.സി. സൈറ്റില്‍ ഫീച്ചറിനൊപ്പം കൊടുത്തിരിക്കുന്നത് നമ്മുടെ പ്രിയ നടന്‍ കള്ളച്ചിരിയോടെ വൈകിട്ടെന്താ പരിപാടി എന്ന് ചോദിക്കുന്ന ചിത്രമാണ്.

ഇതില്‍ സുകുമാര്‍ അഴീക്കോട് ക്ഷോഭിക്കാതിരിക്കാനാണ് പ്രിയ നടന്‍ ഖാദിയുടെയും അംബാസഡറാകാന്‍ സന്നദ്ധനായത്. മഹാത്മാഗാന്ധിയാണ് പണ്ടുമുതല്‍ക്കേ ഖാദിയുടെ ബ്രാന്‍ഡ് അംബാസഡര്‍. അദ്ദേഹം കാലഹരണപ്പെട്ട ബ്രാന്തന്‍ ആണെന്ന് ബോധ്യപ്പെട്ടതിനാലാണ് മോഹന്‍ലാലിനെ സമീപിക്കേണ്ടിവന്നത്. കുറച്ചുകൂടി കഴിഞ്ഞാല്‍ പുതിയ തലമുറയിലെ നടിമാരെ ആരെയെങ്കിലും അംബാസഡറാക്കാം.

കേരളത്തിന്റെ ഇത്തരം സവിശേഷതകള്‍ ഒന്നൊന്നായി ലോകമെങ്ങും എത്തിക്കാന്‍ കഴിയുക അംബാസഡര്‍മാരെക്കാള്‍ കറസ്‌പോണ്ടന്റുമാര്‍ക്കാണ്. ബ്രാന്‍ഡ് കറസ്‌പോണ്ടന്റുമാര്‍ എന്ന പദവിയും നല്‍കാവുന്നതാണ്. സാക്ഷരത, ഉയര്‍ന്ന സ്ത്രീവിദ്യാഭ്യാസം, കുറഞ്ഞ മരണനിരക്ക് തുടങ്ങിയവയെല്ലാം കാലഹരണപ്പെട്ട പഴഞ്ചന്‍ നേട്ടങ്ങളാണ്. പുതിയ മേഖലകളില്‍ നമ്മള്‍ എന്തെല്ലാം നേട്ടങ്ങളുണ്ടാക്കിക്കഴിഞ്ഞു. ഏറ്റവും ഉയര്‍ന്ന മദ്യപാനത്തോളം ആകര്‍ഷകമാണ് ഏറ്റവും കൂടിയ ആത്മഹത്യാനിരക്കെന്ന ഖ്യാതി. ആന്ധ്രയും മറ്റും കാര്‍ഷിക ആത്മഹത്യയെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ ഉയര്‍ത്തിയേക്കും. നമുക്ക് അങ്ങനെയുള്ള സെക്‌റ്റേറിയന്‍ നിലപാടല്ല ഉള്ളത്.

കര്‍ഷകനെന്നോ വിദ്യാര്‍ഥിയെന്നോ ഉള്ള വകഭേദം നമുക്കില്ല. വര്‍ഷം രണ്ടുമൂവായിരം ആളുകള്‍ റോഡില്‍ വാഹനമിടിച്ച് മരിച്ചുവീഴുന്നത് നിസ്സംഗതയോടെ നോക്കിനില്‍ക്കുന്ന സംസ്ഥാനമെന്നത് ചില്ലറ കാര്യമാണോ?ആഴ്ചയില്‍ മൂന്നു വിവാദങ്ങള്‍ മാധ്യമങ്ങളില്‍ ആര്‍ത്തിരമ്പുന്നത് വിനോദനികുതി കൊടുക്കാതെ ആസ്വദിക്കാന്‍ കഴിയുന്ന പ്രദേശം വേറെയെവിടെയുണ്ട്. ഇരുചക്രവണ്ടിയില്‍ നിന്ന് വീണ് ചാവാതിരിക്കാന്‍ തലയില്‍ ഇരുമ്പുതൊപ്പി വെക്കണമെന്ന് പറഞ്ഞാല്‍, ചത്താലും വേണ്ടില്ല തൊപ്പി വെക്കില്ലെന്ന് പറയുന്നവര്‍ ലോകത്ത് മറ്റെവിടെയുണ്ട്?

നാട്ടില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ കീശയില്‍ മൊബൈല്‍ ഫോണുമായി പ്രകടനം നടത്തുന്നവര്‍ വേറെയെവിടെയുണ്ട്. വിലക്കയറ്റം ഇല്ലാതാക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഓഫീസിന് മുന്നിലെ റോഡ് അടച്ചുകെട്ടി പന്തലിട്ട് ഓട്ടന്‍തുള്ളലും മിമിക്രിയും നടത്തുന്നവര്‍ വേറെയെവിടെയുണ്ട് ? ഈ ഇനത്തില്‍ പെട്ട പ്രാന്തുകള്‍ നൂറെണ്ണം പെറുക്കിയെടുക്കാന്‍ ഒരു പ്രയാസവുമില്ല. ഇത് ലോകശ്രദ്ധയില്‍ പെടുത്താന്‍ കഴിഞ്ഞാല്‍ പിന്നെ ബ്രാന്‍ഡ് അംബാസഡറൊന്നും വേണ്ട. ലോകത്തിന്റെ നാനാഭാഗത്തുനിന്ന് ജനം കേരളം കാണാന്‍ ഇടിച്ചുവരും.

****

ആര്‍.എസ്.പി. എന്ന റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയെ സി.പി.എമ്മിന്റെ സ്വീകരണമുറിയിലെ ബോണ്‍സായി ആക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. എല്ലാവര്‍ക്കും പരിചിതമല്ല സാധനം. കേട്ടാല്‍ എന്തോ പലഹാരമോ മറ്റോ ആണെന്ന് തോന്നിപ്പോകും. മനുഷ്യന്റെ ക്രൂരതയുടെ ഒരു പ്രതീകമാണ് ബോണ്‍സായി എന്നു കരുതുന്നവരുണ്ട്. വന്‍ വൃക്ഷമായി പടര്‍ന്നുപന്തലിക്കേണ്ട ചെടിയെ ഒരു കൊച്ചുചട്ടിയില്‍ നടുകയും മുളച്ചുവരുന്ന വേരുകളും ശിഖരങ്ങളുമെല്ലാം ക്രമേണ മുറിച്ചുമാറ്റുകയുമാണ് ചെയ്യുക. വളര്‍ച്ച ശാസ്ത്രീയമായി മുരടിപ്പിക്കുന്ന വിദ്യയാണിത്. കാലമെത്ര കഴിഞ്ഞാലും വൃക്ഷം ചട്ടിയിലെ ചെടിയായി അതേപടി നില്‍ക്കുന്ന കാഴ്ച ആസ്വദിക്കുക. എന്തൊരു ക്രൂരത. ആര്‍.എസ്.പി. യോട് സി.പി.എം. കാട്ടുന്നതും ഇതത്രെ. ചന്ദ്രചൂഡന്‍ പറഞ്ഞാല്‍ വിശ്വസിക്കാതിരിക്കാന്‍ പറ്റില്ല.

ലോക വിപ്ലവ പാര്‍ട്ടിയായി വളരേണ്ട ഒരു പാര്‍ട്ടിയെന്തേ ഇങ്ങനെ ഉപ്പ് സൂക്ഷിച്ച മണ്‍കലം പോലെ ദ്രവിച്ചുദ്രവിച്ച് ഇല്ലാതാകുന്നത് എന്ന് അന്തം വിട്ടവര്‍ക്കെല്ലാം ഇപ്പോഴാണ് സംഗതി പിടികിട്ടിയത്. ആര്‍.എസ്.പി. വളര്‍ന്ന് ആല്‍മരമായാല്‍ സി.പി.എം. എന്ന കുറ്റിച്ചെടിയെ അതില്ലാതാക്കിക്കളയുമെന്ന ഭീതി ന്യായംതന്നെ. അതാണ് സി.പി.എമ്മിന്റെ ബോണ്‍സായി ലൈനിന് കാരണം.

പാര്‍ട്ടിയുടെ സപ്തതി ആഘോഷത്തിന്റെ ഭാഗമായുള്ള കുടുംബസംഗമത്തിലാണല്ലോ ചന്ദ്രചൂഡന്‍ സങ്കടം പ്രകടിപ്പിച്ചത്. എഴുപത് ചെറിയ പ്രായമല്ല. ജീവിത സായാഹ്നം എന്നൊക്കെ പറയാവുന്ന കാലം. തടിയും കൊമ്പുമെല്ലാം ഉണങ്ങി ദ്രവിച്ചുവീഴുന്നതിനേക്കാള്‍ ഭേദമാണല്ലോ സ്വീകരണമുറിയിലെ തണലില്‍ വെള്ളം നനഞ്ഞും പരിലാളനങ്ങള്‍ ഏറ്റുവാങ്ങിയും കഴിഞ്ഞുകൂടുന്നത്. ആലാവാനോ പറ്റിയില്ല, പിന്നെ നല്ലത് ബോണ്‍സായി ആകുകയാണ്. ആരും വെട്ടി വില്‍ക്കുകയില്ലെന്ന് സമാധാനിക്കാം.

****

മാത്യു ടി. തോമസ് മന്ത്രിയായിരുന്ന കാലത്തെപ്പോലെയല്ല ഇപ്പോള്‍ ഗതാഗതവകുപ്പില്‍ കാര്യങ്ങള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി വി.എസ്. പറഞ്ഞത്രെ. നമ്മളാരും അത് കേട്ടിട്ടില്ല. മന്ത്രിസഭായോഗത്തില്‍ പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി നിഷേധിച്ചിട്ടില്ല. ഏത് വകുപ്പില്‍ എന്ത് നടക്കുന്നു എന്ന് മുഖ്യമന്ത്രി അറിയുന്നുണ്ട് എന്നതുതന്നെ ആശ്വാസകരമാണ്. ഇതിലൊന്നും മുഖ്യമന്ത്രിക്ക് ഒരു പങ്കുമില്ല. കാര്യങ്ങള്‍ അറിഞ്ഞുവെക്കുകയാണ് പ്രധാനം.

ഉദ്യോഗസ്ഥന്മാര്‍ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നില്ല, കൈക്കൂലി വാങ്ങുന്നു, ജനങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ല, സമയത്തിന് ജോലിക്ക് വരുന്നില്ല, സമയത്തിനു മുമ്പ് പോകുന്നു തുടങ്ങിയ എല്ലാ സംഗതികളും മുഖ്യമന്ത്രി മനസ്സിലാക്കിയിട്ടുണ്ട്. മന്ത്രിസഭായോഗത്തിലല്ല, ചിലപ്പോള്‍ പൊതുയോഗത്തില്‍ത്തന്നെ മുഖ്യമന്ത്രിയിതെല്ലാം തുറന്നടിക്കുന്നുമുണ്ട്. വേറെയൊന്നും ചെയ്യുകയില്ല, ആരും പേടിക്കുകയേ വേണ്ട.





യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടരുത്‌ ...

മതസാഹോദര്യത്തിന്റെയും സമുദായ സഹജീവനത്തിന്റെയും അടിപ്പടവില്‍ പണിതുയര്‍ത്തിയ സമന്വയാത്മകമായ കേരളീയ സാംസ്‌കാരിക പരിസരത്തെ മുറിപ്പെടുത്തുന്ന ഒന്നും മുസ്‌ലിംലീഗ് ചെയ്തിട്ടില്ല. അത് ചെയ്യുന്നതില്‍ നിര്‍വൃതി കണ്ടെത്തുന്നവര്‍, തീവ്രവാദസംഘടനകളുടെ നേതാക്കളും ചാവേറുകളും തൊട്ട് സി.പി.എമ്മിന്റെ വാലില്‍ തൂങ്ങിനടക്കുന്ന 'ഇരവാദവാനരന്മാര്‍' (ഈ പ്രയോഗത്തിന് വി.എസ്സിനോട് കടപ്പെട്ടിരിക്കുന്നു) വരെയുള്ളവര്‍ കോഴിക്കോട്ടെ മുച്ചുന്തിപ്പള്ളിയില്‍ സമയംകിട്ടുമ്പോള്‍ ഒന്ന് കയറണം....

-കെ.എം. ഷാജി പ്രസിഡന്റ്, മുസ്‌ലിം യൂത്ത് ലീഗ്

കോഴിക്കോട് നഗരത്തില്‍ കുറ്റിച്ചിറയില്‍ മുച്ചുന്തിപ്പള്ളി എന്ന പേരില്‍ ഒരു മുസ്‌ലിം ആരാധനാലയമുണ്ട്. 13-ആം നൂറ്റാണ്ടില്‍ മുച്ചിയന്‍ എന്ന അറബ് കച്ചവടപ്രമാണി നിര്‍മിച്ച പള്ളിയാണത്. മുച്ചിയന്റെ പള്ളി കാലാന്തരത്തില്‍ മുച്ചുന്തിപ്പള്ളിയായി. പള്ളിക്കകത്ത് ഒരു ദ്വിഭാഷാ ശിലാലിഖിതമുണ്ട്. വട്ടെഴുത്തുലിപിയിലും അറബിലിപിയിലും എഴുതിയ ഒരു ശിലാലിഖിതം. അത് ആദ്യമായി വായിച്ചെടുത്തത് ചരിത്രകാരന്മാരായ ഡോ. എം.ജി.എസ്. നാരായണനും ഡോ.എം.ആര്‍. രാഘവവാരിയരും ചേര്‍ന്നാണ്. ആ ശിലാലിഖിതത്തില്‍ അന്നത്തെ സാമൂതിരിരാജാവ് മുച്ചുന്തിപ്പള്ളിയുടെ ദൈനംദിനച്ചെലവുകള്‍ക്ക്‌കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തും മലപ്പുറം ജില്ലയിലെ പുളിക്കലിലും ഭൂമി കൊടുത്തതിനെപ്പറ്റി പറയുന്നുണ്ട്. ഒരുമുസ്‌ലിം ദേവാലയത്തിന്റെ ദിനേനയുള്ള ചെലവുകള്‍ക്കായി ഹിന്ദുവായ ഒരുരാജാവ് സ്ഥലം പതിച്ചുനല്‍കിയ ഇത്തരം ചരിത്രരേഖകള്‍ ഇന്ത്യാ ചരിത്രത്തില്‍ അപൂര്‍വമത്രെ. ഹിന്ദു-മുസ്‌ലിം സാംസ്‌കാരിക സഹജീവനത്തിന്റെ ഉത്തമനിദര്‍ശനമായി മുച്ചുന്തിപ്പള്ളി ഇപ്പോഴും കുറ്റിച്ചിറയിലുണ്ട്.

ഇനി നമുക്ക് 13-ആം നൂറ്റാണ്ടില്‍ നിന്ന് 16-ആം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലേക്ക് വരാം. പൊന്നാനിയില്‍ വസിച്ചിരുന്ന മുസ്‌ലിം മതപണ്ഡിതനായിരുന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം 1583-ല്‍ എഴുതിയ 'തുഹ്ഫത്തുല്‍ മുജാഹിദ്ദീന്‍' എന്ന ഗ്രന്ഥത്തില്‍ മലബാറിലെ ജനങ്ങളുടെ സാമൂഹിക ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു അധ്യായമുണ്ട്. അതില്‍ ജാതിവ്യവസ്ഥയും പുലപ്പേടി, പറപ്പേടി തുടങ്ങിയ അനാചാരങ്ങളും മരുമക്കത്തായവും സംബന്ധവും ബഹുഭാര്യാത്വവും ബഹുഭര്‍ത്തൃത്വവുമെല്ലാം ചര്‍ച്ചചെയ്യുന്നുണ്ട്. കൂട്ടത്തില്‍ അക്കാലത്ത് നിലനിന്നിരുന്ന ഹിന്ദു-മുസ്‌ലിം സമുദായബന്ധം എങ്ങനെയായിരുന്നുവെന്നും ശൈഖ് സൈനുദ്ദീന്‍ വിവരിക്കുന്നുണ്ട്.

തന്റെ ദേശത്തെ മുസ്‌ലിം പള്ളികളിലെ ഖാദിമാര്‍ക്കും ബാങ്ക്‌വിളിക്കുന്നവര്‍ക്കും സമൂതിരിയാണ് ശമ്പളം നല്‍കിയിരുന്നത്. മാത്രമല്ല, കുഞ്ഞാലിമരയ്ക്കാര്‍മാരുടെ നാവികപ്പടയ്ക്ക് കരുത്തുപകരുക എന്ന ലക്ഷ്യത്തോടെ മുക്കുവ കുടുംബങ്ങളില്‍ നിന്ന് ഒരാള്‍ വീതം ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നതിനെയും സാമൂതിരിമാര്‍ പ്രോല്‍സാഹിപ്പിച്ചിരുന്നു എന്ന് സൈനുദ്ദീന്‍ എഴുതുന്നു.

കേരളചരിത്രത്തില്‍ നിന്ന് ഇന്നത്തെ തലമുറയ്ക്ക് അചിന്ത്യമായ രണ്ട് ഉദാഹരണങ്ങളെടുത്ത് പറഞ്ഞത് കൊളോണിയല്‍ പൂര്‍വകേരളത്തില്‍ ഹിന്ദു-മുസ്‌ലിം സമുദായബന്ധങ്ങള്‍ എവ്വിധമായിരുന്നുവെന്നും സമുദായങ്ങള്‍ തമ്മിലുള്ള വിസ്മയാവഹമായ സാഹോദര്യവും സഹജീവനവും എങ്ങനെ പുലര്‍ത്തുന്നു എന്നും വരച്ചുകാട്ടാനാണ്. ഇരുസമുദായങ്ങളിലെയും വര്‍ഗീയ-തീവ്രവാദശക്തികള്‍ സമുദായങ്ങള്‍ തമ്മില്‍ കടുത്ത സംശയരോഗവും ഭ്രാന്തമായ വിദ്വേഷവുമുണ്ടാക്കാന്‍ മല്‍സരിക്കുന്ന ഇക്കാലത്ത് ചരിത്രനിരപേക്ഷമായി കാര്യങ്ങളെ സമീപിക്കുന്നത് ശരിയല്ല. അത്തരം സമീപനം വര്‍ഗീയ-തീവ്രവാദ സംഘടനകള്‍ക്ക് ഊര്‍ജംപകരുക മാത്രമേ ചെയ്യൂ.

തീവ്രവാദത്തെക്കുറിച്ച് പറയുമ്പോള്‍ കേരളത്തിലെ മുസ്‌ലിം സമുദായം അസന്ദിഗ്ധമായി അംഗീകരിക്കേണ്ട ചില പരമാര്‍ഥങ്ങളുണ്ട്. ഒന്നാമതായി, കേരളത്തിലെ മുസ്‌ലിം സമുദായത്തിലെ ഒരു സൂക്ഷ്മന്യൂനപക്ഷം തീവ്രവാദത്തിന്റെ രണോല്‍സുകരഥ്യകളിലേക്ക് ആനയിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. ഒരുചെറിയ വിഭാഗം മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദികളാക്കുന്നതില്‍ തീവ്രവാദാശയങ്ങളെ ഒളിഞ്ഞും തെളിഞ്ഞും ആശ്ലേഷിക്കുന്ന ചില മുസ്‌ലിം സംഘടനകള്‍ അനിഷേധ്യമായ പങ്കുവഹിച്ചിട്ടുണ്ട്. രണ്ടാമതായി, അതിശക്തമായ സാമ്പത്തിക സ്രോതസ്സിന്റെ പിന്‍ബലം ഇവര്‍ക്കുണ്ട് എന്നതാണ്. കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ സജീവസാന്നിധ്യമായ മുസ്‌ലിം ലീഗിന്റെ മുഖപത്രംപോലും പലഘട്ടങ്ങളില്‍ സാമ്പത്തികമായി നിസ്സഹായാവസ്ഥയിലായപ്പോള്‍ (ഇപ്പോഴും) തീവ്രവാദസംഘടനകളുടെ സാരഥ്യത്തിലുള്ള പത്രങ്ങള്‍ക്ക് പണത്തിന് ഇന്നേവരെ ഒരു മുട്ടുമുണ്ടായിട്ടില്ല. എവിടെ നിന്നാണ് ഈ ധനപ്രവാഹം? മുന്‍ ഇന്റലിജന്‍സ് ഐ.ജി.യായിരുന്ന ജേക്കബ് പുന്നൂസ് ഒരിക്കല്‍ പറഞ്ഞത് കേരളത്തില്‍ 50,000 കോടിയുടെ ഹവാലപണമുണ്ടെന്നാണ്. ഇതില്‍ 10 കോടി പോലും ഇന്നേവരെ പിടിച്ചെടുത്തതായി അറിയില്ല. തീവ്രവാദത്തിന്റെ വേരറുക്കാന്‍ തീവ്രവാദികളുടെ സാമ്പത്തിക ഉറവിടത്തിന്റെയും തായ്‌വേരറുക്കണം. ആ ദിശയില്‍ നമ്മുടെ പോലീസ് എന്താണ് ചെയ്തിട്ടുള്ളത്?

മൂന്നാമതായി, കേരളത്തിലെ മുസ്‌ലിങ്ങളെപ്പോലെ മതസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും ജീവിതസ്വാതന്ത്ര്യവും അനുഭവിക്കുന്ന മുസ്‌ലിങ്ങള്‍ ലോകത്തിലെ ഏത് രാജ്യത്തുണ്ട് എന്ന് മുസ്‌ലിങ്ങള്‍ ആത്മപരിശോധന നടത്തണം. മുസ്‌ലിങ്ങള്‍ ഇരകളാണ്, അരക്ഷിതരാണ് എന്ന് എന്‍.ഡി.എഫും പി.ഡി.പി.യും ജമാഅത്തെ ഇസ്‌ലാമിയും മാത്രമല്ല, സി.പി.എം. തലയിലേറ്റിനടക്കുന്ന ചില അന്തസ്സാരവിഹീനബുദ്ധിജീവികളും പറഞ്ഞുനടക്കുന്നുണ്ട്. കേരളത്തിലെ മുസ്‌ലിങ്ങള്‍ക്ക് ഇരയുടെ നിസ്സഹായാവസ്ഥയുമില്ല, വേട്ടക്കാരന്റെ നികൃഷ്ടമാനസികാവസ്ഥയുമില്ല. അവര്‍ ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തെ മുസ്‌ലിങ്ങളെക്കാളും സുരക്ഷിതവും സ്വതന്ത്രവും നിര്‍ഭയവുമായ ജീവിതമാണ് നയിക്കുന്നത്. ഈ സത്യത്തിന്റെ സ്ഫടികത്തിനു മുകളിലാണ് അരക്ഷിതവാദത്തിന്റെയും ഇരവാദത്തിന്റെയും കാളകൂടം ചിലര്‍ ചൊരിയുന്നത്.

നാലാമതായി, ഈയിടെ പിടിക്കപ്പെട്ട തീവ്രവാദികളെ വെള്ളപൂശാനെന്നോണം ഇതൊക്കെ സാമ്ര്യാജ്യത്വ-ഫാസിസ്റ്റ് ഒളിയജന്‍ഡയുടെ ഭാഗമാണ് എന്ന് നൂറാവര്‍ത്തി പറയുന്ന സംഘടനകള്‍ മുസ്‌ലിം സമൂഹത്തിലുണ്ട്. അവരില്‍ പ്രധാനികള്‍ ജമാഅത്തെ ഇസ്‌ലാമിയും എന്‍.ഡി.എഫും പി.ഡി.പി.യുമാണ്. എന്തു സംഭവിച്ചാലും സാമ്രാജ്യത്വം, ഫാസിസം, ഭരണകൂടഭീകരത എന്നൊക്കെപ്പറഞ്ഞ് ഉരുട്ടിക്കൊടുത്താല്‍ മുസ്‌ലിം സമുദായം അത് വെള്ളംചേര്‍ക്കാതെ വിഴുങ്ങും എന്ന മൂഢധാരണ ഇക്കൂട്ടര്‍ ആദ്യം കൈയൊഴിയണം. ഇവര്‍ മനസ്സിലാക്കേണ്ട ഒരുകാര്യം, മുസ്‌ലിം സമുദായം ഈ തീവ്രവാദികളുടെ ബാധ്യത ഏറ്റെടുത്തിട്ടില്ല എന്നതാണ്. മുസ്‌ലിം ലീഗും, നദ്‌വത്തുല്‍ മുജാഹിദ്ദീനും സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയും അതായത് മുസ്‌ലിം സമുദായത്തിലെ മഹാഭൂരിപക്ഷവും ഈ തീവ്രവാദികളെ അഗണ്യകോടിയില്‍ തള്ളിയിട്ടേയുള്ളൂ.

ജമാഅത്തെ ഇസ്‌ലാമിയെപ്പോലെ മതരാഷ്ട്രവാദം ഉയര്‍ത്തിപ്പിടിക്കുന്ന, എന്നാല്‍ 'മതേതരനടന'ത്തില്‍ സ്ഥിരമായി 'എ' ഗ്രേഡ് നേടുന്ന സംഘടനകള്‍ക്കാണ് തടിയന്റവിട നസീറിന്റെയും സര്‍ഫറാസ് നവാസിന്റെയും സൈനുദ്ദീന്‍ എന്ന സത്താര്‍ഭായിയുടെയും സൂഫിയ മഅദനിയുടെയും മറ്റും കാര്യത്തില്‍ വ്യാകുലതയും വേദനയും. അതെന്തുകൊണ്ടാണെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ ചിന്താധാരകളെയും അതിന്റെ ആത്യന്തികലക്ഷ്യത്തെയും (ഇന്ത്യയില്‍ ഇസ്‌ലാമികഭരണകൂടം സ്ഥാപിക്കുക) അടുത്തറിഞ്ഞവര്‍ക്ക് പ്രത്യേകം പറഞ്ഞുകൊടുക്കേണ്ടതില്ല.

കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഇത്രയേറെ വഷളാക്കിയതില്‍ മതേതര രാഷ്ട്രീയ കക്ഷിയാണെന്ന് ഊറ്റംകൊള്ളുന്ന സി.പി.എമ്മിന്റെ പങ്ക് ചെറുതല്ല. ബാബറിമസ്ജിദ് ഹിന്ദുത്വവിധ്വംസകശക്തികള്‍ തകര്‍ത്തകാലത്ത് മുസ്‌ലിംലീഗിന്റെ അഖിലേന്ത്യാ നേതാവായിരുന്ന സേട്ടുസാഹിബും വിരലിലെണ്ണാവുന്ന കുറച്ച് അണികളും മുസ്‌ലിംലീഗിന് 'തീവ്രത' പോരാ എന്നാരോപിച്ച് ഐ.എന്‍.എല്‍. എന്ന പാര്‍ട്ടിയുണ്ടാക്കി. ബാബറിമസ്ജിദ് ധ്വംസനവേളയില്‍ അതിവൈകാരികമായ വര്‍ഗീയരാഷ്ട്രീയത്തിലേക്ക് മുസ്‌ലിംലീഗ് കൂപ്പുകുത്തിയിരുന്നുവെങ്കില്‍ കേരളത്തിന്റെ അവസ്ഥയെന്താകുമായിരുന്നു? പകരം അങ്ങേയറ്റം പരിപക്വവും മതേതരവുമായ ഒരുരാഷ്ട്രീയ നിലപാടാണ് യശഃശരീരനായ ശിഹാബ്തങ്ങളുടെ നേതൃത്വത്തില്‍ മുസ്‌ലിംലീഗ് സ്വീകരിച്ചത്. പക്ഷേ, ലീഗിന്റെ 'തീവ്രതാരാഹിത്യ'ത്തില്‍ രോഷാകുലരായവര്‍ തട്ടിക്കൂട്ടിയ പാര്‍ട്ടിയെ സി.പി.എം. പുണരുന്നതാണ് പിന്നീട് കണ്ടത്. അതുകഴിഞ്ഞ് ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ത്തന്നെ തീവ്രവാദചിന്താസരണികളുടെ പ്രത്യയശാസ്ത്ര ആയുധപ്പുരയായ ജമാഅത്തെ ഇസ്‌ലാമിയെയും തങ്ങളുടെ കൂടാരത്തിലേക്ക് സി.പി.എം. ആനയിച്ചു. പിന്നെ പി.ഡി.പി.യുടെ ഊഴമായി. മഅദനിയുടെ ജീവചരിത്രം സി.പി.എം. രണ്ടായി പകുത്തു - ജയിലില്‍ പോകുന്നതിനു മുമ്പുള്ള മതതീവ്രവാദിയായ മഅദനി/ജയില്‍ മോചിതനായ മതേതരമഅദനി എന്ന രീതിയില്‍.

കുറ്റിപ്പുറത്ത് ഇവരെല്ലാം കൂടിയാണ് ലീഗ് സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ പടനീക്കം നടത്തിയത്. എന്നിട്ട് ഇപ്പോള്‍ എന്തായി? ഇ.ടി. ഇന്ത്യന്‍ പാര്‍ലമെന്റിലും മഅദനിയും കൂട്ടരും ഒന്നിനുപിറകെ ഒന്നായി പൊന്തിവരുന്ന തീവ്രവാദക്കേസുകളുടെ 'ബ്രേക്കിങ് ന്യൂസ്' കേട്ട് ഞെട്ടി ടി.വി.ക്കുമുമ്പിലും ഇരിക്കുന്നു. (ചിലര്‍ ജയിലിലും) സി.പി.എമ്മിന്റെ അപകടകരമായ ഈ അടവുനയം ആവിഷ്‌കരിച്ചവര്‍ ചിന്തിച്ചത് ഇപ്രകാരമായിരുന്നു; ലീഗിനെ ദുര്‍ബലമാക്കാനും ക്രമേണ തകര്‍ക്കാനുമുള്ള എളുപ്പവഴി മുസ്‌ലിം സമുദായത്തിലെ തീവ്രവാദ പ്രതിലോമ ശക്തികളെ കൂടെ നിര്‍ത്തുന്നതാണ്. ഇത്തരം വര്‍ഗീയ-തീവ്രവാദ സംഘടനകള്‍ കൂടെയുണ്ടെങ്കില്‍ മുസ്‌ലിങ്ങളുടെ വോട്ടുമുഴുവന്‍ തങ്ങളുടെ ബാലറ്റ് പെട്ടിയില്‍ വീഴും. കേരളത്തിലെ മുസ്‌ലിങ്ങളില്‍ ബഹുഭൂരിപക്ഷവും തീവ്രവാദ ചിന്താധാരകളുമായി അനുഭാവം പുലര്‍ത്തുന്നവരാണെന്ന തെറ്റായ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങേയറ്റം കമ്യൂണിസ്റ്റ് വിരുദ്ധവും മതേതരവിരുദ്ധവുമായ ഈ നയം അവര്‍ സ്വീകരിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം കേരളീയര്‍ക്ക് ഒരുകാര്യം മനസ്സിലായി. മുസ്‌ലിങ്ങളില്‍ ബഹുഭൂരിപക്ഷവും മതേതര ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്നവരും തീവ്രവാദ ചിന്താരൂപങ്ങളെ അവജ്ഞയോടെ വീക്ഷിക്കുന്നവരുമാണ്. മാത്രമല്ല, തീവ്രവാദി സംഘടനകളുമായി കൂട്ടുകൂടിയാല്‍ മതേതരമായി ചിന്തിക്കുന്ന ഹിന്ദുവോട്ടര്‍മാര്‍ മതേതര കക്ഷികളെ പാഠം പഠിപ്പിക്കുമെന്നും തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. ഏത് സ്‌കൂള്‍ വിദ്യാര്‍ഥിക്കും ഗ്രഹിക്കാവുന്ന ഈ പാഠം പക്ഷേ, ഗമണ്ടന്‍ ബുദ്ധിജീവികളാണെന്ന് നടിക്കുന്ന മാര്‍ക്‌സിസ്റ്റുകള്‍ ഇതുവരെ മനസ്സിലാക്കിയിട്ടില്ല.

മുസ്‌ലിംലീഗിന് പരിമിതികളും പരാധീനതകളും ഇല്ലെന്നോ അതിന് തെറ്റുകുറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്നോ പറയുന്നില്ല. പക്ഷേ, ഒരു കാര്യം അനിഷേധ്യമാണ്. കേരളത്തിലെ മുസ്‌ലിങ്ങളെ മതേതരജനാധിപത്യ പ്രക്രിയയില്‍ ഭാഗഭാക്കാക്കുന്നതിലും രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ആത്മാഭിമാനത്തോടെ പങ്കാളികളാക്കുന്നതിലും മുസ്‌ലിംലീഗ് വഹിച്ച പങ്ക് ചെറുതല്ല. ഇത് നമ്മുടെ മണ്ണാണെന്നും ഈ മണ്ണില്‍ കാലുകുത്തിയാണ് നാം നില്‍ക്കുന്നതെന്നുമുള്ള രാഷ്ട്രബോധത്തിന്റെ ആന്തരികവത്കരണം മുസ്‌ലിം സമുദായത്തില്‍ പ്രസരിപ്പിക്കുന്നതിലും ലീഗ് വിജയിച്ചിട്ടുണ്ട്. മതസാഹോദര്യത്തിന്റെയും സമുദായ സഹജീവനത്തിന്റെയും അടിപ്പടവില്‍ പണിതുയര്‍ത്തിയ സമന്വയാത്മകമായ കേരളീയ സാംസ്‌കാരിക പരിസരത്തെ മുറിപ്പെടുത്തുന്ന ഒന്നും മുസ്‌ലിംലീഗ് ചെയ്തിട്ടില്ല. അത് ചെയ്യുന്നതില്‍ നിര്‍വൃതി കണ്ടെത്തുന്നവര്‍, തീവ്രവാദസംഘടനകളുടെ നേതാക്കളും ചാവേറുകളും തൊട്ട് സി.പി.എമ്മിന്റെ വാലില്‍ തൂങ്ങിനടക്കുന്ന 'ഇരവാദവാനരന്മാര്‍' (ഈ പ്രയോഗത്തിന് വി.എസ്സിനോട് കടപ്പെട്ടിരിക്കുന്നു) വരെയുള്ളവര്‍ കോഴിക്കോട്ടെ മുച്ചുന്തിപ്പള്ളിയില്‍ സമയംകിട്ടുമ്പോള്‍ ഒന്ന് കയറണം. 13-ാം നൂറ്റാണ്ടിലെ ആ ലിഖിതമൊന്ന് മനസ്സിരുത്തി വായിക്കണം. അപ്പോള്‍ മനസ്സിലാകും എന്തായിരുന്നു കേരളമെന്ന്, എങ്ങനെയിരിക്കണം കേരളമെന്ന്.

(മാതൃഭൂമി - 2 ഫിബ്രവരി 2010)





ഇരകളും വേട്ടക്കാരും

ഇരകളും വേട്ടക്കാരും
പി.കെ. അബ്ദുള്‍റഊഫ്‌

ഇരവാദത്തില്‍ നിന്നും ഭീകരവാദത്തിലേക്കുള്ള ദൂരം മുസ്‌ലിംജനത മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ്. ജനാധിപത്യത്തേക്കാള്‍, മതേതരത്വത്തേക്കാള്‍ മഹത്തായ ഒന്നുസൃഷ്ടിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല. ഒരര്‍ഥത്തില്‍ ഇന്നത്തെ ഇരവാദികളുടെ പിതാമഹനായി ജിന്നയെ വിലയിരുത്താം. എങ്കില്‍ മാത്രമേ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തെ നിങ്ങള്‍ക്ക് തിരിച്ചറിയാനാകൂ.

കേരളത്തിലെ മുസ്‌ലിം തീവ്രവാദം പുതിയ ആകാശവും ഭൂമിയും തേടിയുള്ള പ്രയാണംതുടരുമ്പോള്‍ ചില പച്ചയായ യാഥാര്‍ഥ്യങ്ങള്‍ പങ്കുവെക്കാതെ നിവൃത്തിയില്ല. ഇരകളും വേട്ടക്കാരും എന്നപ്രയോഗം തൊണ്ണൂറുകളുടെ അവസാനം രൂപംകൊണ്ട് ഇപ്പോള്‍ ഏതാണ്ട് ആഘോഷമായിത്തന്നെ കൊണ്ടാടുന്ന ഒരു പ്രത്യേക സംഗതിയാണ്. നമ്മുടെ സകല സാംസ്‌കാരിക നായകരും ബുദ്ധിജീവികളും അറിഞ്ഞോ അറിയാതെയോ വീണുപോയ ചതുപ്പുനിലം. നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ ആടിനെ പട്ടിയാക്കുന്ന രാസപ്രക്രിയയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത് എന്നസത്യം ഇനിയും മറച്ചുവെക്കേണ്ട കാര്യമില്ല.സത്യത്തില്‍ ഇവിടെ കൊട്ടിഗ്‌ഘോഷിക്കപ്പെടുന്ന ഇരവാദം മനുഷ്യാവകാശമെന്ന വ്യാജലേബലില്‍ രംഗത്തുവന്ന വര്‍ഗീയ, തീവ്രവാദ സ്വഭാവമുള്ള ഒരുവിഭാഗത്തിന്റെ സംഭാവനയായിരുന്നു. പക്ഷേ, ഇവര്‍ പ്രവര്‍ത്തിക്കുക പലപ്പോഴും ദളിത്, പരിസ്ഥിതി പ്രേമം പ്രസംഗിച്ചുകൊണ്ടാണ്. ഇവിടെ തുടങ്ങുന്നു ആടില്‍നിന്നും പട്ടിയിലേക്കുള്ള ദൂരം.കേരളത്തിലെ മുസ്‌ലിം സമുദായത്തെ ഇരവാദത്തിലേക്ക് വലിച്ചടുപ്പിക്കാന്‍ ഇടയാക്കിയ നിരവധി സംഭവങ്ങളുണ്ട്. ബാബറി മസ്ജിദിന്റെ തകര്‍ക്കലും മിഡില്‍ ഈസ്റ്റ് രാഷ്ട്രീയവും ഗുജറാത്ത് കലാപവുമെല്ലാം ഇരവാദക്കാര്‍ക്ക് ചാകര സൃഷ്ടിക്കാന്‍പോന്ന സംഭവങ്ങളായിരുന്നു.

എന്നാല്‍ ഈ പ്രശ്‌നത്തിന്റെ മറ്റൊരുതലം നാം കാണേണ്ടതുണ്ട്. അതിന് മലബാര്‍പ്രദേശത്തെ തിരഞ്ഞെടുപ്പ് വിശേഷങ്ങളിലേക്ക് പോകേണ്ടിവരും. ഇരവാദത്തിന്റെ തിയറി എങ്ങനെ പ്രാക്ടിക്കലാക്കാമെന്ന പരീക്ഷണശാലകളാണ് കഴിഞ്ഞ പതിറ്റാണ്ടിലേറെയായി ഈ പ്രദേശങ്ങള്‍. അതായത് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍പ്പോലും വെള്ളവും വൈദ്യുതിയുമൊന്നും ചര്‍ച്ചാവിഷയങ്ങളാകാതെ പകരം സദ്ദാംഹുസൈനും ആണവക്കരാറും അമേരിക്കയുമെല്ലാം കടന്നുവരുന്നു. ഇതൊരു ക്ലീന്‍ ഹൈജാക്കിങ്ങാണ്.ഈ പുതിയതരം ഇരവാദം മോശമല്ലെന്നുകണ്ട് കുറച്ചു വോട്ടുകള്‍ക്കുവേണ്ടി ഇടതുപക്ഷവും ഈ വിഷയത്തില്‍ ഒത്തുചേരുന്നു. ഇരവാദികള്‍ സന്തോഷത്തിന്റെ പരകോടിയില്‍.

മറ്റൊരു ഇരവാദം നടന്നത് പി.ഡി.പി. നേതാവ് അബ്ദുല്‍നാസര്‍ മഅദനിയുടെ കാര്യത്തിലാണ്. അദ്ദേഹത്തിന്റെ പ്രസംഗവും പ്രവര്‍ത്തനശെലിയുമെല്ലാം 'വിസ്മരിപ്പിച്ച് ' ഇരവാദികള്‍ ഒരുപൗരന്റെ മൗലികമായ അവകാശം എന്നനിലയിലേക്ക് പ്രശ്‌നത്തെ എത്തിച്ച് കാര്യംനേടുന്നതും നാംകണ്ടു. അക്കാലത്ത് പള്ളികളില്‍ പ്രത്യേകപ്രാര്‍ഥനകള്‍ സംഘടിപ്പിക്കാനും അതിലൂടെ കഴിയുന്നത്ര മഹല്ലുകളെ ഹൈജാക്കുചെയ്യാനും ശ്രമമുണ്ടായി. ഇത്തരം ഘട്ടങ്ങളിലെല്ലാം മുസ്‌ലിം സമുദായവും പൊതു സമൂഹവുമെല്ലാം ഈ പുത്തന്‍കാഴ്ചകള്‍ കണ്ട് അന്തംവിടുകയോ നിഷ്‌ക്രിയരാവുകയോ ചെയ്തു.ഭൂരിപക്ഷ വര്‍ഗീയത പോലെത്തന്നെ ന്യൂനപക്ഷ വര്‍ഗീയതയും ആപത്താണ് എന്ന് മുറവിളികൂട്ടുന്ന ഇടതുപക്ഷം തന്നെയാണ് കേരളത്തിലെ ഇരവാദത്തിന്റെ പ്രധാന പ്രമോട്ടര്‍മാര്‍ എന്നവസ്തുത നാം കാണാതിരുന്നുകൂടാ. മലബാറിലെ മുസ്‌ലിംവോട്ടില്‍ കണ്ണുവെച്ച് ഇ.എം.എസ്. നമ്പൂതിരിപ്പാടിനെപ്പോലുള്ളവര്‍ മഅദനിയെപ്പോലൊരു രാഷ്ട്രീയക്കാരനെ അവതരിപ്പിച്ച രീതിയില്‍ നിന്നുതന്നെ തുടങ്ങുന്നു ഇരവാദത്തിന്റെ രാഷ്ട്രീയഅസ്തിത്വം. അടുത്തകാലത്ത് കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പുതിയ നിര്‍വചനം കൂട്ടിച്ചേര്‍ത്ത് പാര്‍ട്ടിയെ കുറച്ചുകൂടി 'ഉയരത്തിലെത്തിച്ചു'.

ഇവിടെ ജമാഅത്തെ ഇസ്‌ലാമി, പി.ഡി.പി., എന്‍.ഡി.എഫ്. തുടങ്ങിയവര്‍ സാമുദായികവിഷയങ്ങളില്‍ എടുക്കുന്ന നിലപാടുകള്‍ നാം പഠിക്കേണ്ട ഒന്നാണ്. ഇവയോടുള്ള ഇടതുസമീപനവും വിലയിരുത്തപ്പെടേണ്ടതാണ്. മുസ്‌ലിം ലീഗ് ഈ വിഷയങ്ങളില്‍ എന്നും വളരെ സേഫായ കളിയാണ് ഇഷ്ടപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യപ്രസ്ഥാനമായ കോണ്‍ഗ്രസ്സിന് ഈ വിഷയങ്ങളിലെല്ലാം നിലപാടുകള്‍ ഉണ്ടെങ്കിലും പരസ്യപ്പെടുത്താന്‍ ഇഷ്ടപ്പെടാറില്ല. കാരണം ജനങ്ങളിലേക്ക് ഇറങ്ങാനുള്ള മടിയും ബുദ്ധിമുട്ടാനുള്ള വൈമനസ്യവും തന്നെയാണ് പ്രധാനം. എങ്കിലും കോണ്‍ഗ്രസ്് പ്രസ്ഥാനം ഒരിക്കലും വിസ്മരിക്കാന്‍പാടില്ലാത്ത ഒരുവ്യക്തിയുണ്ട്, പ്രത്യേകിച്ചും ഈവിഷയത്തില്‍. വിഭജനത്തിനും വര്‍ഗീയതയ്ക്കുമെതിരെ നിലകൊണ്ട്, കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ ശരിയായപാത എന്തെന്ന് സ്വന്തം ജീവിതംകൊണ്ട് മലബാറിനെ പഠിപ്പിച്ച ഒരുമനുഷ്യനെ, പഴയ കെ.പി.സി.സി. പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ.

വര്‍ഗീയത എന്നപ്രശ്‌നത്തെ നേരിട്ട് സ്​പര്‍ശിക്കാതെ മുസ്‌ലിംസമൂഹം ഇനിയും മുന്നോട്ട് പോയിട്ട് കാര്യമില്ല. കേരളത്തിലെ മുസ്‌ലിംകളില്‍ ഒരുവിഭാഗം തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാണെന്നും തീവ്രവാദികളാണെന്നുമുള്ള യാഥാര്‍ഥ്യം ഇനിയെങ്കിലും ഉറക്കെപ്പറയാന്‍ സമുദായനേതൃത്വം തയ്യാറാകണം. ആദ്യം അകത്തെ മാലിന്യംനീക്കാം. അല്ലാതെ ആര്‍.എസ്.എസ്., സംഘ്പരിവാര്‍ എന്നൊക്കെപ്പറഞ്ഞ് വെറുതെ ഒച്ചവെച്ചതുകൊണ്ട് കാര്യമില്ല. കേരളത്തിലെ ഭൂരിപക്ഷമതവിഭാഗം സമാധാനവും സൗഹാര്‍ദവും പുലര്‍ന്നുകാണാന്‍ ഏതറ്റംവരെയും പോകുന്നവരാണ് എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. നമ്മുടെ ഇടതു- വലതു മുന്നണികളുടെ ന്യൂനപക്ഷ പ്രേമത്തിന്റെ വ്യാപ്തിയും എന്നിട്ടുപോലും ബി.ജെ.പി. കേരളത്തില്‍ പച്ചതൊടാതെ പോയതും ചേര്‍ത്തുവായിച്ചാല്‍ ഇതുമനസ്സിലാകും. ഗള്‍ഫും യൂറോപ്പും കൂട്ടിനില്ലാത്ത കേരളത്തിലെ ഹിന്ദുസമൂഹം പുലര്‍ത്തുന്ന ഈമര്യാദ നാംകണ്ടില്ലെന്നു നടിക്കരുത്.

ഇപ്പോള്‍ ഇരവാദികള്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുകയാണ്. കണ്ണുതുറന്നുപിടിച്ചെങ്കില്‍ മാത്രമേ ഇക്കൂട്ടരെ തിരിച്ചറിയാനാകൂ എന്നതാണ് ഏറ്റവും വലിയ ദുരന്തം. ചെങ്ങറയിലും മൂലമ്പള്ളിയിലും അതിരപ്പള്ളിയിലുമെല്ലാം ചെറുവേഷങ്ങളുമായി ഇവര്‍ എത്തിയിരുന്നു. കൂട്ടിനെന്നും ഒരുകൂട്ടം സാംസ്‌കാരിക നായകരെയും ബുദ്ധിജീവികളെയും കാണാം. നാവും പേനയും വാടകയ്ക്ക് കൊടുക്കുകയാണ് ഇവരുടെ പ്രധാനവിനോദം. സാധാരണക്കാരന്റെ സമരങ്ങളെ ഹൈജാക്കുചെയ്തുകൊണ്ട് സമൂഹമധ്യത്തില്‍ ഇടം 'പിടിച്ചുവാങ്ങുന്ന' ഈ വ്യാജന്മാരെ അമര്‍ച്ചചെയ്യേണ്ട ബാധ്യത നമ്മുടെ സാംസ്‌കാരിക മേലാളന്മാര്‍ എന്നാണാവോ തിരിച്ചറിയുക.ഇരവാദത്തില്‍ നിന്നും ഭീകരവാദത്തിലേക്കുള്ള ദൂരം മുസ്‌ലിംജനത മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ്. ജനാധിപത്യത്തേക്കാള്‍, മതേതരത്വത്തേക്കാള്‍ മഹത്തായ ഒന്നുസൃഷ്ടിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല. ഒരര്‍ഥത്തില്‍ ഇന്നത്തെ ഇരവാദികളുടെ പിതാമഹനായി ജിന്നയെ വിലയിരുത്താവുന്നതാണ്. എങ്കില്‍ മാത്രമേ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തെ നിങ്ങള്‍ക്ക് തിരിച്ചറിയാനാകൂ. തിരിച്ചറിയാത്തവര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. പക്ഷേ, അവരെ നാം തിരിച്ചറിയണം.
(ലേഖകന്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ്)

മാതൃഭൂമി - 14 ഡിസംബര്‍ 2009